പുച്ചലപ്പള്ളി സുന്ദരയ്യ

മെയ് 19- സ : പുച്ചലപ്പള്ളി സുന്ദരയ്യ ദിനം

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ആദ്യ പഥികരില്‍ ഒരാളും CPI(M)ന്‍റെ ആദ്യ ജനറല്‍സെക്രട്ടറിയും ജനഹൃദയങ്ങള്‍ കീഴടക്കി നമ്മെ നയിച്ച സമരനായകനുമായ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിലമതിക്കാനാകാത്ത സംഭാവന നല്‍കിയ ധീരനായ വിപ്ലവകാരി പ്രിയ സഖാവ് പി സുന്ദരയ്യയുടെ ചരമ ദിനമാണ് May 19.

സാമൂഹ്യമാറ്റത്തിനുവേണ്ടി കര്‍ഷകരെയും പട്ടിണിപ്പാവങ്ങളെയും സംഘടിപ്പിച്ച് അവരോടൊപ്പം നിന്ന് ഭരണവര്‍ഗങ്ങള്‍ക്കെതിരെ ആയുധമെടുത്ത് പോരാടിയ സുന്ദരയ്യയുടെ സമരമാതൃക എക്കാലത്തും സ്മരിക്കപ്പെടുകതന്നെ ചെയ്യും.

ജന്മികുടുംബാംഗമെന്ന നിലയ്ക്ക് ലഭിക്കാവുന്ന സുഖങ്ങളും നേട്ടങ്ങളും ത്യജിച്ച് തൊഴിലാളികള്‍ക്കും പാവങ്ങള്‍ക്കും വേണ്ടി പോരാടിയ കര്‍മധീരനായ വിപ്ലവകാരിയിരുന്നു സഖാവ് സുന്ദരയ്യ. ദരിദ്ര ജന വിഭാഗങ്ങൾക്കു വേണ്ടി എന്നും നിലകൊണ്ട സുന്ദരയ്യ തെലുങ്കാന സമരത്തിന്റെ ഭാഗമായി ഉണ്ടായ സായുധ സമരങ്ങളിൽ നേരിട്ട് പങ്കെടുത്ത സഖാവ്.നൈസാമിന്റെ പട്ടാളശക്തിയെയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തെയും വെല്ലുവിളിച്ച് കമ്യൂണിസ്റ്റ് പടയാളികളെ പോരിനായി ഒരുക്കി,നേര്‍ക്കുനേര്‍ പടവെട്ടിയ സമരനേതാവിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ തലമുറകളെ എന്നും ആവേശംകൊള്ളിക്കുന്നതിനൊപ്പം തന്നെ വിപ്ലവകാരിക്കുവേണ്ട നിശ്ചയദാര്‍ഢ്യം, പ്രത്യയശാസ്ത്ര അവബോധം, ആകര്‍ഷകമായ സ്വഭാവനൈര്‍മല്യം, ലളിതജീവിതം, മാതൃകാപരമായ പാര്‍ടി അച്ചടക്കം, ആരെയും അമ്പരപ്പിക്കുന്ന ധീരത ഇവയെല്ലാം ചേര്‍ന്ന സുന്ദരയ്യയുടെ വ്യക്തിത്വം ഓരോ കമ്യൂണിസ്റ്റുകാരനുമുള്ള പാഠപുസ്തകം കൂടിയാണ്.

“ഗുണ്ടൂരില്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവായ ടി പ്രകാശം സംസാരിക്കുകയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വവുമായി കൂട്ടുകൂടുന്നവരാണ് കമ്യൂണിസ്റ്റുകാരെന്ന് പ്രകാശം ആരോപിച്ചു. മുന്‍നിരയില്‍നിന്ന് ഒരു യുവാവ് എഴുന്നേറ്റു നിന്ന് പ്രകാശം പറയുന്നത് കള്ളമാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. കോണ്‍ഗ്രസിലെ അതികായനായ പ്രകാശത്തെ തിരുത്താന്‍ ഇവനേത് പയ്യന്‍ എന്ന ആകാംക്ഷയാണ് എല്ലാ മുഖങ്ങളിലും ഉണ്ടായത്. അവിടെ കൂടിയ കോണ്‍ഗ്രസുകാര്‍ ആ യുവാവിനെ ബലം പ്രയോഗിച്ച് പുറത്താക്കി. ചങ്കുറപ്പോടെ തന്റെ അഭിപ്രായം വെട്ടിത്തുറന്നുപറഞ്ഞ ആ യുവാവ് സഖാവ് പി സുന്ദരയ്യയായിരുന്നു.”

പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം 1929ല്‍ പ്രശസ്തമായ മദ്രാസ് ലയോള കോളേജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നു. അവിടെവച്ച് യൂത്ത്ലീഗ് നേതാവായിരുന്ന എച്ച്് ഡി രാജയുമായി പരിചയപ്പെടുകയും മാര്‍ക്സിസ്റ്റ് ക്ലാസിക്കുകള്‍ വായിക്കുന്നതിന് അവസരം ലഭിക്കുകയും ചെയ്തു. രാജ്യവ്യാപകമായി അലയടിച്ചുയര്‍ന്ന സ്വാതന്ത്ര്യസമരത്തിന്റെ കാഹളധ്വനി സുന്ദരയ്യയില്‍ വലിയ സ്വാധീനം ചെലുത്തി. അക്കാലത്ത് ഗാന്ധിത്തൊപ്പി ധരിച്ച് കോളേജില്‍ വന്ന ഒരു വിദ്യാര്‍ഥിയെ പുരോഹിതരായ കോളേജ് അധികാരികള്‍ ക്ലാസില്‍നിന്ന് പുറത്താക്കി. ഇതില്‍ പ്രതിഷേധിച്ച് പിറ്റേദിവസം സുന്ദരയ്യയുടെ നേതൃത്വത്തില്‍ ഗാന്ധിത്തൊപ്പി ധരിച്ച് അഞ്ഞൂറില്‍പ്പരം വിദ്യാര്‍ഥികള്‍ കോളേജ് ഗ്രൗണ്ടില്‍ അണിനിരന്നു. ഇതുകണ്ട് പരിഭ്രാന്തനായ പ്രിന്‍സിപ്പല്‍ ഫാദര്‍ ബെട്രാന്‍ നിരോധനം ഏര്‍പ്പെടുത്തിയ വൈദികരെ ശാസിക്കുകയും ഗാന്ധിത്തൊപ്പി ധരിക്കുന്നത് നിഷിദ്ധമല്ലെന്ന ഉത്തരവിടുകയും ചെയ്തു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി സുന്ദരയ്യയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ കോളേജിനകത്തും പുറത്തും ബ്രിട്ടീഷ് ഭരണത്തിനെതിരെ ജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുക പതിവായിരുന്നു. കോളേജിലെ പഠനം സ്വാതന്ത്ര്യസമരപ്രക്ഷോഭത്തിന് തടസ്സമാകുമെന്ന് തിരിച്ചറിഞ്ഞ സുന്ദരയ്യ, പഠനം ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുകയും പ്രക്ഷോഭങ്ങളില്‍ പൂര്‍ണമായി മുഴുകുകയും ചെയ്തു. പിന്നീട് അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീണ്ടും കോളേജില്‍ ചേരാന്‍ തീരുമാനിച്ചു. അതനുസരിച്ച് അനുജന്‍ രാമചന്ദ്രറെഡ്ഡി പഠിച്ചിരുന്ന ബംഗളൂരുവിലെ സെന്റ് ജോസഫ് കോളേജില്‍ ഇന്റര്‍മീഡിയറ്റ് രണ്ടാംവര്‍ഷ പ്രവേശനം നേടി. അന്ന് ബംഗളൂരുവില്‍ ജില്ലാ ജഡ്ജിയായിരുന്ന അളിയന്‍ വീരസ്വാമി റെഡ്ഡിയുടെ കൂടെയായിരുന്നു സഖാവ് താമസിച്ചിരുന്നത്. ഒരിക്കല്‍ കംബംപാട്ടി സത്യനാരായണയില്‍നിന്ന് സുന്ദരയ്യക്ക് ലഭിച്ച സന്ദേശത്തെതുടര്‍ന്ന് ബംഗളൂരുവിലെ കബ്ബന്‍പാര്‍ക്കില്‍വച്ച് കമ്യൂണിസ്റ്റ് നേതാവായ അമീര്‍ ഹൈദര്‍ഖാനെ കണ്ടുമുട്ടി. പൂര്‍ണസമയ പ്രവര്‍ത്തകനാകാന്‍ അമീര്‍ ഹൈദര്‍ഖാന്‍ സുന്ദരയ്യയോട് ആവശ്യപ്പെട്ടു. ഈ കാലയളവില്‍ കമ്യൂണിസ്റ്റ് സാഹിത്യങ്ങളും വിജ്ഞാനപ്രദങ്ങളായ മറ്റു പുസ്തകങ്ങളും വായിക്കാന്‍ കഴിഞ്ഞു. ബംഗളൂരുവിലും കോളേജ് പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. സഹോദരീപുത്രിയുടെ വിവാഹാഘോഷത്തിന്റെ ഭാഗമായി സ്യാലനായ ജില്ലാ ജഡ്ജി, വീട് ബ്രിട്ടീഷ് പതാകകൊണ്ട് അലങ്കരിച്ചതില്‍ പ്രതിഷേധിച്ച് സഹോദരിയുടെ വീട്ടിലെ താമസം മതിയാക്കി സുന്ദരയ്യ നാട്ടിലേക്ക് തിരിച്ചുപോന്നു.

1932ല്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായി. 1934ല്‍ ആന്ധ്ര കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിക്കുന്നത് സഖാവിൻ്റെ നേതൃത്വത്തിലാണ്. തെക്കെ ഇന്ത്യയില്‍ പാര്‍ടി കെട്ടിപ്പടുക്കാനുള്ള ചുമതല അമീര്‍ ഹൈദര്‍ഖാന്‍ സുന്ദരയ്യയെയാണ് ഏല്‍പ്പിച്ചത്. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ നിരവധി പ്രാവശ്യം ജയിലിലടയ്ക്കപ്പെട്ടു. നീണ്ടവര്‍ഷം ഒളിവിലിരുന്ന് പ്രസ്ഥാനത്തെ നയിച്ചു.1943ല്‍ ബോംബെയില്‍ കൂടിയ സിപിഐയുടെ ഒന്നാം കോണ്‍ഗ്രസില്‍ സഖാവ് പങ്കെടുത്തിട്ടുണ്ട്. കേന്ദ്രകമ്മിറ്റിയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ആ വര്‍ഷംതന്നെ പാര്‍ടി സഖാവായ ലൈലയെ വിവാഹംചെയ്തു.

1946ല്‍ ആരംഭിച്ച ഇതിഹാസ സമാനമായ തെലങ്കാന സായുധസമരത്തിന്റെ നേതാവായിരുന്നു സുന്ദരയ്യ. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഉജ്വല ഏടാണ് തെലങ്കാന കര്‍ഷകസമരം. തെലങ്കാന സായുധസമരത്തില്‍ തൊഴിലാളിവര്‍ഗത്തിന് നേരിട്ട് പങ്കില്ലായിരുന്നെങ്കിലും തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലാകെ ഉയര്‍ന്നുവന്ന ബഹുജന വിപ്ലവപ്രസ്ഥാനത്തിന്റെ അവിഭാജ്യഘടകമായിരുന്നു തെലങ്കാനസമരം. മുപ്പതുലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന മൂവായിരം ഗ്രാമങ്ങളില്‍ ഗ്രാമസ്വരാജ് സ്ഥാപിച്ചു. പത്തുലക്ഷം ഏക്കര്‍ ഭൂമി കൃഷിക്കാര്‍ക്ക് വിതരണംചെയ്തു. കര്‍ഷകത്തൊഴിലാളിക്ക് മിനിമംകൂലി കൂട്ടി. സാമൂഹ്യമര്‍ദനങ്ങളില്‍നിന്ന് അവരെ മോചിപ്പിച്ചു. നാലായിരത്തിലധികം കര്‍ഷക വളന്റിയര്‍മാരെ സര്‍ക്കാര്‍ കൊന്നൊടുക്കി. പതിനായിരത്തിലധികംപേര്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. പൊലീസ് ക്യാമ്പിലും പട്ടാളക്യാമ്പുകളിലും മര്‍ദനമേറ്റ് ജീവച്ഛവങ്ങളായവര്‍ അമ്പതിനായിരത്തില്‍പ്പരം.

വിപ്ളവപ്പാതയില്‍ എന്‍റെ യാത്ര എന്ന പുസ്തകത്തിൽ ഒരു വിപ്ളവകാരി കായികമായി ശക്തനായിരിക്കേണ്ടതിന്റെ ആവശ്യം പറയുന്നുണ്ട്. “….ഞാന്‍ ഒരു സൈക്കിള്‍ വാങ്ങി. അലഗനിപാഡില്‍ (എന്‍റെ ഗ്രാമം) നിന്ന് മദിരാശിയിലേക്ക് നൂറു മൈല്‍ ദൂരമുണ്ട്. മദിരാശിയില്‍ നിന്ന് എന്‍റെ ഗ്രാമത്തിലേക്ക് ഒരു ദിവസം മൂന്നു പ്രാവശ്യം സൈക്കിളില്‍ പോയിവന്ന ചരിത്രവും ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്. മറ്റൊരിക്കല്‍ സൈക്കിളില്‍ നെല്ലൂര്‍ വരെ വന്ന് കംദിപാടുവരെ പോയി വീണ്ടും നെല്ലൂര്‍ക്ക് തിരിച്ചു വന്നു.
ഞാന്‍ മദിരാശിയില്‍ നിന്ന് പുറപ്പെടുമ്പോള്‍ പിടികൂടുന്നതിനായി രഹസ്യപ്പോലീസ് സൈക്കിളില്‍ തന്നെ എന്നെ പിന്‍തുടരും. കുറെ ദൂരം പോന്ന ശേഷം എന്നെ പിന്‍തുടരാന്‍ കഴിയാതെ അവര്‍ മദിരാശിയിലേക്കു തന്നെ തിരിച്ചുപോകും. ഒരിക്കല്‍ ഒരു ടാക്സിയില്‍ അവര്‍ നെല്ലൂര്‍ വരെ പിന്‍തുടര്‍ന്ന ചരിത്രവുമുണ്ട്.
എന്‍റെ കായികബലം 1940ല്‍ അണ്ടര്‍ഗ്രൗണ്ട് ജീവിതം നയിക്കുന്നതിനും അതിനുശേഷം തെലങ്കാനാസമരം നയിക്കുന്നതിനും എനിക്ക് വളരെയേറെ ഉപകാരപ്രദമായിട്ടുണ്ട്. ഇതിന്‍റെയെല്ലാം പാഠം ഒരു വിപ്ളവകാരി കായികമായി ശക്തനായിരിക്കണം എന്നതു തന്നെയാണ്. വടിപ്പയറ്റ് ഞാന്‍ പൂര്‍ണ്ണമായും അഭ്യസിച്ചു കഴിഞ്ഞിരുന്നില്ല. ഇതൊരു പോരായ്മയായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. 1942-43 കാലഘട്ടത്തില്‍ ഒരു ഗറില്ലക്കാവശ്യമായ എല്ലാ ശിക്ഷണവും ഞാന്‍ നേടി……”

സുന്ദരയ്യയുടെ മാര്‍ഗനിര്‍ദേശത്തിലാണ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യത്തെ യൂണിറ്റ് കേരളത്തില്‍ രൂപീകരിക്കപ്പെട്ടത്. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിക്കകത്ത് ഒരു കമ്യൂണിസ്റ്റ് ഗ്രൂപ്പ് രൂപീകരിക്കുന്നതിനെപ്പറ്റി പി കൃഷ്ണപിള്ള, ഇ എം എസ് നമ്പൂതിരിപ്പാട് തുടങ്ങിയവരുമായി പ്രാരംഭ ചര്‍ച്ചകള്‍ നടത്തുന്നത് സുന്ദരയ്യയായിരുന്നു.

ശേഷിയും നേതൃപാടവവുമുള്ള കേഡര്‍മാരെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ സുന്ദരയ്യക്ക് അസാമാന്യമായ കഴിവുണ്ടായിരുന്നു. ബഹുജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും അവരുടെ ജീവിതവുമായും ശീലങ്ങളുമായും താദാത്മ്യം പ്രാപിക്കുകയും ചെയ്ത് സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം മറ്റുള്ളവര്‍ക്ക് പ്രചോദനമായി. ഒരു വിപ്ലവസംഘടനയുടെ തത്വങ്ങളെ പ്രയോഗത്തില്‍ വരുത്തുന്ന കാര്യത്തില്‍ സമാനതകളില്ലാത്ത ഒരു കമ്യൂണിസ്റ്റ് നേതാവായിരുന്നു സുന്ദരയ്യ. തെലങ്കാന സമരത്തിനുനേരെ സൈനിക അടിച്ചമര്‍ത്തലുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട് പാര്‍ടിയെയും കേഡര്‍മാരെയും സജ്ജമാക്കി നിര്‍ത്തുന്നതിലും പ്രധാന പങ്കുണ്ടായിരുന്നു. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയിലെ വലതുപക്ഷ റിവിഷനിസ്റ്റ് വ്യതിയാനങ്ങള്‍ക്കെതിരായും ഇടതുപക്ഷ തീവ്രവാദത്തിനെതിരായും ആശയസമരത്തിലേര്‍പ്പെട്ട് ശരിയായ കമ്യൂണിസ്റ്റ് പാതയില്‍ സഖാക്കളെ അണിനിരത്താനും അടിയുറച്ച നിലപാടെടുത്തിരുന്നു സഖാവ്. 1964ല്‍ സിപിഐ എം രൂപംകൊണ്ടപ്പോള്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന ഏഴാം പാര്‍ടി കോണ്‍ഗ്രസില്‍ സുന്ദരയ്യ ആദ്യ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പന്ത്രണ്ട് വര്‍ഷം സഖാവ് ആസ്ഥാനത്ത് തുടരുകയുണ്ടായി.

“പാര്‍ടി സംഘടനാരംഗത്തെ നമ്മുടെ കടമകള്‍” എന്ന 1967ലെ കേന്ദ്രകമ്മിറ്റി പ്രമേയം പാര്‍ടി സംഘടനയെപ്പറ്റിയുള്ള സുന്ദരയ്യയുടെ സങ്കല്‍പ്പനത്തിന്റെ മുദ്രപതിഞ്ഞതാണ്. പാര്‍ടിയുടെ പ്രവര്‍ത്തനത്തില്‍ ജനാധിപത്യ കേന്ദ്രീകരണത്തിനുള്ള പ്രാമാണികത്വം അംഗീകരിക്കപ്പെട്ടു എന്നുള്ളതാണ് ഈ പ്രമേയത്തിന്റെ സുപ്രധാനവശം. പാര്‍ടി പ്രമേയം ഇങ്ങനെ പറയുന്നു:
“ലെനിന്‍ ആവിഷ്കരിക്കുകയും വിപുലീകരിക്കുകയും നിര്‍ബന്ധബുദ്ധിയോടെ നടപ്പാക്കുകയും ചെയ്ത ജനാധിപത്യ കേന്ദ്രീകരണം എന്ന തത്വം എല്ലാ കമ്യൂണിസ്റ്റ് പാര്‍ടികളും ശരിയായ തത്വമെന്ന് സാര്‍വത്രികമായി അംഗീകരിച്ചിട്ടുണ്ട്. ആ സംഘടനാ തത്വത്തിനുമാത്രമേ കമ്യൂണിസ്റ്റ് പാര്‍ടിയെ ഒരു യഥാര്‍ഥ വിപ്ലവപാര്‍ടിയായി പോരാടാന്‍ സജ്ജമാക്കി നിറുത്താന്‍ കഴിയുകയുള്ളൂ.”

എന്താണ് ജനാധിപത്യ കേന്ദ്രീകരണമെന്ന് പ്രമേയം തുടര്‍ന്നു പറയുന്നു:
“നമ്മുടെ പാര്‍ടിയില്‍ കേന്ദ്രീകരണം എന്ന് പറയുന്നത്, പ്രധാനപ്പെട്ട സമിതികളെല്ലാം പാര്‍ടി അംഗങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്നതും അവയുടെ വിശ്വാസം ആര്‍ജിച്ചിട്ടുള്ളതുമാകുന്നു. ഇതാണ് പാര്‍ടി കാര്യങ്ങളെയെല്ലാം നടത്തിക്കൊണ്ടുപോകുന്നതിന് അവരെ അധികാരപ്പെടുത്തുന്നതും വ്യക്തിയെ ഘടകത്തിനും, ന്യൂനപക്ഷത്തെ ഭൂരിപക്ഷത്തിനും, കീഴ്ഘടകത്തെ മേല്‍ഘടകത്തിനും, എല്ലാ കീഴ്ഘടകങ്ങളും കേന്ദ്രകമ്മിറ്റിക്കും വിധേയരാക്കുന്നതും. പാര്‍ടിയുടെ കേന്ദ്രീകരണം എന്ന് പറയുന്നത് ജനാധിപത്യത്തില്‍ അധിഷ്ഠിതമാണ്. “നമ്മുടെ പാര്‍ടിയില്‍ ജനാധിപത്യം എന്നുപറയുന്നത്, എല്ലാ പാര്‍ടി യോഗങ്ങളും വിളിച്ചുചേര്‍ക്കുന്നത് ശരിയായ നേതൃത്വത്തിന്റെ മേല്‍നോട്ടത്തിലാണ്. ശ്രദ്ധാപൂര്‍വവും ശരിയായതുമായ തയ്യാറാക്കലിനും ചര്‍ച്ചയ്ക്കുംശേഷമാണ് പ്രമേയങ്ങള്‍ അംഗീകരിക്കപ്പെടുന്നത്. ശ്രദ്ധാപൂര്‍വം തയ്യാറാക്കിയ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നുമാണ് തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. നമ്മുടെ പാര്‍ടിയില്‍ നേതൃത്വമില്ലാത്ത ജനാധിപത്യമോ, അതിരുകടന്ന ജനാധിപത്യമോ അരാജകത്വമോ ഇല്ല. “ഉയര്‍ന്ന രൂപത്തിലുള്ള ഉള്‍പാര്‍ടി ജനാധിപത്യം സ്ഥാപിച്ചുകൊണ്ട് അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പാര്‍ടി നേതൃത്വത്തില്‍ ഉയര്‍ന്നതരത്തിലുള്ള കേന്ദ്രീകരണം നേടാന്‍ കഴിയുകയുള്ളൂ.”

പി സുന്ദരയ്യയുടെ ഓർമ്മയ്ക്കായി സുന്ദരയ്യ വിജ്ഞാന കേന്ദ്രം എന്ന ഹൈദ്രാബാദിലുള്ള പ്രസിദ്ധമായ ഒരു ഗ്രന്ഥശാലയും ഗവേഷണ സ്ഥാപനവും പി സുന്ദരയ്യയുടെ ഓർമ്മയ്ക്കായ് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന 1988 ൽ രൂപം നൽകി.

മക്കളുണ്ടാവുന്നത് സാമൂഹ്യപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുമെന്നതിനാല്‍ സുന്ദരയ്യയും ലൈല സുന്ദരയ്യയും അതിനാവശ്യമായ ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. സ്വന്തം ജീവിതം തൊഴിലാളികള്‍ക്കും മറ്റ് അധ്വാനിക്കുന്ന ജനങ്ങള്‍ക്കുമായി പൂര്‍ണ്ണമായി സമര്‍പ്പിച്ചുകൊണ്ടുള്ള ജീവിതമായിരുന്നു സുന്ദരയ്യയുടേത്.
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയിലെ വലതുപക്ഷ റിവിഷനിസ്റ്റ് വ്യതിയാനങ്ങള്‍ക്കെതിരായും ഇടതുപക്ഷ തീവ്രവാദത്തിനെതിരായും ആശയസമരത്തിലേര്‍പ്പെട്ട് ശരിയായ കമ്യൂണിസ്റ്റ് പാതയില്‍ സഖാക്കളെ അണിനിരത്തിയ സഖാവായിരുന്നു സുന്ദരയ്യ. 1976ല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവായ അദ്ദേഹം ആന്ധ്രപ്രദേശിലെ പാര്‍ടി സംസ്ഥാന ഘടകത്തിെന്‍റ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരവെയാണ് 1985ല്‍ നിര്യാതനായത്. 1985 മെയ് 19ന് അന്തരിച്ചു.

സഖാവിന്റെ മരിക്കാത്ത ഓർമകൾക്ക് മുന്നിൽ രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.

(കടപ്പാടുകൾ: ദേശാഭിമാനി ആർക്കൈവ്സ്, ചിന്ത, കാട്ടുകടന്നൽ)