ചില വിടവുകൾ കാലം കഴിയുമ്പോൾ അതിന്റെ പ്രസക്തി ഇല്ലാതാവുകയല്ല മറിച്ച് കാലം കൂടുതൽ സങ്കീർണമാകുമ്പോൾ അവ കൂടുതൽ വിലമതിക്കുന്നതായി അനുഭവപ്പെടും.സീതാറാം യെച്ചൂരിയുടെ അഭാവവും അങ്ങനെയാണ്. കാലം മുന്നോട്ടുപോകുന്തോറും അവർ ഉയർത്തിയ ചോദ്യങ്ങൾ കൂടുതൽ പ്രസക്തമാകുമ്പോൾ, അവർ ഇല്ലാത്തതിന്റെ ശൂന്യതയും വലുതാകുന്നു. സീതാറാം യെച്ചൂരിയുടെ അഭാവം ഇന്ന് ഇന്ത്യ അനുഭവിക്കുന്നത് അങ്ങനെയാണ്.

ഇന്ത്യൻ ജനാധിപത്യം വർഗീയതയുടെയും ഭൂരിപക്ഷാധിപത്യ രാഷ്ട്രീയത്തിന്റെയും കടുത്ത വെല്ലുവിളികൾ നേരിടുന്ന ഓരോ സന്ദർഭത്തിലും, ഭരണഘടനയുടെ മതനിരപേക്ഷ അടിത്തറയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ ശക്തമാകുന്ന കാലത്ത്, മതനിരപേക്ഷ ഇന്ത്യയെ സംരക്ഷിക്കാൻ വിശാലമായ ജനാധിപത്യ ഐക്യം അനിവാര്യമാകുന്ന ഓരോ ഘട്ടത്തിലും, ജനാധിപത്യ സ്ഥാപനങ്ങൾ സമ്മർദ്ദത്തിലാകുന്ന കാലത്ത്, കോർപ്പറേറ്റ് മൂലധനവും അധികാരവും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുന്ന കാലത്ത് ആ സൗമ്യമായ മുഖവും ഉറച്ച രാഷ്ട്രീയ ശബ്ദവും വീണ്ടും ഓർമ്മയിലെത്തുന്നു. കാരണം അദ്ദേഹം ഒരു പാർട്ടിയുടെ ജനറൽ സെക്രട്ടറി മാത്രമായിരുന്നില്ല.

ഇന്ത്യൻ സാഹചര്യങ്ങളിൽ മാർക്സിസത്തെ വായിക്കുകയും, കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് അതിന്റെ രാഷ്ട്രീയപ്രയോഗത്തെ നിരന്തരം അന്വേഷിക്കുകയും പരിഷ്കരിക്കുകയും, ആ സിദ്ധാന്തത്തെ ജനങ്ങളുടെ പോരാട്ടങ്ങളിലേക്ക് കൊണ്ടുവരികയും ചെയ്ത കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹം. വർഗ്ഗവും ജാതിയും മതവും ഇന്ത്യൻ സാമൂഹിക യാഥാർഥ്യത്തിൽ എങ്ങനെ പരസ്പരം ഇടപെടുന്നു എന്ന ചോദ്യങ്ങളിൽനിന്ന്, ആഗോളവൽക്കരണവും സാമ്രാജ്യത്വവും തൊഴിലാളിവർഗ്ഗത്തിന്റെ ജീവിതത്തെ എങ്ങനെ മാറ്റുന്നു എന്നതുവരെ അദ്ദേഹത്തിന്റെ രാഷ്ട്രീയ അന്വേഷണങ്ങൾ നീണ്ടുനിന്നു. അദ്ദേഹത്തിന് മാർക്സിസം പുസ്തകത്തിനുള്ളിൽ സൂക്ഷിക്കേണ്ട സിദ്ധാന്തമായിരുന്നില്ല; മാറുന്ന ലോകത്തെ മനസ്സിലാക്കാനും അതിനെ മാറ്റിപ്പണിയാനും ഉപയോഗിക്കേണ്ട രാഷ്ട്രീയ ഉപകരണമായിരുന്നു.

ഒരു പഴയ ചിത്രം ഇന്നും രാഷ്ട്രീയം പറയുന്നു

സീതാറാം യെച്ചൂരിയുടെ രാഷ്ട്രീയജീവിതം വിശദീകരിക്കാൻ ചിലപ്പോൾ ഒരു ചിത്രം മാത്രം മതി. ഇന്ദിരാഗാന്ധി മുന്നിൽ നിൽക്കുന്നു. അവരുടെ തൊട്ടടുത്ത് ഒരു ചെറുപ്പക്കാരനായ വിദ്യാർത്ഥിനേതാവ്. കയ്യിൽ ഒരു കടലാസ്. അയാൾ വായിക്കുകയാണ്. പക്ഷേ അത് അധികാരത്തിനു മുന്നിലുള്ള വിനയപൂർവമായ അപേക്ഷയല്ല. ജവഹർലാൽ നെഹ്റു സർവകലാശാലയുടെ ചാൻസലർ സ്ഥാനം ഇന്ദിരാഗാന്ധി ഒഴിയണമെന്ന് ആവശ്യപ്പെടുന്ന വിദ്യാർത്ഥികളുടെ നിവേദനമാണ് സീതാറാം യെച്ചൂരി അവരുടെ മുഖത്തു നോക്കി വായിക്കുന്നത്. അതായത് ഇന്ത്യ കണ്ട ഒരു ഫാസിസ്റ്റു സ്വഭാവമുള്ള പ്രാധാനമന്ത്രിയുടെ മുഖത്താണ് ധൈര്യത്തോടെ അത് ചെയ്തത്. ആ ചിത്രം 1977 സെപ്റ്റംബർ 5-ലേതാണ്.അതിനു പിന്നിൽ അടിയന്തരാവസ്ഥയുടെ ഇരുണ്ട ചരിത്രമുണ്ട്.

1975-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ജനാധിപത്യാവകാശങ്ങൾ ചവിട്ടിമെതിക്കപ്പെട്ടു, പ്രതിപക്ഷ നേതാക്കൾ തടവിലാക്കപ്പെട്ടു, വിയോജിപ്പ് കുറ്റകരമാക്കി. അന്ന് JNU വിദ്യാർത്ഥിയായിരുന്ന യെച്ചൂരി SFIയുടെ പ്രവർത്തകനായി അടിയന്തരാവസ്ഥക്കെതിരായ പ്രതിരോധത്തിൽ സജീവമായി. കുറച്ചുകാലം ഒളിവിൽ പ്രവർത്തിച്ച ശേഷം 1975-ൽ അദ്ദേഹം അറസ്റ്റിലാവുകയും ചെയ്തു. പിന്നീട് അടിയന്തരാവസ്ഥ അവസാനിച്ചു.1977ലെ തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി പരാജയപ്പെട്ടു. എന്നിട്ടും അവർ JNU ചാൻസലറായി തുടരുകയായിരുന്നു. ജെഎൻയുവിലെ വിദ്യാർത്ഥികൾ അത് ചോദ്യം ചെയ്തു.

JNUSU പ്രസിഡന്റായിരുന്ന യെച്ചൂരിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ഇന്ദിരാഗാന്ധിയുടെ വസതിയിലേക്ക് മാർച്ച് നടത്തി. അവിടെവെച്ചാണ് അദ്ദേഹം അവരുടെ മുന്നിൽ നിന്നുകൊണ്ട് നിവേദനം വായിക്കുകയും ചാൻസലർ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. പിന്നീട് ഇന്ദിരാഗാന്ധി ആ സ്ഥാനം രാജിവച്ചു.

ആ ചിത്രം ഒരു പഴയ പത്രഫോട്ടോ മാത്രമല്ല. ഒരു വശത്ത് അടിയന്തരാവസ്ഥയുടെ ഓർമ്മ. മറുവശത്ത് അതിനെ വിചാരണ ചെയ്യുന്ന ഒരു തലമുറ. ഒരു വശത്ത് ഇന്ത്യ ഭരിച്ച ഏറ്റവും ശക്തരായ നേതാക്കളിലൊരാൾ. മറുവശത്ത് ഒരു സർവകലാശാലാ വിദ്യാർത്ഥി. പക്ഷേ ആ വിദ്യാർത്ഥിയുടെ കൈയിൽ ഉണ്ടായിരുന്നത് അധികാരത്തേക്കാൾ ശക്തമായ ഒന്നായിരുന്നു; ചോദ്യം ചെയ്യാനുള്ള അവകാശം.അതാണ് യെച്ചൂരി. അധികാരത്തിന്റെ വലിപ്പം നോക്കി നിലപാട് മാറ്റാത്ത രാഷ്ട്രീയം.

ജെഎൻയുവിൽ നിന്നാരംഭിച്ച യാത്ര; 1974ൽ SFIയിൽ ചേർന്ന യെച്ചൂരി, 1975ൽ CPI(M) അംഗമായി. അടിയന്തരാവസ്ഥയ്ക്കുശേഷം 1977–78 കാലയളവിൽ ഒരേ വർഷത്തിനുള്ളിൽ മൂന്ന് തവണ JNUSU പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് SFIയുടെ അഖിലേന്ത്യാ നേതൃത്വത്തിലേക്കും CPI(M) കേന്ദ്രകമ്മിറ്റിയിലേക്കും പൊളിറ്റ് ബ്യൂറോയിലേക്കും ഒടുവിൽ 2015ൽ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും എത്തി. എന്നാൽ സ്ഥാനങ്ങളുടെ പട്ടികയിലൂടെ മാത്രം യെച്ചൂരിയെ വായിച്ചെടുക്കാൻ ആവില്ല. അദ്ദേഹത്തെ നിർവചിച്ചത് പദവികളല്ല, രാഷ്ട്രീയ നിലപാടുകളാണ്.

അദ്ദേഹത്തിന് മാർക്സിസം പഴയ പുസ്തകങ്ങളിലെ ഉദ്ധരണികളുടെ ശേഖരമായിരുന്നില്ല. മാറുന്ന ലോകത്തെ മനസ്സിലാക്കാനുള്ള ശാസ്ത്രീയ മാർഗവും അതിനെ മാറ്റിപ്പണിയാനുള്ള രാഷ്ട്രീയ ആയുധവുമായിരുന്നു.ജാതിയും വർഗ്ഗവും തമ്മിലുള്ള ബന്ധം, ഇന്ത്യൻ സമൂഹത്തിൽ മതത്തിന്റെ രാഷ്ട്രീയവൽക്കരണം, നവലിബറൽ സാമ്പത്തികനയങ്ങൾ, സാമ്രാജ്യത്വം, സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷമുള്ള സോഷ്യലിസത്തിന്റെ ഭാവി, മതനിരപേക്ഷതയുടെ സംരക്ഷണം ഇതെല്ലാം അദ്ദേഹത്തിന്റെ ചിന്തയുടെ ഭാഗമായിരുന്നു.

അംബേദ്കറെയും മാർക്സിനെയും പരസ്പരം വിരുദ്ധധ്രുവങ്ങളിൽ നിർത്തുന്നതിനുപകരം, ഇന്ത്യൻ സാമൂഹിക വിമോചനത്തിന്റെ രാഷ്ട്രീയത്തിൽ ജാതിവിരുദ്ധ പോരാട്ടവും വർഗ്ഗസമരവും എവിടെ കൈകോർക്കണം എന്ന അന്വേഷണം ഇടതുപക്ഷത്തിന് മുന്നിൽ തുടർച്ചയായി നിലനിൽക്കുന്ന ചോദ്യമാണ്. യെച്ചൂരിയുടെ രാഷ്ട്രീയം ആ ചോദ്യങ്ങളിൽ നിന്ന് മാറിനിന്നില്ല. അവയെ രാഷ്ട്രീയ ബോധ്യത്തോടെ അഭിമുഖീകരിച്ചു.

പാർലമെന്റ് അദ്ദേഹത്തിന് പ്രസംഗവേദി മാത്രമായിരുന്നില്ല.2005 മുതൽ 2017 വരെ രാജ്യസഭാംഗമായിരുന്ന കാലത്ത് ഇന്ത്യൻ പാർലമെന്റ് യെച്ചൂരിയുടെ ഏറ്റവും ശക്തമായ രാഷ്ട്രീയ വേദികളിലൊന്നായി മാറി.പാർലമെന്റിൽ അദ്ദേഹം ഉയർത്തിയ ശബ്ദം അധികാരത്തിന്റെ ഭാഷയായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ രാഷ്ട്രീയമുണ്ടായിരുന്നു. ചരിത്രമുണ്ടായിരുന്നു.സാമ്പത്തികശാസ്ത്രമുണ്ടായിരുന്നു. ഭരണഘടനയുണ്ടായിരുന്നു. പരിഹാസമുണ്ടായിരുന്നു.യുക്തിയുണ്ടായിരുന്നു.അതിനുമുകളിൽ മനുഷ്യരുടെ ജീവിതമുണ്ടായിരുന്നു. വർഗീയതയ്ക്കെതിരെ, സ്വകാര്യവൽക്കരണത്തിനെതിരെ, തൊഴിലാളികളുടെ അവകാശങ്ങൾക്കായി, ഫെഡറലിസത്തിനായി, മതനിരപേക്ഷതയ്ക്കായി, ഭരണഘടനാ മൂല്യങ്ങൾക്കായി പാർലമെന്റിനെ അദ്ദേഹം പോരാട്ടവേദിയാക്കി.
തൊഴിലാളിയുടെയും കർഷകന്റെയും ന്യൂനപക്ഷങ്ങളുടെയും അവഗണിക്കപ്പെട്ട മനുഷ്യരുടെയും ഇന്ത്യയെക്കുറിച്ചുള്ള ശബ്ദമായിരുന്നു അത്. വിയോജിക്കുന്നവരെ അപമാനിക്കാതെ തന്നെ അവരുടെ രാഷ്ട്രീയത്തെ ശക്തമായി ചോദ്യം ചെയ്യാമെന്ന് യെച്ചൂരി തെളിയിച്ചു.

യെച്ചൂരിയുടെ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് ഇതായിരുന്നു. സ്വന്തം പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുമ്പോഴും മറ്റുള്ളവരോട് സംസാരിക്കാനുള്ള കഴിവ്. രാഷ്ട്രീയ എതിരാളിയെ വ്യക്തിപരമായ ശത്രുവാക്കി മാറ്റാതെ വിയോജിക്കാൻ കഴിയുന്ന സംസ്കാരം. അഭിപ്രായവ്യത്യാസങ്ങളുടെ നടുവിലും പൊതുവായ രാഷ്ട്രീയ ഭൂമി കണ്ടെത്താനുള്ള ക്ഷമ. അതുകൊണ്ടുതന്നെ വർഗീയ രാഷ്ട്രീയത്തിനെതിരെ മതനിരപേക്ഷ–ജനാധിപത്യ ശക്തികളുടെ വിശാലമായ ഐക്യം കെട്ടിപ്പടുക്കേണ്ട ഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ നിർണായകമായി.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപി വിരുദ്ധ ശക്തികളെ ഒരേ മേശയ്ക്കുചുറ്റും കൊണ്ടുവരാനുള്ള ശ്രമങ്ങളിലും പിന്നീട് INDIA കൂട്ടായ്മ രൂപപ്പെടുന്നതിലേക്കുള്ള രാഷ്ട്രീയ നീക്കങ്ങളിലും ആ സംഭാഷണശേഷിയും വിശ്വാസ്യതയും വലിയ കരുത്തായി. അദ്ദേഹത്തിന്റെ ശബ്ദം സൗമ്യമായിരുന്നു.പക്ഷേ നിലപാട് ഒരിക്കലും മൃദുവായിരുന്നില്ല.

ഇന്ദിരാഗാന്ധിയുടെ മുന്നിൽ എതിർപ്പുകൾ പ്രകടിപ്പിച്ചുകൊണ്ട് നിന്ന മനുഷ്യൻ പിന്നീട് കോൺഗ്രസിനോട് സംസാരിച്ചത് എന്തുകൊണ്ട്? ഇതാണ് യെച്ചൂരിയുടെ രാഷ്ട്രീയത്തെ മനസ്സിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഇടം.1977ൽ ഇന്ദിരാഗാന്ധിയുടെ മുന്നിൽ നിന്നുകൊണ്ട് അവരുടെ രാജി ആവശ്യപ്പെട്ട അതേ മനുഷ്യൻ പതിറ്റാണ്ടുകൾക്കുശേഷം കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുമായി ഒരേ മേശയ്ക്കരികിൽ ഇരുന്നു. ചിലർക്ക് അത് വൈരുധ്യമായി തോന്നാം. പക്ഷേ ഒരു മാർക്സിസ്റ്റിന് അത് വൈരുധ്യമല്ല. അതാണ് രാഷ്ട്രീയത്തിന്റെ വൈരുദ്ധ്യാത്മകത. ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യത്തെ എതിർക്കേണ്ട സമയത്ത് അദ്ദേഹം എതിർത്തു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അപകടം ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യത്തിന്റെ അടിത്തറയെ വെല്ലുവിളിച്ചപ്പോൾ, അതിനെതിരെ ഏറ്റവും വിശാലമായ ജനാധിപത്യ ഐക്യം കെട്ടിപ്പടുക്കേണ്ട സമയത്ത് അതിനായി പ്രവർത്തിച്ചു.

എതിരാളിയോട് സംസാരിക്കുന്നത് കീഴടങ്ങലല്ല. ഐക്യം സ്വന്തം പ്രത്യയശാസ്ത്രം ഉപേക്ഷിക്കലല്ല. വ്യത്യസ്ത രാഷ്ട്രീയശക്തികളുമായി ചേർന്ന് ഒരു വലിയ അപകടത്തെ പ്രതിരോധിക്കുന്നത് വർഗ്ഗരാഷ്ട്രീയത്തിന്റെ അവസാനവുമല്ല. യെച്ചൂരി അത് വ്യക്തമായി മനസ്സിലാക്കിയിരുന്നു. ഇടതുപക്ഷം സ്വന്തം സ്വതന്ത്ര ശക്തി വളർത്തണം. അതേ സമയം വർഗീയതയ്ക്കെതിരെ ഏറ്റവും വിശാലമായ ജനാധിപത്യ നിരയും നിർമ്മിക്കണം. ഈ രണ്ടും പരസ്പരം വിരുദ്ധമല്ല.രണ്ടും ഒരേ ചരിത്ര ഉത്തരവാദിത്തത്തിന്റെ ഭാഗങ്ങളാണ്.

“He was a bridge” യെച്ചൂരിയുടെ മരണശേഷം ഡൽഹിയിൽ നടന്ന അനുസ്മരണയോഗത്തിൽ രാഹുൽ ഗാന്ധി ഉപയോഗിച്ച ഈ വാക്കുകൾ ശ്രദ്ധേയമാണ്. യെച്ചൂരി കോൺഗ്രസിനും മറ്റ് പ്രതിപക്ഷ പാർട്ടികൾക്കുമിടയിലെ ഒരു “bridge” ആയിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. UPA കാലത്തും പിന്നീട് INDIA കൂട്ടായ്മയിലും ആ ബന്ധിപ്പിക്കുന്ന പങ്ക് യെച്ചൂരി വഹിച്ചു എന്നും അദ്ദേഹം ഓർത്തു.ആ പാലം സൗഹൃദത്തിന്റെ മാത്രം പാലമായിരുന്നില്ല. അതിന്റെ അടിത്തറ രാഷ്ട്രീയമായിരുന്നു.RSS–BJP രാഷ്ട്രീയത്തെ ഇന്ത്യയുടെ സ്ഥാപനങ്ങൾക്കും സാമൂഹികഘടനയ്ക്കും ഒരു വലിയ ഭീഷണിയായി യെച്ചൂരി കണ്ടിരുന്നുവെന്നതും രാഹുൽ ഗാന്ധി പിന്നീട് ഓർത്തുപറഞ്ഞിട്ടുണ്ട്.

അതുകൊണ്ടാണ് വ്യത്യസ്ത പാർട്ടികളോട് സംസാരിക്കാൻ യെച്ചൂരിക്ക് കഴിഞ്ഞത്.സ്വന്തം നിലപാട് മറച്ചുവെച്ചുകൊണ്ടല്ല. അതിനെ വ്യക്തമായി പറഞ്ഞുകൊണ്ടുതന്നെ. ഇതാണ് യെച്ചൂരിയുടെ രാഷ്ട്രീയത്തിലെ അപൂർവമായ സവിശേഷത. ഇന്ദിരാഗാന്ധിയുടെ മുന്നിൽ നിന്നു ‘രാജിവെക്കണം’ എന്ന് പറയാനുള്ള ധൈര്യവും, പതിറ്റാണ്ടുകൾക്കുശേഷം കോൺഗ്രസ് നേതൃത്വത്തോട് ‘ഒരുമിച്ച് പോരാടണം’ എന്ന് പറയാനുള്ള രാഷ്ട്രീയ പക്വതയും ഒരേ മനുഷ്യനിൽ ഉണ്ടായിരുന്നു.

സീതാറാം യെച്ചൂരിയെ കണ്ടവരും കേട്ടവരും ആദ്യം ഓർക്കുന്നത് അദ്ദേഹത്തിന്റെ ചിരിയെയായിരിക്കും. ആ സൗമ്യത പലപ്പോഴും അദ്ദേഹത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയശക്തിയെ മറച്ചുവയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ചിരി ഒരിക്കലും കീഴടങ്ങലായിരുന്നില്ല. ഇന്നത്തെ രാഷ്ട്രീയത്തിന് ഏറ്റവും നഷ്ടപ്പെട്ടിരിക്കുന്ന സംസ്കാരങ്ങളിൽ ഒന്നാണത്. അഭിപ്രായവ്യത്യാസം വ്യക്തിവൈരമായി മാറുന്ന കാലത്ത്, ആക്രോശം രാഷ്ട്രീയശക്തിയുടെ അളവുകോലായി മാറുന്ന കാലത്ത്, അപമാനം വാദത്തെ പകരംവയ്ക്കുന്ന കാലത്ത്; യെച്ചൂരിയുടെ രാഷ്ട്രീയശൈലി തന്നെ ഒരു പാഠമാണ്. മുഖത്ത് ചിരി,വാക്കുകളിൽ യുക്തി,നിലപാടിൽ ഉറപ്പ്.

ഒരു കമ്മ്യൂണിസ്റ്റിന്റെ ഏറ്റവും അർത്ഥവത്തായ അനുസ്മരണം അയാൾ നിർത്തിയിടത്തുനിന്ന് പോരാട്ടം തുടരുന്നതാണ്. ഈ രാജ്യം മതത്തിന്റെ പേരിൽ വിഭജിക്കപ്പെടാതിരിക്കാൻ, ജനാധിപത്യം വെറുമൊരു തെരഞ്ഞെടുപ്പ് പ്രക്രിയയായി ചുരുങ്ങാതിരിക്കാൻ,മനുഷ്യന്റെ അധ്വാനത്തിന് വിലയുള്ള ഒരു സമൂഹത്തിനായി,ചൂഷണവും അസമത്വവും ഇല്ലാത്ത മറ്റൊരു ലോകം സാധ്യമാണെന്ന വിശ്വാസത്തിനായി ഇനിയും ഒരുപാട് ദൂരം നടക്കാനുണ്ട്.

ഈ ഓർമ്മകൾ ഉണ്ടായിരിക്കണം . രാജ്യം ഏറെ വെല്ലുവിളികൾ നേരിടുന്ന ഈ കാലത്ത് അദ്ദേഹം ഉയർത്തിയ ആശയങ്ങളും പോരാട്ടങ്ങളും ഓർമ്മകളും നിലയ്ക്കുന്നില്ല. ധിഷണാശാലിയായ പ്രിയ സഖാവിന്റെ ഓർമ്മകൾക്ക് മുന്നിൽ
ലാൽസലാം ….