മഹത്തായ ഒക്‌ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം

വര്‍ഗപരമായ ചൂഷണത്തില്‍ നിന്ന് മുക്തമായ ഒരു സോഷ്യലിസ്റ്റ് സമൂഹം സ്ഥാപിക്കുന്നതിന് വേണ്ടി മാനവചരിത്രത്തില്‍ തൊഴിലാളികളും കര്‍ഷകരും മറ്റു ചൂഷിത വിഭാഗങ്ങളും നടത്തിയ ആദ്യത്തെ വിജയകരമായ വിപ്ലവമുന്നേറ്റമായിരുന്നു മഹത്തായ ഒക്‌ടോബര്‍ വിപ്ലവം.
തൊഴിലാളിവര്‍ഗ്ഗം നേതൃത്വം കൊടുക്കുന്ന സോവിയറ്റ് യൂണിയന്‍ എന്ന ഒരു പുതിയ സോഷ്യലിസ്റ്റ് രാഷ്ട്രത്തിന്റെ സ്ഥാപനത്തിന് തുടക്കം കുറിച്ച വിപ്ലവം.
വിശാലമായ അര്‍ദ്ധ ഫ്യൂഡല്‍ സാറിസ്റ്റ് സാമ്രാജ്യത്തിനെതിരെയും മുതലാളിത്ത വ്യവസ്ഥക്കെതിരെയും 1917 നവംമ്പര്‍ ഏഴിനാണ് റഷ്യന്‍ വിപ്ലവം നടന്നത്. സാറിസ്റ്റ് റഷ്യ ദേശീയതകളുടെ ഒരു ജയിലറയായിരുന്നു.
മഹാനായ ലെനിന്റെ നേതൃത്വത്തിൽ റഷ്യയിലെ ബോൾഷെവിക് പാര്‍ട്ടി സംഘടിച്ചത് 1903-ലായിരുന്നു. ആ പാർട്ടിക്ക് റഷ്യയിലെ കൃഷിക്കാരേയും തൊഴിലാളികളേയും മർദിത ജനതകളേയും സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്ക് നയിക്കാൻ കഴിഞ്ഞു.
1914-ല്‍ സാര്‍ ഒന്നാം ലോകയുദ്ധത്തില്‍ പങ്കാളിയായി. ഒരു സാമ്രാജ്യത്വയുദ്ധമായിരുന്നു അത്. ദശലക്ഷക്കണക്കിനു വരുന്ന കര്‍ഷകരേയും തൊഴിലാളികളേയും നിര്‍ബ്ബന്ധിച്ച് സാറിസ്റ്റ് സൈന്യത്തില്‍ ചേര്‍ക്കുകയും യുദ്ധമുന്നണിയിലേക്ക് അവരെ അയയ്ക്കുകയും ചെയ്തു. ജര്‍മ്മനിയുമായുള്ള ഏറ്റുമുട്ടലില്‍ റഷ്യന്‍ പക്ഷത്തുനിന്നും ആയിരക്കണക്കിനു പേര്‍ക്ക് അവരുടെ ജീവന്‍ നഷ്ടപ്പെട്ടു.  കര്‍ഷകര്‍ ദരിദ്രവല്‍ക്കരിക്കപ്പെട്ടു .
ഈ ഘട്ടത്തിലാണ് ബോള്‍ഷെവിക് പാര്‍ടി സാറിസ്റ്റ് ഭരണത്തിനെതിരായ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. ബോള്‍ഷെവിക്കുകളാണ് പിന്നീട് സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയായി രൂപാന്തരപ്പെടുന്നതും. അങ്ങനെ ആദ്യത്തെ ഫെബ്രുവരി വിപ്ലവത്തിലൂടെ സാറിസ്റ്റ് ഏകാധിപത്യം തൂത്തെറിയുകയും അതിന്റെ സ്ഥാനത്ത് ചില സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടികളുടെ പങ്കാളിത്തത്തോടെ ബൂര്‍ഷ്വാ മേധാവിത്വത്തിലുള്ള ഒരു ഗവണ്‍മെന്റ് രൂപീകരിക്കപ്പെടുകയും ചെയ്തു. ഫെബ്രുവരി വിപ്ലവത്തിനു ശേഷം രൂപംകൊണ്ട താല്‍ക്കാലിക ഗവണ്‍മെന്റ് പിന്തിരിപ്പന്‍ ശക്തികളുമായി ഒത്തുതീര്‍പ്പിലെത്തുകയും റഷ്യന്‍ മുതലാളിത്തത്തിന്റെ താല്‍പര്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.യുദ്ധത്തില്‍ ഏറ്റ തിരിച്ചടിയേയും സൈനികര്‍ക്കുണ്ടായ ആപത്തുകളെയും തുടര്‍ന്ന് ഗവണ്‍മെന്റ് വൻതോതില്‍ ജനവിരുദ്ധമായി മാറി.
ഫ്രെബ്രുവരി വിപ്ലവം ജനകീയാധികാരത്തിന്റേതായ ഒരു പുതിയ ഉപകരണത്തിന്, സോവിയറ്റുകള്‍ക്കു രൂപം നല്‍കിയിരുന്നു.
ബോള്‍ഷെവിക് പാര്‍ടിക്ക് തൊഴിലാളികളില്‍ നിന്നും സൈനികകേന്ദ്രങ്ങളില്‍ രൂപം കൊണ്ട സോവിയറ്റുകളില്‍ നിന്നും കൂടുതല്‍ പിന്തുണയാര്‍ജ്ജിക്കാനായി. സെപ്തംബര്‍ അവസാനത്തോടെ താല്‍ക്കാലിക ഗവണ്‍മെന്റിന് തൊഴിലാളികളില്‍ നിന്നും കര്‍ഷകരില്‍ നിന്നും സൈനികരില്‍ നിന്നും കൂടുതല്‍ എതിര്‍പ്പിനെ നേരിടേണ്ടതായി വന്നു.
ഭൂമി, സമാധാനം, ഭക്ഷണം എന്നീ മുദ്രാവാക്യങ്ങള്‍ക്ക് പിന്നിലാണ് ബോള്‍ഷെവിക്കുകള്‍ ജനങ്ങളെ അണിനിരത്തിയത്. നിരക്ഷരതാ നിര്‍മാര്‍ജനം, സാര്‍വ്വത്രികമായ പ്രാഥമികവിദ്യാഭ്യാസം, സൗജന്യ ആരോഗ്യ സംരക്ഷണ വ്യവസ്ഥ, പുതിയ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകളുടെ യൂണിയന്‍ എന്നിവ അതിനു പിറകെ വന്ന മുദ്രാവാക്യങ്ങൾ .
എല്ലാ അധികാരങ്ങളും സോവിയറ്റുകള്‍ക്ക്എന്ന ബോള്‍ഷെവിക് പാര്‍ടിയുടെ ആഹ്വാനത്തെ തുടര്‍ന്ന്, അന്തിമമായി ഒക്‌ടോബര്‍ 25-ന് (നവംബര്‍ 7ന്) തൊഴിലാളികളുടെ സായുധ വിഭാഗങ്ങളും (റെഡ് ഗാര്‍ഡ്‌സ്) വിപ്ലവകാരികളായ സൈനികരും താല്‍ക്കാലിക ഗവണ്‍മെന്റിനെ പുറത്താക്കുന്നതിനായി മുന്നോട്ടു നീങ്ങി. തലസ്ഥാനമായ പെട്രോഗ്രാഡില്‍ അധികാരം പിടിച്ചെടുക്കുന്നതില്‍ വിപ്ലവം വിജയം കണ്ടു. തുടര്‍ന്നുള്ള ആഴ്ചകളില്‍ മോസ്‌കോവിലും മറ്റു കേന്ദ്രങ്ങളിലും പഴയ ഭരണകൂടത്തോട് കൂറുപുലര്‍ത്തുന്ന പ്രതിവിപ്ലവ ശക്തികളുടെ പ്രതിരോധത്തെ മറികടന്നുകൊണ്ട് റഷ്യയിലും സാറിസ്റ്റ് സാമ്രാജ്യത്തിനകത്തും സോവിയറ്റ് അധികാരം പൂര്‍ണ്ണമായി സ്ഥാപിക്കുവാന്‍ കഴിഞ്ഞു.
1922-ൽ വ്ലാഡിമിർ ലെനിന്റെ നേത്രത്വത്തിൽ സോവിയറ്റ് യൂണിയനായി തീര്‍ന്ന റഷ്യയിലെ 70 വര്‍ഷത്തോളം നീണ്ടുനിന്ന കമ്മ്യൂണിസ്റ്റ് ഭരണത്തിന് സാധുത നല്‍കിയത് ഒക്ടോബര്‍ വിപ്ലവമാണ്.
1917ലെ റഷ്യന്‍ വിപ്ലവം അട്ടിമറിയോ അധികാരം പിടിച്ചെടുക്കാനുള്ള ഗൂഢാലോചനയോ ആയിരുന്നില്ല. സോഷ്യലിസം, ജനാധിപത്യം, ദേശീയ സ്വയംനിർണയാവകാശം, സമാധാനം ഇതായിരുന്നു ഒക്‌ടോബർ വിപ്ലവം ഉയർത്തിയ മുദ്രാവാക്യങ്ങളും മുന്നോട്ടുവെച്ച ലക്ഷ്യങ്ങളും. ഈ ലക്ഷ്യങ്ങൾ ആണ് ഇന്നും മാനവരാശിയുടെ പുരോഗതിയുടെ പാതയിലെ കെടാവിളക്കുകളായി നിലനിൽക്കുന്നത് .
മുതലാളിത്തത്തിൽ നിന്ന് സോഷ്യലിസത്തിലേക്കും കൊളോണിയലിസ്റ്റ് വ്യവസ്ഥയിൽ നിന്ന് ദേശീയ വിമോചനത്തിലേക്കും രാജ്യാന്തര ബന്ധങ്ങളിൽ യുദ്ധത്തിന്റേയും ബലപ്രയോഗത്തിന്റേയും മാർഗത്തിനു പകരം സമാധാനപരമായ സഹവർത്തിത്വത്തിന്റെ തത്ത്വങ്ങൾ കാണിച്ചുതരികയായിരുന്നു റഷ്യന്‍ വിപ്ലവത്തിലൂടെ അധികാരത്തിലെത്തിയ സോവിയറ്റ് യൂണിയൻ.
സോവിയറ്റ് യൂണിയൻ ഇല്ലായിരുന്നുവെങ്കിൽ,
1. ജർമൻ നാസികളുടെയും ജാപ്പനീസ് പട്ടാള മേധാവികളുടെയും ഉദ്ദേശ്യം സഫലീകരിക്കുമായിരുന്നു. 2 2. മനുഷ്യസാദ്ധ്യമാണെന്ന് അതുവരെ ആരും കരുതാത്ത ധീരോദാത്തതയും ത്യാഗസന്നദ്ധതയും ദേശാഭിമാനവും മനുഷ്യസ്‌നേഹവും പ്രകടിപ്പിച്ചുകൊണ്ട് ഫാസിസത്തിൽ നിന്ന് മാനവ സമുദായത്തെ മോചിപ്പിച്ചു.
3. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിലും യുദ്ധാനന്തരം മൂന്ന് ദശകങ്ങൾക്കുള്ളിലും ഭൂമുഖത്തുനിന്ന് പഴയ കൊളോണിയലിസം തൂത്തെറിയപ്പെടുമായിരുന്നില്ല.
ഇന്ത്യയിലും ഇതിന്റെ അലയടികൾ ഉണ്ടായി ;ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനകത്തും പുറത്തുമുള്ള വിപ്ലവകാരിഗ്രൂപ്പുകള്‍ക്കിടയിലെ സ്വാതന്ത്ര്യസമര പോരാളികള്‍ക്കിടയില്‍ ഒക്‌ടോബര്‍ വിപ്ലവ വാര്‍ത്തകള്‍ ആവേശം ജനിപ്പിക്കുകയും കോണ്‍ഗ്രസ്സിലെ ഉല്‍പതിഷ്ണുവിഭാഗം റഷ്യയിലെ വിപ്ലവ വിജയത്തെ സ്വാഗതം ചെയ്യുകയും തൊഴിലാളിവര്‍ഗത്തെ സംഘടിപ്പിക്കുന്നതിനോട് അനുഭാവം കാണിക്കുകയും ചെയ്തു. തൊഴിലാളിവര്‍ഗ പ്രസ്ഥാനം തൊഴിലാളി സംഘടന രൂപീകരണങ്ങളിലൂടെ നിരവധി അവകാസഹ സമര പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ച് പണിമുടക്ക് സമരങ്ങൾ തുടങ്ങി.
ലോകമാകെയെടുത്താല്‍ ജനാധിപത്യവിരുദ്ധ ശക്തികള്‍ക്കും ഫാസിസത്തിനുമെതിരെ ഏറ്റവും ഉജ്വലമായ പോരാട്ടം നടത്തിയത് സോവിയറ്റ് യൂണിയനും സോഷ്യലിസ്റ്റ് ശക്തികളുമാണ്.
മനുഷ്യവിമോചനത്തിൻറെ കാഹളം മുഴക്കിയ മഹത്തായ ഒക്ടോബർ വിപ്ലവത്തിന് നൂറു വയസ്സാകുന്നു.
99 വർഷം മുമ്പ് 1917 ല്‍ നടന്ന ലോകത്തെ ആദ്യത്തെ സോഷ്യലിസ്റ്റ് വിപ്ലവം നല്‍കിയ ദിശാബോധം ലോകത്തെമ്പാടുമുള്ള മനുഷ്യരുടെ വിമോചന പോരാട്ടത്തിന് ഇന്നും പ്രചോദനമാണ്.സാമൂഹ്യ വിമോചനത്തിനും സമത്വത്തിനും കൊതിക്കുന്ന മനസ്സുകൾക്ക് അത് ഊർജം പകരുന്നു.
ചൂഷണത്തിനടിമപെട്ട് ഞെരിഞ്ഞമർന്ന അധ്വാനിക്കുന്ന ജനകോടികൾക്ക്  പ്രത്യാശയുടെ സൂര്യോദയമായിരുന്നു ഒക്‌ടോബർ വിപ്ലവം. ചൂഷണരഹിതമായ സാമൂഹ്യ ജീവിതം സാധ്യമാക്കാൻ തൊഴിലാളി വർഗ്ഗത്തിനു കഴിയുമെന്ന വലിയ സന്ദേശം  ഒക്‌ടോബർ വിപ്ലവം നൽകി.
ഒക്‌ടോബർ വിപ്ലവം ജനിച്ച മണ്ണിൽ കമ്യൂണിസത്തിന് തിരിച്ചടി നേരിടേണ്ടി വന്നു അത് കമ്മ്യൂണിസ്റ്റ്‌ സങ്കൽപ്പത്തിനുണ്ടായ പാളിച്ച കൊണ്ടല്ല മറിച്ച് അത് കൈകാര്യം ചെയ്ത നേതൃത്വത്തിനുണ്ടായ ചില വീഴ്ചകൾ മൂലമായിരുന്നു.
നവലിബറൽ നയങ്ങൾ നടപ്പാക്കുന്നതിന്റെ  ഭാഗം ആയി നമ്മൾ അറിഞ്ഞോ അറിയാതെയോ ഇന്നു വൻകിട കോർപ്പറേറ്റുകളുടെ ചൂഷണത്തിനുള്ള ഇരകളായി മാറിക്കൊണ്ടിരിക്കുന്നു.
വരഗീയതയുടെ കാളകൂട വിഷം പുതു തലമുറയിലേക്കു കുത്തി വെക്കുവാൻ ഭൂരിപക്ഷ ഫാസിസ്റ് ശക്തികളും അവരൊടൊപ്പം ന്യുനപക്ഷ വിഭാങ്ങങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നു .
അരാഷ്രീയവാദം ഇതുപോലുള്ള ദുഷ്ട ശക്തികളുടെ വളർച്ചക്കേ ഉപകരിക്കൂ.
ഈ അവസരത്തിൽ സോഷ്യലിസ്റ്റ് മുന്നേറ്റത്തിലൂടെ ചൂഷണരഹിതമായ ഒരു സാമൂഹ്യക്രമം കെട്ടി പടുക്കുവാനുള്ള പോരാട്ടങ്ങൾ ശക്തിപെടുത്തുകയും കമ്മ്യൂണിസ്റ്റ്‌ ബോധത്തോടു കൂടി മാനവികത ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്യാൻ തൊഴിലാളി വർഗ പ്രസ്ഥാനത്തിനു കഴിയണം , കഴിയട്ടെ എന്നാശംസിക്കുന്നു …
സമരമുഖത്ത് എന്നും കരുത്തു പകരുന്ന സ്മരണയാണ് ഒക്‌ടോബർ വിപ്ലവം…

 

ലാല്‍സലാം, ലാല്‍സലാം, സഖാക്കളെ…