കേരളത്തിലെ നവോത്ഥാന മുന്നേറ്റവും വര്‍ത്തമാനകാല രാഷ്ട്രീയവും

കേരളത്തിന്റെ സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ വികാസം എങ്ങനെ ഉണ്ടായി എന്ന് ചരിത്രപരമായ അറിവ് മനസ്സിലാക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും ആയ അവസ്ഥയിലേക്കാണ് ഇന്നത്തെ നമ്മുടെ കേരളത്തിന്റെ അവസ്ഥ . നമ്മൾ എങ്ങനെ നമ്മൾ ആയി എന്നുള്ളത് എല്ലാവരും സൗകര്യം ആയി മറന്നു അല്ലങ്കിൽ അതിനെ ഓർക്കാൻ സമയം മിനക്കെടുന്നില്ല .

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും പത്തൊന്പതാം നൂറ്റാണ്ടിന്റെ ഒടുവിലുമായി കേരളത്തിൽ ഉണ്ടായ സാംസ്കാരികവും മതപരവുമായ പരിഷ്കരണ പ്രവർത്തനങ്ങൾ ആയിരുന്നു നാം ഇന്ന് കാണുന്ന പുരോഗമന കേരളത്തിന് വഴി വെട്ടിയത് .

കേരളം ഒരു കാലത്ത് ചേരന്‍മാര്‍ എന്നു വിളിക്കുന്ന ബുദ്ധിസ്റ്റു ഭരണാധികാരികളുടെ രാജ്യമായിരുന്നു. AD 800 മുതല്‍ 1102 വരെയുള്ള കാലഘട്ട ത്തില്‍ പതിമൂന്നു ചക്രവര്‍ത്തിമാര്‍ കേരളം ഭരിച്ചു. അതില്‍ ഒന്നാമത്തെ ആൾ കുലശേഖര വര്‍മ്മന്‍ ഒന്നാമനായിരുന്നു. കാലം മുന്നോട്ടു പോയപ്പോള്‍ കേരളം എന്ന മൂന്നു നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും മലബാറിന്റെയും എല്ലാ ഭാഗങ്ങളിൽ പതിമൂന്നാം നൂറ്റാണ്ടിനും പതിനെട്ടാംനൂറ്റാണ്ടിനു മിടയിലുള്ള കാലഘട്ടം ചരിത്രത്തിലെ ഏറ്റവും ഭീകരമായ അടിമത്തത്തിന്റെ നാടായി അധഃപതിച്ചു. കേവലം ആറണ മാത്രമായിരുന്നു ഒരു അടിമയുടെ കൂലി.അടിമകളെ മനുഷ്യരായി പോലും കാണാതിരുന്ന ആ കാലഘട്ടത്തിൽ അടിമകളെ ജീവനോടെ ചുട്ടെരിക്കുകയും ചെളിയിൽ ജീവനോടെ ചവിട്ടിത്താഴ്ത്തുകയും,ദേവീദേവന്‍മാരെ പ്രീതിപ്പെടുത്തുവാനായി ഈ അടിമകളെ ബലി നല്‍കുകയും ചെയ്തിരുന്നു, അവരെ നുകം ചുമലിൽ കെട്ടി കാളകള്‍ക്കും പോത്തുകള്‍ക്കുമൊപ്പം നിലമുഴുവാന്‍ വരെ ഉപയോഗിച്ചിരുന്നു.1912 ഡിസംബര്‍ 5ന് അടിമത്തത്തിനെതിരെ റാണി ഗൗരിലക്ഷ്മീഭായി പുറപ്പെടുവിച്ച നിരോധന ഉത്തരവിനെത്തുടര്‍ന്ന് ഇത്തരത്തിൽ ഉള്ള അടിമത്തത്തിനു ഒരു അറുതി വരുത്തി എങ്കിലും വര്‍ണ്ണ വിവേചനത്തിനും അയിത്തത്തിനും അറുതിവരുത്താൻ ഈ വിളംബരത്തിന് കഴിഞ്ഞില്ല. അങ്ങനെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലത്തും ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിലുമായി മനുഷ്യരഹിതവും അനീതി നിറഞ്ഞതുമായ സാമൂഹിക ദുരാചാരങ്ങൾക്കെതിരെ നിരവധി സമര പോരാട്ടങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിച്ചു.

കേരളത്തിൽ നിലനിന്നിരുന്ന ഫ്യൂഡല്‍ഘടന ജാതി- ജന്മി- നാടുവാഴിത്തത്തിന്റെ ഒരു സംയുക്ത രൂപമായിരുന്നു.സാമൂഹിക ജീവിതത്തില്‍ ജാതിയുടെയും സാമ്പത്തിക രംഗത്ത് ജന്മിത്വത്തിന്റെയും രാഷ്ട്രീയരംഗത്ത് നാടുവാഴിത്തത്തിന്റെയും മേല്‍ക്കോയ്മയാണ് നിലനിന്നിരുന്നത് . ജന്മിത്വവുമായി സന്ധിചെയ്തും അതിന്റെ സംരക്ഷകരായും സാമ്രാജ്യത്വശക്തികള്‍ നിലകൊണ്ടു. നാട്ടിന്‍പുറത്തെ സാമ്രാജ്യത്വത്തിന്റെ സഖ്യശക്തികളായി ജന്മിത്വം പ്രവര്‍ത്തിച്ചു.ഈ സവിശേഷ സാഹചര്യത്തെയാണ് ജാതി- ജന്മി- നാടുവാഴിത്തം എന്ന് ഇ എം എസ് വിശേഷിപ്പിച്ചത്.

സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായി നിരവധി പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നു. പഴശ്ശിരാജാവും വേലുത്തമ്പിയും സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. കർഷക സമരങ്ങൾ രൂപപ്പെട്ടു. ജനകീയപോരാട്ടങ്ങളെ ബ്രിട്ടീഷുകാര്‍ അതിക്രൂരമായി അടിച്ചമര്‍ത്തി. രാഷ്ട്രീയമായി ഇത്തരം പോരാട്ടങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ത്തന്നെ ജന്മിത്വത്തെ താങ്ങിനിര്‍ത്തുന്ന ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ സാംസ്കാരികരംഗത്ത് ഉയര്‍ന്നുവന്നു. ജാതീയതയ്ക്ക് അതീതമായുള്ള മിഷണറിമാരുടെയും മറ്റും ഇടപെടലുകള്‍ ഇത്തരം മുന്നേറ്റങ്ങള്‍ക്ക് സഹായകമായി. മേല്‍മുണ്ട് കലാപംപോലുള്ള സമരങ്ങളുണ്ടായി. തെക്കന്‍ തിരുവിതാംകൂറില്‍ ജാതീയതയ്ക്കെതിരായി അയ്യാ വൈകുണ്ഠനെപ്പോലുള്ളവര്‍ രംഗത്തിറങ്ങി. പ്രാദേശികമായ ചെറുത്തുനില്‍പ്പുകള്‍ പിന്നീട് വലിയ പ്രസ്ഥാനങ്ങളായി വളര്‍ന്നു.

നവോത്ഥാന പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിനു പിന്നില്‍ പല ഘടകങ്ങള്‍ ഉണ്ടായിരുന്നു. ആധുനിക ചിന്തകള്‍ കടന്നുവന്നതോടെ സമൂഹത്തിന്റെ ദൗര്‍ബല്യങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന അവസ്ഥ വന്നു. വിദ്യാസമ്പന്നരായാലും ജാതീയമായ അടിച്ചമര്‍ത്തലുകളില്‍നിന്ന് മോചനമില്ലെന്ന തിരിച്ചറിവുണ്ടായി. ആധുനികമായ ഉല്‍പ്പാദനക്രമങ്ങളും കാഴ്ചപ്പാടുകളും സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങിയതോടെ നാട്ടില്‍ ഉയര്‍ന്നുവന്ന ചിന്തകള്‍ പുതിയ കാലഘട്ടത്തിനുസരിച്ച് വായിക്കപ്പെട്ടു. അദൈ്വത വേദാന്തംപോലുള്ള സിദ്ധാന്തങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടു. എല്ലാം ഒരുപോലെയാണെങ്കില്‍ ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ എന്തിന് എന്ന ചോദ്യത്തിലേക്ക് അത് വികസിച്ചു. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന കാഴ്ചപ്പാടിലേക്ക് ശ്രീനാരായണഗുരു എത്തിയത് ഇത്തരം വളര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്. ചട്ടമ്പിസ്വാമികളെയും അയ്യന്‍കാളിയെയുംപോലുള്ള സാമൂഹികപരിഷ്കര്‍ത്താക്കള്‍ ചോദ്യംചെയ്തതും നിലനില്‍ക്കുന്ന ജാതിഘടനയെയും അതിന്റെ അടിസ്ഥാനത്തിലുള്ള നിയമസംഹിതകളെയുമായിരുന്നു. അടിസ്ഥാന ജനവിഭാഗത്തില്‍ ഉയര്‍ന്നുവന്ന നവോത്ഥാന ആശയങ്ങള്‍ സവര്‍ണവിഭാഗങ്ങളിലും സ്വാധീനം ചെലുത്തുന്ന സ്ഥിതിയാണുണ്ടായത്. ഉത്തരേന്ത്യയിലെ നവോത്ഥാന പ്രസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി അടിസ്ഥാന ജനവിഭാഗങ്ങളില്‍നിന്നാണ് കേരളത്തിലെ നവോത്ഥാനം ഉയര്‍ന്നുവന്നത്.

അയിത്തത്തിന്റെയും തൊട്ടുകൂടായ്മയുടെയും ലോകത്ത് തളയ്ക്കപ്പെട്ടതായിരുന്നു പിന്നോക്ക-ദളിത് ജനവിഭാഗങ്ങളുടെ ജീവിതം. ഇത്തരത്തിൽ ഉള്ള സാമൂഹ്യ വ്യവസ്ഥ കണ്ടാണു സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് കേരളത്തെ വിശേഷിപ്പിച്ചത്.

കീഴ്ജാതിക്കാരുടെ അവശതകൾക്കു പരിഹാരം കാണാനുള്ള ശ്രമം തിരുവതാംകൂറിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽതന്നെ തുടങ്ങിയിരുന്നു. ഇന്നത്തെ കന്യാകുമാരി ജില്ലയിൽ വൈകുണ്ഠസ്വാമി തുടക്കം കുറിച്ച സമത്വസമാജം ഈ ലക്ഷ്യം വച്ചുള്ളതായിരുന്നു. പിന്നീടു തിരുവതാംകൂറിന്റെ മണ്ണിൽ ഒട്ടേറെ നവോത്ഥാന നായകർ കടന്നുവന്നു. ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരു, ഡോ. പല്പു, മഹാകവി എൻ. കുമാരനാശാൻ, സി.വി. കുഞ്ഞുരാമൻ, ടി.കെ. മാധവൻ, അയ്യൻ‌കാളി തുടങ്ങിയവർ തങ്ങളുടെ പ്രബോധനങ്ങളിലൂടെ ജാതിചിന്തയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവാന്മാരാക്കി. ഇവയ്ക്കുപുറമേ അയ്യൻ‌കാളിയെയും ടി.കെ. മാധവനെയും പോലുള്ളവർ നിയമസഭയിലും അവർണ്ണർക്കുവേണ്ടി ശബ്ദമുയർത്തി.

ചന്നാർ ലഹള (1813 – 1859)

ചന്നാർ ലഹള 1926 വരെ തെക്കൻ കേരളത്തിലും കന്യാകുമാരി ജില്ലയിലും നാടാൻമാർ മുമ്പ് ചന്നാൻമാർ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

ചന്നാർ സ്ത്രീകൾക്ക് അരമുതൽ കാൽമുട്ട് വരെ വസ്ത്രം ധരിക്കാൻ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. ലണ്ടൻ മിഷൻ സൊസൈറ്റിയുടെ സ്കൂളുകളിൽ പഠിച്ചിറങ്ങിയ നാടാർ പെൺകുട്ടികൾ മാറുമറയ്ക്കണം എന്ന് ഒരു നിർബന്ധം കാണിച്ചതിലൂടെയാണ് ഈ ലഹളയുടെ തുടക്കം. ക്രമേണ ചന്നാർ സ്ത്രീകളും കുപ്പായമണിയാൻ തുടങ്ങി ഇതിപ്രകോപിതരായ സവർണ്ണ മേധാവിത്വം 1822ൽ വലിയ പ്രക്ഷോപം നടത്തി. പിന്നെ ക്രിസ്ത്യൻ പുരോഹിതൻ മീഡ് പത്മനാഭപുരം കോടതിയിൽ ഹർജി നൽകി.1823 ലെ വിധിയിലൂടെ ജയിച്ച ചാന്നാട്ടിമാർ കട്ടിയുള്ള മേൽവസ്ത്രത്തിനു പകരം നേർത്തവ തുന്നിയിടാൻ തുടങ്ങി. അന്നത്തെ ദിവാനായിരുന്ന കേണൽ മൺറോയുടെ ഉത്തരവ് പ്രകാരം ക്രസ്ത്യൻ ചന്നാർ സ്ത്രീകൾക്ക് കുപ്പായം ധരിക്കാമെന്നും മേൽമുണ്ട് ധരിച്ച് കൂടായെന്നും തീരുമാനമായി ലഹള അല്പം ശമിച്ചെങ്കിലും ക്രമേണഹിന്ദു ചന്നാർ സ്ത്രീകളും കുപ്പയമിട്ടുതുടങ്ങി പിന്നീട് മേൽമുണ്ടും ധരിച്ചു ഇതിൽ പ്രകോപിതരായ അധികാരിവർഗ്ഗം വീണ്ടും ലഹള ശക്തമാക്കി. സവർണ്ണന്മാർ 1828 ൽ വീണ്ടും പ്രശ്നമുണ്ടാക്കി. കൽക്കുളത്ത് ചന്തയിൽ രണ്ട് ചാന്നാട്ടിമാരെ മേൽവസ്ത്രം ധരിച്ചതിനു സവർണ്ണന്മാർ വിവസ്ത്രരാക്കുകയും ചെയ്തു, അവിടെ തുടങ്ങി ചാന്നാർ ലഹള. ഒടുവിൽ 1859 ജൂലയ് 26ന് ഉത്രം തിരുനാൾ നാടാർ സ്ത്രീകൾക്ക് അവരുടെ ആഭിജാത്യബോധമനുസരിച്ചുള്ള ഏതു വസ്ത്രവും ധരിയ്ക്കാം, പക്ഷേ സവർണ്ണരുടെ വസ്ത്രങ്ങളെ അനുകരിയ്ക്കാൻ പാടില്ല എന്ന് കൽപ്പന പുറപ്പെടൂവിച്ചു. എന്നാൽ മദ്രാസ് ഗവർണ്ണരായിരുന്ന ലോഡ് ഹാരിസ് ന്റെ നിർദ്ദേശപ്രകാരം സവർണ്ണരുടെ വസ്ത്രത്തെ അനുകരിയ്ക്കരുത് എന്ന നിബന്ധനയും പിൻവലിക്കേണ്ടി വന്നു.

ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ട ഒന്നാണ് നങ്ങേലി എന്ന പെണ്‍പോരാളിയുടെ ജീവത്യാഗം. ചേര്‍ത്തലയ്ക്കടുത്താണ് നങ്ങേലിയുടെ കുടുംബം താമസിച്ചിരുന്നത്. ഭര്‍ത്താവ് കണ്ടപ്പന്‍. ബ്രിട്ടീഷുകാര്‍ക്ക് കീഴില്‍ നാട്ടുരാജ്യങ്ങള്‍ വിവിധ നികുതികള്‍ കൊണ്ട് കഷ്ടപ്പെട്ടിരുന്നു. മാത്രമല്ല, അവരുടെ വരവോട് കൂടി സ്ത്രീകള്‍ മാറ് മറയ്ക്കാനും ആരംഭിച്ചിരുന്നു. ഈ അവസരം മുതലാക്കി നാട്ടുരാജാക്കന്‍മാര്‍ അവരുടെ താഴെക്കിടയിലുള്ള താണജാതിക്കാര്‍ക്ക് തലക്കരവും മുലക്കരവും ചുമത്തിയിരുന്നു. മുലക്കരം അടയ്ക്കാതെ സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാന്‍ അധികാരമില്ലായിരുന്നു. അതുപോലെ മുലകളുടെ വലിപ്പവും ആകൃതിയും അനുസരിച്ചാണ് കരം നിശ്ചയിച്ചിരുന്നത്. സ്ത്രീശരീരത്തിന് മേല്‍ കടന്നു കയറാനുള്ള അധികാരം കൂടിയായിരുന്നു ഭരണാധികാരികള്‍ക്ക് മുലക്കരം. നിത്യവൃത്തിയ്ക്ക പോലും ദുരിതപ്പെട്ടിരുന്ന കീഴാളര്‍ക്ക് മുല മറയ്ക്കാതെ പുറത്തിറങ്ങി നടന്നു. ഈഴവ വിഭാഗത്തില്‍പ്പെട്ട യുവതിയായിരുന്നു നങ്ങേലി. മുലക്കരം അടയ്ക്കാന്‍ നങ്ങേലി തയ്യാറായില്ല. മാത്രമല്ല അതിനെതിരെ പ്രതിഷേധിക്കാനും തയ്യാറായി. മുല മുറിച്ച് രാജകിങ്കരന്‍മാര്‍ക്ക് നല്‍കിയായിരുന്നു അവര്‍ പ്രതിഷേധിച്ചത്. എന്നിട്ട് ചോദിച്ചു, ഇനി ഞാന്‍ കരം അടക്കേണ്ടി വരില്ലല്ലോ എന്ന്. അന്നു വൈകുന്നേരത്തോടെ രക്തം വാര്‍ന്ന് നങ്ങേലി മരിച്ചു. അവളുടെ ചിതയില്‍ ചാടി ഭര്‍ത്താവും. നങ്ങേലിയുടെ ആത്മാഹുതിയോടെ മുലക്കരം തിരുവിതാംകൂറില്‍ നിര്‍ത്തലാക്കി.

ഏത്താപ്പ് സമരം (1858)

അക്കാലത്ത് നെയ്ത്ത് പണിയില്‍ പ്രാവീണ്യം നേടിയിരുന്നത് ഈഴവ സമുദായക്കാരായിരുന്നു. എന്നാല്‍ അവര്‍ നെയ്‌തെടുക്കുന്ന മനോഹരമായ പുടവകള്‍ അവര്‍ക്ക് ഉടുക്കാന്‍ അവകാശമുണ്ടായിരുന്നില്ല. മുട്ടിറങ്ങിക്കിടക്കുന്ന നേര്‍ത്ത പുടവകള്‍ മേല്‍ജാതി സ്ത്രീകള്‍ക്ക് ഉടുക്കാനുള്ളതാണ്. അച്ചിപുടവ എന്നാണ് അതിന്റെ പേര്‍തന്നെ.

അവര്‍ണരായ സ്ത്രീ-പുരുഷന്മാര്‍ മുട്ടിന് കീഴോട്ട് വസ്ത്രം താഴ്ത്തിധരിക്കുന്നത് അവര്‍ണര്‍ സമ്മതിച്ചിരുന്നില്ല. സവര്‍ണ്ണ സ്ത്രീകള്‍ക്ക് മാത്രം മനോഹരമായ വസ്ത്രം ധരിക്കാന്‍ (അച്ചിപ്പുടവ) അവകാശമുണ്ടായിരുന്ന അക്കാലത്ത് കായംകുളത്തിനടുന്ത് പന്നിയൂരില്‍ ഈഴവ യുവതി അച്ചിപ്പുടവ ഉടുത്ത് വന്നു, ഇതിനെതിരെ പ്രതിഷേധിച്ച സവർണ്ണമാർ പുടവ വലിച്ച് കീറിക്കളഞ്ഞു ആ സ്ത്രീയെ അപമാനിച്ചു . ഇതറിഞ്ഞ വേലായുധപ്പണിക്കര്‍ ഏതാനും ഈഴവ യുവതികളെ പുടവ ഉടുപ്പിച്ച് പന്നിയൂരില്‍ പരേഡ് നടത്തി, തുടര്‍ന്ന് എല്ലാ വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ക്കും മാന്യമായി വസ്ത്രം ധരിക്കാനുളള അവകാശത്തിനായി പണിമുടക്കാന്‍ പണിക്കര്‍ ആഹ്വാനം ചെയ്തു, കൃഷിപ്പണി, തെങ്ങ് കയററം, കന്നുകാലി നോട്ടം തുടങ്ങി എല്ലാ പണികളും സ്തംഭിച്ചു, സമരത്തെ തുടര്‍ന്ന് ആ പ്രദേശങ്ങളില്‍ പുടവയുടുക്കാന്‍ അനുവാദം ലഭിച്ചു, ഇതിനെയാണ് ഏത്താപ്പ് സമരം അഥവാ അച്ചിപ്പുടവ സമരമെന്നറിയപ്പെട്ടത്.

മൂക്കുത്തി സമരം (1860)

അവർണ്ണ സ്ത്രീ ആയതിന്റെ പേരിൽ മൂക്കുത്തി ധരിക്കാൻ പാടില്ലായിരുന്നു അന്നത്തെ തിരുവിതാംകൂർ രാജ്യത്ത്. അന്ന് മധ്യതിരുവിതാംകൂറിലെ പന്തളത്ത് ഒരു അവര്‍ണ്ണ യുവതി പൊന്നിന്‍ മൂക്കുത്തി ധരിച്ച് ചന്തയിലെത്തി. ഇത് കണ്ട സവര്‍ണ്ണ പ്രമാണിമാര്‍ മൂക്കുത്തി വലിച്ച് പറിച്ച് കളയുകയും യുവതിയെ മര്‍ദ്ദിച്ച് അവശയാക്കുകയും ചെയ്തു, ഇതറിഞ്ഞ ആറാട്ടുപുഴ വേലായുധപണിക്കര്‍ സവര്‍ണ്ണരുടെ എതിര്‍പ്പ് വകവയ്ക്കാതെ തൊട്ടടുത്ത ദിവസം 1000 മൂക്കുത്തി നിര്‍മിച്ച് പന്തളത്തെ സ്ത്രീകളെ വിളിച്ചുകൂട്ടി അവരോട് പൊന്നിന്‍ മൂക്കുത്തി അണിയാന്‍ പണിക്കര്‍ ആവശ്യപ്പെട്ടു,

അവര്‍ തങ്ങളുടെ മൂക്കിലെ ആഭരണത്തുളകളില്‍ നിന്ന് ഈര്‍ക്കില്‍ കഷണങ്ങളും പിച്ചളക്കമ്പികളും ഊരിക്കളഞ്ഞ് പൊന്നിന്‍മുക്കൂത്തി ധരിച്ചു. ഈ സ്ത്രീകളുടെ സംരക്ഷണത്തിനായി അവരെ അപമാനിക്കാതിരിക്കാന്‍ ദിവസങ്ങളോളം പണിക്കര്‍ പന്തളത്തു തങ്ങി. ഇതിനെയാണ് മുക്കൂത്തി സമരമെന്ന് അറിയപ്പെടുന്നത്.

അരുവിപ്പുറം പ്രതിഷ്ട (1888)

കേവലം ആരാധനാ സ്വാതന്ത്രൃത്തിന് വേണ്ടിയുള്ള ഒന്നായിരുന്നില്ല നാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ട. അനൃ ജാതിയില്‍ പിറന്നു പോയി എന്ന കാരണത്താല്‍ അവരോട് കാണിക്കുന്ന കൊടിയ വിവേചനത്തിനെതിരെയുള്ള ശക്തമായ പോരാട്ടം കൂടിയായിരുന്നു അത്. അധഃസ്ഥിത ജനവിഭാഗത്തിനു ക്ഷേത്രപ്രവേശനം അനുവദനീയമല്ലാതിരുന്ന കാലത്ത് അവർക്കും പൂജിക്കാനും പ്രാർത്ഥിക്കാനും ഒരു ക്ഷേത്രം വേണമെന്ന ആവശ്യത്തിനു ശ്രീനാരായണഗുരു 1888 -ൽ നടതിയ പ്രതിഷ്ഠയാണ് അരുവിപ്പുറം പ്രതിഷ്ഠ. ഈ പ്രതിഷ്ഠയ്ക്കായുള്ള ശിവലിംഗം നെയ്യാറിലെ ആഴമേറിയ കയമായ ശങ്കരൻ കുഴിയിൽ നിന്നുമാണു കിട്ടിയത്. അരുവിപ്പുറത്ത് നാരായണഗുരു നടത്തിയ പ്രതിഷ്ഠ ‘ശിവന്റേതല്ല’ എന്നും, അബ്രാഹ്മണനും അവര്‍ണനുമായ അദ്ദേഹത്തിന് ശിവപ്രതിഷ്ഠ നടത്തുവാന്‍ അധികാരവും അവകാശവും ഇല്ലെന്നുമുള്ള വാദഗതികള്‍ ഉന്നയിച്ചുകൊണ്ട് സവര്‍ണര്‍ രംഗത്തുവരികയുണ്ടായി. ഇത്തരം വാദഗതികള്‍ക്ക് മറുപടിയായാണ് നാരായണഗുരു തന്റെ സുപ്രസിദ്ധമായ ‘നമ്മുടെ ശിവന്‍’ എന്ന പ്രയോഗം കൊണ്ടുവന്നത്. ‘അതിനു നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനേയാണല്ലോ’എന്നായിരുന്നു ഗുരുവിന്റെ പ്രതികരണം.

സവര്‍ണവര്‍ഗത്തിന്റെയോ പരമ്പരാഗത താന്ത്രികതയുടെയോ, ഉച്ചനീചത്തങ്ങളാല്‍ ചുറ്റുമതിലുകള്‍ തീര്‍ത്തുവച്ചിട്ടുള്ള വര്‍ണാശ്രമ ഹിന്ദുത്വത്തിന്റെയോ ശിവനെയല്ല താന്‍ പ്രതിഷ്ഠിച്ചത് എന്നും, എല്ലാ വിഭാഗം മനുഷ്യരുടെയും മനസിലേക്ക് ഒരേപോലെ കടന്നുചെല്ലുവാന്‍ ത്രാണിയുളളതും സ്വതന്ത്രമായ ആശയപീഠത്തിലിരിക്കുന്നതുമായ വിശാലബോധത്തെയാണ് താനിവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നുമായിരുന്നു ഗുരുവിന്റെ ‘നമ്മുടെ ശിവന്‍’ പ്രയോഗത്തിനര്‍ഥം. ഈ അര്‍ഥത്തെ വ്യക്തമാക്കിക്കൊണ്ടാണ് ‘അരുവിപ്പുറം പരിപാലനയോഗ’ത്തിന്റെ പ്രവര്‍ത്തകര്‍ അവിടത്തെ ചുമരില്‍ ഗുരുവിന്റെ തന്നെ നിര്‍ദേശപ്രകാരം” ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും, സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്” എന്നെഴുതിവച്ചത്. ജാതിഭേദവും മതദ്വേഷവും ഇല്ലാതാക്കുക, സോദരത്വം സ്ഥാപിച്ചുകൊണ്ട് മനുഷ്യമാനവികതയെ ഉജ്ജ്വലമാക്കുക, കേരളീയ സമൂഹത്തെ ഒരു മാതൃകാ സമൂഹമാക്കി പരിവര്‍ത്തിപ്പിക്കുക എന്നിങ്ങനെയുള്ള മഹത്തായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഒരു വിപ്ലവപ്രവര്‍ത്തനമാണ് താന്‍ അരുവിപ്പുറത്ത് നിര്‍വഹിച്ചത് എന്ന് ഗുരു അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കി ഈ ചുവരെഴുത്തിലൂടെ. കേവലം ഒരു അമ്പലമോ കോവിലോ പണിതുയര്‍ത്തി വിളക്കുവച്ചു പൂജിക്കാന്‍ അവര്‍ണര്‍ക്കവസരം സൃഷ്ടിക്കുക എന്നതിനുമപ്പുറം വിശാലമായ ലക്ഷ്യങ്ങള്‍ അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് പിന്നിലുണ്ടായിരുന്നതിന്റെ തെളിവും ആ ചുവരെഴുത്തു തന്നെയാണ്. സ്വന്തം തപ: ശക്തിയുടെ അഷ്ടബന്ധത്തിൽ അന്ന് ഉറപ്പിച്ച ആ ശിലയ്ക്ക് ഇന്നോളവും ഒരിളക്കവും സംഭവിച്ചിട്ടില്ല.

അധഃകൃത ജനവിഭാഗതിന്റെ ഉന്നമനത്തിനു നാന്ദികുറിച്ച മുഖ്യസംഭവങ്ങളിൽ ഒന്നായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠ. പിന്നിങ്ങോട്ട് എല്ലാത്തരം ഉച്ചനീചത്വങ്ങള്‍ക്കുമെതിരായി മാനവികതയുടെ ഒരു ദീപനാളം ജ്വലിപ്പിച്ചെടുക്കാനാണ് ദീപപ്രതിഷ്ഠ നടത്തിയ ഗുരു ഉദ്യമിച്ചത്. കളവങ്കോടത്തെ കണ്ണാടി പ്രതിഷ്ഠ ‘തത്ത്വമസി’ ‘അഹം ബ്രഹ്മാസ്മി’ ‘സര്‍വം ഖലിദം ബ്രഹ്മ’ തുടങ്ങിയ ആര്‍ഷമഹാതത്വങ്ങളുടെ, മനുഷ്യന്‍ ബ്രഹ്മം തന്നെയാണ് എന്ന അനശ്വര വിപ്ലവാശയത്തിന്റെ പ്രതിരൂപമായിരുന്നു.

വില്ലുവണ്ടി സമരം (1893)

അവര്‍ണ്ണര്‍ പൊതുനിരത്തുകളില്‍ ഇറങ്ങരുതെന്ന സവര്‍ണ ശാസനക്കെതിരെയുള്ള കീഴാള ജനതയുടെ ഉണര്‍വായിരുന്നു വില്ലുവണ്ടി സമരം. പൊതു നിരത്തുകള്‍ അവര്‍ണര്‍ക്ക് വിലക്കപ്പെട്ടതിനെതിരെ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നു. സവര്‍ണ്ണ ശാസനകളെ വെല്ലുവിളിച്ചു കൊണ്ട് അയ്യങ്കാളിയുടെ നേതൃത്വത്തില്‍1893ല്‍ വില്ല് വണ്ടി യാത്ര നടന്നു.

അക്കാലത്ത് വില്ലുവണ്ടികള്‍ സവര്‍ണ്ണര്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ. രണ്ട് കൂറ്റന്‍ കാളകളെ പൂട്ടിയ വില്ലുവണ്ടിയില്‍ മുണ്ടും മേൽമുണ്ടും വെള്ള ബനിയനും തലപ്പാവും ധരിച്ച്, വെങ്ങാനൂർനിന്നും കവടിയാർ കൊട്ടാരംവരെ പൊതുനിരത്തിലൂടെ അദ്ദേഹം വില്ലുവണ്ടി ഓടിച്ചു പോയി. സവർണ്ണ ജാതിക്കാർ ഈ യാത്ര തടഞ്ഞു. അയ്യങ്കാളി തന്റെ കയ്യിലുണ്ടായിരുന്ന കത്തി വലിച്ചൂരി സവർണ്ണരെ വെല്ലുവിളിച്ചു. അയ്യങ്കാളിയെ എതിരിടാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. അദ്ദേഹം ആരേയും കൂസാതെ തന്റെ വണ്ടിയിൽ യാത്ര തുടർന്നു. ആക്രമിക്കാൻ തയ്യാറായ സവര്‍ണ്ണ മാടമ്പിത്തതിന്റെ വിരിമാറിലൂടെ അയ്യങ്കാളി ഓടിച്ച വില്ലുവണ്ടി അധ: സ്ഥിത ജനവിഭാഗത്തിന്റെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങള്‍ക്ക് പുത്തനുണര്‍വേകി. സാമൂഹ്യ അനീതികളെ പരസ്യമായി ധിക്കരിച്ച് അവര്‍ണ്ണര്‍ക്ക് സ്വാഭിമാനത്തോടെ ജീവിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കാന്‍ അയ്യങ്കാളി നടത്തിയ ത്യാഗോജ്വലമായ സമരത്തുടക്കമായിരുന്നു വില്ലുവണ്ടി സമരം. അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന വില്ലുവണ്ടി സമരത്തിന്റെ വിജയം തിരുവിതാംകൂറിന്റെ നവോഥാന സമര ചരിത്രത്തിന്റെ തിളക്കമാര്‍ന്ന ഒരേടാണ്.

നെടുമങ്ങാട് ചന്ത ലഹള (1912)

നെടുമങ്ങാട് ചന്തയിൽ താഴ്ന്ന ജാതിയിൽ പെട്ടവർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. അവർക്കു ചന്തക്കു പുറത്തു മാത്രമേ കച്ചവടം നടത്താൻ അനുമതി ഉണ്ടായിരുന്നുള്ളൂ, മാത്രമല്ല ഗുണ്ടകളുടെ അനധികൃത പിരിവും ഉണ്ടായിരുന്നു. ഇതിനെതിരേ അയ്യങ്കാളി നയിച്ച സമരം ആണ് നെടുമങ്ങാട് ചന്ത ലഹള. ഇ സമരത്തിന്റെ വിജയത്തിന് ശേഷം എല്ലാ ആളുകൾക്കും ചന്തക്കുള്ളിൽ തന്നെ കച്ചവടം നടത്താം എന്ന സ്ഥിതി വന്നു.

കായൽ സമരം/ സമ്മേളനം (1913)

കേരളീയ നവോത്ഥാനത്തിന്റെ ചരിത്രത്തിലെ അനന്യമായ സന്ദര്‍ഭങ്ങളിലൊന്നായിരുന്നു ഒരു നൂറ്റാണ്ടുമുമ്പ് കൊച്ചിക്കായലില്‍ അരങ്ങേറിയ കായല്‍ സമ്മേളനം. കൊച്ചിയിലെ ദളിതര്‍ അനുഭവിച്ച പ്രശ്‌നങ്ങളിലൊന്ന് തങ്ങള്‍ക്ക് ഒത്തുചേരാന്‍ കഴിയുന്ന സ്ഥലത്തിന്റെ അഭാവമായിരുന്നു. അങ്ങേയറ്റം ഭാവനാത്മകമായി ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്താന്‍ ദളിത് ജനതയ്ക്കും അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയ പണ്ഡിറ്റ് കെ പി കറുപ്പന്‍ അടക്കമുള്ള കീഴാള നേതാക്കള്‍ക്കും കഴിഞ്ഞു. കൊച്ചിക്കായലില്‍ വള്ളങ്ങള്‍ ചേര്‍ത്തുകെട്ടി ഒരു സമ്മേളനവേദി രൂപീകരിച്ചുകൊണ്ടാണ്, ജാതിവ്യവസ്ഥ ഇടം നല്‍കാതിരുന്ന തങ്ങളുടെ സംഘാടനശ്രമങ്ങളെ കീഴാളര്‍ സാക്ഷാത്കരിച്ചത്. കടലലകള്‍ക്കുമേല്‍, ആടിയുലയുന്ന വഞ്ചികളില്‍ പലകവിരിച്ച് തങ്ങള്‍ക്കും ഒരു ഇരിപ്പിടമുണ്ടാക്കിയ കൊച്ചിയിലെ കീഴാളജനത ജാത്യാധികാരത്തെയും അതിന്റെ സ്ഥല സങ്കല്‍പങ്ങളേയും വെല്ലുവിളിച്ചു. നിശ്ചയമായും ഒരു പുതിയലോകം പണിഞ്ഞെടുക്കുന്ന മഹാവിപ്ലവം തന്നെയായിരുന്നു അത്.1913 ഒക്ടോബര്‍ മാസത്തിലാണ് കൊച്ചിക്കായലിലെ ജലാശയസമ്മേളനം നടന്നത്.

അക്കാലത്തെ പ്രമുഖനായ ദളിത് നേതാവ് കൃഷ്ണാതി കായല്‍ സമ്മേളനത്തില്‍ അധ്യക്ഷതവഹിച്ചു. പില്‍ക്കാലത്ത്, കൊച്ചിയിലെ ദളിത് ജനതയുടെ സമരനായകനായും സംഘാടകനായും ഉയര്‍ന്നുവന്ന കെ പി വള്ളോന്‍, അക്കാലത്ത് പതിമൂന്ന് വയസ്സ് മാത്രം പിന്നിട്ട ബാലനായി ആ സമ്മേനളത്തില്‍ പങ്കെടുത്തു. ദളിതര്‍ക്ക് കൊച്ചി നഗരത്തില്‍ പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെടുന്ന ഒരു നിവേദനം തയ്യാറാക്കി രാജാവിന് സമര്‍പ്പിക്കാന്‍ സമ്മേളനം തീരുമാനിച്ചു. പിന്നാലെ ഉല്‍പതിഷ്ണുവായ ടി കെ കൃഷ്ണമേനോന്റെ കൂടി സഹായത്തോടെ അത്തരം ഒരു നിവേദനം സമര്‍പ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഈ നിവേദനം കൊണ്ടൊന്നും കാര്യമായ ഫലമുണ്ടായില്ല. എറണാകുളത്ത് ഒരു കാര്‍ഷികപ്രദര്‍ശനം ഉദ്ഘാടനംചെയ്യാന്‍ മഹാരാജാവ് വരുന്നതായി മനസ്സിലാക്കിയ സന്ദര്‍ഭത്തില്‍ മറ്റൊരു നിലയില്‍ സമരം ആവര്‍ത്തിച്ചു. കായലില്‍ മറ്റൊരു സമ്മേളനം ചേര്‍ന്ന് കീഴാളര്‍ ചെണ്ടകൊട്ടി രാജാവിന്റെ ശ്രദ്ധ ആകര്‍ഷിച്ചു. ഈ പ്രക്ഷോഭത്തിന്റെയും ആസൂത്രണത്തിന് നേതൃത്വം നല്‍കിയത് പണ്ഡിറ്റ് കറുപ്പനാണ്. ഇക്കാര്യം തിരിച്ചറിഞ്ഞ രാജാവ് പരാതിയുടെ വിശദാംശങ്ങള്‍ പണ്ഡിറ്റ് കറുപ്പനില്‍നിന്ന് എഴുതിവാങ്ങി. തുടര്‍ന്ന് ഒരു പ്രത്യക്ഷസമരം ഒഴിവാക്കാനായി ദളിതര്‍ക്ക് പട്ടണപ്രവേശം അനുവദിച്ചുകൊണ്ട് വിളംബരം പുറപ്പെടുവിക്കാന്‍ രാജാവ് നിര്‍ബന്ധിതനായി. ഇതോടെ ദളിതര്‍ ആരംഭിച്ച പ്രക്ഷോഭത്തിന്റെ ആദ്യഘട്ടം വിജയകരമായി പര്യവസാനിച്ചു (പി ഗോവിന്ദപ്പിള്ള-കേരള നവോത്ഥാനം യുഗസന്തതികള്‍, യുഗശില്‍പിമാര്‍, പുറം 235)

സമരത്തിന് കൈവന്ന ഈ വിജയം ദളിത ജനവിഭാഗങ്ങളുടെ ആത്മബോധത്തെ വലിയതോതില്‍ ശക്തിപ്പെടുത്തി. 1914 ഏപ്രില്‍ മാസത്തില്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് ഹൈസ്‌കൂളില്‍ ചേര്‍ന്ന മഹാസമ്മേളനത്തില്‍വച്ച് കൊച്ചി പുലയമഹാജനസഭ സ്ഥാപിക്കപ്പെട്ടു. പണ്ഡിറ്റ് കറുപ്പനും കൃഷ്ണാതിയുമായിരുന്നു ഈ സ്ഥാപന സമ്മേളനത്തിന്റെയും മുഖ്യ സംഘാടകര്‍. ആയിരത്തി അഞ്ഞൂറിലധികംപേര്‍ ഈ സമ്മേളനത്തില്‍ സംബന്ധിക്കുകയും ചെയ്തിരുന്നു. കേരളത്തിലെ അധഃസ്ഥിത ജനതയുടെ മുന്നേറ്റത്തിന്റെ ചരിത്രത്തിലെ നിര്‍ണായകമായ സന്ദര്‍ഭങ്ങളിലൊന്നായിരുന്നു അത്.

തൊണ്ണൂറാമാണ്ട് ലഹള (1914)

കേരളചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യ തൊഴിൽസമരങ്ങളിലൊന്നാണ് തൊണ്ണൂറാമാണ്ട് ലഹള. ഇന്ത്യയിൽ സംഘടിത തൊഴിൽ സമരങ്ങളോ ട്രേഡ് യൂനിയനുകളോ ഇല്ലാതിരുന്ന കാലത്ത് 1904ൽ കർഷകതൊഴിലാളികളെ സംഘടിപ്പിച്ച് അയ്യൻകാളിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ട തൊഴിൽ സമരമാണിത്. കേരളത്തിലെ കർഷകതൊഴിലാളികളെ സംഘടിപ്പിച്ചാണ് അയ്യൻകാളി സമരം നടത്തിയത്. വേതനവർധന, ദളിത് കുട്ടികൾക്ക് സ്കൂളിൽ പ്രവേശം നൽകുക എന്നിവയായിരുന്നു മുഖ്യ ആവശ്യങ്ങൾ. കുട്ടികളെ പള്ളിക്കൂടത്തിൽ കയറ്റിയില്ലെങ്കിൽ പാടത്ത് ‘മുട്ടപ്പുല്ല്’ മുളപ്പിക്കുമെന്നായിരുന്നു മുദ്രാവാക്യം. വേതനവർധന അംഗീകരിച്ച ജന്മിമാർ ദലിതരുടെ സ്കൂൾപ്രവേശം അംഗീകരിച്ചില്ല. സമരത്തിന്റെ ഫലമായി 1907 ൽ തിരുവിതാംകൂർ സർക്കാർ ദലിതർക്ക് വിദ്യാഭ്യാസ സ്വാതന്ത്ര്യം അനുവദിച്ച് ഉത്തരവിട്ടു. ഇത് സവർണജന്മിമാർ അംഗീകരിച്ചില്ല. ഇതിനെതിരെയുള്ള കലാപത്തിൻെറ ഭാഗമായി പഞ്ചമി എന്ന പുലയ പെൺകുട്ടിയുമായി അയ്യൻകാളി ഊരുട്ടമ്പലം പള്ളിക്കൂടത്തിൽ പ്രവേശിച്ചു. ഇത് വലിയ സംഘർഷത്തിന് വഴിവെച്ചു. ഈ സംഭവങ്ങൾ തൊണ്ണൂറാമാണ്ട് ലഹളകൾ എന്നപേരിലാണ് അറിയപ്പെടുന്നത്1907 ൽ ആണ് തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാൾ ആദ്യമായി സ്ക്കൂൾ പ്രവേശനം നല്കികൊണ്ട് ഉത്തരവിറക്കിയത്. എന്നാൽ സമ്പന്നന്മാരായ ജന്മിമാർ അത് നടപ്പിലാക്കിയില്ല.

അയ്യൻകാളി അധസ്ഥിത ജനവിഭാഗത്തിന്റെ സ്കൂൾ പ്രവേശനത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾ തുടങ്ങിയിരുന്നു. ഇതിന്റെ ഫലമായി തിരുവിതാംകൂർ സർക്കാർ 1910 ൽ വീണ്ടും സ്കൂൾ പ്രവേശന ഉത്തരവിറക്കി. ഈ ഉത്തരവ് നടപ്പിലാക്കാൻ വേണ്ടിയാണു.1907 ൽ സ്ഥാപിച്ച ഊരൂട്ടംബലം സ്കൂളിലേക്ക് പൂജാരി അയ്യരുടെ മകളായ പഞ്ചമിയുമായി അയ്യങ്കാളി എത്തിയത്.

എന്നാൽ കൊച്ചപ്പിപിള്ള എന്ന ജന്മിയുടെ നേതൃത്വത്തിൽ അയ്യൻകാളിയെയും കൂട്ടരെയും വളഞ്ഞിട്ട് ആക്രമിച്ചു .പഞ്ചമി എന്ന ജാതീയ വിവേചനത്തിന്റെ ഇര കയറിയ ഊരൂട്ടംമ്പലം സ്കൂൾ തീയിട്ടു നശിപ്പിക്കുകയും ആ കുറ്റം അയ്യങ്കാളിയുടെ മേൽ കെട്ടി വയ്ക്കുകയും ചെയ്തു .ഊരൂട്ടംമ്പലം സ്കൂളിൽ പ്രവേശനവുമായി ബന്ധപെട്ടു നടന്ന ഈ കലാപം മാറനല്ലൂർ ഗ്രാമത്തിൽ ആകെ പടർന്നു.ഏറ്റവും കൂടുതൽ കർഷക തൊഴിലാളികൾ പാർത്തിരുന്ന കണ്ടല,മുണ്ടെൻ ചിറ ,ഇറയംകോട്,ആനമല ,കൊശവല്ലൂർ ,കരിങ്ങൽ ,അരുവിക്കര തുടങ്ങിയ പ്രദേശങ്ങളിൽ ലഹള പടർന്നു .7 ദിവസം നീണ്ടു നിന്ന അക്രമങ്ങൾ ആയിരുന്നു ഈ പ്രദേശങ്ങളിൽ പുലയ സമുദായാംഗങ്ങൾക്കു നേരെയുണ്ടായത് .കുടിലുകൾ തീയിട്ടു നശിപ്പിക്കുകയും സ്ത്രീകളെ മാനഭംഗപെടുത്തുകയും ചെയ്തു .ജീവൻ രക്ഷിക്കാനായി ആണുങ്ങൾ കുറ്റിക്കാടുകളിലും പാറമടകളിലും ഒളിക്കേണ്ടി വന്നു. ഈ ലഹളയുടെ അലയൊലികൾ പെരുംപഴുതൂർ, മാരയമുട്ടം, പള്ളിച്ചൽ, മുടവൂർ പാറ, കണിയാപുരം തുടങ്ങിയ സ്ഥലങ്ങളിലും ഉണ്ടായി.

ഊരൂട്ടംമ്പലം സ്കൂളിൽ ഉണ്ടായ ലഹളക്ക് ശേഷം അയ്യങ്കാളി വെങ്ങാനൂർ ചാവടി സ്കൂളിലും പുലയ സമുദായാംഗങ്ങളുമായി പ്രവേശനത്തിന് ചെന്നു. അവിടെയും സവർണ്ണ ജന്മിമാർ ആക്രമണം അഴിച്ചു വിട്ടു. അതോടെ അയ്യങ്കാളി സ്കൂൾ പ്രവേശനത്തിനായി പുതിയൊരു സമരത്തിന് രൂപം നല്കി. അയിത്ത ജാതിക്കാരുടെ സ്കൂൾ പ്രവേശനം, അവർക്ക് തൊഴിൽ സ്ഥിരത, കൂലി കൂടുതൽ തുടങ്ങിയ ചില ആവശ്യങ്ങൽ കൂടി ഉന്നയിച്ചു കൊണ്ട് തിരുവിതാംകൂറിൽ ആദ്യമായി ഒരു കർഷകതൊഴിലാളി പണിമുടക്കിന് അയ്യൻകാളി ആഹ്വാനം ചെയ്തു.

1913 ജൂണ് മാസത്തിൽ അയ്യങ്കാളിയുടെ ആഹ്വാനപ്രകാരം കർഷക തൊഴിലാളികൾ പണിമുടക്കി. ഈ പണിമുടക്ക് ഏറ്റവും ശക്തമായത് കണ്ടലയിലും പരിസരങ്ങളിലും ആയിരുന്നു. കർഷക തൊഴിലാളികൾ പാടത്ത് ഇറങാതയത്തോടെ ജന്മിമാരുടെ പാടങ്ങളിൽ മുട്ടി പുല്ലു കിളിർത്തു തുടങ്ങി. ഈ പണിമുടക്ക് പൊളിക്കാൻ ജന്മിമാർ പലതും ചെയ്തു. അയ്യങ്കാളിയെ ജീവനോടെ പിടിച്ചു കൊടുത്താൽ 2000 രൂപയും 2 കഷ്ണമാക്കി കൊടുത്താൽ 1000 രൂപയുംഇനാം പ്രഖ്യപിച്ചു. സമരം ശക്തമായതോടെ എങ്ങനെയും സമരം തീരക്കണമെന്നചിന്ത ജന്മിമാർക്കും സർക്കാരിനുംഉണ്ടായി .ഇതിന്റെ ഫലമായി അന്നത്തെ ദിവാൻ രാജഗോപാലാചാരി സമരം ഒത്തു തീർപ്പാക്കാനായി ഒരു മധ്യസ്ഥനെ വച്ചു.ഫസ്റ്റു ക്ലാസ് മജിസ്ട്രേട്ട് ആയ കണ്ടല സി .കെ നാഗർപിള്ള ആയിരുന്നു മധ്യസ്ഥൻ .ഇദ്ദേഹം ഇരു കൂട്ടരുമായി സംസാരിച്ചു സമരക്കാരുടെ ആവശ്യങ്ങൾ ന്യായമാണെന്ന് തീർപ്പാക്കി .ഇതിനോട് ജന്മിമാരും സഹകരിച്ചു .ജോലി സ്ഥിരത ,കൂലി കൂടുതൽ തുടങ്ങിയ ആവശ്യങ്ങളും അംഗീകരിച്ചു .1914 ൽ വീണ്ടും സ്കൂൾ പ്രവേശന ഉത്തരവ് ഇറക്കുകയും ചെയ്തു .അങ്ങനെ 1913 ജൂണിൽ തുടങ്ങിയ ആദ്യത്തെ കർഷകതൊഴിലാളി സമരം 1914 മെയിൽ അവസാനിച്ചു.

കല്ലുമാല ബഹിഷ്‌കരണം (1915)

1915 ഒക്ടോബർ 24ന് ജാതിക്കോമരങ്ങളുടെ മർദനത്തെ ഭയപ്പെടാതെ തങ്ങളും മനുഷ്യരാണെന്ന് വിളിച്ചുപറഞ്ഞ് അയിത്താചാരങ്ങൾക്കെതിരെ നാലായിരത്തോളം അധസ്ഥിത വിഭാഗക്കാരാണ് പെരിനാട്ടെ കുഴിയത്ത് യോഗംചേർന്നത്. പ്രതിഷേധത്തിനുനേരേ സവർണർ നടത്തിയ അതിക്രമവും പ്രതിഷേധക്കാരുടെ ചെറുത്തുനിൽപ്പുമാണ് പെരിനാട് സമരമായി പരിണമിച്ചത്. കുഴിയം മാമ്പുഴ ബംഗ്ലാവിൽ ഗോവിന്ദപ്പിള്ളയുടെ

പുരയിടത്തിൽ പുലയ നേതാവ് ഗോപാലദാസിന്റെ അധ്യക്ഷതയിലാണ് പ്രതിഷേധ യോഗംചേർന്നത്. യോഗംനടക്കുന്നതിനിടെ സവർണ മേധാവികളായ കണ്ണൻപിള്ള, കുരിമാതു എന്നിവർ കത്തികാട്ടി ആളുകളെ ഭീഷണിപ്പെടുത്തി യോഗം തടസ്സപ്പെടുത്തുകയും ഗോപാലദാസിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഇതിന്റെ പ്രതികാരമായി പുലയർ സംഘടിച്ചെത്തി കുരിമാതുവിന്റെ വീടിനു തീവയ‌്ക്കുകയും കണ്ണൻ പിള്ളയുടെ വീട് തകർക്കുകയും ചെയ്തു. സവർണ മേധാവിത്തത്തിന്റെ ചെയ്തികൾക്കെതിരെ സംഘടിക്കുന്നതിനും പ്രതിഷേധിക്കുന്നതിനും പ്രതികരിക്കുന്നതിനും പിന്നോക്ക വിഭാഗങ്ങളെ ശക്തിപ്പെടുത്തിയ സംഭവമായി ഇതുമാറി. എന്നാൽ സവർണർ അടങ്ങിയിരുന്നില്ല പ്രതിഷേധത്തിൽ പങ്കെടുത്ത പുലയരുടെ കുടിലുകൾ തെരഞ്ഞുപിടിച്ച‌് അഗ്നിക്കിരയാക്കി. ഇത്തരത്തിൽ നിരവധി വീടുകളാണ് കത്തിച്ചത്.

പ്രതികാര നടപടികൾ അവസാനമില്ലാതെ തുടർന്നപ്പോൾ അയ്യങ്കാളി പെരിനാട്ടെത്തി. അക്കാലത്തെ സ്വാതന്ത്ര്യ സമരസേനാനി ചങ്ങനാശ്ശേരി പരമേശ്വരൻപിള്ളയും പെരിനാട്ടെത്തി സവർണരുമായി ചർച്ച നടത്തി. ചരിത്രത്തിൽ ആദ്യമായാണ് സവർണരും അവർണരും ഒരുമിച്ചിരുന്ന‌് അനുരഞ്ജന ചർച്ച നടത്തിയത്. ഇതോടെ അശാന്തി തെല്ലൊന്നടങ്ങിയെങ്കിലും ജാതി വിവേചനം തുടർന്നുകൊണ്ടിരുന്നു.

പെരിനാട് സമരത്തിൽനിന്ന് ആവേശം ഉൾക്കൊണ്ട‌് രണ്ടുമാസം പിന്നിട്ടപ്പോൾ അയ്യങ്കാളിയുടെ നേതൃത്വത്തിൽ അയ്യായിരത്തിലധികം പുലയരാണ് പീരങ്കി മൈതാനത്ത‌് ഒത്തുകൂടിയത്. അന്നത്തെ മഹായോഗത്തിൽ പുലയ സ്ത്രീകൾ കല്ലുമാല ബഹിഷ്കരണം നടത്തി. തങ്ങൾക്കു വിധിക്കപ്പെട്ടിരുന്ന കല്ലുമാലകൾ അവർ കഴുത്തിൽനിന്ന‌് പൊട്ടിച്ചെറിഞ്ഞു.

ക്ഷേത്ര പ്രവേശന വിളംബരം (1936)

തിരുവതാംകൂറിലെ അവർണ്ണ, ദളിത്, ആദിവാസി ജനവിഭാഗങ്ങൾക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചുകൊണ്ടു ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവു പുറപ്പെടുവിച്ച വിളംബരമാണ് ക്ഷേത്രപ്രവേശന വിളംബരം എന്നറിയപ്പെടുന്നത്. തിരുവതാംകൂറിലും പിന്നീടു കേരളമൊട്ടാകെയും സാമൂഹികപുരോഗതിക്കു വഴിമരുന്നിട്ട അതിപ്രധാനമായൊരു നാഴികക്കല്ലായി 1936 നവംബർ 12നു പുറത്തിറങ്ങിയ ഈ വിളംബരം വിശേഷിക്കപ്പെടുന്നു.

ക്ഷേത്രപ്രവേശന വിളംബരത്തിനു വഴിതെളിച്ച ഒരു സംഭവമായിരുന്നു 1924ലെ വൈക്കം സത്യാഗ്രഹം. വൈക്കം ക്ഷേത്രത്തിലേക്കുള്ള പൊതുവഴിയിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടമായിരുന്നു വൈക്കം സത്യാഗ്രഹം . 1924 മാര്‍ച്ച് 30 ന് ആരംഭിച്ച സമരം 603 ദിനരാത്രങ്ങളാണ് നീണ്ടു നിന്നത്. അയിത്തം, തീണ്ടല്‍ തുടങ്ങിയ സാമൂഹിക ഉച്ചനീചത്വങ്ങള്‍ ഉന്മൂലനം ചെയ്യുന്നതിനും സവര്‍ണ ക്ഷേത്രങ്ങള്‍ക്ക് സമീപത്തു കൂടെ സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചു കിട്ടുന്നതിനുമായി അസ്പൃശ്യതാ നിര്‍മാര്‍ജന സമിതിയ്ക്ക് രൂപം കൊടുത്തതോടെ സമര കാഹളം ഉയരുകയായിരുന്നു. സത്യഗ്രഹ സമരത്തിന് മഹാത്മാ ഗാന്ധിയുടെ പിന്തുണയും ഇവര്‍ തേടിയിരുന്നു.

യാത്രാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട വീഥികളിലൂടെ 1924 മാര്‍ച്ച് 30ന് ജാഥ നടത്താന്‍ സമിതി തീരുമാനിച്ചെങ്കിലും സവര്‍ണ വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അന്നത്തെ ഭരണകൂടം നിരോധനാജ്ഞ ഏര്‍പ്പെടുത്തി. എന്നാല്‍ അടിച്ചമര്‍ത്തപ്പെട്ടവന്റെ സിരകളില്‍ നിന്നും പ്രവഹിച്ച സമര ജ്വാല കെടുത്തുവാന്‍ ഇതുകൊണ്ടൊന്നും കഴിഞ്ഞില്ല. വിഭിന്ന ജാതിക്കാരായ മൂന്ന് പേരടങ്ങുന്ന സംഘം വിലക്കുകള്‍ ലംഘിച്ച് ക്ഷേത്രവീഥിയിലെത്തി.

ടി.കെ മാധവന്‍, മന്നത്ത് പത്മനാഭന്‍, കെ.പി കേശവമേനോന്‍ തുടങ്ങിയ നേതൃനിര സത്യഗ്രഹ സമരത്തിന് ഊര്‍ജ്ജം പകര്‍ന്നു. സമരക്കാരെ അറസ്റ്റ് ചെയ്യുന്നത് അവസാനിപ്പിച്ച് റോഡില്‍ ബാരിക്കേഡ് ഉയര്‍ത്തിയതോടെ സത്യഗ്രഹം നിരാഹാരത്തിന് വഴിമാറി. കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തില്‍ നിര്‍ണായ നാഴികക്കല്ലായ വൈക്കം സത്യഗ്രഹത്തിന് ശ്രീനാരായണ ഗുരുവില്‍ നിന്ന് ലഭിച്ച ഉറച്ച പിന്തുണ ഊര്‍ജ്ജമായി മാറി. ഗുരുവിന്റെ വൈക്കത്തുള്ള ആശ്രമം സത്യഗ്രഹികള്‍ക്കായി വിട്ടുനല്‍കുകയും ശിവഗിരിയില്‍ ഒരു സത്യഗ്രഹ നിധി ആരംഭിക്കുകയും ചെയ്തു. 1924 സെപ്തംബര്‍ 27 ന് ഗുരു സത്യഗ്രഹ വേദി സന്ദര്‍ശിക്കുകയുണ്ടായി. 1925 മാര്‍ച്ച് 10 ന് മകന്‍ രാംദാസിനും അനുയായികള്‍ക്കുമൊപ്പം ഗാന്ധിജി വൈക്കത്തെ സത്യഗ്രഹ വേദി സന്ദര്‍ശനത്തിനെത്തി എന്നതും ശ്രദ്ധേയമാണ്.

ദേശീയ തലത്തില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ സത്യഗ്രഹത്തില്‍ ഒട്ടേറെ പ്രമുഖരെത്തി. സത്യഗ്രഹികള്‍ക്കായി സൗജന്യ ഭോജനാലയം തുടങ്ങുന്നതിനായി പഞ്ചാബില്‍ നിന്നും ഒരു അകാലി സംഘം എത്തി. എന്നാല്‍ സമരത്തിന് കേരളത്തിന് പുറത്തുനിന്നുള്ളവരുടേയും ഹൈന്ദവരല്ലാത്തവരുടേയും സഹായം സ്വീകരിക്കുന്നത് ഉചിതമല്ലെന്ന നിലപാട് ഗാന്ധിജി സ്വീകരിച്ചു. വൈക്കം സത്യഗ്രഹത്തിന് പിന്തുണയര്‍പ്പിച്ച് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ 500 പേരടങ്ങുന്ന സവര്‍ണ പദയാത്ര 1924 നവംബര്‍ ഒന്നിന് വൈക്കത്തു നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന പൊതുസമ്മേളനത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.

ജാതിമത ഭേദമന്യേ എല്ലാവരുടേയും സഞ്ചാര സ്വാതന്ത്ര്യത്തിനായി 25000 സവര്‍ണര്‍ ഒപ്പിട്ട മെമ്മോറാണ്ടം മഹാറാണി സേതുലക്ഷ്മി ഭായിയെ കണ്ട് സമര്‍പ്പിച്ചെങ്കിലും നിയമ നിര്‍മാണ സഭയാണ് ഇതിന് തീരുമാനമെടുക്കേണ്ടതെന്ന നിലപാടാണ് റാണി സ്വീകരിച്ചത്. സഞ്ചാര സ്വാതന്ത്ര്യമടക്കം പൊതുസമൂഹത്തിലെ സ്വച്ഛന്ദ ജീവിതത്തിന് എല്ലാ ജനവിഭാഗങ്ങള്‍ക്കും അവകാശം ലഭിക്കുന്നതിലേക്ക് വൈക്കം സത്യഗ്രഹം ഉയര്‍ത്തിയ ചിന്താധാര ഭരണകൂടത്തെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചു.

മെമ്മോറാണ്ടം വലിയ പ്രതീക്ഷകളോടെയാണ് സമർപ്പിക്കപ്പെട്ടതെങ്കിലും, അതിനു കിട്ടിയ പ്രതികരണം അനുകൂലമായിരുന്നില്ല. കാര്യം തീരുമാനിക്കേണ്ടത് നിയമനിർമ്മാണസഭയാണെന്ന നിലപാടാണ് റാണി സ്വീകരിച്ചത്. പ്രമേയത്തിന്റെ പരാജയം സത്യാഗ്രഹികളുടെ ആത്മവീര്യം തളർത്തുകയും യാഥാസ്ഥിതികരുടെ അക്രമനടപടികൾക്ക് ആക്കം കൂട്ടുകയും ചെയ്തു. സത്യാഗ്രഹികളോട് നിശ്ചയദാർഢ്യം നിലനിർത്താനും ക്ഷമാപൂർവമായ സമാധാനം പുലർത്താനും ഗാന്ധി ആവശ്യപ്പെട്ടു. യാഥാസ്ഥിതികരുടെ നേതാവായ ഇണ്ടൻ തുരുത്തിൽ നമ്പൂതിരിയാകട്ടെ സത്യാഗ്രഹികളെ മർദ്ദിക്കാൻ ആളെ വാടകക്കെടുത്ത് അയക്കുകയാണ് ചെയ്തത്. സത്യഗ്രഹികളെ കഴുത്തറ്റം വെള്ളത്തിൽ തള്ളിയിടുകയും അവരുടെ കണ്ണിൽ ചുണ്ണാമ്പ് കലർത്തിയ ലായിനി തളിക്കുകയും ഒക്കെ ചെയ്തപ്പോഴും, ഇടപെടരുതെന്ന് രഹസ്യ നിർദ്ദേശം ലഭിച്ചിരുന്നതിനാൽ പോലീസ് നോക്കി നിൽക്കുകയേ ചെയ്തുള്ളു എന്ന് ആരോപിക്കപ്പെട്ടു.അക്രമവാഴ്ചക്ക് അറുതിവരുത്താൻ ആവശ്യപ്പെട്ട്, ഗാന്ധി തിരുവിതാംകൂറിലെ പോലീസ് കമ്മീഷണറായിരുന്ന ഡബ്ലിയൂ.എച്ച്. പിറ്റിന് എഴുതി. ഒരു യൂറോപ്യനായിരുന്നെന്നത്‍ തിരുവിതാംകൂർ സർക്കാരും സത്യാഗ്രഹികളും ആയി ഒത്തുതീർപ്പ് സാദ്ധ്യമാക്കാൻ പിറ്റിന് സഹായകമായി. ബാരിക്കേഡുകളും നിരോധനാജ്ഞയും പിൻ‌വലിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കാമെന്ന് പിറ്റ് ഏറ്റു. തൽക്കാലം നിരോധനഫലകം കടന്നു പോകരുതെന്ന് ഗാന്ധി സത്യാഗ്രഹികൾക്ക് നിർദ്ദേശം നൽകണം എന്ന വ്യവസ്ഥയിലായിരുന്നു അത്. ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പാകും വരെ പോലീസ് സ്ഥലത്തുണ്ടാകും എന്നും തീരുമാനമായി. എഴുത്തുകൾ കൈമാറിയാണ് ഈ ഒത്തുതീർപ്പിൽ എത്തിച്ചേർന്നത്.

1924 ഫെബ്രുവരിയിൽ പുറപ്പെടുവിച്ച നിരോധന ഉത്തരവുകൾ പിൻ‌വലിക്കാമെന്ന് സർക്കാരും സത്യാഗ്രഹം പിൻ‌വലിക്കാമെന്ന് ഗാന്ധിയും സമ്മതിച്ചു. ക്ഷേത്രത്തിന്റെ വടക്കും തെക്കും പടിഞ്ഞാറും വശങ്ങളിലുള്ള വഴി എല്ലാവർക്കുമായി തുറന്നുകൊടുക്കാൻ സർക്കാർ സമ്മതിച്ചെങ്കിലും, കിഴക്കുവശത്തെ വഴിയും അതിലേക്കു ചെന്നുചേരുന്ന വേറേ രണ്ട് വഴികളും സവർണ്ണർക്ക് മാത്രമുള്ളവയായി തുടർന്നു.

തിരുവതാംകൂറിലെ ജനങ്ങൾക്കിടയിൽ ക്ഷേത്രപ്രവേശനത്തിനനുകൂലമായ മനോഭാവം സൃഷ്ടിക്കുന്നതിൽ വൈക്കം സത്യാഗ്രഹം വഹിച്ച പങ്കു നിസാരമല്ല.

1931-32 – ൽ തൊട്ടുകൂടായ്മ തീണ്ടൽ തുടങ്ങിയ അയിത്താചാരങ്ങൾക്കു എതിരായി നടത്തിയ സമരമാണു ഗുരുവായൂർ സത്യാഗ്രഹം. കേരള നവോത്ഥാന ചരിത്രത്തിലെ ഒരു നാഴികകല്ലാണു ഈ സമരം. വടകരയിൽ വച്ചു നടന്ന കെ.പി.സി.സി യോഗം ഹൈന്ദവക്ഷേത്രങ്ങളിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നൽകണം എന്ന പ്രമേയം പാസ്സാക്കിയിരുന്നു. ഈ പ്രമേയത്തിൻ പ്രകാരമാണ് ഗുരുവായൂർ സത്യാഗ്രഹം നടത്താൻ പദ്ധതി തയ്യാറാക്കിയത്. അന്നത്തെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിശ്ചയിച്ചു നടത്തിയ ഈ സമരത്തിനു് കെ. കേളപ്പൻ, AKG, പി. കൃഷ്ണപിള്ള, സുബ്രഹ്മണ്യൻ തിരുമുമ്പ് എന്നിവരാണ് നേതൃത്വം നൽകിയതു്.

AKG-യെയാണ് സത്യഗ്രഹ വോളന്റിയർമാരുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. AKG-യുടെയും സുബ്രഹ്മണ്യൻ തിരുമുമ്പിന്റെയും നേതൃത്വത്തിലുള്ള ഒരു സംഘം വോളന്റിയർമാർ ഒക്ടോബർ 21ന് കാൽനടയായി കണ്ണൂരിൽ നിന്ന് ഗുരുവായൂരേക്ക് പുറപ്പെട്ടു. വഴിനീളെ ആവേശഭരിതരായ ജനക്കൂട്ടം സംഘത്തിന് വരവേൽപ്പ് നൽകി.

ഈ ജാഥ ഒക്ടോബർ 31 ന് ഗുരുവായൂർ ക്ഷേത്ര നടക്കലെത്തുകയും, നവംബർ ഒന്നിന് നിരാഹാരസമരം ആരംഭിക്കുകയും ചെയ്തു. കെ. കേളപ്പൻ പന്ത്രണ്ടു് ദിവസത്തെ നിരാഹാരം കിടന്നു. എന്നും പുലർച്ചെ മൂന്നുമണിക്ക് നടതുറക്കുമ്പോൾ സത്യഗ്രഹം തുടങ്ങും. പല നേതാക്കളും ഗുരുവായൂർ സമരസ്ഥലം സന്ദർശിച്ചു പിന്തുണ പ്രഖ്യാപിച്ചു. എൻ.എസ്.എസ്., എസ്.എൻ.ഡി.പി, ഉണ്ണിനമ്പൂതിരി സഭ തുടങ്ങിയ സാമൂദായിക സംഘടനകൾ സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ ദിവസങ്ങൾ കഴിയുന്തോറും സമരത്തിന്റെ ആവേശം കുറഞ്ഞു വന്നു. സത്യഗ്രഹ സമരം പരാജയത്തിലേക്കു നീങ്ങാൻ തുടങ്ങി. നവംബർ ഏഴിന് സുബ്രഹ്മണ്യൻ തിരുമുമ്പ് അറസ്റ്റിലായി. ജനുവരി നാലിന് AKG-യെയും അറസ്റ്റ് ചെയ്തു.

സത്യാഗ്രഹത്തിനിടെ ആറ് മാസത്തെ ശിക്ഷ കഴിഞ്ഞ് കണ്ണൂർ ജയിലിൽ നിന്നും സമരമുഖത്ത് തിരിച്ചെത്തിയ AKG വീണ്ടും സത്യഗ്രഹ ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്തു. സമരം ഇഴഞ്ഞു നീങ്ങുന്നു എന്നു തോന്നിയ ഈ അവസരത്തിലാണ് പി. കൃഷ്ണപിള്ള ക്ഷേത്ര ശ്രീകോവിലിന് മുന്നിലെ മണി മുഴക്കിയത്. മണി മുഴക്കി തൊഴുകുവാനുള്ള അവകാശം ബ്രാഹ്മണർക്കുമാത്രമാണ് ഉണ്ടായിരുന്നത്. ക്ഷേത്രം കാവൽക്കാർ കൃഷ്ണപിള്ളയെ അതിക്രൂരമായി തല്ലിച്ചതച്ചു. പിറ്റേ ദിവസവും മണിയടിക്കുന്നത് കൃഷ്ണപിള്ള ആവർത്തിച്ചു,മർദ്ദനം വീണ്ടും പഴയതിലും ശക്തിയിൽ തുടർന്നു. കൃഷ്ണപിള്ള അക്ഷ്യോഭ്യനായിനിന്ന് ഈ മർദ്ദനമെല്ലാം ഏറ്റുവാങ്ങി. ഈയവസരത്തിൽ തെല്ലും കൂശാതെ “ഉശിരുള്ള നായർ മണിയടിക്കും, എച്ചിൽപെറുക്കി നായൻമാർ അവരുടെ പുറത്തടിക്കും” എന്ന് കാവൽക്കാരെ കൃഷ്ണപിള്ള പരിഹസിച്ചു. കൃഷ്ണപിള്ളയേയും, പത്മനാഭൻ നമ്പ്യാരേയും ക്ഷേത്രം ജീവനക്കാർ ബലമായി പിടിച്ചു പുറത്താക്കി. കൃഷ്ണപിള്ള അവിടെ പിക്കറ്റിംഗ് ആരംഭിക്കുകയും, ക്ഷേത്രത്തിൽ വരുന്നവരോട് ഈ അനീതി അവസാനിക്കുന്നതുവരെയെങ്കിലും ക്ഷേത്രത്തിലേക്കു വരരുതേയെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഈ വിവരം രാജാവിനെ അറിയിച്ചിട്ടുണ്ടെന്നും, അദ്ദേഹത്തിന്റെ മറുപടിക്കായി ഒരാഴ്ച കാത്തിരിക്കണമെന്നും ക്ഷേത്രം ഭാരവാഹി കൃഷ്ണപിള്ളയോടാവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹം സമരം അവസാനിപ്പിച്ചു.

ക്ഷേത്രഭാരവാഹികൾ സമരാനുകൂലികൾക്കെതിരേ നിരന്തരമായ ഉപദ്രവം സൃഷ്ടിച്ചുകൊണ്ടിരുന്നു. ഡിസംബർ 28 ന് നേതാവ് എ.കെ.ഗോപാലന് ക്രൂരമായ മർദ്ദനമേറ്റു. പിറ്റേ ദിവസം പൊതുജനങ്ങൾ സമരമുഖം സംഘർഷമാക്കി. സത്യഗ്രഹികളെ തടയാനായി ക്ഷേത്രത്തിനു ചുറ്റും കെട്ടിയിരുന്ന മുള്ളുവേലി പൊതുജനങ്ങൾ കൂട്ടമായി ചെന്നു പൊളിച്ചു കളഞ്ഞു. ഗോപുരം വരെ ആർക്കും ചെല്ലാമെന്ന നിലവന്നപ്പോൾ അധികൃതർ ക്ഷേത്രം അനിശ്ചിത കാലത്തേക്ക് അടച്ചിടുകയാണുണ്ടായത്. ജനുവരി 28 ന് ക്ഷേത്രം വീണ്ടും തുറന്നപ്പോൾ സത്യഗ്രഹം പുനരാരംഭിക്കുകയും ചെയ്തു. ഏറ്റെടുത്ത ലക്ഷ്യം പൂർത്തീകരിക്കുവാനായി തന്റെ ജീവൻ വരെ ബലികഴിക്കുവാൻ കേളപ്പൻ തയ്യാറായി. അദ്ദേഹം ക്ഷേത്രം എല്ലാവർക്കുമായി തുറക്കും വരെ ഉപവാസം അനുഷ്ഠിക്കുവാൻ തുടങ്ങി. കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നും ഗുരുവായൂർ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരജാഥകൾ ഗുരുവായൂരിലേക്കു പുറപ്പെടാൻ തുടങ്ങി. സവർണ്ണ ഹിന്ദുക്കളും ഈ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രംഗത്തെത്തി. കേളപ്പന്റെ ജീവൻ രക്ഷിക്കാനായി ഒപ്പു ശേഖരണവും അപേക്ഷകളും കേരളമൊട്ടാകെ നടന്നു. സമരം ക്ഷേത്രത്തിനകത്തേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചു. നേതാക്കൾ പ്രശ്നപരിഹാരത്തിനായി ഗാന്ധിജിക്കു സന്ദേശമയച്ചു. അവസാനം സമരം താൽക്കാലികമായി അവസാനിപ്പിക്കാനും, ഇതിന്റെ ഭാവി ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും കാണിച്ച് ഗാന്ധിജി കേളപ്പന് സന്ദേശമയക്കുകയും, അതനുസരിച്ച് പൂർണ്ണ താൽപര്യത്തോടെയല്ലെങ്കിലും കേളപ്പൻ സമരമവസാനിപ്പിക്കുകയും ചെയ്തു. പിന്നീട് പൊന്നാനി താലൂക്കിൽ ക്ഷേത്രം അവർണർക്ക് തുറന്നുകൊടുക്കേണ്ട കാര്യത്തിൽ ഹിന്ദുക്കൾക്കിടയിൽ വോട്ടെടുപ്പ് നടത്തുകയുണ്ടായി.15568 പേർ ക്ഷേത്രപ്രവേശനത്തിനനുകൂലമായും, 2779 പേർ പ്രതികൂലമായും വോട്ടു രേഖപ്പെടുത്തി. 2106 പേർ നിഷ്പക്ഷത പാലിച്ചപ്പോൾ, 7302 പേർ ഈ വോട്ടെടുപ്പിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. 77 ശതമാനത്തോളം ആളുകൾ ക്ഷേത്രപ്രവേശനത്തിനെ അനുകൂലിക്കുകയുണ്ടായി. ഇത് ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വിജയമായി കണക്കാക്കപ്പെടുന്നു. ഗുരുവായൂർ സത്യാഗ്രഹം ഫലമായി ഗുരുവായൂർ ക്ഷേത്രം ഉടനടി അവർണർക്ക് തുറന്നുകൊടുത്തില്ലെങ്കിലും, ക്ഷേത്രപ്രവേശനം നിഷേധിക്കുന്നതിനെതിരായ പൊതുബോധം സജീവമാക്കാൻ ഈ സത്യാഗ്രഹത്തിനു് സാധിച്ചു.

1932-ൽ ക്ഷേത്രപ്രവേശനത്തെപ്പറ്റി പഠിക്കാൻ ഉള്ളൂർ എസ്. പരമേശ്വരയ്യർ, മഹാദേവ അയ്യർ, നമ്പി നീലകണ്ഠ ശർമ്മ തുടങ്ങിയവരെ ഉൾപ്പെടുത്തി ഒരു കമ്മറ്റി ഉണ്ടാക്കുകയുണ്ടായി. ജാതിഹിന്ദുക്കൾക്ക് ക്ഷേത്രപ്രവേശനം നൽകേണ്ടതില്ല എന്നായിരുന്നു ആ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. സമിതി രണ്ടുവർഷത്തിനുശേഷം സമർപ്പിച്ച റിപ്പോർട്ടിൽ പക്ഷേ ക്ഷേത്രപ്രവേശനത്തിനനുകൂലമായ പരാമർശങ്ങൾ ഉണ്ടായിരുന്നില്ല. തീണ്ടൽ അവസാനിപ്പിക്കാനുള്ള ചില നടപടികൾ സമിതി ശുപാർശചെയ്തു. സർക്കാർ ഖജനാവിൽ നിന്നു പണം ചെലവഴിച്ചു നിർമ്മിച്ച റോഡുകളും പൊതുകുളങ്ങളും എല്ലാവിഭാഗം ജനങ്ങൾക്കുമായി തുറന്നുകൊടുക്കണമെന്നായിരുന്നു സമിതിയുടെ ശുപാർശ. ഇതു 1936 മേയ് മാസത്തിൽ നടപ്പിലാക്കി.

1936 നവംബര്‍ 12 നാണ് ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായത്. ശ്രീചിത്തിര തിരുനാൾ തിരുവിതാംകൂർ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കാനുണ്ടായ സാഹചര്യവും ഈ സത്യാഗ്രഹം സൃഷ്ടിച്ചു. തിരുവിതാംകൂറിലും പിന്നീടു കേരളമൊട്ടാകെയും സാമൂഹികപുരോഗതിക്കു വഴിമരുന്നിട്ട അതിപ്രധാനമായൊരു നാഴികകല്ലായി ഈ വിളംബരം വിശേഷിക്കപ്പെടുന്നു. ക്ഷേത്ര പ്രവേശനവിളംബരം എഴുതി തയ്യാറാക്കിയത് *ഉള്ളൂർ എസ്. പരമേശ്വരയ്യർ* ആണ്.

പാലിയം സമരം (1947)

1947 ൽ കൊച്ചിയിലെ നാടുവാഴി പാലിയത്തച്ചന്റെ വീടിനടുത്തുള്ള പാലിയം ക്ഷേത്രപരിസരത്ത് റോഡിൽ കൂടി അവർണ്ണർക്കും അഹിന്ദുക്കൾക്കും സഞ്ചരിക്കുന്നതിനുള്ള സ്വാന്ത്ര്യത്തിനു വേണ്ടി 97 ദിവസം നീണ്ടുനിന്ന സമരം. എ.കെ.ജി. ആര്യാ പള്ളം, എൻ. ശിവൻ പിള്ള എന്നിവർ നേതൃത്വം നൽകിയ സമരത്തിൽ, കൊടുങ്ങല്ലൂർ കോവിലകത്തെ തമ്പുരാട്ടിമാർ, നമ്പൂതിരി കുടുംബങ്ങളിലെ അവിവാഹിതരായ സ്ത്രീകളും സമരത്തിൽ അണിനിരന്നു. കമ്യൂണിസ്റ്റു നേതാവും തുറമുഖത്തൊഴിലാളിയുമായിരുന്ന എ ജി വേലായുധൻ പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ടു. കേരളത്തിന്റെ നാനാഭാഗത്തു നിന്നും വന്നെത്തിയ സന്നദ്ധസമരഭടന്മാർ ധീരമായി അറസ്റ്റു വരിച്ചു. ഏപ്രിലിൽ ക്ഷേത്രപ്രവേശനം അനുവദിച്ചതിനെതുടർന്ന് പാലിയം റോഡിലൂടെ സഞ്ചരിക്കാൻ എല്ലാത്തരത്തിലുള്ള ആളുകൾക്കും അനുവാദം ലഭിച്ചു.

ചരിത്രം വിസ്മരിച്ചു പോകരുതാത്ത നവോത്ഥാന നായകർ

വൈകുണ്ഠസ്വാമി

ദളിതരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന കേരളത്തിലെ ആദ്യകാല സാമൂഹിക പരിഷ്കർത്താവായിരുന്നു വൈകുണ്ഠ സ്വാമി. (ജനനം – 1809, മരണം – 1851). “വൈകുണ്ഠ സ്വാമി മുന്നേറ്റം“ എന്ന പേരിൽ ദളിതരുടെ ഉന്നമനത്തിനായുള്ള നീക്കങ്ങൾ തെക്കൻ തിരുവിതാംകൂറിൽ ശക്തമായിരുന്നു.

നാഗർകോവിലിലുള്ള സ്വാമിത്തോപ്പിൽ ആദ്യത്തെ കണ്ണാടി പ്രതിഷ്ഠ നടത്തിയത് വൈകുണ്ഠസ്വാമി. മനുഷ്യരായിപോലും പരിഗണിക്കാതിരുന്നവരിൽ വ്യക്തിത്വമുണർത്താൻ അദ്ദേഹം ക്ഷേത്രത്തിൽ പ്രവേശിക്കുന്നവർക്ക് ചില നിബന്ധനകൾ വെച്ചു. അതു വരെ റാൻ മൂളി കുനിഞ്ഞു നിന്നിരുന്നവരോട് തുണി തലയിൽ കെട്ടി ക്ഷേത്രത്തിൽ പ്രവേശിക്കാൻ പറഞ്ഞു. കണ്ണാടിയിൽ സ്വയം കണ്ട് നമസ്ക്കരിക്കണം. കണ്ണാടി മുകളിലേക്ക് അല്പം ചെരിച്ചു വെച്ചു. മുഖം കാണണമെങ്കിൽ അത്രയും നിവർന്നു നില്ക്കണം.

എത്ര തന്ത്രപരമായ സമീപനം. അതെ. നാരായണ ഗുരുവിന്റെ എല്ലാ മൂല്യനവീകരണ കർമ്മങ്ങളെയും സ്വാധീനിച്ച, മാതൃകയായ വ്യക്തിത്വം വൈകുണ്ഠസ്വാമികൾ തന്നെയാണ്. ഇദ്ദേഹത്തിന്റെ പ്രധാന ശിഷ്യനാണ് തൈക്കാട് അയ്യ .തൈക്കാട് അയ്യയുടെ ശിഷ്യന്മാരാണ് നാരായണ ഗുരു ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി.

സമത്വ സമാജം, പന്തിഭോജനം, വയോജന വിദ്യാഭ്യാസം അയ്യാ വഴി മതം ,ദക്ഷിണേന്ത്യയിലെ ആദ്യ കണ്ണാടി പ്രതിഷ്ഠ, ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ദൈവം ഒന്ന്, ലോകം ഒന്ന്, സ്വാതി തിരുന്നാളിന്റെ കാലത്തെ ജയിൽവാസം, സീ ടർ ശിഷ്യഗണം, ദേവദാസി വിരുദ്ധ സമരം ,വേല ചെയ്താൽ കൂലി എന്ന മുദ്രാവാക്യം, ഭരണകൂടുകളെ എതിർത്തുകൊണ്ടുള്ള നിലാപാട് ( നീ (നീച ഭരണം, വെള്ള നീചന്റെ ഭരണം, വെളുത്ത പിശാച് ), മേൽമുണ്ട് സമരത്തിനുള്ള പ്രചോദനം, തലേകെട്ട്, തുടങ്ങിയ സംഭാവനകൾ വൈകുണ്ഠസ്വാമികൾക്കവകാശപ്പെട്ടതാണ്.

      1. ജാതിയുടെ ചങ്ങലകള്‍ തകര്‍ക്കുന്നതിനായി വ്യത്യസ്തജാതികളിലെ അംഗങ്ങള്‍ തമ്മില്‍ അദ്ദേഹം മിശ്രഭോജനം ആരംഭിച്ചു.
      2. ദുഷ്ടശക്തികളെ ആരാധിക്കുന്നതും വിഗ്രഹാരാധനയെയും ഉപേക്ഷിക്കാന്‍ അദ്ദേഹം തന്റെ അനുയായികളോടാവശ്യപ്പെട്ടു.
      3. ബ്രാഹ്മണരുടെ ക്ഷേത്രസമ്പ്രദായത്തെ അദ്ദേഹം എതിര്‍ത്തു.
      4. അദ്ദേഹത്തിന്റെ എല്ലാ പ്രബോധനങ്ങളും അടിസ്ഥാനപരമായ ബ്രാഹ്മണവിരുദ്ധ സ്വഭാവമുള്ളവയായിരുന്നു. എല്ലാ ബ്രാഹ്മണരേയും താന്‍ നാമാവശേഷമാക്കുമെന്ന് അദ്ദേഹം തന്റെ അനുയായികള്‍ക്ക് ഉറപ്പുകൊടുക്കുകവരെയുണ്ടായി.
      5. മൃഗബലിയെ അദ്ദേഹം ശക്തിയായി എതിര്‍ത്തിരുന്നു.
      6. ഉയര്‍ന്നജാതിക്കാരെ ഭയപ്പെടാതെ ആത്മാഭിമാനപൂര്‍ണ്ണമായ ഒരു ജീവിതം നയിക്കുവാന്‍ അദ്ദേഹം താഴ്ന്നജാതിക്കാരെ പ്രേരിപ്പിച്ചിരുന്നു.
      7. ജാതിബദ്ധമായ തിരുവിതാംകൂര്‍ രാജ്യത്തേയും അതിന്റെ രാജാവിനെയും തന്റെ അനുശാസനങ്ങളില്‍ അദ്ദേഹം ശക്തിയായി വിമര്‍ശിച്ചിരുന്നു.
      8. താഴ്ന്നജാതിക്കാര്‍ക്കുമേല്‍ അമിത നികുതിഭാരം അടിച്ചേല്‍പ്പിക്കുന്ന തിരുവിതാംകൂര്‍ രാജാവിനെ അദ്ദേഹം പരസ്യമായി അപലപിച്ചിരുന്നു. തിരുവിതാംകൂര്‍ രാജാവിനെ അനന്തപുരി നീചനെന്ന് പരസ്യമായിത്തന്നെ അദ്ദേഹം വിളിച്ചിരുന്നു.
      9. താഴ്ന്നജാതിക്കാരുടെ മതപരമായ ആചാരാനുഷ്ഠാനങ്ങളില്‍ അദ്ദേഹം വ്യത്യാസങ്ങള്‍ വരുത്തി.
      10. ജാതിനിയമങ്ങളെ ലംഘിക്കുവാന്‍ അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചു.

വൈകുണ്ഠസ്വാമികളുടെ ജാതിവിരുദ്ധ പ്രബോധനങ്ങളും, ജാതിവിരുദ്ധ പോരാട്ടങ്ങളും, ബ്രാഹ്മണരെ നിന്ദിക്കലും, താഴ്ന്നവര്‍ഗ്ഗക്കാരെ അയിത്തജാതികളും അടിമകളുമായി കാണുന്ന തിരുവിതാംകൂര്‍ രാജാവിനോടുള്ള വെറുപ്പും, ഉയര്‍ന്നജാതി മേല്‍ക്കോയ്മയെ വെല്ലുവിളിക്കുന്ന അദ്ദേഹത്തിന്റെ ധീരവും ഉറച്ചതുമായ നിലപാടുകളും, എല്ലാ ജാതിവ്യത്യാസങ്ങളെയും നിര്‍മ്മാര്‍ജ്ജനം ചെയ്തു കൊണ്ട് താഴ്ന്നജാതിക്കാരെല്ലാവരേയും ഐക്യപ്പെടുത്തുക എന്നത് തന്റെ ദൗത്യമാണെന്ന പ്രഖ്യാപനവും എല്ലാം ഉയര്‍ന്നജാതിക്കാരില്‍ ആശങ്കകള്‍ സൃഷ്ടിക്കുകയും അവരുടെ ഒരു പരാതിയെത്തുടര്‍ന്ന് തിരുവിതാംകൂര്‍ രാജാവ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ശുചീന്ദ്രക്ഷേത്രത്തിൽ എത്തിച്ചു വിചാരണ ചെയ്ത ജയിലിലടയ്ക്കുകയും ചെയ്തു. ജയിലിനുള്ളില്‍ വച്ച് ക്രൂരമായ പീഡനങ്ങള്‍ക്കും വിചാരണകള്‍ക്കും അദ്ദേഹം വിധേയനായി. 112 ദിവസക്കാലത്തെ തടവിനുശേഷം 1839 മാര്‍ച്ചില്‍ അയ്യാ സ്വാമികളുടെ അഭ്യർത്ഥന മാനിച്ചു അദ്ദേഹം ജയില്‍ മോചിതനാവുകയുണ്ടായി. വിമോചിതനാക്കുന്നതിനുമുന്‍പ് വൈകുണ്ഠസ്വാ മികളുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹത്തിന്റെ ജാതിക്കാരില്‍ മാത്രമായി (നാടാരില്‍) പരിമിതപ്പെടുത്തുവാന്‍ രാജാവ് നിര്‍ബന്ധം ചെലുത്തിനോക്കിയെങ്കിലും അദ്ദേഹം ആ കരാറില്‍ ഒപ്പിടാന്‍ വിസമ്മതിച്ചു കൊണ്ട് അതിനെ കീറിയെറിയുകയാണു ചെയ്തത്.

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍; നവോഥാനത്തിന സമരങ്ങളുടെ രക്തസാക്ഷി

ശ്രീനാരായണ ഗുരു ജനിക്കുന്നതിനും നാലുവര്‍ഷം മുൻപ് 1888 ല്‍അരുവിപ്പുറം പ്രതിഷ്ഠ നടത്തുന്നതിന് 36 വര്‍ഷം മുമ്പ് 1852ല്‍ അവര്‍ണര്‍ക്കായി ഈഴവശിവനെ പ്രതിഷ്ഠിച്ച സാമൂഹ്യവിപ്ലവകാരിയാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. ജാതീയതയ്ക്കും നീതിനിഷേധത്തിനുമെതിരെ പടപൊരുതി നവോഥാനവിപ്ലവങ്ങള്‍ക്ക് ആദ്യം തിരികൊളുത്തിയത് പണിക്കരാണ്. അവര്‍ണര്‍ക്കായി ക്ഷേത്രം നിര്‍മിക്കുകയും പാഠശാലയും വായനശാലയും സ്ഥാപിക്കുകയും ചെയ്തു .1825ലാണ് പണിക്കരുടെ ജനം. പാരമ്പര്യമായി ആയോധന വിദ്യയും കുതിര സവാരിയും വ്യാകരണവും സംസ്കൃതവും പഠിച്ചു. കുതിരകള്‍, രണ്ട് ആന, ബോട്ട്, ഓടിവള്ളം, പല്ലക്ക്, തണ്ട് എന്നിവയിലായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. 1866 ല്‍ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ച് വേലായുധ പണിക്കര്‍ നടത്തിയ പണിമുടക്കാണു ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരം. പന്തളത്തിനടുത്തു മൂക്കുത്തി ധരിച്ചു വഴിനടന്ന പെണ്ണിന്റെ മൂക്കുത്തി പറിച്ചു ചോരചിന്തിയ വിവരമറിഞ്ഞ പണിക്കര്‍ 1000 മൂക്കുത്തി നിര്‍മിച്ച് പന്തളത്തെ സ്ത്രീകളെ വിളിച്ചുകൂട്ടി മൂക്കുകുത്തിച്ച് സ്വര്‍ണ്ണമൂക്കുത്തി അണിയിച്ചു നടത്തിയ മൂക്കുത്തി സമരം. കായംകുളത്ത് അവര്‍ണസ്ത്രീ നാണം മറയ്ക്കാന്‍ മാറില്‍ ഏത്താപ്പിട്ടപ്പോള്‍ സവര്‍ണര്‍ അപമാനിച്ചു. അവിടെയും പണിക്കര്‍ ഇതേ മാതൃകയില്‍ രംഗത്തെത്തി സമരം ചെയ്തു, അതാണ് 1859ലെ ഏത്താപ്പ് സമരം. 1861ല്‍ ഈഴവ സമുദായാംഗങ്ങളെ ചേര്‍ത്തു കഥകളിയോഗം സ്ഥാപിച്ചും പണിക്കര്‍ ചരിത്രത്തില്‍ ഇടംനേടി. ഇതിനെതിരെ കലാപമുയര്‍ത്തിയ സവര്‍ണരെ എതിരിട്ട് അവരുടെ കേന്ദ്രങ്ങളിലായിരുന്നു അവതരണം. പണിക്കരും കഥകളി പഠിച്ച് അരങ്ങേറ്റം നടത്തി. ബ്രാഹ്മണവേഷത്തില്‍ വൈക്കം ക്ഷേത്രത്തില്‍ താമസിച്ച് ക്ഷേത്രനിര്‍മാണവും ആചാരങ്ങളും പഠിച്ചു. നാട്ടിലേക്കു മടങ്ങുംമുമ്പ് ക്ഷേത്ര അധികാരിയോടു പണിക്കര്‍ ചോദിച്ചു: “അയിത്തക്കാരന്‍ ക്ഷേത്രത്തില്‍ താമസിച്ചു പൂജാവിധിപഠിച്ചാല്‍ അങ്ങ് എന്തുചെയ്യും?”പരിഹാരം പറഞ്ഞ ക്ഷേത്രാധികാരിക്ക് നൂറുരൂപയും സ്വര്‍ണവും കൊടുത്തു വേണ്ടതു ചെയ്തോളാന്‍ പറഞ്ഞ് മംഗലത്തേക്ക് മടങ്ങി.

1853ല്‍ ചേര്‍ത്തല തണ്ണീര്‍മുക്കം ചെറുവാരണംകരയിലും ഒരു ശിവക്ഷേത്രനിര്‍മാണം അദ്ദേഹം നടത്തിയിട്ടുണ്ട്.

കീഴാളരുടെ വീട്ടില്‍ പശു പെറ്റാല്‍കിങ്കരന്മാരെ വിട്ടു പശുവിനേയും കിടാവിനേയും സ്വന്തമാക്കി ഒടുവില്‍ പശുവിന്റെ കറവ വറ്റുംബോള്‍ മാത്രം തിരികെ നല്‍കുന്ന മാംബുഴക്കരിക്കാരന്‍ കരപ്രമാണിയെ വാളുമായി ചെന്ന പണിക്കര്‍ ഒതുക്കിയത്‌ മറ്റോരു കഥ.1869 ല്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കു തരണനല്ലൂര്‍ നമ്പൂതിരിപ്പാട് കൊണ്ടുപോയ സാളഗ്രാമം കായംകുളം കായലില്‍വെച്ച് അക്രമികള്‍ തട്ടിയെടുത്തു. രാജകല്പന ഉണ്ടായിട്ടും ഉദ്യോഗസ്ഥര്‍ക്ക് അത് വീണ്ടെടുക്കാനായില്ല. ഒടുവില്‍ തിരുവിതാംകൂര്‍ മഹാരാജാവ് ആയില്യം തിരുനാള്‍ ഈ ദൗത്യം വേലായുധപ്പണിക്കരെ ഏല്പിക്കുകയും ഒരാഴ്ചക്കുള്ളില്‍ സാളഗ്രാമ വുമായി പണിക്കര്‍ മഹാരാജാവിന്റെ സന്നിധിയില്‍ നേരിട്ട് ഹാജരാവു കയും ചെയ്തു. അതിന്റെ സന്തോഷ സൂചകമായി മഹാരാജാവ് വീരശൃഖല നല്കി പണിക്കരെ ആദരിച്ചു. ഒപ്പം അന്നോളം നായന്മാര്‍ക്കു മാത്രം അവകാശപ്പെട്ടിരുന്ന പണിക്കര്‍ സ്ഥാനം ഈഴവര്‍ക്കു കൂടി അനുവദിക്കുകയും ചെയ്തു. തിരുവിതാംകൂറില്‍ അങ്ങനെ ആദ്യമായി പണിക്കര്‍സ്ഥാനം ലഭിച്ച വ്യക്തിയാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. അന്നുമുതലാണ് ആറാട്ടുപുഴ വേലായുധ ചേകവര്‍, വേലായുധ പണിക്കരായത്. നാട്ടിലുണ്ടാകുന്ന വലിയ തര്‍ക്കങ്ങളെല്ലാം പരിഹരിക്കുന്ന കോടതിയായും പണിക്കര്‍ക്ക് പ്രവര്‍ത്തിക്കേണ്ടി വന്നു.

പണിക്കര്‍ മുന്നിലെത്തിയാല്‍ എത്ര വലിയ തര്‍ക്കവും രമ്യമയായി പരിഹരിക്ക പ്പെടുമെന്നും, അര്‍ഹര്‍ക്ക് നീതി ലഭിക്കുമെന്നുമുള്ള വിശ്വാസം പരക്കെ നിലനിന്നിരുന്നു. എന്നാല്‍ ആ നിലയിലൊക്കെ പണിക്കരുടെ ഔന്നത്യം വര്‍ധിക്കുന്നതനുസരിച്ച് അദ്ദേഹത്തിനെതിരായ എതിര്‍പ്പും കൂടിക്കൂടി വന്നു. എങ്കിലും ആറാട്ടുപുഴ വേലായുധപ്പണിക്കരോട് നേരിട്ട് എതിര്‍ക്കാ നുള്ള ധൈര്യം ആര്‍ക്കുമുണ്ടായിരുന്നില്ല. അതേത്തുടര്‍ന്ന് പണിക്കരോട് എതിര്‍പ്പുള്ള സവര്‍ണരും മറ്റും ചേര്‍ന്ന് അദ്ദേഹത്തെ ചതിയില്‍ പെടുത്തുവാനുള്ള പദ്ധതി തയാറാക്കി. ഒരു കേസിന്റെ കാര്യത്തിനായി കൊല്ലത്തേക്ക്, തണ്ടുവലിക്കുന്ന ബോട്ടില്‍ രാത്രി നേരത്ത് യാത്ര തിരിച്ചതായിരുന്നു പണിക്കര്‍. സമയം അര്‍ധരാത്രി. ബോട്ട് കായംകുളം കായലിലെത്തി. ആ സമയം പണിക്കര്‍ നല്ല ഉറക്കത്തിലായിരുന്നു. തണ്ടുവലിക്കാര്‍ ബോട്ടു തുഴഞ്ഞുകൊണ്ടിരുന്നു. പെട്ടെന്ന് കേവുവള്ള ത്തിലെത്തിയ ചിലര്‍, പണിക്കരോട് ഒരു അത്യാവശ്യ കാര്യം പറയാനു ണ്ടെന്നു പറഞ്ഞ് ബോട്ടില്‍ കയറി. ഒരു മോഷണക്കുറ്റത്തിന് പണിക്കര്‍ ശിക്ഷിച്ചു വിട്ട, അദ്ദേഹത്തിന്റെ തന്നെ മുന്‍ കാര്യസ്ഥന്‍ കിട്ടന്‍ അവരിലൊരാളായിരുന്നു.ഒരാള്‍ പണിക്കര്‍ ഉറങ്ങുന്ന സ്ഥലത്തേക്ക് കയറി. ഉറങ്ങിക്കിടക്കുന്ന ആ തേജോരൂപം കണ്ടപ്പോള്‍ അക്രമി ഒന്നു പതറിയെങ്കിലും ധൈര്യം വീണ്ടെടുത്ത് ആ പുരുഷ സിംഹത്തിന്റെ വിരിമാറിലേക്ക് കഠാര കുത്തിയിറക്കി. തണ്ടുവലിക്കാര്‍ ചതി മനസിലാക്കിയപ്പോഴേക്കും അക്രമികള്‍ കേവുവള്ളത്തില്‍ കയറി രക്ഷപെട്ടിരുന്നു. അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരായുള്ള സിംഹഗര്‍ജനമുയര്‍ത്തിയ ആ മനുഷ്യസ്നേഹി 1874ല്‍ ജനുവരി 8 ന് തന്റെ 49 ആമത്തെ വയസില്‍ തന്റെ ആദര്‍ശങ്ങള്‍ക്കായി രക്തസാക്ഷിയായി.

പൊയ്കയിൽ ശ്രീ കുമാരഗുരുദേവൻ

 

കേരള നവോത്ഥാന കാലഘട്ടത്തിൽ 1910-ൽ രവിപേരൂർ ആസ്ഥാനമായി രൂപം കൊണ്ട ആധ്യാത്മിക സംഘടനയായ പ്രത്യക്ഷരക്ഷാദൈവസഭ (പി .ആർ.ഡി.എസ്) യുടെ സ്ഥാപകൻ ആണ് പൊയ്കയിൽ ശ്രീ കുമാരഗുരുദേവൻ .മധ്യതിരുവിതാംകൂറിൽ അടിമജനതയ്ക്കു കുഴികുത്തി കഞ്ഞി കൊടുത്തിരുന്ന സമ്പ്രദായം അവസാനിപ്പിച്ചത് പൊയ്കയിൽ ശ്രീ കുമാരഗുരുദേവനാണ്. മധ്യതിരുവിതാംകൂര്‍ കേന്ദ്രമാക്കി പുലയര്‍,പറയര്‍,വേടര്‍,കുറവര്‍ തുടങ്ങിയ 68ഓളം ദളിത് ഉപജാതി വിഭാഗങ്ങളുടെ ഏകോപനവും ദൈവവിജ്ഞാനീയത്തിന്റെ പിന്‍ബലത്തോടെയുള്ള സ്വത്വ,സാംസ്‌കാരിക രാഷ്ട്രീയ പുനര്‍നിര്‍ണയത്തിന്റെയും ദേശീയതയുടെയും അടയാളമാക്കി മാറ്റിയെടുത്ത നവോത്ഥാന നായകൻ ആയിരുന്നു പൊയ്കയിൽ പൊയ്കയിൽ യോഹന്നാൻ എന്ന പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ.പൊയ്കയിൽ ശ്രീ കുമാരഗുരുദേവൻ 1879 ഫെബ്രുവരി 17-ന് പത്തനംതിട്ട ജില്ലയിൽ, ഇരവിപേരൂരിൽ ആണ് ജനിച്ചത്. അക്കാലത്തെ ക്രൈസ്തവ ജന്മി കുടുംബമായ ശങ്കരമംഗലം തറവാട്ടിലെ അടിമപ്പണിക്കാരായിരുന്ന കണ്ടനും ളേച്ചിയും ആയിരുന്നു മാതാപിതാക്കൾ. അവർ ഉൾപ്പെട്ട 25 കുടുംബങ്ങൾ ഇരവിപേരൂരിൽ തന്നെയുള്ള ഒരു കരയിൽ കുടിലുകൾ കെട്ടി താമസിച്ചിരുന്നു.അടിമത്തം എന്ന തന്റെ ജീവിതാനുഭവം സ്വജീവിതത്തെ മാത്രമല്ല സഹജീവികളുടെയും സ്വത്വ-സാംസ്‌കാരിക-ദേശീയതകളെക്കുറിച്ച് ആലോചിക്കുവാന്‍ അവസരം നല്‍കി.

അന്നത്തെ വ്യവസ്ഥക്കനുസരിച്ചു കന്നുകാലി മേയ്ക്കൽ, ചക്രം ചവിട്ടൽ, തോണി തേകൽ തുടങ്ങിയ ജോലികൾ ശങ്കരമംഗലം തമ്പുരാക്കന്മാർക്കുവേണ്ടി കുമാരനും ചെയ്തുപോന്നു. ജോലിയുടെ ഇടവേളകളിൽ അസ്‌പൃശ്യതയും, അടിമത്തവും നിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ കൂട്ടുകാർക്കു ഉപദേശങ്ങൾ നൽകുകയും അവർക്കിടയിൽ പുതിയ ചിന്താധാരയും ഒപ്പം സ്വന്തമായി ഒരു വ്യക്തിത്വവും ഉണ്ടാക്കിയെടുക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. കാര്യങ്ങൾ പാട്ടുരൂപത്തിൽ അവതരിപ്പിക്കുവാനുള്ള കഴിവ് ആൾക്കാരെ കൂടുതലായി ആകർഷിച്ചിരുന്നു. അത്തരം പങ്കുവയ്ക്കലുകൾ പിൽക്കാലത്തു ഒരു കൂട്ടായ്മയായി വികസിച്ചു. ഇതോടൊപ്പം കുമാരൻ അടിമപ്പണിക്കിടയിൽ പൂഴിമണ്ണിൽ മലയാള അക്ഷരങ്ങളും എഴുതി പഠിച്ചു തുടങ്ങിയിരുന്നു.പിൽക്കാലത്തു ഇരവിപേരൂരിനു സമീപം തേവർക്കാട്ട് എന്ന സ്ഥലത്തുണ്ടായിരുന്ന കൊച്ചുകുഞ്ഞ് എന്ന ഉപദേശി നടത്തിയിരുന്ന കുടിപ്പള്ളിക്കൂടത്തിൽ നിന്നും കൂടുതൽ അക്ഷരങ്ങൾ അദ്ദേഹം പഠിച്ചെടുത്തു. ഇത് തുടർന്നുള്ള പ്രവർത്തനങ്ങളെ ശക്തമാക്കാൻ സഹായിച്ചു. ചെയ്തുവന്നിരുന്ന അടിമപ്പണി കുമാരൻ നിർത്തി. പലർക്കുവേണ്ടിയും അടിമപ്പണി ചെയ്തു പലയിടത്തായി ചിതറിക്കിടന്നിരുന്ന സ്വന്തo ജനതയെ വീണ്ടെടുക്കാനായി യാത്ര തുടങ്ങി.മുതലപ്ര, കടപ്ര, കുറ്റൂർ, ഓതറ, വാകത്താനം, മാരങ്കുളം എന്നിവിടങ്ങളിൽ യാത്ര ചെയ്തു അവിടെയുള്ള സ്വന്തം ജനങ്ങളുടെ ചെറ്റമാടങ്ങളിൽ അന്തിയുറങ്ങി വീണ്ടെടുക്കൽ ശ്രമങ്ങൾ ആരംഭിച്ചു. പാട്ടുകളും കഥകളുമായി അവരിലേക്ക്‌ അറിവ് പകർന്നുകൊടുത്തു. അധഃസ്ഥിതർ പാർത്തിരുന്ന സ്ഥലങ്ങളിലെ വലിയ മരത്തിന്റെ മുകളിൽ കയറി വെട്ടം കാണുന്ന ഇടത്തേക്ക് കൂകിവിളിക്കുകയും, മറുകൂവൽ കേൾക്കുമ്പോൾ ശബ്ദമുയരുന്ന ഭാഗത്തേക്കു ചെന്ന് അവരെ പാട്ടിൽകൂടിയും കഥകളിൽ കൂടിയും ബോധവത്കരിക്കുകയും ചെയ്തു. അതികഠിനമായ പണികൾ കഴിഞ്ഞു തളർന്ന് കുടിലുകളിൽ എത്തിയിരുന്ന ജനതയെ ശുചിത്വം, ഭക്ഷണരീതികൾ, ആർജ്ജവത്തോടെ സംസാരിക്കാൻ ശീലിപ്പിക്കൽ ഒക്കെ പഠിപ്പിച്ചെടുത്തു. ഇതുവഴി അദ്ദേഹത്തിന് നിരവധി അനുയായികൾ ഉണ്ടായിക്കൊണ്ടിരുന്നു. 1905 മുതൽ അദ്ദേഹം സഞ്ചാര പ്രസംഗങ്ങൾ സജീവമാക്കി. ഒരു സ്ഥലത്തു യോഗം നടത്തി അവിടെനിന്നു മറ്റൊരു സ്ഥലത്തേക്ക് ചെന്ന് യോഗം നടത്തുകയായിരുന്നു രീതി. അടിമജനതയെ പുതിയ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ അദ്ദേഹത്തിന് താൻ സൃഷ്ടിച്ച കൂട്ടായ്മയിൽകൂടി കഴിഞ്ഞു.

ഇതിൽ പ്രധാനപ്പെട്ട ഒരു യോഗമാണ് 1907-ൽ വാകത്താനത്ത് വച്ച് നടത്തപ്പെട്ടത്. തന്റെ സഭയുടെയും, താൻ കൊണ്ടുവന്ന വിഷയത്തെ പറ്റിയും അപ്പച്ചൻ ജനങ്ങളോട് സംസാരിച്ചു. ഇതിലെ ചില പരാമർശങ്ങൾ സവർണ്ണ വിഭാഗത്തിൽപ്പെട്ട ക്രൈസ്‌തവരിൽ പ്രതിഷേധം ഉളവാക്കി. ഇതിനെത്തുടർന്ന് സംഘർഷമുണ്ടായി. സ്ത്രീകളും പുരുഷന്മാരും ഇതിനെ ചെറുത്തുനിന്നു.അപ്പച്ചനെ മുക്കാലിൽ ആദിച്ചന്റെ നിലവറക്കുഴിയിൽ ഒളിപ്പിച്ചു. അപ്പച്ചനെ സ്ത്രീവേഷം കെട്ടിച്ച് ചില അമ്മമാരുടെ കൂടെ മുതലപ്രക്കു യാത്രയാക്കി. അന്ന് പകലും രാത്രിയും അവിടെ യോഗം നടത്തി. ഇത്തരം നിരവധി യോഗങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാവുകയും വെട്ടിയാട് എന്ന സ്ഥലത്തു വെച്ച് ഒരു സ്ത്രീ രക്തസാക്ഷി ആകുകയും ചെയ്തു. ഈ യോഗങ്ങൾ കേട്ടവർ അപ്പച്ചനെ തങ്ങളുടെ രക്ഷകനും ദൈവവുമായി കണക്കാക്കി. പ്രത്യക്ഷരക്ഷാ ദൈവസഭയുടെ മൗലികമായ വിഷയങ്ങൾ അപ്പച്ചൻ വെളിപ്പെടുത്തിയ 41 രാത്രിയും പകലും നീണ്ടുനിന്ന യോഗമാണ് കുളത്തൂർ എന്ന സ്ഥലത്തു വെച്ച് നടന്നത്. “രക്ഷാനിർണയ യോഗം” എന്നാണിത് അറിയപ്പെടുന്നത്. രക്ഷിക്കപ്പെട്ട ജനങ്ങളുടെ ഒരു തലമുറ ഇവിടെ വെച്ച് രൂപംകൊണ്ടു. ഇത് പൊയ്കക്കൂട്ടമായ് വികസിച്ചു. അതിലെ ചില നിർദ്ദേശങ്ങൾ:

  1. അലക്കി വെളുപ്പിച്ച വസ്ത്രങ്ങൾ ധരിക്കണം.
  2. നികൃഷ്ട ഭക്ഷണo കഴിക്കരുത്.
  3. മൃഗങ്ങളുടെ കുടൽ വേവിച്ചു ഭക്ഷിക്കരുത്.
  4. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
  5. പാത്രങ്ങൾ കഴുകുമ്പോൾ അത് കമഴ്ത്തി വയ്ക്കണം.
  6. അരകല്ല് മൂടിവെക്കണം.
  7. കുളികഴിഞ്ഞ ശേഷമേ ഭക്ഷണം പാകം ചെയ്യാവൂ.
  8. മൂന്നിടങ്ങഴി വെള്ളവും ഇലയും ഉപയോഗിച്ച് ശൗചം ചെയ്യണം.
  9. സ്ത്രീയും പുരുഷനും ഒരേ ദൈവീക ചൈതന്യമായതിനാൽ രണ്ടുപേർക്കും തുല്യ പ്രധാന്യം നൽകണം.

കേവലാര്‍ത്ഥത്തിലുള്ള ദൈവിക പരികല്‍പ്പനകളെ അതി സമര്‍ത്ഥമായി നിരാകരിച്ചുകൊണ്ട് നിഷേധത്തിന്റെ നിഷേധമായ ദൈവവിജ്ഞായീയമാണ് കുമാരഗുരുദേവന്‍ അവതരിപ്പിച്ചത്.സവര്‍ണ-ക്രിസ്ത്യന്‍ ദൈവവിജ്ഞാനീയത്തേയും ദൈവസങ്കല്‍പ്പത്തേയും പരസ്യമായി നിരാകരിച്ചുകൊണ്ടാണ് ഈ നൂതന ദൈവവിജ്ഞാനീയം അവതരിപ്പിച്ചത്.തങ്ങളുടെ സ്വത്വവും സംസ്‌കാരവും ദൈവികതയും വീണ്ടെടുക്കാന്‍ ഹിന്ദു-ക്രിസ്ത്യന്‍ ആശയങ്ങളും വിശ്വാസങ്ങളും പ്രാപ്തമല്ലെന്ന് കണ്ടെത്തി കുമാരഗുരുദേവന്‍.

‘ഹിന്ദുമതത്തിന്‍ പുറവഴിയേ നമ്മള്‍ അനാഥരെന്നപോല്‍ സഞ്ചരിച്ചു.

ക്രിസ്തുമതത്തിന്‍ പുറവഴിയേ നമ്മള്‍ അനാഥരെന്നപോല്‍ സഞ്ചരിച്ചു.

ഹിന്ദുമതത്തിലും ചേര്‍ത്തില്ലല്ലോ നമ്മെ,

ക്രിസ്തുമതത്തിലും ചേര്‍ത്തില്ലല്ലോ’ എന്നു പരിതപിച്ചു.

19 -ആം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി വംശീയത   അടിത്തറയായുള്ള തീവ്ര ദേശിയ അവബോധം ലോകമെമ്പാടും ഉയർന്നുവന്നു.ഇത്തരം ഒരു സാഹചര്യത്തിലാണ് പൊയ്കയിൽ ശ്രീ കുമാരഗുരുദേവൻ കുളത്തൂർ കുന്നിന്റെ താഴ്വരയിൽ മാരങ്കുളം എന്ന സ്ഥലത്ത് വച്ച് ലോകസമാധാന ജാഥ നടത്തിയത്. മൂവായിരത്തിലധികം പേർ വെള്ളവസ്ത്ര ധാരികളായി അപ്പച്ചന്റെ നേതൃത്വത്തിൽ “സമാധാനം, സമാധാനം, ലോകത്തിനു സമാധാനം” എന്ന മുദ്രവാക്യം മുഴക്കി മാരങ്കുളത്ത് നിന്ന് കാടിക്കാവിലേക്ക്‌ നടന്നു നീങ്ങി. സ്വാതന്ത്ര്യവും സമാധാനവും അക്കാലയളവിൽ പൊയ്കയിൽ അപ്പച്ചന്റെ യോഗങ്ങളിലും പ്രസംഗങ്ങളിലും പ്രധാനമായിരുന്നു. പ്രത്യക്ഷരക്ഷാ ദൈവസഭയുടെ പ്രധാന മുദ്രാവാക്യം തന്നെയായിരുന്നു അടിമകളുടെ സ്വാതന്ത്ര്യവും ലോകത്തിന്റെ സമാധാനവും. ലോകസമാധാന യാത്ര യുദ്ധത്തോടും കോളനി വ്യവഹാരത്തോടുമുള്ള പൊയ്കയിലപ്പച്ചന്റെ വിയോജിപ്പുകൾ പ്രകടമാക്കുന്നവ കൂടിയായിരുന്നു. ഇതോടനുബന്ധിച്ചു നടത്തപ്പെട്ട മറ്റൊരു ജാഥയായിരുന്നു 1921-ൽ കോഴഞ്ചേരിയിൽ നിന്ന് നടത്തിയ സ്വാതന്ത്ര്യ ജാഥ. പമ്പയാറിന്റെ മണൽപ്പുറത്തുവെച് അപ്പച്ചൻ കീഴാള ജനവിഭാഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു യോഗം നടത്തുകയും ഇരവിപേരൂരിലേക്കു ഒരു ഘോഷയാത്രയായി പോകുകയും ചെയ്തു. പതിനായിരക്കണക്കിന് ആളുകൾ ഇതിൽ പങ്കെടുത്തു.

1921-ലും 1931-ലും തിരുവിതാംകൂര്‍ പ്രജാസാഭാ അംഗമായി ശ്രീ കുമാര ഗുരുദേവന്‍ നോമിനേറ്റു ചെയ്യപ്പെട്ടു.രണ്ടു പ്രാവശ്യവും തന്റെ അംഗത്വം ഉപയോഗിച്ച് പുതുവല്‍ ഭൂമി ദരിദ്ര ദലിത കര്‍ഷകര്‍ക്ക് കരം ഒഴിവായി പതിച്ചു നല്‍കമമെന്നും,ഉദ്യോഗങ്ങളില്‍ സംവരണം(ആദ്യമായി ദലിത് സംവരണം)ആവശ്യപ്പെട്ടതും വിദ്യാഭ്യാസസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി തരണമെന്നും തുടങ്ങി ദലിതുകള്‍ നേരിടുന്ന നിരവധി നിര്‍ണായക പ്രശ്‌നങ്ങള്‍ ഉന്നയിച്ചു.സർക്കാരിന്റെ അനുമതിയോടെ അയിത്തജാതിക്കാർക്കായുള്ള ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം അദ്ദേഹം തിരുവിതാംകൂറിൽ ആരംഭിച്ചു.

വാഗ്ഭടാനന്ദന്‍

പണ്ഡിതനും പ്രഭാഷകനും പത്രാധിപരുമായിരുന്ന വാഗ്ഭടാനന്ദന്‍ കണ്ണൂര്‍ ജില്ലയിലെ പാട്യത്ത് വയലേരി തറവാട്ടില്‍ 1885ലാണ് ജനിച്ചത്. നവോത്ഥാന പ്രസ്ഥാനത്തെയും മതനവീകരണ പ്രവര്‍ത്തനങ്ങളെയും സ്വാതന്ത്യ്രസമരവുമായി സമന്വയിപ്പിച്ച പ്രതിഭാശാലിയായിരുന്നു വാഗ്ഭടാനന്ദഗുരു. കീഴ്ജാതിക്കാര്‍ക്കും ദരിദ്രര്‍ക്കുമായി കോഴിക്കോട് കാരപ്പറമ്പില്‍ 1906ല്‍ തത്വപ്രകാശികയെന്ന വിദ്യാലയം സ്ഥാപിച്ചു. 1917ല്‍ ആത്മവിദ്യാസംഘം രൂപീകരിച്ച് തന്റെ ആശയമണ്ഡലം വിപുലീകരിച്ചു. ‘അഭിനവ കേരളം’, ‘ആത്മവിദ്യാ കാഹളം’ ‘ശിവയോഗി വിലാസം’ തുടങ്ങിയ പ്രസിദ്ധീകരണങ്ങളും നിരവധി ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. ബ്രഹ്മാനന്ദ ശിവയോഗിയുമായുള്ള കൂടിക്കാഴ്ചയാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. മതാന്ധതയ്ക്കും അനാചാരങ്ങള്‍ക്കുമെതിരായി പ്രഭാഷണങ്ങളും സംവാദങ്ങളുമായി ആ കര്‍മയോഗി മംഗലാപുരം മുതല്‍ മദിരാശിവരെ സഞ്ചരിച്ചു.

ഗുരുവായൂര്‍ ക്ഷേത്രം അവര്‍ണര്‍ക്കു തുറന്നുകൊടുക്കാന്‍വേണ്ടി ആരംഭിച്ച പ്രക്ഷോഭത്തെ സാമൂതിരി കണ്ടില്ലെന്നു നടിച്ചാല്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് തുറന്നടിക്കാന്‍ അദ്ദേഹം തയ്യാറായി. തൊഴിലാളികളുടെയും കൃഷിക്കാരുടെയും നിലനില്‍പ്പിനും അവകാശങ്ങള്‍ക്കും വേണ്ടി അദ്ദേഹം മുന്നിട്ടിറങ്ങി. ഫറോക്കിലെ ഓട്ടുകമ്പനിയില്‍ ഒരു തൊഴിലാളിയെ തെങ്ങില്‍ വരിഞ്ഞുകെട്ടി അടിച്ചുകൊന്നതിനെതിരെ കെ പി ഗോപാലന്‍ ആരംഭിച്ച നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തി സമരം വിജയിച്ചശേഷം നാരങ്ങാനീര് നല്‍കി അവസാനിപ്പിച്ചാണ് വാഗ്ഭടാനന്ദന്‍ മടങ്ങിയത്. എ വി കുഞ്ഞമ്പുവിന്റെ നേതൃത്വത്തില്‍ 1934ല്‍ കരിവെള്ളൂരില്‍ രൂപീകൃതമായ അഭിനവ ഭാരത യുവ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അകമഴിഞ്ഞ് പിന്തുണച്ചു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പലപ്പോഴായി നിയമലംഘനം നടത്തിയതിന് കലക്ടറുടെ താക്കീത് ലഭിച്ചു. മതനവീകരണ പ്രശ്നങ്ങളും ആത്മീയ കാര്യവിചാരവും കൈകാര്യംചെയ്യുമ്പോഴും കവിതയും സാഹിത്യനിരൂപണവും അദ്ദേഹം നടത്തി. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ അദ്ദേഹം നിരന്തരം ശബ്ദമുയര്‍ത്തി.

നവോത്ഥാനത്തിന്റെ ഭാഗമായാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ആത്മവിദ്യാസംഘം പ്രവര്‍ത്തനം ആരംഭിക്കുന്നത്. അന്ധവിശ്വാസങ്ങളാലും അനാചാരങ്ങളാലും ജഡതുല്യമായിരുന്ന കേരളീയസമൂഹത്തിന് ജീവശ്വാസംനല്‍കാന്‍ പുതിയ ചിന്തകളും കര്‍മപദ്ധതികളും അനിവാര്യമാണെന്ന് വാഗ്ഭടാനന്ദന്‍ കരുതി. ഇതിന്റെ ഫലമായാണ് 1915ല്‍ ആത്മവിദ്യാസംഘം സ്ഥാപിക്കുന്നത്.

ഉണര്‍ത്തുപാട്ടുപോലെ പ്രവര്‍ത്തകരെ ആവേശഭരിതമാക്കുന്ന മുദ്രാവാക്യമായിരുന്നു ആത്മവിദ്യാസംഘത്തിന്റേത്- “ഉണരുവിന്‍, അഖിലേശനെ സ്മരിപ്പിന്‍, ക്ഷണമെഴുന്നേല്‍പ്പിന്‍ അനീതിയോടെതിര്‍പ്പിന്‍’. മലബാറില്‍ ചെറുവണ്ണൂരിലും കാരക്കാട്ടുമാണ് സംഘത്തിന്റെ പ്രവര്‍ത്തനം ആദ്യം തുടങ്ങിയത്. അന്ധവിശ്വാസങ്ങളോടുള്ള നിരന്തരപോരാട്ടം ആരംഭിച്ചപ്പോള്‍ ഹിന്ദുമതപരിഷ്കാരത്തില്‍ താല്‍പ്പര്യമുള്ള വ്യക്തികളും സംഘടനകളും പ്രസംഗത്തിനായി വാഗ്ഭടാനന്ദനെ ക്ഷണിച്ചു.

വാഗ്ഭടാനന്ദനെ തിരുവിതാംകൂറിലേക്ക് ആദ്യം ക്ഷണിക്കുന്നത് പ്രശസ്ത ബ്രഹ്മസമാജ പ്രവര്‍ത്തകന്‍ പുത്തന്‍തോപ്പില്‍ പത്മനാഭപണിക്കരാണ്. അദ്ദേഹത്തിന്റെ ജന്മനാടായ മംഗലത്തായിരുന്നു രണ്ടുദിവസത്തെ സമ്മേളനം. മഹാകവി കുമാരനാശാനായിരുന്നു അധ്യക്ഷന്‍. സി വി കുഞ്ഞുരാമന്‍, സ്വാമി ബ്രഹ്മവ്രതന്‍ എന്നിവര്‍ പ്രാസംഗികര്‍. 1920 സെപ്തംബറിലാണ് വാഗ്ഭടാനന്ദന്റെ സാന്നിധ്യത്തില്‍ തിരുവിതാംകൂര്‍ ആത്മവിദ്യാസംഘം രൂപീകരിക്കുന്നത്. തുടര്‍ന്ന് തൃക്കുന്നപ്പുഴ, മഹാദേവികാട്, മംഗലം, പല്ലന, പാനൂര്‍, തോട്ടപ്പള്ളി, കുമാരപുരം, പുന്നപ്ര, റാന്നി എന്നിവിടങ്ങളിലും ആത്മവിദ്യാസംഘം രൂപീകരിച്ചു. പുത്തന്‍തോപ്പില്‍ പത്മനാഭപണിക്കര്‍ വാഗ്ഭടാനന്ദനില്‍നിന്ന് ആത്മവിദ്യ സ്വീകരിച്ച് ആര്യഭടന്‍ ആയി. ആര്യഭടനായിരുന്നു തിരുവിതാംകൂര്‍ ആത്മവിദ്യാസംഘത്തിന്റെ ആദ്യ ജനറല്‍ സെക്രട്ടറി.1914 മെയ് 14ന് ശ്രീനാരായണഗുരുവുമായുള്ള കൂടിക്കാഴ്ചയില്‍ വാഗ്ഭടാനന്ദന്‍ ഗുരുദേവനോട് ചോദിച്ചു “അദൈ്വതിയായ അങ്ങ് ക്ഷേത്രങ്ങള്‍ സ്ഥാപിക്കുകയും പ്രതിഷ്ഠ നടത്തുകയും ചെയ്യുന്നുണ്ടല്ലോ. അദൈ്വതവും ഇതും തമ്മില്‍ എങ്ങനെ പൊരുത്തപ്പെടും’. ഗുരുദേവന്‍ പറഞ്ഞു “ജനങ്ങള്‍ സൈ്വര്യം തരണ്ടെ. അവര്‍ക്ക് ക്ഷേത്രം വേണം. പിന്നെ കുറച്ച് ശുചിത്വമെങ്കിലും ഉണ്ടാകുമല്ലൊ എന്ന് നാം വിചാരിച്ചു’. അദൈ്വതവും യോഗസിദ്ധാന്തവും ക്ഷേത്രവിശ്വാസവും തമ്മില്‍ ഒരു ബന്ധവുമില്ലാത്തതുകൊണ്ട് ഞങ്ങള്‍ വിഗ്രഹാരാധനയെ ശക്തിപൂര്‍വം എതിര്‍ക്കുന്നുവെന്ന് വാഗ്ഭടാനന്ദന്‍ പറഞ്ഞപ്പോള്‍ നാരായണഗുരു പറഞ്ഞു. “നല്ലതാണല്ലൊ. നാമും നിങ്ങളുടെ പക്ഷത്താണ്’.

 

ആലുവ അദൈ്വതാശ്രമത്തിലെ കൂടിക്കാഴ്ചയ്ക്കുശേഷം വാഗ്ഭടാനന്ദനോട് ഒരു പ്രസംഗം ചെയ്യാന്‍ നാരായണഗുരു ആവശ്യപ്പെട്ടു. ജാതിയെയും വിഗ്രഹാരാധനയെയും എതിര്‍ത്ത് വാഗ്ഭടാനന്ദന്‍ നടത്തിയ ഉജ്വല പ്രസംഗത്തിനുശേഷം അധ്യക്ഷനായ നാരായണഗുരു പറഞ്ഞു. “വാഗ്ഭടാനന്ദന്‍ അങ്ങ് നിന്ന് എല്ലാം പഠിച്ചശേഷം അവ ഓര്‍മിക്കാന്‍വേണ്ടി ഇങ്ങോട്ട് വന്ന ആളാണ്’.വടകര, പുതുപ്പണം, ഇരിങ്ങല്‍, കക്കട്ട്, കാരക്കാട്, വട്ടോളി, വെള്ളികുളങ്ങര, ചോമ്പാല്‍ മുതലായ സ്ഥലങ്ങളില്‍ വാഗ്ഭടാനന്റെ പ്രവര്‍ത്തനം കാരണം ഏറ്റ്മാറ്റ് പോലുള്ള അനാചാരങ്ങള്‍ ഇല്ലാതായി. യാഥാസ്ഥിതികരുടെ ശക്തമായ എതിര്‍പ്പുകളെ അതിജീവിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.

 

മലബാറില്‍ ആത്മവിദ്യാസംഘം ശക്തമായി. യജമാനന്‍ എന്നറിയപ്പെട്ട കല്യാട്ട് ചാത്തുക്കുട്ടി നമ്പ്യാരായിരുന്നു സമസ്ത മലബാര്‍ ആത്മവിദ്യാസംഘം രക്ഷാധികാരി. തിരുവിതാംകൂറില്‍ സമുദായത്തില്‍ മാധവന്‍ ഉണ്ണിത്താനായിരുന്നു ദീര്‍ഘകാലം ആത്മവിദ്യാസംഘം പ്രസിഡന്റ്. പല്ലനയാറ്റില്‍ ബോട്ട് അപകടത്തില്‍ മരിച്ച കുമാരനാശാന്റെ മൃതദേഹം പുറത്തെടുത്തതും ശവസംസ്കാരകര്‍മം നിര്‍വഹിച്ചതും ആത്മവിദ്യാസംഘം പ്രവര്‍ത്തകരായിരുന്നു. കുമാരനാശാന്റെ ഭൗതികശരീരം പല്ലനയാറ്റില്‍നിന്ന് കണ്ടെടുത്തപ്പോള്‍ കൈരളിക്ക് നഷ്ടപ്പെടുമായിരുന്ന “കരുണ’ കൂടിയാണ് ആത്മവിദ്യാസംഘം പ്രവര്‍ത്തകര്‍ കണ്ടെടുത്തത്. കരുണയുടെ കൈയെഴുത്ത് പ്രതിയും ബുദ്ധചരിതം അഞ്ചാംഭാഗവും ഒരു നോട്ടുബുക്കില്‍ എഴുതി ആശാന്‍ കോട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്നു. ശവക്കല്ലറയുടെ ആദ്യ കല്ല് ചുമന്നതും അന്തിമവസ്ത്രം ചാര്‍ത്തിയതും ആത്മവിദ്യാസംഘം ജനറല്‍ സെക്രട്ടറി ആര്യഭടനായിരുന്നു.

കമ്യൂണിസ്റ്റ് പാര്‍ടി നേതാവ് എ വി കുഞ്ഞമ്പുവിന്റെ ഭാര്യ കെ ദേവയാനി ആലപ്പുഴ പുന്നപ്രയില്‍ ആത്മവിദ്യാസംഘം വനിതാവിഭാഗം സെക്രട്ടറിയായിരുന്നു. തമിഴ് സംഗീതനാടകങ്ങളുടെ സ്വാധീനത്തില്‍നിന്ന് മലയാള നാടകവേദിയെ മോചിപ്പിക്കാന്‍ ജീവിതം സമര്‍പ്പിച്ച സ്വാമി ബ്രഹ്മവ്രതന്‍ പതിനേഴാം വയസ്സില്‍ വാഗ്ഭടാനന്ദനില്‍നിന്ന് ശിഷ്യത്വം സ്വീകരിച്ചയാളാണ്. കുമാരനാശാന്റെ കരുണ ബ്രഹ്മവ്രതന്‍ നാടകരൂപത്തില്‍ കേരളത്തിലെ 7000 വേദികളില്‍ അവതരിപ്പിച്ചു.

1939ൽ അദ്ദേഹം അന്തരിച്ചു

മുസ്‌ലിം ക്രിസ്ത്യൻ മതങ്ങളിലെ നവോഥാന പ്രവർത്തങ്ങൾ

മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയിലും നവോത്ഥാനചിന്ത ഇക്കാലത്ത് വളര്‍ന്നു. മുസ്ലീങ്ങള്‍ക്കിടയില്‍ ആധുനിക വിദ്യാഭ്യാസത്തിനും പ്രാദേശിക ഭാഷാപഠനത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് നവോത്ഥാന പ്രസ്ഥാനം പ്രധാനമായും മുന്നോട്ട് വച്ചത്. ഓത്തുപള്ളികളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുവരെ വലിയ സമരം നടക്കുകയുണ്ടായി. ഖുര്‍ആന്‍ മലയാളത്തില്‍ തര്‍ജമ ചെയ്ത് പ്രസിദ്ധീകരിക്കപ്പെട്ടതും ഇത്തരം സമരങ്ങളിലൂടെയായിരുന്നു. മക്തി തങ്ങളേയും ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയേയും സി എന്‍ അഹമ്മദ് മൗലവിയേയുംപോലുള്ള നവോത്ഥാന ചിന്തകര്‍ നായകസ്ഥാനത്തെത്തി. ക്രിസ്ത്യന്‍ വിഭാഗത്തില്‍ സാര്‍വദേശീയ തര്‍ക്കങ്ങളും പ്രാദേശികവല്‍ക്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് സജീവമായത്. ചില സഭകള്‍തന്നെ ഇത്തരം സമരങ്ങളുടെ ഭാഗമായി രൂപപ്പെട്ടു. പൊയ്കയില്‍ യോഹന്നാനും പാമ്പാടി ജോണ്‍ ജോസഫ് പോലുള്ളവരും ഇത്തരം പോരാട്ടങ്ങളില്‍ സജീവമായി പങ്കുചേര്‍ന്നു. എല്ലാ ഇടവകകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനും ജാതിമതഭേദമന്യേ എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും വേണ്ടി1864ൽ കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ വികാരി ജനറൽ ആയിരിക്കവേ മാർ കുര്യാക്കോസ് ഏലിയാസ് ചാവറ(ചാവറയച്ചൻ) ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന പേരിൽ എല്ലാ പള്ളികൾക്കൊപ്പവും വിദ്യാലയങ്ങൾ നിർബന്ധമാക്കിക്കൊണ്ടുള്ള കല്പന പുറപ്പെടുവിച്ചു.

നവോത്ഥാന മുന്നേറ്റവും കമ്യൂണിസ്റ്റ് പാര്‍ടിയും
കമ്യൂണിസ്റ്റ് പാര്‍ടി എന്ന നിലയില്‍ പ്രവര്‍ത്തനം തുടങ്ങുമ്പോഴേക്കും ക്ഷേത്രപ്രവേശനത്തിനുള്ള അവകാശം കേരളത്തിലെ മൊത്തം ജനതയ്ക്കും ലഭിച്ചിരുന്നില്ല. അത്തരം പ്രശ്നങ്ങളില്‍ പാര്‍ടി സജീവമായി ഇടപെട്ടു. തിരുവിതാംകൂറില്‍ നവോത്ഥാന പ്രസ്ഥാനങ്ങളാണ് ജാതീയമായ അവശതയുടെ പ്രശ്നങ്ങളില്‍ ആദ്യഘട്ടങ്ങളില്‍ ഇടപെട്ടത്. ഇതില്‍നിന്ന് വ്യത്യസ്ത സമീപനമായിരുന്നു മലബാറില്‍. കര്‍ഷക- തൊഴിലാളി പ്രസ്ഥാനങ്ങളാണ് ആ ഉത്തരവാദിത്തം അവിടെ നിര്‍വഹിച്ചത്. മലബാറില്‍ പിന്നോക്കവിഭാഗങ്ങള്‍ക്ക് പ്രവേശനം ഇല്ലാതിരുന്ന ക്ഷേത്രക്കുളങ്ങളില്‍ കുളിച്ച് കമ്യൂണിസ്റ്റ് പാര്‍ടി നടത്തിയ പ്രവര്‍ത്തനം മലബാര്‍ചരിത്രത്തിന്റെ ഭാഗമാണ്. മലബാറിലും ചില പ്രദേശങ്ങളില്‍ സാമൂഹ്യപരിഷ്കരണപ്രസ്ഥാനങ്ങള്‍ ഉണ്ടായി. അതില്‍ എടുത്തുപറയേണ്ട പേരാണ് വാഗ്ഭടാനന്ദന്റേത്. തലശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രക്കുളത്തില്‍ നാനാജാതിവിഭാഗങ്ങളെ അണിനിരത്തി കുളിക്കാന്‍ നേതൃത്വം നല്‍കിയത് സി എച്ച് കണാരനായിരുന്നു. ആദ്യകാലത്തെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഭാഗമായി മാറി. സി എച്ച് മുന്‍കൈയെടുത്ത് രൂപീകരിച്ച ശ്രീനാരായണ ബീഡിത്തൊഴിലാളി യൂണിയനാണ് പിന്നീട് തലശേരി ബീഡിത്തൊഴിലാളി യൂണിയനായി മാറിയത്.

കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിച്ചശേഷം അയിത്തത്തിനും ജാതീയതയ്ക്കുമെതിരായ പോരാട്ടം കൂടുതല്‍ ശക്തമായി. 1946 ആഗസ്തില്‍ ഇത് സംബന്ധിച്ച ഒരു പ്രമേയം കമ്യൂണിസ്റ്റ് പാര്‍ടി അവതരിപ്പിച്ചു. അയിത്തം നിയമവിരുദ്ധമാക്കി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കണമെന്ന് ആ പ്രമേയത്തില്‍ നിര്‍ദേശിച്ചു. അയിത്തജാതിക്കാര്‍ക്ക് മേല്‍ജാതിക്കാരോടുള്ള വെറുപ്പിനെ ചൂഷണംചെയ്ത്് ഭിന്നിപ്പും അന്തഃഛിദ്രവും വളര്‍ത്തി എടുക്കുന്നതിനാണ് സാമ്രാജ്യത്വം ശ്രമിക്കുന്നതെന്നും പ്രമേയം വ്യക്തമാക്കി. പട്ടികജാതി വിഭാഗങ്ങളുടെ പങ്കാളിത്തം സ്വാതന്ത്ര്യസമരത്തിന് അനിവാര്യമാണെന്ന കാര്യവും ആ രേഖ എടുത്തുപറഞ്ഞു.

തുടര്‍ന്ന് രേഖ ഇങ്ങനെ വ്യക്തമാക്കി- “”ഗവണ്‍മെന്റുനിയമം വരുന്നതിനുമുമ്പായി തന്നെ ബഹുജനസംഘടനകള്‍ അയിത്തം ആചരിക്കില്ലെന്ന് തീരുമാനം എടുക്കുകയും നടപ്പില്‍ വരുത്താന്‍ തീവ്രപരിശ്രമം നടത്തുകയും ചെയ്യണം. സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി ഇങ്ങനെയൊരു തീരുമാനമെടുക്കുകയും കോണ്‍ഗ്രസുകാരായ യാതൊരാളും അയിത്തം ആചരിക്കരുതെന്ന് നിര്‍ദേശിക്കുകയും പ്രമാണികളായ കോണ്‍ഗ്രസുകാര്‍ സ്വാതന്ത്ര്യത്തോടെ ക്ഷേത്രങ്ങള്‍ തുറന്നുകൊടുക്കുകയും വേണം. അങ്ങനെ അയിത്തത്തിനെതിരായ വമ്പിച്ച ബഹുജനമുന്നണി കേരളത്തില്‍ ഉടന്‍ സൃഷ്ടിക്കേണ്ടിയിരിക്കുന്നു. കമ്മ്യൂണിസ്റ്റുകാരായ ഞങ്ങള്‍ ഈ പ്രക്ഷോഭം നാടുനീളെ സംഘടിപ്പിക്കാന്‍ ഒരുങ്ങിവരുകയാണ്. അതിന്റെ തുടക്കമായിട്ടാണ് ഈ ഫെബ്രുവരി 24ന് ഞായറാഴ്ച കണ്ണൂരില്‍ വെച്ചൊരു അയിത്തോച്ചാടനസമ്മേളനം നടത്തിയത്. അയിത്തത്തിനെതിരായി എല്ലാവരുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു”. ഇത്തരത്തില്‍ അയിത്തത്തിനെതിരായ ശക്തമായ പ്രക്ഷോഭത്തിന് പാര്‍ടി സംസ്ഥാനത്താകമാനം ഇടപെട്ടു. ഇതിന്റെ തുടര്‍ച്ചയിലാണ് കൊച്ചിയിലെ പാലിയം ക്ഷേത്രത്തിലെ വഴികള്‍ പിന്നോക്ക ദളിത് വിഭാഗങ്ങള്‍ക്ക് തുറന്നുകൊടുക്കണം എന്നാവശ്യപ്പെട്ട് കമ്യൂണിസ്റ്റ് പാര്‍ടിയുടെ സജീവ ഇടപെടലോടെ പ്രക്ഷോഭം സംഘടിപ്പിച്ചത്.

കൊച്ചിയിലെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയെല്ലാം ചേര്‍ത്തായിരുന്നു ഈ പ്രക്ഷോഭം. സമരം ഉദ്ഘാടനംചെയ്തത് സഹോദരന്‍ അയ്യപ്പന്‍. എസ്എന്‍ഡിപി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആ സമരത്തില്‍ സജീവമായി നിലകൊണ്ടു. പ്രക്ഷോഭം ഒരുഘട്ടം എത്തിയപ്പോള്‍ അതില്‍ പങ്കെടുത്ത പല സംഘടനകളും പിന്മാറി. ഒരുഘട്ടത്തില്‍ എസ്എന്‍ഡിപി നേതൃത്വവും പിന്മാറി. എന്നാല്‍, ആ സംഘടനയ്ക്കുപിന്നില്‍ അണിനിരന്ന സാധാരണ ജനങ്ങള്‍ പ്രക്ഷോഭത്തോടൊപ്പം അടിയുറച്ച് നിന്നു. ഈ ഘട്ടത്തില്‍ എ കെ ജിതന്നെ പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുത്തു. കീഴാളജനവിഭാഗങ്ങള്‍ നേതൃത്വംനല്‍കിയ ഈ സമരത്തില്‍ മറ്റ് വിഭാഗങ്ങളെക്കൂടി പങ്കെടുപ്പിക്കാനുള്ള ആസൂത്രണം എ കെ ജിയുടെ നേതൃത്വത്തില്‍ നടന്നു. കൊടുങ്ങല്ലൂര്‍ കോവിലകത്തുനിന്നും അതുപോലുള്ള മേഖലകളില്‍നിന്നും സ്ത്രീകളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചുള്ള ശക്തമായ പ്രക്ഷോഭമായി പാലിയം സമരം മാറി. ഈ സമരത്തിലാണ് എ ജി വേലായുധന്‍ എന്ന കമ്യൂണിസ്റ്റുകാരന്‍ രക്തസാക്ഷിയായത്. അയിത്തത്തിനെതിരെ കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തില്‍ സംഘടിപ്പിച്ച പോരാട്ടത്തിലെ രക്തസാക്ഷിയാണ് എ ജി വേലായുധന്‍.

ജാതിമേധാവിത്വത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് ശക്തമായ പിന്തുണ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനവും തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ടിയും നല്‍കി. തിരുവിതാംകൂര്‍ രാജാവ് പ്രഖ്യാപിച്ച ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ സംവരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നടന്ന നിവര്‍ത്തനപ്രക്ഷോഭത്തെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി പിന്തുണച്ചു.ജാതി അനാചാരങ്ങള്‍ക്കെതിരായ സമരത്തോടൊപ്പം ജാതിക്കും സമുദായത്തിനും അതീതമായി തൊഴിലാളികളുടെയും കൃഷിക്കാരുടെയും വര്‍ഗസംഘടനകള്‍ വളര്‍ത്തിയെടുക്കുന്നതിനും വര്‍ഗപരമായ പ്രശ്നങ്ങള്‍കൂടി ഏറ്റെടുക്കുന്നതിനും പാര്‍ടി ഇടപെട്ടു.

1957ലെ കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആണ് ജന്മിത്വത്തിന്റെയും അതിന്റെ ഭാഗമായുള്ള സവര്‍ണമേധാവിത്വത്തിന്റെയും കടയ്ക്കല്‍ കത്തിവയ്ക്കുന്ന ഭൂപരിഷ്കരണം നടപ്പാക്കിയത് .ഇത് നടപ്പാക്കിയപ്പോൾ അന്ന് കോൺഗ്രസ് പാർട്ടി ജാതി മത സംഘങ്ങളെ കൂട്ടുപിടിച്ചു കമ്മ്യുണിസ്റ് സർക്കാരിനെ താഴേ ഇറക്കാൻ വിമോചന സമരം നടത്തി.

ഇന്നത്തെ കേരളം നേരിടുന്ന വെല്ലുവിളി

അനേകം ദുരാചാരങ്ങൾക്കെതിരെ നവോത്ഥാനപ്രസ്ഥാനങ്ങളും, ദേശീയ പ്രസ്ഥാനവും, ഇടതുപക്ഷവും നടത്തിയ സന്ധിയില്ലാ സമരങ്ങളുടെ ഫലമായാണ‌് ആധുനിക കേരളം പടുത്തുയർത്തിയത‌്. നവോത്ഥാനത്തിന്റെ മൂല്യങ്ങളെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് നമ്മൾ നേടിയെടുത്ത പുരോഗമന  ജീവിതമൂല്യങ്ങളെയും മതനിരപേക്ഷ ജനാധിപത്യ സംസ്‌കാരത്തെയും തകര്‍ത്തെറിഞ്ഞു കൊണ്ട് ദളിതരെയും സ്‌ത്രീകളെയും നീചജന്മങ്ങളായി കണ്ടിരുന്ന മനുസ്മൃതിയുടെയും ചാതുർവർണ്യത്തിന്റെയും ബ്രാഹ്മണാധികാരത്തിന്റേതുമായ ഭൂതകാലത്തേക്ക് തിരിച്ചുകൊണ്ടുപോകാൻ ആണ് സംഘപരിവാർ ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആചാരമായി ശബരിമലയിൽ സ‌്ത്രീവിലക്ക‌് നിലനിൽക്കില്ലെന്ന‌് സുപ്രീംകോടതി ഭരണഘടനയെ അടിസ്ഥാനപ്പെടുത്തി വിധി പറഞ്ഞിട്ടും , ആചാര സംരക്ഷണത്തിന്റെ മറവില്‍ ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിവിധിയെ മുൻനിർത്തി കേരളം ഇപ്പോൾ ഭരിക്കുന്ന ജനാധിപത്യ സർക്കാരിനെതിരെ കലാപനീക്കങ്ങൾ ആണ് സംഘപരിവാർ ശക്തികൾ വിശ്വാസി സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് നടത്തിക്കൊണ്ടിരിക്കുന്നത്. യഥാസ്ഥിതികത്വത്തിന്റെ ചിന്തയിലേക്ക് വളരെ വേഗം ഒരു സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു മാറ്റാൻ ഒരു പരിധിവരെ ഈ ശക്തികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിനു ആക്കം കൂട്ടുന്ന രീതിയിൽ നവോത്ഥാനപാരമ്പര്യം അവകാശപ്പെടുന്ന ചില പത്രങ്ങളും മാധ്യമങ്ങളും വാർത്തകൾ നൽകുന്നത് ജനങ്ങളെ വീണ്ടും തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത് , അത്തരം പ്രവർത്തങ്ങൾക്ക് ഈ മാധ്യമങ്ങൾ ചരിത്രത്തിൽ പോലും മാപ്പർഹിക്കുന്നില്ല .
സംഘപരിവാർ ശക്തികൾ നാളിതുവരെ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടില്ല അതുകൊണ്ടു തന്നെ ഭരണഘടനയിൽ അധിഷ്ഠിതമായ ഒരു നിയമം അവർക്ക് പ്രാധാന്യം ഇല്ലാത്ത കാര്യം ആണ് .
പക്ഷേ ഭരണഘടനാ ധാർമികതയേക്കാൾ മുകളിൽ ഏതെങ്കിലും വിശ്വാസസമൂഹത്തിന്റെ ധാർമികത ഉയർത്തിപ്പിടിക്കാൻ സാധിക്കില്ല എന്നതാണ് സത്യം .
ആചാരം സംരക്ഷിക്കണമെന്നു പറയുന്നവർ വിശ്വാസികളുടെ യാതൊരു ഗുണസ്വഭാവം ഇല്ലാതെ , കൊടും അക്രമികളുടെ എല്ലാ ലക്ഷണങ്ങളോടും കൂടെ ശരണംവിളിയെ ഭരണഘടനാവിരുദ്ധമായ പ്രവർത്തനങ്ങളുടെ മറയാക്കി മാറ്റാനാണ‌് നോക്കുന്നത‌്.
ആചാരസംരക്ഷണത്തിന്റെ പേരിൽ കേരളത്തെ വർഗീയമായി വിഭജിച്ചു , ഇതുവരെ കേരളത്തിൽ നിലംതൊടാതിരിക്കുന്ന സംഘപരിവാർ രാഷ്ട്രീയത്തെ പ്രചരിപ്പിക്കാൻ ആണ് ഈ പ്രവത്തനത്തിലൂടെ സംഘപരിവാർ ശ്രമിക്കുന്നത് . അവർ വിരിച്ച വാരിക്കുഴിൽ കേരളത്തിലെ മറ്റ് വലതുപക്ഷ രാഷ്ട്രീയ കക്ഷികളും വിശിഷ്യാ കോൺഗ്രസ് രാഷ്ട്രീയം അന്തമായ കമ്മ്യൂണിസ്റ്റ് വിരോധം കൊണ്ട് വീണുപോയിരിക്കുന്നു . ഇതിന്റെ അപകടം വളരെ ദൂരവ്യാപകം ആയിരിക്കും എന്ന് അവർ തിരിച്ചറിയുമ്പോഴേക്കും കാലിനടിയിൽ ഉള്ള മണ്ണ് വരെ തീവ്ര വലതുപക്ഷ വർഗീയ പാളയത്തിൽ എത്തിയിട്ടുണ്ടാകും .
ഇന്ന് കേരളം ഒരു നിർണായകഘട്ടത്തിലൂടെ ആണ് കടന്നു പോകുന്നത് .നവോത്ഥാന പോരാട്ടങ്ങളിലൂടെ നേടിയ മതേതര മൂല്യങ്ങളെ സംരക്ഷിക്കാനും,  ചാതുർവർണ്യത്തിന്റെ ദുഷിച്ച കാലഘട്ടത്തിലേക്ക്  തിരിഞ്ഞുനടക്കാതിരിക്കാൻ , കപടവിശ്വാസികളുടെ തന്ത്രങ്ങളുടെ ചട്ടുകങ്ങൾ ആകാതെ വിശ്വാസികൾ എന്താണ് സത്യം എന്നു മനസ്സിലാക്കുകയും ,രാഷ്ട്രീയ മുതലെടുപ്പിന് നിന്നുകൊടുക്കാതിരിക്കുകയും ചെയ്യേണ്ടത്തിന്റെ ആവശ്യകത മനസ്സിലാക്കണം . അതിനു സമൂഹത്തിലെ പുരോഗമന ചിന്താഗതി ഉള്ള എല്ലാ ശക്തികളും ,സ്‌ത്രീ സംഘടനകള്‍, ദളിത് ന്യൂനപക്ഷ വിഭാഗങ്ങളെ പ്രതിനീധീകരിക്കുന്ന സംഘടനകള്‍, എഴുത്തുകാര്‍, കലാകാരന്മാര്‍, സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകര്‍ എല്ലാവരും ഒരുമിച്ചുനിന്നു ബോധവൽക്കരണ പ്രവർത്തങ്ങൾ ഏറ്റെടുക്കണം ഇത്തരത്തിൽ ഉള്ള കുതന്ത്ര രാഷ്ട്രീയ പ്രവർത്തനത്തെ പൊരുതി തോൽപിക്കണം .

 

 

 

 

 

 

 

 

 

കടപ്പാട് / അവലംബം

ദേശാഭിമാനി

ഇടനേരം ബ്ലോഗ്

വിക്കിപീഡിയ

Image: google and manoramaonline.com