പ്രതിരോധിക്കാം കൊറോണയെ

ലോകരാജ്യങ്ങളിലാകമാനം CORONA വൈറസ് രോഗബാധ വർദ്ധിച്ചു വരികയാണ്. 94 രാജ്യങ്ങളിലായി  ഏതാണ്ട് ഒരു ലക്ഷത്തിലധികം പേർക്ക് COVID-19 സ്ഥിരീകരിക്കപ്പെടുകയും അതിൽ നാലായിരത്തിലധികം പേർ ഇതിനകം മരണപ്പെടുകയുണ്ടായി. ഇന്ത്യയിൽ കേരളത്തിലടക്കം അൻപതിലധികം കേസുകൾ ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ട് ലോകരാജ്യങ്ങൾ കോറോണ വൈറസിനെ നേരിടുന്നതിനുള്ള ശക്തമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്.ഇതിന്റെ ഭാഗമായി ഇന്ത്യയിലും കൊറോണ വൈറസിന്റെ വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം കർശന  നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. കേരളത്തിൽ ആരോഗ്യവകുപ്പിന്റെ ശക്തമായ ഇടപെടൽ നടന്നുകൊണ്ടിരിക്കുകയാണ്.ആരോഗ്യ വകുപ്പിന്റെ ഇടപെടൽ ശ്ലാഘനീയമാണ്. അനാവശ്യമായ ആശങ്ക അല്ല വേണ്ടത് , കോറോണ പോലുള്ള വൈറസ് വ്യാപനം തടയാൻ ശക്തമായ കരുതൽ പാലിക്കേണ്ടത് അത്യാവശ്യമാണ്. വായുജന്യ രോഗവ്യാപനം തടയാൻ കരുതൽ പാലിക്കേണ്ടത് അത്യാവശ്യമാണ്. കോവിഡ്‌ 19 വൈറസ്‌ ശരീരത്തിൽ പ്രവേശിക്കുന്നത്‌ മൂക്കും വായയും കണ്ണും ഉൾപ്പെടെയുള്ള ഭാഗങ്ങളിലൂടെയാണ്‌. അത്‌ തടയുകയെന്നത്‌ വളരെ എളുപ്പമാണ്. അതിൽ പ്രധാനമാണ് വ്യക്തി ശുചിത്വം പാലിക്കുക എന്നത് .

കൈകൾ വൃത്തിയായി സൂക്ഷിക്കുക. പ്രത്യേകിച്ച് ഈ പറയുന്ന സമയങ്ങളിൽ തീർച്ചയായും കൈകൾ വൃത്തിയാക്കണം;

1 .ഭക്ഷണം തയ്യാറാക്കുന്നതിന്‌ മുൻപും , തയ്യാറാക്കുന്നതിനിടയ്ക്കും, ശേഷവും

2 .ഭക്ഷണം കഴിക്കുന്നതിന്‌  മുൻപും ശേഷവും

3. തുമ്മിയതിനോ , മൂക്ക് ചീറ്റിയതിനോ , ചുമ വന്നതിന് ശേഷമോ 

4. രോഗിയെ പരിചരിക്കുന്നതിന്‌ മുൻപും ശേഷവും

5. ശൗചാലയം ഉപയോഗിച്ച ശേഷം

6. വളർത്തുമൃഗങ്ങളുമായോ അവയുടെ വിസർജ്യം/കൂടുമായോ സമ്പർക്കമുണ്ടായ ശേഷം.

7. മാലിന്യങ്ങൾ വൃത്തിയാക്കിയതിന് ശേഷം 

കൈ വൃത്തിയാക്കാൻ ഉള്ള മാർഗ്ഗങ്ങൾ 

1. കൈവെള്ളയിൽ നഗ്‌നനേത്രം കൊണ്ടുള്ള കാഴ്‌ചയിൽ അഴുക്ക്‌ പറ്റിയിട്ടുണ്ടെങ്കിൽ സോപ്പിട്ട്‌ പതപ്പിച്ച്‌ കഴുകുക. 40 – 60  സെക്കന്റ്‌ എങ്കിലുമെടുത്ത്‌ കൈയുടെ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്ന രീതിയിൽ സോപ്പ്‌ പതപ്പിച്ച്‌ കഴുകണം.

2. കൈവെള്ളയിൽ നഗ്‌നനേത്രം കൊണ്ടുള്ള കാഴ്‌ചയിൽ അഴുക്ക്‌ പറ്റിയതായി തോന്നുന്നില്ലെങ്കിൽ   70% ആൽക്കഹോൾ അടങ്ങിയ ഹാന്റ്‌ സാനിറ്റൈസർ ഉപയോഗിച്ച്‌ ഹാന്റ്‌റബ്‌ ചെയ്യാം. രണ്ട്‌ തവണയെങ്കിലും ഹാന്റ്‌പമ്പ് ഞെക്കി 3മില്ലിലിറ്റർ സൊല്യൂഷൻ എങ്കിലുമുപയോഗിച്ച്‌ 20 – 30 സെക്കന്റ്‌ എങ്കിലുമെടുത്ത്‌ വേണം കൈ വൃത്തിയാക്കാൻ.

Hand-washing Steps Using the WHO Technique

How to handrub? With alcohol-based formulation

ശ്വസന ശുചിത്വം

1. ചുമ / തുമ്മൽ വരുമ്പോൾ വായും മൂക്കും ഡിസ്പോസിബിൾ ടിഷ്യു അല്ലങ്കിൽ തൂവാല ഉപയോഗിച്ച് മൂടുക. ഡിസ്പോസിബിൾ ടിഷ്യു ഉറപ്പായും waste bin ൽ തന്നെ നിക്ഷേപിക്കണം . അലക്ഷ്യമായി വലിച്ചെറിയരുത് . ഉപയോഗിച്ച തൂവാല detergent ഉപയോഗിച്ച വൃത്തിയായി കഴുകി ഉണ്ടാക്കിയതിന് ശേഷം പിന്നീടും ഉപയോഗിക്കാം .

2. ഇനി ചുമ / തുമ്മൽ വരുമ്പോൾ കയ്യിൽ ടിഷ്യു / തൂവാല ഇല്ലായെങ്കിൽ നിങ്ങളുടെ കൈമുട്ടിനകത്തേക്കോ വസ്‌ത്രത്തിനുള്ളിലേക്കോ തുമ്മുകയും ചുമയ്‌ക്കുകയും ചെയ്യുക. ഇതിനു ശേഷം കൈകൾ വൃത്തിയാക്കണം . 

സുരക്ഷിത അകലം 

1. വൈറസ് വ്യാപനം തടയുന്നതിന് കൂടുതൽ ജനങ്ങൾ പ്രത്യേകിച്ച് വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർ ഒത്തുകൂടുന്ന പരിപാടികൾ പരമാവധി ഒഴിവാക്കുക. 

2. പനി, ജലദോഷം എന്നിവയുള്ളവർ നിർബന്ധമായും പൊതുചടങ്ങുകളിൽ പങ്കെടുക്കാതെ സ്വമേധയ ഒഴിഞ്ഞ് നിൽക്കുക.

3. ചുമ , മൂക്കൊലിപ്പ് , പനി ഉള്ളവരുമായി ഒരു മീറ്റർ / ഒരു കൈയകലം ദൂരം പാലിക്കണം .

4. ആലിംഗനം അല്ലെങ്കില്‍ ഹാന്‍ഡ്‌ഷേക്ക് (shaking hands) പോലെ സ്പര്‍ശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കുക. ഉമ്മ(Kiss) വെക്കുന്നത്  ഒഴിവാക്കണം.

5. നിങ്ങളുടെ മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.

6. ഹാന്‍ഡ് റെയിലിംഗുകള്‍ (ക്യൂ സമ്പ്രദായത്തിന് വേണ്ടി ഒരിക്കിയിട്ടുള്ള കമ്പി) കഴിയുന്നിടത്തോളം തൊടരുത്. റെയിലിംഗ് പോലുള്ള സ്ഥലങ്ങളില്‍ സ്പര്‍ശിച്ചതിന് ശേഷം കൈ കഴുകുക.

7. ക്യൂ നിൽക്കേണ്ട സ്ഥലങ്ങളിൽ തിരക്കുകൂട്ടരുത്. പിന്നില്‍ നിന്നും മുന്നില്‍ നിന്നും വ്യക്തിയില്‍ നിന്ന് ഒരു കൈ അകലം എങ്കിലും പാലിച്ച് ക്യൂവില്‍ പോകുക.

8. ഒഴിവാക്കാൻ പറ്റുന്ന യാത്രകൾ ആണെങ്കിൽ ഒഴിവാക്കുക . പ്രത്യേകിച്ച് കൊറോണ വ്യാപനം കൂടുതലായി ഉള്ള രാജ്യങ്ങളിലേക്ക് ഉള്ള യാത്രകൾ. 

9. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ ദയവായി എയർപോർട്ടിലെ ഉദ്യാഗസ്ഥരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം . 

എപ്പോഴാണ് Mask (സർജിക്കൽ മാസ്ക്) ധരിക്കേണ്ടത് ?

1. നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള പനിയോ , വിട്ടുമാറാത്ത ചുമയോ , തുമ്മലോ ഉണ്ടെങ്കിൽ 

2. രോഗമുണ്ടെന്ന്‌ സംശയിച്ച്‌ നിരീക്ഷണത്തിലുള്ള ആളെ /രോഗിയെ പരിചരിക്കുന്ന സന്ദർഭങ്ങളിൽ 

• മാസ്‌ക്‌ ധരിക്കുന്നതിന്‌ മുൻപും ശേഷവും കൈ കഴുകണം/ഹാന്റ്‌റബ്‌ ചെയ്യണം.

• ഒരു കാരണവശാലും ധരിച്ച ശേഷം മാസ്‌കിന്റെ മുൻവശം സ്‌പർശിക്കരുത്‌.  

• മാസ്ക്കിന്റെ മുകളിലെ വശം (Metal strip ഉള്ള വശം) കൃത്യമായി മൂക്കിന് മുകളിൽ ഉറപ്പിച്ച ശേഷം , ഇലാസ്റ്റിക് വള്ളി ചെവിക്ക് പിറകിൽ ഉറപ്പിക്കണം .അതിന് ശേഷം മാസ്ക്കിന്റെ താഴത്തെ വശം വായ മൂടത്തക്കവിധം താടിയിൽ താഴേ ഉറപ്പിക്കണം .

• മാസ്ക്കിന്റെ നിറമുള്ള വശം പുറത്ത് വരത്തക്ക രീതിയിൽ വേണം മാസ്ക് ധരിക്കാൻ .

• ആശുപത്രിയിൽ ധരിക്കുന്ന മാസ്‌ക്‌ അവിടത്തെ വേസ്‌റ്റ്‌ബാസ്‌ക്കറ്റിൽ തന്നെ കളഞ്ഞ്‌ പുതിയത്‌ ധരിച്ച്‌ പുറത്തിറങ്ങുക. ആശുപത്രിയിലെ രോഗാണുക്കളുമായി പുറത്തിറങ്ങി നടക്കരുത്‌. 

• മാസ്‌ക്‌ ലഭ്യമല്ലെങ്കിൽ? വലിയ കർച്ചീഫ്‌ വാങ്ങി അത്‌ രണ്ടായി മടക്കി ഇടയിൽ വെള്ളം നനഞ്ഞാൽ പെട്ടെന്ന്‌ കുഴഞ്ഞ്‌ പോകാത്ത തരം ടിഷ്യൂ പേപ്പർ ഒരു ലെയറാക്കി വെച്ച്‌ വായും മൂക്കും മൂടി കെട്ടാം. സർജിക്കൽ മാസ്‌ക്‌ ഉപയോഗിക്കുന്ന എല്ലാ നിബന്ധനകളും ഇവിടെയും പാലിക്കുക.

• N95 മാസ്ക്‌ : പരിശോധനക്കായി രോഗിയുടെ സ്രവങ്ങൾ ശേഖരിക്കുകയോ അവർക്ക്‌ വെന്റിലേറ്റർ ഘടിപ്പിക്കുന്നത്‌ പോലെ അവരുടെ ശ്വസനവ്യവസ്‌ഥയുമായി നേരിട്ട്‌ ബന്ധപ്പെടുകയോ ചെയ്യുന്നവർക്കല്ലാതെ N95 മാസ്ക്‌ ആവശ്യമില്ല. 

When and how to wear medical masks to protect against the new coronavirus?

നിങ്ങളുടെ സ്മാർട്ട്ഫോണുകളും വൃത്തിയായിരിക്കണം
ദൂരെ യാത്രയ്ക്ക് പോകുന്നവർ,വിമാന യാത്രകൾ ചെയ്യന്നവർ,പൊതുഇടങ്ങളിൽ പോകുന്നവർ അവരുടെ സ്മാർട്ട് ഫോണുകൾ വൃത്തിയായി സൂക്ഷിക്കേണ്ടത് ഉണ്ട് .
സ്മാർട്ട് ഫോണുകൾ പൊതുവായ ഇടങ്ങളിൽ വെക്കുന്നത് ഒഴിവാക്കുക .
നിങ്ങളുടെ മൊബൈൽ ഫോണും തൂവാലയും ഒരേ പോക്കറ്റിൽ സൂക്ഷിക്കരുത്.
മൃദുവായ, ചെറുതായി നനഞ്ഞ, തുണി ഉപയോഗിച്ച് ചെറിയ ചൂടുള്ള സോപ്പ് വെള്ളം ഉപയോഗിച്ച് തുടച്ചെടുക്കാം . ഫോൺ ഓഫാക്കിയിട്ടു വേണം ഇത് ചെയ്യാൻ . ഫോണിന്റെ മുൻവശത്തും,പുറകിലും അരികുകളിലും നന്നായി തുടയ്ക്കണം.
Reference: https://www.standard.co.uk/tech/coronavirus-how-often-clean-mobile-phone-a4381957.html
https://www.khaleejtimes.com/coronavirus-outbreak/coronavirus-in-uae-clean-your-phones-twice-a-day-advises-ministry

കൊറോണ വ്യാപനം ഒരു പൊതു ജനാരോഗ്യ എമർജൻസിയായ് കണ്ട് ജനങ്ങൾ ആരോഗ്യ മന്ത്രാലയം നൽകുന്ന  നിർദ്ദേശങ്ങളോട് സഹകരിക്കുകയാണ് ഇ രോഗ വ്യാപനം തടയാൻ വേണ്ടത് . ഇപ്പോൾ നാട്ടിൽ ലോക്കല്‍ ട്രാന്‍സ്മിഷന്‍ ഉണ്ടാവുന്ന സാഹചര്യത്തിൽ രോഗലക്ഷണങ്ങൾ ഉള്ളവർ ഉറപ്പായും ആശുപത്രിയിൽ പരിശോചനകൾക്ക് വിധേയമായി , ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അനുസരിക്കുകയും സഹകരിക്കുകയും വേണം . ഇത് രോഗവ്യാപനം വർദ്ധിക്കാതിരിക്കാൻ സഹായകരം ആകും .
നിങ്ങൾ വസിക്കുന്ന രാജ്യത്തെ ആരോഗ്യസംവിധാനത്തിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കുക.

കൊറോണയെ അറിയാം, പ്രതിരോധിക്കാം : WHO നിർദേശങ്ങളുടെ മലയാള വിവർത്തനം

പൊതുജനങ്ങള്‍ക്ക് കോവിഡ് 19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ക്കും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും 0471 2309250, 0471 2309251, 0471 2309252 , DISHA – 1056/04712552056 എന്നീ കോള്‍ സെന്ററിലെ നമ്പരുകളില്‍ വിളിക്കാവുന്നതാണ്. ഭീതി വേണ്ട, ജാഗ്രതയും കരുതലുമാണ്‌ വേണ്ടത്‌. നമ്മൾ അതിജീവിക്കും .

6 ways to protect yourself from COVID-19

Courtesy : WHO