ഇന്ന് ആ കറുത്ത ദിവസമാണ്. ജൂൺ 25. ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം. നാവടക്കാൻ ഭരണകൂടം കല്പിച്ച ദിനം.
ഒരു അര്‍ധരാത്രിയുടെ നിശബ്ദതയിലാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് എങ്കിൽ, മറ്റൊരര്‍ധരാത്രിയില്‍ ഇന്ത്യക്കാരുടെ എല്ലാ പൗരസ്വാതന്ത്ര്യവും ഒരു ഇന്ത്യൻ ഭരണാധികാരിയാൽ അപഹരിക്കപ്പെട്ടു.
1975 ജൂൺ 25ന് അർദ്ധരാത്രിയിൽ ഇന്ദിര ഗാന്ധി കൊടുത്തുവിട്ട ഫയലിൽ ഇന്ത്യൻ പ്രസിഡന്റും ഇന്ത്യയുടെ സർവ്വ സൈന്യാധിപനുമായ ഫക്രുദീൻ അലി അഹമ്മദ് തന്റെ ഔദ്യോഗിക മുദ്രണം ചാർത്തി ഒപ്പിട്ട് നൽകിയത് ജനാധിപത്യത്തിന്റെ മരണപത്രമായിരുന്നു.പുലർച്ചെ 7 മണിയോടുകൂടി ഓൾ ഇന്ത്യ റേഡിയോ യിലൂടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്തെ അഭിസംബോധന ചെയ്തു. റേഡിയോയുടെ മുന്നിലിരുന്ന ചുരുക്കം ചിലർ മാത്രം ഞെട്ടലോടെ ആ വാർത്ത കേട്ടു. ‘രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു ‘.
ഒരു പെൺ ഹിറ്റ്ലറുടെ പടയോട്ടം ആരംഭിക്കുകയായിരുന്നു !!
1971ലെ തെരഞ്ഞെടുപ്പില്‍ അഴിമതി കാട്ടിയ കേസില്‍ അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയതാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കാരണം ആയി പറയുന്നത്. കേന്ദ്ര മന്ത്രിസഭയില്‍പ്പോലും ആലോചിക്കാതെ ഇന്ദിര കൊടുത്തയച്ച കടലാസിൽ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് ഒപ്പു വെച്ചതോടെ ഭരണഘടനയുടെ 352 ആം വകുപ്പ് ദുരുപയോഗം ചെയ്ത അര്‍ധ ഫാസിസ്റ്റ് ഭീകരവാഴ്ചയ്ക്ക് ഇന്ദിരാഗാന്ധി തുടക്കമിട്ടു .
കോടതിവിധി വന്ന അതേദിവസം ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുഫലവും പുറത്തുവന്നു. കോണ്‍ഗ്രസിനെ നിലംപരിശാക്കി ജയപ്രകാശ് നാരായണന്റെ പിന്തുണയോടെ ജനമോര്‍ച്ച അധികാരത്തിലെത്തി. കോണ്‍ഗ്രസിന്റെ അഴിമതിഭരണത്തിനെതിരായി വലിയ മുന്നേറ്റം രാജ്യത്ത് രൂപപ്പെടുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് നീതിന്യായവ്യവസ്ഥയെ പരസ്യമായി അവഹേളിച്ച് ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് .
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ രാജ്യത്തെ പ്രതിപക്ഷ നേതൃ ഒന്നടങ്കം ജയിലിലടക്കപ്പെട്ടു. അടിയന്തരാവസ്ഥ നിലവിൽ വന്നതിനുശേഷം ആദ്യം വന്ന ഭരണഘടനാ ഭേദഗതി പ്രകാരം പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പിനെ അസാധുവാക്കാൻ സുപ്രീം കോടതിയുടെ അധികാരം ഇല്ലാതാക്കി. സുപ്രീംകോടതിയിലെ മൂന്നു സീനിയർ ജഡ്ജിമാരെ മറികടന്ന് ജസ്റ്റിസ് എ എൻ റേ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി അവരോധിക്കപ്പെട്ടു.നാവടക്കൂ, പണിയെടുക്കൂ’ എന്ന മുദ്രവാക്യം മുഴങ്ങി. രാജ്യത്ത് എബാടും ആയി 1,10,806 പേര്‍ അറസ്റ്റ് ചെയ്യപ്പെടുകയും വിചാരണകൂടാതെ തടങ്കലില്‍ പാര്‍പ്പിക്കപ്പെടുകയും ചെയ്യപ്പെട്ടു.
42 ഭരണഘടന ഭേദഗതി പ്രകാരം പാർലമെൻ്റിന് അഭൂതപൂർവമായ അധികാരങ്ങൾ നൽകി ,പാര്‍ലമെന്‍റിന് കാലാവധി സ്വമേധയാ നീട്ടമെന്ന് നിയമം വന്നു കേന്ദ്രത്തിന് സംസ്ഥാനങ്ങളുടെ മേൽ കൂടുതൽ അധികാരം ഇവയൊക്കെ ഈ ഭേദഗതി വ്യവസ്ഥപ്രകാരം ചെയ്യപ്പെട്ടു.നിയമസഭയുടെ കാലാവധി പൂർത്തിയാക്കിയ തമിഴ്നാട്ടിൽ പ്രസിഡൻറ് ഭരണം ഏർപ്പെടുത്തി. ഗുജറാത്തിലെ ഗവൺമെൻറിനെ കൂറ് മാറ്റത്തിലൂടെ അസ്ഥിരമാക്കി. അടിയന്തരാവസ്ഥയുടെ കെടുതികൾ പലതും ജനം അറിയുന്നുണ്ടായിരുന്നില്ല.
കോണ്‍ഗ്രസ് ഭരണത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ സംഘടനാ കോണ്‍ഗ്രസ്, ജനസംഘം, സ്വതന്ത്ര പാര്‍ടി, സോഷ്യലിസ്റ്റ് പാര്‍ടി തുടങ്ങിയ എല്ലാ ശക്തികളും ചേര്‍ന്ന് സമരത്തിന് തുടക്കംകുറിച്ചു. അതിനായി വിശാലസഖ്യം പടുത്തുയര്‍ത്തി. JP-യുടെ നേതൃത്വത്തില്‍ നാടെങ്ങും ബഹുജനരോഷം ആളിക്കത്തി. CPIM സമാന്തരമായി സമരത്തിനിറങ്ങി. CPIM വിശാലസഖ്യത്തില്‍ ഉള്‍പ്പെടാതെ സ്വതന്ത്രമായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ജനകീയപ്രശ്നങ്ങളോട് യോജിച്ചു പ്രവർത്തിക്കുകയും ചെയ്തു.
ജയപ്രകാശ് നാരായണൻ, മൊറാർജി ദേശായി, അടൽ ബിഹാരി വാജ്പേയി, ലാൽ കൃഷ്ണ അദ്വാനി, ചരൺ സിംഗ് തുടങ്ങിയ പ്രമുഖരെല്ലാം ഒരു രാത്രി കൊണ്ട് ജയിലറയ്ക്കുളളിലായി. CPIM നേതാക്കളെയും പ്രവര്‍ത്തകരെയും മറ്റു പ്രതിപക്ഷപാര്‍ടി നേതാക്കളെയും, നക്സൽ പ്രവർത്തകരെയും,ബുദ്ധിജീവികളെയും അധ്യാപകരെയും എഴുത്തുകാരെയും അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു . കൂടതെ കോൺഗ്രെസ്സ്കാരായ ചന്ദ്രശേഖരന്‍ , കൃഷ്ണകാന്ത് ,മോഹന്‍ ധാരിയ, കെ ശങ്കരനാരായണന്‍ തുടങ്ങിയവരെയെല്ലാം കല്‍ത്തുറങ്കിലടച്ചു.
അടിയന്തിരാവസ്ഥക്കെതിരെ അതിശക്തമായ പ്രതിരോധം ഉയര്‍ത്തിയത് സിപിഐഎം ഉം, ജനതാപാര്‍ട്ടിയുമെല്ലാമാണ്. സിപിഐഎം ന്‍റെ മിക്ക നേതാക്കളും വേട്ടയാടപെടുകയോ, ജയിലിലടക്കപ്പെടുകയോ ചെയ്തു. അടിയന്തിരാവസ്ഥക്കെതിരെ രാജ്യത്തെ തന്നെ ആദ്യത്തെ പ്രകടനം നടന്നത് തിരുവനന്തപുരത്താണ് .. SFI യുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്ത എംഎ ബേബി, ജി.സുധാകരന്‍, എം വിജയകുമാര്‍ എന്നീ വിദ്യാര്‍ത്ഥി നേതാക്കള്‍ ക്രൂരമര്‍ദ്ദനത്തിന് വിധേയരായി. സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനെ മിസ എന്ന കരിനിയമം ചുമത്തി ഒരു വര്‍ഷം ജയിലിടച്ചു. പേര് എടുത്ത് പറയാന്‍ കഴിയാത്ത അത്രയും നേതാക്കള്‍ ജയിലടക്കപ്പെട്ടു.
EMS , AKG യെയും തടവിലാക്കിയെങ്കിലും പിന്നീട് വിട്ടയക്കേണ്ടിവന്നു. പിണറായി വിജയനെ മൃഗീയമായി മര്‍ദിച്ച് ശരീരം തകര്‍ത്തശേഷമാണ് ജയിലിലേക്കെത്തിച്ചത്. നിയമസഭാംഗമായ പിണറായി വിജയനെ അന്യായമായി പൊലീസ് കസ്‌റ്റഡിയിലെടുത്ത് ലോക്കപ്പില്‍ വെച്ച് പൊലീസുകാര്‍ മാറിമാറി മര്‍ദിച്ചു. പൈശാചികമായ മൂന്നാം മുറകള്‍ക്ക് വിധേയനായപ്പോഴും നിശ്‌ചദാര്‍ഢ്യത്തോടെ നേരിട്ടു. ക്രൂരമര്‍ദ്ദനത്തിന്റെ ബാക്കിപത്രമായ ചോരപുരണ്ട ഷര്‍ട്ട് ഉയര്‍ത്തിപ്പിടിച്ചാണ് പിണറായി പിന്നീട് നിയമസഭാ സമ്മേളനത്തില്‍ പ്രസംഗിച്ചത്. അന്ന് ആഭ്യന്തരമന്ത്രി കെ കരുണാകരനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ആ പ്രസംഗം നിയമസഭാ രേഖകളിലെ തിളങ്ങുന്ന അധ്യായമാണ്.
തന്‍റെ ഇംഗിതങ്ങൾക്ക് വഴങ്ങാത്ത മാദ്ധ്യമങ്ങളുടെ വായ മൂടിക്കെട്ടി, censorship ഏർപ്പെടുത്തി .രാജ്യത്ത് ഇറങ്ങുന്ന മിക്ക പത്രങ്ങളിലും ഇന്ദിരാഗാന്ധിയുടെ അപദാനങ്ങൾ മാത്രമാണ് നൽകിയിരുന്നത്.
ബ്രിട്ടീഷ് ഭരണകാലത്തിനു ശേഷം ഭാരതം കണ്ട ഏറ്റവും പൈശാചികവും, മൃഗീയവുമായ നാളുകളായിരുന്നു അടിയന്തരാവസ്ഥയുടെ നാളുകൾ.
അടിയന്തരാവസ്ഥക്കാലത്ത് പാര്‍ലമെന്റ് സമ്മേളിച്ചപ്പോള്‍ 32 അംഗങ്ങള്‍ക്ക് പങ്കെടുക്കാനായില്ല. അവരെല്ലാം ഇരുമ്പഴിക്കകത്തായിരുന്നു. ഇന്ത്യയൊട്ടാകെ ജയിലുകള്‍ തടവുകാരെക്കൊണ്ട് നിറഞ്ഞു. ജയിലിനു ഉൾക്കൊള്ളാൻ കഴിയുന്നതിനും അപ്പുറം 2 ലക്ഷത്തിൽ അധികം പേരെ ജയിലുകളിൽ കുത്തിനിറച്ചു. ജയിലറകളില്‍ മനുഷ്യര്‍ ഊഴംവച്ച് ഉറങ്ങുന്ന സ്ഥിതി. ശുദ്ധ ജലമോ , പ്രാഥമിക കൃത്യം നിർവഹിക്കാനോ കഴിയാത്ത അവസ്ഥ .
എങ്ങും ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടം. പൊലീസ് പിടിച്ചുകൊണ്ടുപോയവരില്‍ പലരും പിന്നെ പുറംലോകം കണ്ടില്ല; അടിയന്തരാവസ്ഥയുടെ പീഡനങ്ങളില്‍ കൊല്ലപ്പെട്ടവര്‍ അനവധി. പൊലീസ് പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചുകൊന്നവര്‍, ദില്ലിയിലെ തുര്‍ക്ക്മെന്‍ ഗേറ്റിലെ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് 400 പേരിലധികം പേർ വെടിവയ്പില്‍ കൊല്ലപ്പെട്ടു, ജയിലറകളിലെ പീഡനമുറകള്‍മൂലം രോഗബാധിതർ ആയി മരണത്തിനു കീഴടങ്ങിയ അനേകം പേർ , പീഡനം സഹിക്കാതെ ആത്മഹത്യചെയ്തവര്‍പോലുമുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ CITU നേതാവ് എന്‍ അബ്ദുള്ള മൃഗീയ മര്‍ദനത്തെതുടര്‍ന്ന് മരിച്ചു. AKG-യും EMS-ഉം അടിയന്തരാവസ്ഥയുടെ നിരോധനത്തെയും വിലക്കുകളെയും വകവയ്ക്കാതെ നാടാകെ സഞ്ചരിച്ച് ജനപക്ഷത്തുനിന്നുകൊണ്ട് പോരാട്ടം നടത്തി. AKG-യുടെ പാര്‍ലമെന്റിലെ പ്രസംഗം രഹസ്യമായി അച്ചടിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചു. ഇടതുപക്ഷത്തെ ഭിന്നിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് അന്നും വിജയിച്ചു. CPI അടിയന്തരാവസ്ഥയ്ക്ക് പിന്തുണ നല്‍കി.
ഇന്ദിരാഗാന്ധിയുടെ വികസനസ്വപ്നങ്ങളെന്നപേരില്‍ ദില്ലിയിലെ ചേരികള്‍ മുഴുവന്‍ ഇടിച്ചുനിരത്തിയും രാജ്യം മുഴുവന്‍ വന്ധ്യംകരണ ശസ്ത്രക്രിയ സംഘടിപ്പിച്ചുമാണ് കോണ്‍ഗ്രസ് ഭരണകൂടം അതിന്റെ മനുഷ്യത്വവിരുദ്ധ മുഖം പ്രദര്‍ശിപ്പിച്ചത്. സഞ്ജയ് ഗാന്ധിയായിരുന്നു ഈ നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. ഇന്ത്യയൊട്ടാകെ ഒരുവര്‍ഷംകൊണ്ട് 81 ലക്ഷം വന്ധ്യംകരണ ശസ്ത്രക്രിയകള്‍ നടന്നു. ദില്ലിയിലെ അസഫലി റോഡിനു പുറകിലുള്ള തുർക്ക്മാൻ ഗേറ്റ് പ്രദേശം ബുൾഡോസർ കൊണ്ടു നിറഞ്ഞു. ചേരി നിവാസികളുടെ ചെറുത്തുനിൽപ്പിനെ പോലീസ് വെടിയുണ്ടകൾ നേരിട്ടു. നൂറിലധികം ആളുകൾ വെടിവെപ്പിൽ കൊല്ലപ്പെട്ടു എന്നാണ് കണക്കുകൾ പറയുന്നത്. രാജ്യത്തെ 80 ലക്ഷത്തിലേറെ ആളുകൾ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയരായി . നിർബന്ധിത കുടുംബാസൂത്രണ ത്തിൽ പല യുവാക്കൾക്കും സന്താന ഉൽപ്പാദനശേഷി എന്നെക്കുമായി നഷ്ടമായി . ഇന്ദിരാഗാന്ധിയോട് അനുഭവമുണ്ടായിരുന്ന ഷെയ്ഖ് അബ്ദുള്ളക്ക് പോലും രോഷത്തോടെ കൂടി ഇതിനെതിരെ പ്രതികരിക്കേണ്ടതായി വന്നു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് നിർബന്ധിത വന്ധ്യംകരണത്തിന് ഉള്ള ടാർജറ്റ് നിശ്ചയിക്കപ്പെട്ടു.
കോഴിക്കോട് റീജണല്‍ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥി രാജനെ കക്കയം ക്യാമ്പില്‍ വെച്ചു പൊലീസ് ഉരുട്ടിക്കൊന്നു , അടിയന്തരാവസ്ഥയിലെ ഈ പൊലീസ് ഭീകര കൊലപാതകം മകന്റെ ശരീരം എങ്കിലും കാണാൻ ഉള്ള ഒരച്ഛന്റെ അവസാനത്തെ ആഗ്രഹം ഇല്ലാതെ ആക്കി .
ബഹുകക്ഷി ജനാധിപത്യ സംവിധാനം ഉപേക്ഷിച്ച് അമേരിക്കന്‍ മാതൃകയിലുള്ള പ്രസിഡന്‍ഷ്യല്‍ ഭരണസംവിധാനത്തിലേക്ക് പോകാനുള്ള മുന്നൊരുക്കമായാണ് ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് വിക്കിലീക്സ് രേഖകൾ പുറത്തു വരിക ഉണ്ടായി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഏതാനും മാസങ്ങള്‍ക്ക് ശേഷം അമേരിക്കന്‍ സ്ഥാനപതി William B Saxbe-യുമായി , ഇന്ദിരയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന Prithvi Nath Dhar നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചയിരുന്നു വെളിപ്പെടുത്തല്‍. പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ചശേഷം ധര്‍ എഴുതിയ “അടിയന്തരാവസ്ഥക്കാലം” എന്ന പുസ്തകത്തില്‍ ഇന്ദിരയുടെ ലക്ഷ്യം അമേരിക്കന്‍ ഭരണരീതി ഇന്ത്യയില്‍ നടപ്പാക്കുകയായിരുന്നുവെന്ന് വിശദമാക്കുന്നുണ്ട്.
ഇന്ത്യ ഇനി ഒരിക്കലും ജനാധിപത്യത്തിലേക്ക് തിരിച്ചു പോകില്ലെന്നും കോൺഗ്രസിൻറെ അനന്തരാവകാശി ഇന്ത്യൻ സൈന്യം ആണെന്നും ഒബ്സർവർ എന്ന വിദേശ പത്രം എഡിറ്റോറിയൽ എഴുതി .
ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ പ്രവണതകളിൽ പ്രതിഷേധിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ പദവി ഫാലി എസ് നരിമാൻ രാജിവച്ചു റിസർവ്ബാങ്ക് ഉപദേശകനായി തുടരാൻ എം എൽ ദന്തേവാല വിസമ്മതിച്ചു, ശിവരാമ കാരന്ത് പത്മവിഭൂഷൻ തിരികെ നൽകി ഇവരൊക്കെ പ്രതിഷേധത്തിലൂടെ രാജ്യത്തിന്റെ അഭിമാനം ഉയർത്തി .
ശക്തമായ പ്രക്ഷോഭങ്ങൾക്കൊടുവിൽ 1977 മാർച്ച് 22ന് സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ ഏകാധിപതിയ്ക്ക് 19 മാസങ്ങൾക്ക് ശേഷം അടിയന്തരാവസ്ഥ പിൻവലിക്കേണ്ടി വന്നു. തിരഞ്ഞെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ഇന്‍റലിജന്‍സ് ബ്യുറോ മേധാവി എസ് എന്‍ മാധൂര്‍ ഇന്ദിരക്ക് ഉറപ്പ് നല്‍കി. 1977 മാര്‍ച്ച് 21 അടിയന്തിരാവസ്ഥ പിന്‍വലിച്ച് രാഷ്ട്രപതിയുടെ ചുമതലക്കാരനായ ബി ഡി ജട്ടി ഉത്തരവിട്ടത്തോടെ അടിയന്തിരവസ്ഥയ്ക്ക് അവസാനമായി. അടിയന്തരാവസ്ഥ പിന്‍വലിച്ചതിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. റായ്ബറേലിയില്‍ ഇന്ദിരയും, അമേഠിയില്‍ മകനും തിരിഞ്ഞെടുപ്പില്‍ തോറ്റതോടെ അടിന്തിരാവസ്ഥയിലെ കെടുതികള്‍ക്ക് ജനം മധുരമായി പ്രതികാരം വീട്ടി. സംഘടനാ കോണ്‍ഗ്രസ്, ലോക്ദള്‍, ജനസംഘം തുടങ്ങി നാലു പാര്‍ടികള്‍ ലയിച്ചുചേര്‍ന്ന് രൂപീകരിച്ച ജനതാപാര്‍ടി കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി അധികാരത്തില്‍ വന്നു. പക്ഷേ അടിയന്തരാവസ്ഥ കഴിഞ്ഞുടന്‍ കോണ്‍ഗ്രസ്സിന് ഏറ്റവും കൂടുതല്‍ സീറ്റ് നേടിക്കൊടുത്തവരാണ് നമ്മൾ മലയാളികളില്‍. കേരളത്തില്‍ കോണ്‍ഗ്രസാണ് ജയിച്ചത്. CPIഅവരോടൊപ്പമായിരുന്നു. എന്നാല്‍, CPI തെറ്റ് സ്വയം മനസ്സിലാക്കി 1978–ൽ Bhatinda conference –ല്‍ ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അംഗീകരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പി കെ വാസുദേവന്‍നായര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതു. കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായി. A K Antony അടിയന്തരാവസ്ഥ തെറ്റായിരുന്നെന്ന നിലപാടിലെത്തി. Congress (S)ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു.
ഇനി അടിയന്തരാവസ്ഥയിൽ തങ്ങൾ എന്തോ മഹാ കാര്യം ചെയ്തു എന്നു വീമ്പിളക്കുന്ന RSS നെ കുറിച്ചു ഒന്നു പറയുക തന്നെ വേണം . അസത്യത്തെ സത്യം ആക്കാൻ ആണ് ഇവർ ശ്രമിക്കുന്നത്. പക്ഷേ തെളിവുകൾ ഒരിക്കലും അവർക്കു അനുകൂലം അല്ലാതെ ആകുന്നു .
RSS-ന്റെ മൂന്നാമത് സർസംഘചാലക് ആയ മധുകർ ദത്താത്രേയ ദേവറസ് പ്രധാനമന്ത്രി ഇന്ദിരഗാന്ധിക്ക് 1975 ആഗസ്ത് 8നു മാപ്പപേക്ഷ നല്‍കിയതിന്റെ തെളിവാണു frontline പുറത്തുവിട്ടത് . ഈ കത്ത് അഭിഭാഷകനായ എ ജി നൂറാണിയുടെ ലേഖനത്തിനൊപ്പമാണുള്ളത്.
യെര്‍വാദ ജയിലില്‍ കിടക്കുമ്പോള്‍ താനടക്കമുളള RSS നേതാക്കളെ വെറുതെ വിടണമെന്നും RSS-നുമേലുള്ള നിരോധം എടുത്തുകളയണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് കേസില്‍ സുപ്രീംകോടതി ഇന്ദിര ഗാന്ധിക്ക് അനുകൂലമായി വിധിപ്രഖ്യാപനം നടത്തിയതിനെ കത്തില്‍ ഇന്ദിര ഗാന്ധിയെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട് . രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള പ്രവര്‍ത്തനമല്ല RSS ന്റേത് എന്ന് കത്തില്‍ സമര്‍ഥിക്കുന്നു. RSS-ന്റെ നിരോധം എടുത്തുകളയണമെന്നും താങ്കളെ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നെന്നും ആവശ്യപ്പെട്ടാണ് കത്ത് അവസാനിപ്പിക്കുന്നത്. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തിനിടയിലാണ് മോചനം ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഇന്ദിരഗാന്ധിക്ക് കത്തെഴുതിയിരുന്നെന്ന് ദേവറസ് കുറ്റസമ്മതം നടത്തുകയും ചെയ്തു . താന്‍ രണ്ട് കത്തുകള്‍ ഇന്ദിര ഗാന്ധിക്ക് എഴുതിയെന്ന് അദ്ദേഹം സമ്മതിച്ചത്.
ജയില്‍മോചനത്തിന് ഇന്ദിര ഗാന്ധിയില്‍ സമ്മര്‍ദം ചെലുത്താന്‍ ദേവറസ് വിനോബ ഭാവെയ്ക്കും കത്തെഴുതിയതിനുള്ള തെളിവുകളും ലേഖനത്തിലുണ്ട്. 1976 ജനുവരി 12നും അതിന് തൊട്ടടുത്ത ദിവസവുമാണ് വിനോബയ്ക്ക് ദേവറസ് കത്തെഴുതിയത് – “ഈ മാസം 24ന് പ്രധാനമന്ത്രി പവ്നാര്‍ ആശ്രമത്തില്‍ താങ്കളെ കാണാന്‍ വരുന്നത് പത്രവാര്‍ത്തകളിലൂടെ അറിഞ്ഞു. അപ്പോള്‍ RSS-നോടുള്ള അവരുടെ തെറ്റായ കാഴ്ചപ്പാട് മാറ്റാന്‍ താങ്കള്‍ ശ്രമിക്കണം. കൂടാതെ ജയിലിലുള്ള RSS വളന്റിയര്‍മാരുടെ മോചനം സാധ്യമാക്കണം .മോചനം സാധ്യമായാല്‍ രാജ്യപുരോഗതിക്കായി പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുമെന്നും” കത്തില്‍ പറയുന്നു.
ഇനി മറ്റൊരാൾ സോഷ്യലിസ്റ്റും സാമ്രാജ്യത്വവിരുദ്ധനും എന്ന് അവകാശപ്പെടുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് ആണ് .അടിയന്തരാവസ്ഥക്കാലത്ത് CIA-യുടെ ഫണ്ട് നേടിയെടുക്കാന്‍ ശ്രമം നടത്തിയിരുന്നെന്ന് വിക്കിലീക്സ് വെളിപ്പെടുത്തി .1975 നവംബര്‍ ഒന്നിന് ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥന്‍ മാന്‍ഫ്രെഡ് തുര്‍ലാഷുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഫെര്‍ണാണ്ടസ് പണം തേടിയത്. ഫ്രഞ്ച് സര്‍ക്കാരില്‍നിന്ന് പണം എത്തിച്ചുതരണമെന്ന ആവശ്യം തുര്‍ലാഷ് നിരസിച്ചതോടെ CIA-യില്‍നിന്ന് പണം വാങ്ങിയെടുക്കാന്‍ സഹായിക്കണമെന്നായി ആവശ്യം. എഴുപതുകളില്‍ ഇന്ത്യയിലെ അമേരിക്കന്‍ എംബസി, അവരുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിലേക്ക് അയച്ച കേബിള്‍ സന്ദേശങ്ങളിലാണ് ഇക്കാര്യങ്ങള് വെളിപ്പെടുത്തുന്നത്.
അടിയന്തരാവസ്ഥയ്ക്കുശേഷം അധികാരത്തില്‍വന്ന ജനതാസര്‍ക്കാര്‍ അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ ഒരു കമീഷനെ നിയോഗിച്ചു- സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് J C Shah-യുടെ നേതൃത്വത്തില്‍. ഈ കമീഷന്‍ ഇന്ദിരാഗാന്ധിയുടെ അതിക്രമങ്ങളെയും അധികാരദുര്‍വിനിയോഗങ്ങളെയും അക്കമിട്ടുനിരത്തുന്ന റിപ്പോര്‍ട്ടാണ് തയ്യാറാക്കിയത്. അടിയന്തരാവസ്ഥകാലത്തെ പീഡനങ്ങള്‍ അന്വേഷിച്ച ഷാ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം 1,10,806 പേര്‍ അറസ്റ്റ് ചെയ്യപ്പെടുകയും വിചാരണകൂടാതെ തടങ്കലില്‍ പാര്‍പ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ദില്ലിയില്‍ ഒന്നര ലക്ഷത്തോളം കുടിലുകള്‍ ഇടിച്ചു നിരത്തി. കണക്കില്‍ പെടുന്നതും പെടാത്തതുമായി ദശലക്ഷങ്ങള്‍ ഷണ്ഡീകരിക്കപ്പെട്ടു.
1980ല്‍ അധികാരത്തില്‍ തിരിച്ചെത്തിയ ഉടന്‍, തന്റെ ഉറക്കം കെടുത്തിയിരുന്ന Commission റിപ്പോര്‍ട്ടിന്റെ എല്ലാ കോപ്പിയും തേടിപ്പിടിച്ച് അവര്‍ നശിപ്പിച്ചു. ഓസ്ട്രേലിയന്‍ നാഷണല്‍ ലൈബ്രറിയിലും ലണ്ടന്‍ സര്‍വകലാശാലയിലും റിപ്പോര്‍ട്ടിന്റെ ഓരോ കോപ്പികള്‍ അവശേഷിച്ചു. രാജ്യത്തിന്റെ ഇരുണ്ട ഭൂതകാലം പുതിയ തലമുറയ്ക്ക് മനസ്സിലാകണമെന്ന ലക്ഷ്യത്തോടെ മുന്‍ പാര്‍ലമെന്റ് അംഗവും ജയപ്രകാശ് നാരായണന്റെ അനുയായിയുമായിരുന്ന Era Chezhian , Shah Commission റിപ്പോര്‍ട്ടിന്റെ കൈവശമുണ്ടായിരുന്ന ഒരു പ്രതി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഹിറ്റലറിനെയും മുസോളനിയേയും പോലെ ലക്ഷണമൊത്ത ഏകാധിപതിയായിരുന്നു ഇന്ദിരയും. അടിയന്തരാവസ്ഥക്കാലത്ത് ദില്ലി സന്ദർശിച്ച ന്യൂയോർക്ക് ടൈംസിലെ ലേഖകനായിരുന്ന റോസൻ താൾ ഇങ്ങനെ എഴുതി ”ഇന്ദിരാഗാന്ധി ഇന്ത്യ ഭരിക്കുമ്പോൾ നെഹ്റു ജീവിച്ചിരുന്നുവെങ്കിൽ ഇരുവരും രാഷ്ട്രീയ പ്രതിയോഗികൾ ആയേനെ.”
അടിയന്തരാവസ്ഥ പുത്തൻ രൂപത്തിലും ഭാവത്തിലും നിശബ്ദമായും അല്ലാതേയും മുമ്പെന്നെത്തേക്കാൾ ശക്തവും വംശീയവും ആക്രമണോത്സവവുമായി കടന്നു വരുന്നതിന്റെ ലക്ഷണം ആണ് ഇന്ന് നാം കാണുന്നത് . തന്റെ ഇങ്ങിതത്തിനു വഴങ്ങാത്ത, സാമ്രാജ്യത്വമൂലധന വ്യാപനത്തിന് തടസ്സം നില്ക്കുന്ന ,ഇഷ്ടമില്ലാത്തതിനോട് കാട്ടുന്ന അസഹിഷ്ണുതയും അതിനെ തന്റെ എല്ലാ അധികാരങ്ങളും ഉപയോഗിച്ച് ഉന്മൂലനം ചെയ്യാനുള്ള ഫാസിസ്റ്റ് പ്രവണത ആണ് ഇന്നത്തെ ഭരണകൂടം കാണിക്കുന്നത് . അതിശക്തമായ കപട ദേശീയതയാണ് ഇവർ പ്രയോഗിക്കുന്ന തന്ത്രം .
നവഫാസിസത്തിന്റെ ലക്ഷണം ആണ് രാജ്യത്തിന്റെ അഭിമാനമായ JNU , HCU സര്‍വകലാശാലയില്‍നിന്ന് അടുത്തകാലത്ത് വരുന്ന വാര്‍ത്തകള്‍. സാംസ്കാരിക പ്രവർത്തകരോടും , ചരിത്രകാരന്മാരോടും , എഴുത്തുകാരോടും ഇവർ കാണിക്കുന്ന അസഹിഷ്ണുത ഒരു പക്ഷേ വരാൻ സാധ്യത ഉള്ള ഫാസിസ്റ്റ് അടിയന്തരാവസ്ഥ ആകാം .
അടിയന്തരാവസ്ഥയുടെ നാളുകള്‍ ഓര്‍ക്കുമ്പോള്‍ അതാവര്‍ത്തിക്കാതിരിക്കാനുള്ള ദൃഢപ്രതിജ്ഞയും ഏകാധിപത്യശക്തികളെ തിരിച്ചറിയാനുള്ള കഴിവും ആണ് ജനാധിപത്യവിശ്വാസികളായ ഓരോ ഭാരതീയനിലും നിന്നും ഉണ്ടാകേണ്ടത്.
അറിയുന്നവരും അറിയപ്പെടാത്തവരും തമസ്കരിക്കപ്പെട്ടവരും ആയ എല്ലാ അടിയന്താരാവസ്ഥയുടെ ഇരകൾക്കും
മുഷ്ടി ചുരുട്ടി
ലാൽസലാം…..
അവലംബം:
Deshabhimani editorial
http://www.frontline.in/the-nation/servile-sangh/article7499125.ece
http://timesofindia.indiatimes.com/india/WikiLeaks-revelations-George-Fernandess-wife-says-no-question-of-him-asking-for-funds-from-CIA-as-he-was-anti-American/articleshow/19445791.cms
http://www.thehindu.com/2000/06/13/stories/05132524.htm%MCEPASTEBIN%
http://www.frontline.in/the-nation/servile-sangh/article7499125.ece
http://timesofindia.indiatimes.com/india/WikiLeaks-revelations-George-Fernandess-wife-says-no-question-of-him-asking-for-funds-from-CIA-as-he-was-anti-American/articleshow/19445791.cms
http://www.thehindu.com/2000/06/13/stories/05132524.htm%MCEPASTEBIN%