സഖാവ് അഴീക്കോടൻ രാഘവൻ രക്തസാക്ഷിത്വം

കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകമായിരുന്നു 1972 സെപ്റ്റംബർ 23നു രാത്രി തൃശൂരിലെ ചെട്ടിയങ്ങാടിയില്‍ വെച്ച് നടന്ന സഖാവ് അഴീക്കോടന്‍ രാഘവൻ വധം.
രാഷ്ട്രീയ കേരളം ഇന്നും ഞെട്ടലോടെയാണ് അഴീക്കോടന്‍ രാഘവന്റെ മരണം ഓര്‍ക്കുന്നത്.
കേരളത്തിലെ തൊഴിലാളി വര്‍ഗത്തിന്റെ കരുത്തനായ പോരാളി.
വധിക്കപ്പെടുമ്പോള്‍ അഴീക്കോടന്‍ ഇടതുപക്ഷ മുന്നണി ഏകോപനസമിതി കണ്‍വീനറായിരുന്നു.
കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കായി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി എസ്റ്റേറ്റുടമയില്‍ നിന്ന് പണം വാങ്ങിവയ്ക്കണമെന്ന ഒരു കത്ത് അന്നത്തെ ആഭ്യന്തരമന്ത്രി കെ .കരുണാകരന്റെ പ്രൈവറ്റ് സെക്രട്ടറി സി കെ ഗോവിന്ദന്‍ തൃശൂര്‍ ഡിസിസി പ്രസിഡന്റ് എം വി അബൂബക്കറിന് അയച്ചിരുന്നു. ആ കത്ത് ചോര്‍ത്തി നവാബ് രാജേന്ദ്രന്‍ പ്രസിദ്ധീകരിച്ചു. തട്ടില്‍ എസ്റ്റേറ്റ് കേസ് കോണ്‍ഗ്രസിന്റെ അഴിമതിയുടെ കെട്ടമുഖം പുറത്തുകൊണ്ടുവന്നു.കെ ശങ്കരനാരായണന്‍ അന്ന് സംഘടനാ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. അദ്ദേഹം പരസ്യമായി അഴിമതിക്കെതിരെ രംഗത്തുവന്നു. കത്തിന്റെ അസ്സല്‍ പുറത്തായാല്‍ കോണ്‍ഗ്രസ് തകരുമെന്നായി. അതോടെ നവാബിനെ ലോക്കപ്പിലിട്ട് തല്ലിച്ചതച്ചു. കത്ത് അഴീക്കോടന്റെ കൈയിലാണെന്ന് അറിഞ്ഞതോടെ വളഞ്ഞ വഴിയിലൂടെ അത് കൈയിലാക്കാന്‍ ശ്രമം നടന്നു.
ഈ വിവാദം കത്തിനിൽക്കുമ്പോൾ ആണ്‌ ഉന്മൂലന സിദ്ധാന്തവും അതിതീവ്രവാദവും തലയിലേറ്റി പാര്‍ടി വിട്ടുപോയ ചിലരെ ആയുധമാക്കി എറണാകുളത്തു നിന്ന് ബസില്‍ തൃശൂരിലെത്തി താമസസ്ഥലമായ പ്രീമിയര്‍ ലോഡ്ജിലേക്ക് നടക്കുന്ന വഴിയിൽ അക്രമിസംഘത്തിന്റെ കത്തി അഴീക്കോടന്റെ ജീവനെടുത്തത്.
കൊലയില്‍ കൃത്യം ആയ ആസൂത്രണം പ്രകടമായിരുന്നു. ചെട്ടിയങ്ങാടിയില്‍ നിന്ന് വിളിപ്പാടകലെയുള്ള പാര്‍ടി ജില്ലാകമ്മിറ്റി ഓഫീസില്‍ വിവരമെത്തും മുമ്പ് പത്രങ്ങളും കോണ്‍ഗ്രസ് നേതൃത്വവും കൊലപാതകം അറിഞ്ഞു.
കണ്ണൂര്‍ ടൗണിലെ തെക്കീബസാറിലെ ഒരു തൊഴിലാളി കുടുംബത്തില്‍ ജനിച്ചു. തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായി.
കേരളത്തില്‍ ട്രേഡ് യൂണിയന്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ നേതാക്കന്മാരില്‍ പ്രമുഖനായിരുന്നു സ: അഴീക്കോടന്‍ രാഘവന്‍. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ്, മലബാര്‍ ജില്ലയില്‍ വിവിധ തൊഴിലാളി സംഘടനകള്‍ രൂപീകരിക്കുന്നതില്‍ അഴിക്കോടന്‍ പ്രമുഖ പങ്ക് വഹിച്ചു. ഐക്യ കേരള പിറവിക്ക് ശേഷവും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ അഴീക്കോടന്‍ സജീവമായിരുന്നു.
ഒരു “സൈക്കിള്‍- പെട്രോമാക്സ്- ബീഡിഷോപ്പി”ലായിരുന്നു ജോലിയുടെ തുടക്കം. അവിടുന്ന് ബീഡി തെറുക്കാന്‍ പഠിക്കുകയും, ബീഡി തൊഴിലാളിയാവുകയും ചെയ്തു. ബീഡി തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനമാരംഭിച്ച കാലമായിരുന്നു അത്. തുടക്കത്തില്‍ ബീഡി തൊഴിലാളി യൂണിയന്‍ “മെസഞ്ചറാ”യി അഴീക്കോടന്‍ പ്രവര്‍ത്തിച്ചു. പിന്നീട് ബീഡി തൊഴിലാളി യൂണിയന്‍ ഓഫീസ് സെക്രട്ടറിയായി, കുറച്ച് കാലത്തിന് ശേഷം യൂണിയന്‍ സെക്രട്ടറിയുമായി.
1942-ലെ ജാപ്പുവിരുദ്ധസമരത്തിന്റെ മുന്നണിപ്പോരാളികളില്‍ ഒരാളായിരുന്നു.രണ്ടാം ലോകയുദ്ധകാലത്ത്,
ഫാസിസ്റ്റ് ശക്തികൾക്കൊപ്പം ചേർന്ന
ജപ്പാനെ തുറന്നുകാട്ടി പാർട്ടി സംഘടിപ്പിച്ച ജാപ്പുവിരുദ്ധസമരത്തിലെ ഉജ്വല പ്രസംഗങ്ങളാണ്
അഴീക്കോടനെന്ന പ്രാസംഗികനെ ജനങ്ങൾക്കിടയിൽ
പ്രിയങ്കരനാക്കിയത്.
അക്കാലത്ത് സ.പി കൃഷ്ണപിള്ളയുമായി ഇടപഴകാന് ലഭിച്ച
അവസരം അഴീക്കോടന്
വർഗ്ഗരാഷ്ട്രീയത്തിലേക്കുള്ള വഴിയൊരുക്കി .
മികച്ച ഒരു പൊതുപ്രവർത്തകൻ ആയിരുന്നു അഴീക്കോടൻ. രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന് നാട്ടിൽ കോളറ പോലുള്ള രോഗങ്ങൾ പടർന്നു പിടിച്ചപ്പോൾ അതിനെതിരേ ദുരിതാശ്വാസപ്രവർത്തനവുമായി രാഘവൻ മുന്നിട്ടിറങ്ങി. ഇത് അദ്ദേഹത്തിന് ജനങ്ങൾക്കിടയിൽ ജനകീയനായ നേതാവ് എന്ന ഒരു പേര് നേടിക്കൊടുത്തു.
1946-ല്‍ പാര്‍ടിയുടെ കണ്ണൂര്‍ ടൗണ്‍ സെക്രട്ടറിയായി. 1951-ല്‍ മലബാര്‍ കമ്മിറ്റിയിലേക്ക്. 1954-ല്‍ മലബാര്‍ ട്രേഡ് യൂണിയന്‍ കൗണ്‍സില്‍ സെക്രട്ടറിയായി. 1956-ല്‍ പാര്‍ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി. സിപിഐ എം രൂപീകരണം മുതല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം.
1963 ആഗസ്റ്റ്‌ 7 ന് ദേശാഭിമാനി പ്രിന്റിംഗ്‌ ആൻഡ്‌ പബ്ലിഷിംഗ്‌ കമ്മിറ്റിയുടെ ഭരണസമിതി ചെയർമാനായി. മരണം വരെ ആ സ്ഥാനത്ത്‌ തുടർന്നു.
ജനകീയ സമരങ്ങളുടെ അതുല്യനായ സംഘടാകന്‍. പോരാട്ട വേദികളിലെ അജയ്യനായ നേതാവ്.
മാര്‍ക്സിസം ലെനിസത്തിന്‍റെ ആശയപരവും പ്രായോഗികവുമായ അടിത്തറയില്‍ ഉറച്ചു നിന്ന് രാഷ്ട്രീയത്തിന്‍റെ ചലനങ്ങള്‍ നിരീക്ഷിക്കുകയും ഇടപെടുകയും ചെയ്ത തൊഴിലാളി വര്‍ഗ നേതാവായിരുന്നു അഴീക്കോടന്‍ രാഘവന്‍.
രാഷ്ട്രീയ ജീര്‍ണതയ്ക്കെതിരെ സന്ധിയില്ലാത്ത നിലപാടായിരുന്നു സഖാവിന്‍റേത്. പാര്‍ട്ടിയും പാര്‍ട്ടിക്ക് കീഴില്‍ അണിനിരക്കുന്ന ജനങ്ങളുമായിരുന്നു അഴീക്കോടന് എല്ലാം.
അഴീക്കോടനെ കുറിച്ച് എ കെ ജി പറഞ്ഞത്, “”ഉറക്കവും വിശ്രമവുമെല്ലാം ട്രാന്‍സ്പോര്‍ട്ട് വണ്ടിയില്‍ കഴിച്ചിരുന്ന സ. അഴീക്കോടന്‍ ഒരിക്കലും നിരാശനായോ ശുണ്ഠി പിടിച്ചോ പ്രത്യക്ഷപ്പെടുന്നത് കണ്ടിട്ടില്ല. ഒരിക്കലും മായാത്ത പുഞ്ചിരിയും തളരാത്ത ഹൃദയവുമായി കേരളത്തിന്റെ എല്ലാ മൂലയിലും ആ സഖാവ് ഓടിയെത്തും. ആരോടും സൗമ്യനായി ഇടപെടും. കടുത്ത വിമര്‍ശങ്ങള്‍ തന്റെ മേല്‍ തൊടുത്തുവിടുമ്പോഴും ശാന്തനായി സഖാവ് കേട്ടിരിക്കും. തനിക്കു പറയാനുള്ളത് ശാന്തനായി പറയും. പകയോ വിദ്വേഷമോ ആ സഖാവ് വച്ചുപുലര്‍ത്താറില്ല.”” എന്നാണ്.
അഴീക്കോടനെതിരെ അഴിമതിക്കഥകള്‍ പ്രചരിപ്പിച്ചു. അദ്ദേഹത്തിന് കണ്ണൂരില്‍ ബസ് സര്‍വീസുണ്ടെന്നും കൊട്ടാരസദൃശമായ വീടുണ്ടെന്നും പറഞ്ഞുപരത്തി. ഒടുവില്‍, ഇ എം എസും എ കെ ജിയും നയിച്ച വിലാപയാത്രയായി അഴീക്കോടന്റെ മൃതദേഹം കണ്ണൂരിലെത്തിയപ്പോഴാണ്, ആ മഹാനായ നേതാവിന് സ്വന്തമായി ഒരു കിടപ്പാടം പോലുമില്ലെന്ന് എതിരാളികള്‍ അറിഞ്ഞത്. തൊടുത്തുവിട്ട ആക്ഷേപങ്ങളില്‍ അവര്‍ പക്ഷേ പശ്ചാത്തപിക്കുന്നത് ആരും കണ്ടില്ല.
അവകാശ സമരങ്ങളുടെ തീച്ചൂളയില്‍ ഉരുകിയുറച്ച കമ്മ്യൂണിസ്റ്റ് ലാളിത്യവും സമരവീര്യവുമായിരുന്നു അദ്ദേഹത്തിന്‍റെ വ്യക്തിമുദ്രകള്‍.
കോണ്‍ഗ്രസിന്‍റെ ഒത്താശയോടെ മാര്‍ക്സിസ്റ്റുവിരുദ്ധ വര്‍ഗവഞ്ചകരുടെ കൊലക്കത്തിയിരയായ അനശ്വരനായ രക്തസാക്ഷി.
അനശ്വര രക്തസാക്ഷി അഴീക്കോടനെ സ്മരിച്ചുകൊണ്ട് എകെജി പറഞ്ഞ വാക്കുകള്‍ ഇപ്രകാരമാണ്. – “അഴീക്കോടന്‍ നമ്മെ വിട്ടു പിരിഞ്ഞുവെങ്കിലും, സഖാവിനെക്കുറിച്ചുള്ള സ്മരണ നമ്മുടെ വര്‍ഗശത്രുക്കള്‍ക്കൊരു പേടിസ്വപ്നമായിരിക്കും.”
സഖാവിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍…..
അവലംബം :
http://bit.do/exkcY