ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇന്ത്യ സംഭാവന നല്കിയ ചരിത്രത്തിനും മുന്നേ നടന്ന മൂന്നക്ഷരം ആണ് സഖാവ് ഇ.എം.എസ്.
മാര്‍ക്സിസം-ലെനിനിസത്തെ ഇന്ത്യന്‍ സാഹചര്യത്തിന് അനുയോജ്യമായി രൂപപ്പെടുത്തിയെടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച വ്യക്തി ആയിരുന്നു സഖാവ് ഇ.എം.എസ്.
ഇന്ന് കാണുന്ന ആധുനിക കേരളത്തിന്റെ ശിൽപി അതിന്റെ പുരോഗതിക്ക് അടിസ്ഥാനമിട്ട എല്ലാ പ്രവർത്തങ്ങൾക്കും ചുക്കാൻ പിടിച്ച വ്യക്തി .
1909 ജൂൺ 13-ന് മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണക്കടുത്ത് കുന്തിപ്പുഴയുടെ തീരത്ത് ഏലംകുളത്ത് മനയിൽ പിതാവ് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും മാതാവ് വിഷ്ണുദത്തയുടെയും നാലാമത്തെ മകൻ ആയി ഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് അഥവാ ഇ. എം. എസ്. നമ്പൂതിരിപ്പാട് ജനിച്ചു . ‘കുഞ്ചു‘ എന്ന ഓമനപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ജന്മിത്വം കൊടികുത്തിവാണിരുന്ന ഘട്ടത്തിലാണ് ജനനം .
കടുത്ത യാഥാസ്ഥിതിക കുടുംബത്തിന്റെ അന്തരീക്ഷത്തിലാണ് ശങ്കരൻ വളർന്നത്. അഷ്ടഗൃഹത്തിലാഢ്യർ എന്ന ഉയർന്ന തറവാട്ടു മഹിമയുള്ളവരായിരുന്നു അവർ. തറവാട്ടുവകയായ ക്ഷേത്രങ്ങൾ മാത്രമല്ല മറ്റനേകം ക്ഷേത്രങ്ങളിലേയും തന്ത്രിമാരായിരുന്നു അദ്ദേഹത്തിന്റെ മനയിലെ അംഗങ്ങൾ.
സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന്റെ തീക്ഷ്ണമായ സമരങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് തന്റെ പൊതുപ്രവര്‍ത്തനം ഇ.എം.എസ് ആരംഭിക്കുന്നത്. ഹൈസ്ക്കൂൾ പഠനകാലത്ത് ശങ്കരൻ അങ്ങാടിപ്പുറത്തു നടന്ന യോഗക്ഷേമ സഭയുടെ ഇരുപതാം സമ്മേളനത്തിൽ സന്നദ്ധപ്രവർത്തകനായി പങ്കെടുക്കുകയുണ്ടായി. സ്കൂൾ വിദ്യാഭ്യാസകാലഘട്ടത്തിൽ തന്നെ സാമൂഹിക പ്രവർത്തനങ്ങളോടുള്ള താത്പര്യം ഉണ്ടായി . ഈ സമയത്തുതന്നെ എഴുതാനും തുടങ്ങിയിരുന്നു .യോഗക്ഷേമ സഭയുടെ പ്രവർത്തനങ്ങൾക്കു വേണ്ടിയാണ് താൻ പേനയും പെൻസിലും എടുത്തതെന്ന് അദ്ദേഹം തന്നെ പിൽക്കാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.
ഖിലാഫത്ത് സമരകാലത്ത് ലഹളയെ ഭയന്ന് അകലെയുള്ള ബന്ധു വീട്ടിലാണ് കുറേകാലം ശങ്കരൻ കഴിഞ്ഞിരുന്നത്. ഇക്കാലത്ത് പട്ടണപ്പരിഷ്കാരവും , അതോടൊപ്പം അന്ന് പുറംലോകത്തു സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്ന നിസ്സഹകരണ പ്രസ്ഥാനം, ഖിലാഫത്ത്, സ്വരാജ് പ്രസ്ഥാനം എന്നിവയെക്കുറിച്ചറിയാനും അവയോട് ആദരവ് വർദ്ധിക്കുകയും ചെയ്തു .നാനാജാതിമതസ്ഥരുമായുള്ള ഇടപെടലും സൗഹൃദവും അദ്ദേഹത്തിനു പുതിയ അനുഭവങ്ങൾ നൽകി.
സ്കൂൾ പഠനകാലത്ത് രാഷ്ട്രീയത്തിലുള്ള അഭിനിവേശം നിമിത്തം അന്ന് ചെന്നൈയിൽ വച്ച് നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സമ്മേളനത്തിൽ പങ്കെടുത്തു.
നമ്പൂതിരി യോഗക്ഷേമ സഭയുടെ യുവജന വിഭാഗത്തിലിരുന്നു കൊണ്ട് സാമൂഹിക പരിവർത്തനത്തിനായി ‘പാശുപതം‘ എന്ന വാരികയിൽ ശങ്കരൻ നിയമം പരിഷ്കരിക്കുകയും കുടുംബസ്വത്തിൽ കാരണവർക്കുള്ള അധികാരം കുറച്ച് മറ്റുള്ളവർക്കും മാന്യമായി ജീവിക്കാൻ അവസരം ഉണ്ടാവണമെന്ന് ശക്തിയായി വാദിക്കുകയും ഉണ്ടായി.
സ്കൂൾ വിദ്യാഭ്യാസത്തിന്റെ അവസാന കാലം പാലക്കാട് ആയിരുന്നു. അവിടെ വച്ച് വി.ടി. ഭട്ടതിരിപ്പാട്, കുട്ടൻ നമ്പൂതിരിപ്പാട് പാണ്ടം, കുറൂർ തുടങ്ങിയവരുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്നാനാടകം വി.ടി.ഭട്ടതിരിപ്പാട് എഴുതുകയും ഇ.എം.എസ് ഉള്‍പ്പെടെയുള്ളവര്‍ അത് അവതരിപ്പിക്കുകയും ചെയ്തപ്പോള്‍ അന്തര്‍ജന സ്ത്രീകളെപറ്റി മാത്രമായിരുന്നില്ല, അത് രാജ്യത്ത് അടുക്കളയില്‍ തളക്കപ്പെട്ട മുഴുവന്‍ സ്ത്രീസമൂഹത്തിനു വേണ്ടി കൂടിയായിരുന്നു.
1929 ജൂണിൽ കോളേജ് പഠനത്തിനായി തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ ജൂനിയർ ഇൻറർമീഡിയേറ്റിനു ചേർന്നു. പ്രാചീന ചരിത്രം, ഇന്ത്യാചരിത്രം, തർക്കശാസ്ത്രം എന്നിവയായിരുന്നു അദ്ദേഹം ഐഛികവിഷയങ്ങളായി തിരഞ്ഞെടുത്തത്. അന്നു മുതൽ 1932 വരെ അവിടത്തെ വിദ്യാർത്ഥിയായിരുന്നു. ഇവിടെ വച്ച് അദ്ധ്യാപകരായ പ്രൊഫ: നാരായണസ്വാമി, എം.പി. പോൾ എന്നിവരുമായി അടുത്തിടപെടാനായി. കോളജ് പഠനകാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിലും ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലും സജീവമായി പങ്കേടുത്തു. 1930 ആയപ്പോഴേക്കും സ്വാതന്ത്ര്യ സമര സേനയുടെ രണ്ടാം നിരയിലേയ്ക്ക് ഉയരാൻ അദ്ദേഹത്തിനും കൂട്ടർക്കും കഴിഞ്ഞു. ഇക്കാലത്ത് രാജഗോപാലാചാരിയുമായും ജമൻലാൽ ബജാജുമായും അദ്ദേഹം ബന്ധപ്പെട്ടിരുന്നു.
1931-ലെ നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്തു. തൊട്ടടുത്തവർഷം നിയമലംഘന പ്രസ്ഥാനത്തിന്റെ മുഖ്യ സംഘാടകനായ എം ഗോവിന്ദമേനോൻ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ തത്സ്ഥാനത്തേയ്ക്ക് പരിഗണിച്ചത് ശങ്കരനെയാണ്. 1932 ജനുവരി 17 ഇ.എം.എസിന്റെ നേതൃത്വത്തിൽ മൂന്നുപേർ കടപ്പുറത്തേക്ക് ഉപ്പ് ശേഖരണ ജാഥ നടത്തി. ഗാന്ധിജിയുടെ ഉപ്പ് സത്യാഗ്രഹത്തിന്റെ ഭാഗമായിരുന്നു ഇത്. കടപ്പുറത്തെ വമ്പിച്ച ജനാവലിക്കു മുൻപിൽ വച്ച് അവരെ അറസ്റ്റ് ചെയ്തു. പൗരാവകാശ ലംഘനം ആരോപിച്ച് ജയിലിലടച്ചു. മൂന്നു കൊല്ലത്തെ കഠിന തടവും 100 രൂപ പിഴയുമായിരുന്നു ശിക്ഷ.
ഈ ശിക്ഷാ കാലത്താണ് കണ്ണൂർ ജയിലിൽ വച്ച് സഹ തടവുകാരനായ കമൽനാഥ് തിവാരിയിൽ നിന്ന് സോഷ്യലിസ്റ്റ് ആശയങ്ങൾ പരിചയപ്പെടുന്നത് . കണ്ണൂർ ജയിലിൽവെച്ചാണ് .കെ.ഗോപാലനുമായി പരിചയപ്പെട്ടുന്നത് .ഇതു കൂടാതെ ബംഗാളിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ നേതാക്കളായിരുന്ന സെൻഗുപ്ത, ചക്രവർത്തി, ആചാര്യ എന്നിവരെ പരിചയപ്പെടുന്നതും . പിന്നീട് വെല്ലൂർ ജയിലിലേയ്ക്ക് മാറ്റിയ ശേഷവും ഇടതുപക്ഷ ചിന്താഗതിക്കാരായ ധാരാളം തടവുകാരുമായി അദ്ദേഹത്തിന് സഹവർത്തിത്വം ഉണ്ടായി. അതിൽ പ്രധാനിയാണ് വി.വി. ഗിരി, ബുളുസു സാംബമൂർത്തി എന്നിവർ. കോഴിക്കാട് ജയിലിൽ വെച്ചാണ് പി. കൃഷ്ണപിള്ളയുമായി ഇ.എം.എസ്സ് പരിചയപ്പെടുന്നത്. ജയില്‍ മോചിതനായ ഇ.എം.എസ് മുഴുവന്‍ സമയ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായി. 1934 ലും 1938-40 ലും കെ.പി.സി.സി സെക്രട്ടറിയായി.
ഗാന്ധിജി നിയമലംഘനപ്രസ്ഥാനം നിർത്തിവെച്ചത് രാജ്യത്തെ യുവാക്കൾക്കിടയിൽ വലിയ എതിർപ്പുണ്ടാക്കി. ഇക്കാലയളവിൽ ആണ് സോവിയറ്റ് യൂണിയൻ നടപ്പിലാക്കിയ പഞ്ചവത്സരപദ്ധതികളുടെ വിജയം അത് യുവാക്കളെ ആകർഷിക്കുകയും കോൺഗ്രസ്സിലെ യുവാക്കൾ ഇടതുപക്ഷത്തേക്ക് ചിന്തിക്കുകയും തുടങ്ങി . ആ കൂട്ടത്തിൽ ആയിരുന്ന ഇ.എം.എസ്സിന് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരണത്തിനു പിന്തുണ നൽകാൻ പ്രയാസമുണ്ടായില്ല. 1934 പി. കൃഷ്ണപിള്ള, എ.കെ.ജി, കേരളീയന് തുടങ്ങിയവരുമായി ചേര്‍ന്ന് കേരളത്തില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്കി.
1935 ൽ ഇ.എം.എസ്സും കൃഷ്ണപിള്ളയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ നേതാവായ പി.സുന്ദരയ്യയുമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തെക്കുറിച്ച് ദീർഘനേരം ചർച്ച നടത്തി. 1936 ൽ ഇ.എം.എസ്സ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. ഏതാണ്ട് ഒരു വർഷം കഴിഞ്ഞപ്പോൾ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു ഗ്രൂപ്പ് രൂപം കൊണ്ടു. ഇ.എം.എസ്സ്, പി.കൃഷ്ണപിള്ള, കെ.ദാമോദരൻ, എൻ.കെ.ശേഖർ എന്നിവരായിരുന്ന ആദ്യ അംഗങ്ങൾ. അങ്ങനെ 1937-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ സ്ഥാപക നേതാക്കളിൽ ഒരാളായി.
1934 മുതല്‍ 1940 വരെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായിരുന്നു. 1934 ലും 1938-40 ലും കെ.പി.സി.സി സെക്രട്ടറി, 1941 മുതല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി മെമ്പര്‍. 1950 മുതല്‍ പോളിറ്റ് ബ്യൂറോ മെമ്പര്‍. 1953-56 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി. 1962-ൽ ജനറൽ സെക്രെട്ടറിയായിരുന്ന അജയഘോഷ് മരണപ്പെട്ടതിനെ തുടർന്ന്, ഇ.എം.എസ്. പാർട്ടി ജനറൽ സെക്രട്ടറിയായി. 14 വര്‍ഷം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്സിസ്റ്റ്) ജനറല്‍ സെക്രട്ടറി. മരണം വരെ പാര്‍ടിയുടെ ഉന്നതാധികാരസമിതിയായ കേന്ദ്രകമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും അംഗമായിരുന്നു.
1939 മുതല്‍ 51 വരെ പാര്‍ട്ടി നിയമവിരുദ്ധമായിരുന്നപ്പോള്‍ ഒളിവില്‍ കഴിഞ്ഞു.ളിവുകാലത്ത് തന്നെ പാർട്ടികേന്ദ്രത്തിലിരുന്ന്, ബുദ്ധിപരമായ പ്രവർത്തനങ്ങളിലും പാർട്ടിയുടെ ഭാവികാര്യങ്ങളിലും അദ്ദേഹം വ്യാപൃതനായി.1940 സെപ്തംബറിൽ ബ്രിട്ടീഷ് സർക്കാരിനെതിരായി മർദ്ദന പ്രതിഷേധ ദിനമാചരിക്കുകയും പലയിടങ്ങളിലും പോലീസും ജനങ്ങളും ഏറ്റുമുട്ടുകയും പലരും കൊല്ലപ്പെടുകയും ചെയ്തു. അത്തരത്തിൽ കൊല്ലപ്പെട്ട ഒരു പോലീസുകാരന്റെ ബന്ധുവീട്ടിൽ അദ്ദേഹത്തിന് തങ്ങേണ്ടതായി വന്നു. പിന്നീട് ഒക്ടോബർ 29 ചെറുമാവിലയിലെ ചെത്തു തൊഴിലാളിയായ പൊക്കന്റെ വീട്ടിലേക്ക് മാറി. പൊക്കന്റെ കുടിലില്‍ ഒളിവ് ജീവിതം തുടങ്ങിയപ്പോള്‍ പൊക്കനും ഭാര്യയും അറിഞ്ഞിരുന്നില്ല അത് ഇ.എം.എസ് ആണെന്ന്. ജീവിതത്തിൽ അതുവരെ മീന്‍ തൊടാത്ത നമ്പൂതിരിയാണെന്ന്. പൊക്കന്റെ കുടിലില്‍ മിക്കവാറും മത്സ്യക്കറിയാണ്. ചിലപ്പോള്‍ ഉണക്കമീനും.ആദ്യദിവസം ഇതൊന്നുമറിയാതെ ഇ.എം.എസ്സിന് ചോറും മീന്‍കറിയും കൊണ്ടുകൊടുത്തു. ഇ.എം.എസ് അതിൽ യാതൊരു സങ്കോചവും പ്രകടിപ്പിച്ചില്ല. പരിചിതനെപ്പോലെ മീന്‍കറി കൂട്ടി ഉണ്ടു.
ഇ.എം.എസ് നമ്പൂതിരിയാണെന്ന് അറിഞ്ഞ ദിവസം പൊക്കനും ഭാര്യയും വളരെ സങ്കടപ്പെട്ടു. എന്തോ വലിയ തെറ്റ് ചെയ്തതായി അവര്‍ക്ക് തോന്നി. പൊക്കന്‍ ഇ.എം.എസ്സിന്റെ മുന്നില്‍ വിഷമത്തോടെ ഈ വിവരം പറഞ്ഞപ്പോൾ “മീന്‍ കറി വളരെ ഇഷ്ടായി. ഇനി ഇടയ്ക്കിടെ മീന്‍കറി വയ്ക്കണം.” എന്ന് പറഞ്ഞു പൊക്കനെ സമാധിപ്പിക്കുകയാണ് ഉണ്ടായത് . അതിനിടയില്‍ മറ്റൊരു സംഭവമുണ്ടായി. അക്കാലത്ത് പൊക്കന്റെ മാസവരുമാനം ഏതാണ്ട് ഏഴുരൂപ ആയിരുന്നു. പൊക്കന്റെ മകന് കുഞ്ഞിരാമന് ഒരു ദിവസം പത്രം വായിക്കുകയായിരുന്നു. പത്രത്തിൽ വന്ന പരസ്യത്തിൽ “ഇന്ത്യന്‍ രക്ഷാനിമയപ്രകാരം താഴെ പറയുന്ന ആളെ അറസ്റ്റ് ചെയ്യാനുള്ള വിവരം നല്‍കുന്നവര്‍ക്ക് 100 രൂപ സമ്മാനം നല്‍കുന്നതാണ്. ആളുടെ പേരു ഏലംകുളം മനയ്ക്കല്‍ ശങ്കരന് നമ്പൂതിരിപ്പാട്.”പടവും ഉണ്ട്.
പരസ്യം പിന്നെയും പിന്നെയും വന്നുകൊണ്ടിരുന്നു. സമ്മാനത്തുക 100ല്‍ നിന്ന് 1000 ആയി വര്‍ദ്ധിച്ചു. പൊക്കനും കുഞ്ഞിരാമനും ഇഎംഎസ്സിന്റെ മുന്നില്‍ വന്നു നിന്നു ചോദിച്ചു …
“സഖാവ് പത്രത്തിലെ പരസ്യം കണ്ടോ?”
“കണ്ടു. എന്തു തോന്നുന്നു, ഇപ്പോഴെന്നെ പിടിച്ചുകൊടുത്താല്‍ ആയിരം കിട്ടും.”
“അയ്യോ… ഇങ്ങിനെയൊന്നും പറയരുതേ…..ആയിരമല്ല ലക്ഷം തന്നാലും പൊക്കന്റെ മനസ്സ് മാറില്ല. ജീവന് പോയാലും കാട്ടിക്കൊടുക്കില്ല.”
ദാരിദ്ര്യം കൂടപ്പിറപ്പായുള്ള പൊക്കന്‍ ഇങ്ങിനെ പറയുമ്പോള്‍ ഇ.എം.എസ്സിന്റെ കണ്ണുകള്‍ ആര്‍ദ്രമാവുകയായിരുന്നു. ഈ ഒളിവു ജീവിതകാലത്തെ അനുഭവങ്ങൾ കർഷക കുടുംബങ്ങളോടുള്ള പ്രതിപത്തി വളർത്തി.
1957-ൽ തിരഞ്ഞെടുപ്പിലൂടെ ഭരണത്തിലെത്തിയ ലോകത്തിലെ രണ്ടാമത്തേയും ഏഷ്യയിലെ ആദ്യത്തേയും കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിൽ നിലവിൽ വന്നു. അങ്ങനെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ മുഖ്യമന്ത്രി ആയി ഇ.എം.എസ് തിരഞ്ഞെടുക്കപ്പെട്ടു .ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അദ്ദേഹം രണ്ടുവർഷം മുഖ്യമന്ത്രിയായിരുന്നു.അധികാരത്തിലേറി ഒരാഴ്ചക്കകം ഇ.എം.എസിന്റെ ചിരകാല സ്വപ്നമായിരുന്ന കേരളത്തിലെ ജന്മിത്വ സമ്പ്രദായത്തിന്റെ അടിവേരറുക്കുന്ന രീതിയില്‍ ഭൂപരിഷ്കരണ നിയമം മന്ത്രിസഭ പാസ്സാക്കി. പാട്ടവ്യവസ്ഥയും കുടിയായ്മ നിയമവുമെല്ലാം മാറ്റിയെഴുതപ്പെട്ടു. കൃഷിഭൂമി കര്‍ഷകനു നല്കിയ ഭൂപരിഷ്ക്കരണനിയമം ഇഎംഎസിന്റെ ഭരണകാലത്തെ സുവര്‍ണ്ണാദ്ധ്യായമാണ്.
കേരളം കണ്ടത്തില്‍ വെച്ച് ഏറ്റവും മികച്ച ഭരണാധികാരിയായ അദ്ദേഹം തന്റെ ഭരണ വൈഭവം കൊണ്ട് നവ കേരളം കെട്ടിപ്പടുത്തു. കാര്‍ഷിക-വിദ്യാഭ്യാസ-ആരോഗ്യ-സാമൂഹ്യക്ഷേമ മേഖലകളില്‍ ഇടപെട്ടുകൊണ്ട് നടപ്പിലാക്കിയ പരിഷ്കാരങ്ങളാണ് ജന്മിത്വത്തിന്റെ പിടിയിലമര്‍ന്നിരുന്ന കേരളത്തെ ആധുനിക കേരളമാക്കി മാറ്റുന്നതിന് സുപ്രധാനമായ പങ്കുവഹിച്ചത്.
ഇടതുപക്ഷം എന്നാ വാക്കിന്റെ സത്ത എന്തെന്ന് തെളിയിക്കുകയായിരുന്നു 1957 ലെ ഗവണ്മെന്റ്. മൂലധനവും അധ്വാനവും എപ്പോഴും ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന മുതലാളിത്തവ്യവസ്ഥയില്‍ അധ്വാനത്തിന്റെ, പണിയെടുക്കുന്നവരുടെ പക്ഷമാണ്ഇടതുപക്ഷമെന്നിരിക്കെ ആ പക്ഷത്ത് ഉറച്ചുനിന്ന് പ്രവര്‍ത്തിച്ചു ഒരു ജനകീയ സർക്കാരാവുകയായിരുന്നു.
കേരളത്തിന്റെ വികസനത്തിന് ഏറെ സംഭാവന നല്കിയ ഇ.എം.എസ് കേന്ദ്രസംസ്ഥാന ബന്ധങ്ങളുടെ ജനാധിപത്യപരമായ രീതിക്കുവേണ്ടി എന്നും നിലകൊണ്ടിരുന്നു. ഓരോ കാലഘട്ടത്തിലും ഉയര്‍ന്നുവരുന്ന ജനകീയ ആവശ്യങ്ങളെ മനസിലാക്കി അതിന് ഉതകുന്ന തരത്തിലുള്ള നിലപാടുകള്‍ രൂപപ്പെടുത്തി എടുക്കുന്നതില്‍ ഇ.എം.എസ് എന്നും ജാഗ്രത കാണിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടാണ് കേരളത്തിന്റെ വികസന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അന്താരാഷ്ട്ര പഠനകോണ്‍ഗ്രസ് സംഘടിപ്പിക്കുന്നതിന് നേതൃത്വപരമായ പങ്ക് ഇ.എം.എസ് വഹിച്ചത്. അധികാരവികേന്ദ്രീകരണം കൂടുതല്‍ ഫലമായി നടത്തുന്നതിന് ഉതകുന്ന ജനകീയാസൂത്രണം പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനും അദ്ദേഹം സജീവമായി ഇടപെട്ടു. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ എങ്ങനെ ഇടപെടണമെന്ന് സൈദ്ധാന്തികമായും പ്രായോഗികമായും തെളിയിച്ച നേതാവായിരുന്നു ഇ.എം.എസ്.
“വിമോചനസമരത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ കേരള നിയമസഭ പിരിച്ചു വിട്ട് പത്തു വര്‍ഷത്തിനുശേഷം വീണ്ടും മുഖ്യമന്ത്രിയായി.
സാഹിത്യത്തിന്റെയും ഭാഷയുടെയും വിദ്യാഭ്യാസത്തിന്റെയും മേഖലയില്‍ ഇ.എം.എസ് നല്കിയ സംഭാവന കേരളം നിലനില്‍ക്കുന്നിടത്തോളം കാലം ഓര്‍മ്മിക്കപ്പെടും. സാഹിത്യവും കലയും ജനജീവിതവുമായി ചേര്‍ന്നു നില്‍ക്കേണ്ട ഒന്നാണ് എന്ന കാഴ്ചപ്പാടിനായി അദ്ദേഹം പൊരുതി. കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഇതിന്റെ അടിസ്ഥാനത്തില്‍ നവീകരണം നടത്താനും തയ്യാറായി. മലയാള സാഹിത്യത്തിന്റെ ജനകീയവല്‍ക്കരണത്തിന് ഇ.എം.എസ് നല്കിയ സംഭാവന അമൂല്യമാണ്. ഇംഗ്ളീഷിലും മലയാളത്തിലുമായി 100-ഓളം ഗ്രന്ഥങ്ങള്‍. 72 ല്‍ “ആത്മകഥ‘ യ്ക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് . പ്രഭാതം, ദേശാഭിമാനി, നവയുഗം, ജനയുഗം, നവജീവന്‍, ചിന്ത തുടങ്ങിയ പത്രങ്ങള്‍ ആരംഭിച്ചത് ഇഎംഎസിന്റെ നേതൃത്വത്തിലാണ്.
വര്‍ഗീയതയ്ക്കെതിരായുള്ള സമരത്തിലും വലിയ സംഭാവന ഇ.എം.എസ് നല്കുകയുണ്ടായി. മതവിശ്വാസികളെ വര്‍ഗീയതയ്ക്കെതിരെ അണിനിരത്തുന്നതിന് ശക്തമായി ഇടപെട്ട നേതാവ് കൂടിയായിരുന്നു ഇ.എം.എസ്. ചരിത്രത്തിന്റെ വര്‍ഗീയ വ്യാഖ്യാനങ്ങളെ തുറന്നു കാട്ടി ജനപക്ഷത്ത് നിന്നുകൊണ്ടുള്ള ചരിത്ര രചനയ്ക്ക് അദ്ദേഹം നേതൃത്വം നല്കി. അവ ജനങ്ങളെ പഠിപ്പിക്കുന്നതിനും ശുഷ്കാന്തിയോടെ ഇടപെട്ടു. ജാതിവിരുദ്ധ പോരാട്ടത്തിന്റെ പ്രാധാന്യത്തെ ഊന്നിപ്പറഞ്ഞു കൊണ്ട് അവ ഇല്ലായ്മ ചെയ്യുന്നതിനുള്ള ഇടപെടല്‍ മുന്നോട്ട് വെച്ചു. ഫാസിസം കൊടികുത്തി വാഴുന്ന ഈ കാലഘട്ടത്തിൽ പൂണൂൽ പൊട്ടിച്ചെറിഞ്ഞ് നിസ്വവർഗ്ഗത്തിന്റെ മോചനത്തിനായ് പടനയിച്ച സഖാവ് ഇ.എം.എസിന്റെ ഓർമ്മകൾ ഫാസിസത്തിന് എതിരെ ശബ്ദം ഉയർത്തുന്നവരുടെ പ്രചോദനം ആണ് .
തന്റെ ദര്‍ശനത്തെ അദ്ദേഹം തന്റെ കര്മ്മായുധമാക്കി. മാര്‍ക്സിസത്തിന്റെ സവിശേഷതയെ സംബന്ധിച്ച് മാര്‍ക്സ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്. `ലോകത്ത് ഇതുവരെ ഉണ്ടായിട്ടുള്ള സൈദ്ധാന്തികന്മാര് ലോകത്തെ വ്യാഖ്യാനിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. അതിനെ മാറ്റി മറിക്കുകയാണ് പ്രധാനം.‘ ഇക്കാര്യം തന്റെ അനുഭവവുമായി ബന്ധപ്പെടുത്തികൊണ്ട് `കമ്മ്യൂണിസ്റ്റ് പാര്‍ടി കേരളത്തില്‍‘ എന്ന പുസ്തകത്തില്‍ ഇങ്ങനെ വിശദീകരിച്ചു. “തത്വം പ്രയോഗത്തില്‍ വരുത്തുക, പ്രയോഗത്തിന്റെ അനുഭവങ്ങള്‍ സ്വയംവിമര്‍ശനപരമായി പരിശോധിച്ച് തത്വത്തിന് പുതിയ മുതല്‍കൂട്ട് ഉണ്ടാക്കുക. അങ്ങനെ ക്രമേണ ക്രമേണ സമ്പുഷ്ടമായി വരുന്ന തത്വം വീണ്ടും പ്രയോഗത്തില്‍ വരുത്തുക. ഈ അനവരദമായ പ്രക്രിയയിലൂടെയാണ് മാര്‍ക്സിസം ലെനിനിസം ഇന്ത്യയിലും അതിന്റെ ഭാഗമായി കേരളത്തിലും പ്രയോഗത്തില്‍ വരുത്തിയത്.” വ്യാക്യണം വചനത്തില്‍ മാത്രമല്ല കര്‍മ്മത്തില്‍ കൊണ്ടുവരികയും നവലോകനിര്മ്മിതിക്കുവേണ്ടി തന്റെ ദര്‍ശനത്തെ ഉപയോഗിക്കുകയും ചെയ്ത മഹാനാണ് ഇ.എം.എസ്. സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള സമന്വയമെന്ന മാര്‍ക്സിസ്റ്റ് കാഴ്ചപ്പാട് തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം മുറുകെ പിടിച്ച മഹാനായ മാര്‍ക്സിസ്റ്റായിരുന്നു ഇ.എം.എസ്.
അധികാരത്തിനു വേണ്ടി വടംവലികൂടുന്ന ഈ കാലഘട്ടത്തിൽ , ഇ.എം.എസ് ന്റെ ഈ വാക്കുകൾ വളരെ പ്രസക്തം ആണ് “വ്യക്തികളായ നേതാക്കന്മാര് നേതാക്കന്മാരായി വന്നത് അവരീ രാജ്യത്തെ ജനങ്ങളെ സേവിച്ചത് കൊണ്ടാണ്.ജനക്കളെ സേവിക്കാമെന്ന ജോലി വിട്ട് വേറെന്തെങ്കിലും ചെയ്യാന്‍ എപ്പോള്‍ ഏത് നേതാക്കള്‍ തുടങ്ങിയാലും ആ നേതാവിനെ ജനങ്ങള്‍ പിന്തളളും “.
തൊഴിലാളിവര്‍ഗ്ഗത്തിന്റെ വിജയത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ലളിതവും ആദര്‍ശനിഷ്ഠവുമായ സ്വന്തം ജീവിതത്തിലൂടെ മലയാളിക്ക് മാതൃകയായി ഇ.എം.എസ് തൊഴിലാളി വര്‍ഗത്തിന്റെ ദത്തു പുത്രന് തന്നെയായിരുന്നു. ജന്മിത്വത്തിന്റെയും സമ്പത്തിന്റെയും അധികാരവും സൗകര്യങ്ങളും വിട്ടെറിഞ്ഞ് ബ്രാഹ്മണ മേധാവിത്വത്തിന്റെ പൂണൂലറുത്ത് മാറ്റി അദ്ദേഹം ജനങ്ങളുടെയിടയിലേക്കിറങ്ങി. സ്വന്തം ജീവിതത്തിലും കമ്യൂണിസ്റ്റ് പ്രസ്ഥാന ചരിത്രത്തിലും വിപ്ലവകരമായ മുന്നേറ്റമായിരുന്നു അത്.
തറവാട് ഭാഗിച്ചപ്പോള്‍ തന്റെ ഓഹരിയായി ലഭിച്ച ഭൂസ്വത്ത് വിറ്റുകിട്ടിയ ധനമത്രയും തന്റെ പ്രസ്ഥാനത്തിന് സംഭാവന ചെയ്ത ഇ.എം.എസ് പത്രമാസികകള്‍ക്ക് ലേഖനമെഴുതിയതിന് ലഭിച്ചിരുന്ന റോയല്‍റ്റി കൂടിപ്രസ്ഥാനത്തിന് നല്കി. തന്റെ സമ്പത്തും ബുദ്ധിയും കര്‍മ്മശക്തിയുമെല്ലാം പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക് സമര്‍പ്പിച്ച ഇ.എം.എസ്സിന് തുല്യനായ ഒരാളെ ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തില കണ്ടെത്താന്‍ കഴിയില്ല.
ലോകത്ത് നടക്കുന്ന എല്ലാ ചലനങ്ങളേയും സൂക്ഷ്മമായി വിലയിരുത്തിയ ഇ.എം.എസ് അവ സാധാരണക്കാരന് മനസിലാകുന്ന ഭാഷയില്‍ പകര്‍ന്നു നല്കി. ഇ.എം.എസിന് അന്യമായ ഒരു മേഖലയും ഇല്ലായിരുന്നു.
ഐക്യകേരളമെന്ന സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കുന്നതിന് സൈദ്ധാന്തികവും പ്രായോഗികവുമായ നേതൃത്വം നൽകിയത് ഇ.എം.എസ് ആയിരുന്നു . ഇതിന്റെ ഭാഗമായി കേരളത്തിന്റെ സംസ്കാരവും സവിശേഷതയും വ്യക്തമാക്കുന്ന മൂന്ന് പുസ്തകങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് ഉണ്ടായി. `ഒന്നരക്കോടി മലയാളികള്‍, കേരളം മലയാളികളുടെ മാതൃഭൂമി, കേരള ചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍‘ തുടങ്ങിയവ . തിരുവിതാംകൂര്‍ , കൊച്ചി, മലബാര്‍ എന്നീ മൂന്നു കഷ്ണങ്ങളായി കിടന്നിരുന്ന മലയാളനടിനെ ഐക്യകേരളമെന്ന ഒരമ്മയായി മലയാളിക്ക് നല്കിയ ഇ.എം.എസ്സ്.
ലോകം രണ്ടു ശങ്കരന്മാരെ കണ്ടിട്ടുണ്ട്: അതിൽ ഒരാൾ ആദി ശങ്കരനും മറ്റൊരാൾ ഇ.എം.ശങ്കരനും , ഒരാൾ അദ്വൈതസിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്കാരം നൽകിയ ദാർശനികന്മാരിലൊരാളായിരുന്നു എങ്കിൽ മറ്റൊരാൾ പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളെ മാര്‍ക്സിസ്റ്റ് -ലെനിനിസ്റ്റ് പ്രയോഗത്തിലൂടെ മുട്ടിൽ ഇഴഞ്ഞു നടന്ന ഒരു ജനതയെ നട്ടെല്ലിൽ ഉയർന്നു നിൽക്കാൻ പഠിപ്പിച്ച താത്വികാചാര്യനും നവകേരള ശില്പിയും മനുഷ്യസ്നേഹിയുമായ കമ്മ്യൂണിസ്റ്റ് .
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് എക്കാലവും പ്രസക്തം ആയൊരു വ്യക്തിത്വം ആണ് സഖാവ് ഇ.എം.എസ് . അദ്ദേഹത്തിന്റെ പ്രവർത്തങ്ങൾ ഇന്നും ചർച്ച ചെയ്യപ്പെടുന്നു എന്നതുതന്നെ ആണ് അദ്ദ്ദേഹത്തിന്റെ പ്രസക്തി . ഇന്ന്ഇ എം എസ് ഉണ്ടായിരുന്നെങ്കില്‍ എന്ന് ചോദിക്കപ്പെടുന്നു !!
അനിഷേധ്യ നേതൃത്വം, അതുല്യനായ മാതൃകയായ കമ്മ്യൂണിസ്റ്റ് , സാമൂഹിക പരിഷ്കർത്താവ് ,വിപ്ലവകാരി, പ്രത്യയശാത്ര ആചാര്യന്, ചരിത്രകാരൻ അങ്ങനെ സമാനതകൾ ഇല്ലാത്ത വ്യക്തിത്വം .
ചരിത്രം ഇ എം എസിനൊപ്പം ചുറ്റിത്തിരിഞ്ഞു, ഒരു കാലഘട്ടത്തെ തന്നോടൊപ്പം നടത്തിയ, വിപ്ല ചരിത്രം ബാക്കിയാക്കി ആ രക്ത നക്ഷത്രം സഖാവ് ഇ.എം.എസ് അന്തരിച്ചത് 1998 മാര്‍ച്ച് 19 നാണു .
നിസ്വവർഗ്ഗത്തിന്റെ മോചനത്തിനായ് പടനയിച്ച മഹാനായ കമ്മ്യൂണിസ്റ്റിന്റെ ജ്വലിക്കുന്ന സ്മരണക്കുമുൻപിൽ ഒരായിരം രക്തപുഷ്പങ്ങർപ്പിക്കുന്നു .
കടപ്പാട് / അവലംബം
wikipedia.org
https://www.cpimkerala.org/ems-21.php
പുത്തലത്തു ദിനേശൻ FB പോസ്റ്റ്
അമീർ കല്ലുംപുറം