* മാർച്ച് 5 സ്റ്റാലിൻ അനുസ്മരണ ദിനം *

ജോസഫ് ജുഗാഷ് വിലി വിസാരിയോനോവിച്ച് ,എന്ന ശക്തനായ ഭരണാധികാരി റഷ്യ ഭരിച്ചില്ലായിരുന്നുവെങ്കില്‍ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ചരിത്രം മാറ്റി രചിക്കേണ്ടി വന്നേനെ , ലോക രാഷ്ട്രീയവും അതിർത്തികളും മാറിയേനെ.
ശത്രുക്കളെ  നിഷ്കരുണം അടിച്ചൊതുക്കിയ ഉരുക്കു മനുഷ്യൻ , ലക്ഷകണക്കിനാൾക്കാരെ  കൊന്നൊടുക്കിയ  കൊടും ക്രൂരൻ , വ്യാവസായിക  റഷ്യയുടെ പിതാവ്  ,  സ്വന്തം പ്രജകളെ കാൽക്കീഴിൽ ഇട്ടു  ചവിട്ടി അരച്ച  ഏകാധിപതി , സൈദ്ധാന്തിക കമ്മ്യൂണിസത്തെ പ്രയോഗികമാക്കി  കാണിച്ചു കൊടുത്ത യഥാർത്ഥ  വിപ്ലവകാരി ,  ഇങ്ങനെ  നല്ലതും ചീത്തയുമായ ഒരുപാടു വിശേഷണങ്ങൾക്ക്  ഉടമയാണ് 20 -ആം  നൂറ്റാണ്ടിലെ  ലോക ചരിത്രത്തിന്റെ ഭാഗധേയം തന്നെ നിർണയിച്ച സ്റ്റാലിൻ.
1879 ഡിസംബര്‍ 21 ന് ജോര്‍ജ്ജിയയിലാണ് സ്റ്റാലിന്‍റെ ജനനം. ഉരുക്കു മനുഷ്യന്‍ എന്നര്‍ത്ഥം വരുന്ന സ്റ്റാലിന്‍ എന്ന പേര് പിന്നീട് സ്വീകരിച്ചതാണ്. ചെരുപ്പുകുത്തിയായ അച്ഛനും വീട്ടമ്മയായ അമ്മയും ഉൾപ്പെട്ട തീർത്തും ദരിദ്രമായ ചുറ്റുപാടിലായിരുന്നു സ്റ്റാലിൻ വളർന്നത് . പുറമെ അദ്ദേഹത്തെ അലട്ടിയ ആരോഗ്യ പ്രശ്നങ്ങളും . പരസ്പരം  ഒട്ടിപ്പിടിച്ച  കാൽവിരലുകൾ  , 7 ആം  വയസ്സിൽ തീർത്തും വിരൂപനാക്കി മാറ്റിയ വസൂരിബാധ  എന്നിവയ്ക്ക്  പുറമെ 12 ആം  വയസ്സിൽ കുതിരപ്പുറത്തു നിന്ന് വീണു ഒടിഞ്ഞതിനെ തുടർന്ന് വലതു  കൈയിനെ അപേക്ഷിച്ചു ചെറുതായി പോയ  ഇടം കൈ, ഇതായിരുന്നു കുഞ്ഞു സ്റ്റാലിൻ. മദ്യപാനിയായ  പിതാവിന്റെ സ്വാധീനത്തിൽ പെടാതിരിക്കാൻ വേണ്ടി അമ്മ  റഷ്യൻ ഓർത്തഡോൿസ്  സഭയുടെ സെമിനാരിയിൽ  ചേർത്തെങ്കിലും സെമിനാരിയിലെ  തന്റെ ആദ്യ വർഷം  തന്നെ നിരീശ്വര വാദിയായി മാറി. വൈകാതെ  തന്നെ ലെനിന്റെ  എഴുത്തിലും  സിദ്ധാന്തങ്ങളിലും  ആകൃഷ്ടനായി .
സാര്‍ ഭരണകൂടത്തിനെതിരായുള്ള പ്രതിരോധ നീക്കങ്ങളില്‍ പങ്കെടുത്തു കൊണ്ടാണ് ജോസഫ്‌ സ്റ്റാലിന് ‍രാഷ്ട്രീയത്തിൽ കാലെടുത്തു വെക്കുന്നത്. തുടർന്ന് സെമിനാരിയിൽ നിന്ന് പുറത്താക്കപ്പെടുകയും  ചെയ്തു. വളരെ പെട്ടെന്ന്  തന്നെ അറസ്റ്റ് ചെയ്യപ്പെട്ടു ജയിലിലാവുകയും പിന്നീട് സൈബീരിയയിലേക്ക് നാട് കടത്തി. സോഷ്യൽ ഡെമോക്രാറ്റിക് ലേബര്‍ പാർട്ടിയിൽ ‍ജൂലിയസ് മാര്‍തോവുമായി ഉണ്ടായ  അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പുറത്തു വന്ന വ്ലാദിമര്‍ ലെനിന്റെ ബോള്‍ഷെവിക്സ് എന്ന പുതിയ ഗ്രൂപ്പിലേക്കാണ് സ്റ്റാലിൻ പിന്നീട് എത്തിയത് .ശേഷം സെന്റ്‌പീറ്റര്‍സ് ബര്‍ഗില്‍ വന്നു ആദ്യകാല  കമ്മ്യുണിസ്റ്റ് പ്രസിദ്ധീകരണമായ ‘പ്രവ്ദ’ യുടെ പത്രാധിപരായി സ്റ്റാലിന്‍. വീണ്ടും സൈബീരിയയിലേക്ക്‌ നാടുകടത്തപ്പെട്ട സ്റ്റാലിന്‍ ,നിക്കോളാസ് രണ്ടാമന്റെ പതനത്തോടെ  റഷ്യയില്‍ തിരിച്ചെത്തി ‘പ്രവ്ദ’യുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി.
നിക്കോളാസ് രണ്ടാമന്റെ പതനത്തിനു ശേഷം വന്ന താല്‍കാലിക ഭരണകൂടത്തെ എതിർത്തു, ലെനിന്റെ ആഹ്വാനം ചെവിക്കൊണ്ടു വിപ്ലവത്തിനൊപ്പം ചേർന്നു .
1917 ലെ  ഒക്ടോബര് വിപ്ലവത്തിലും തുടർന്ന് നടന്ന റഷ്യൻ വിപ്ലവത്തിലും കമ്യൂണിസ്റ് പാർട്ടിയുടെ വിജയത്തിൽ  സ്റ്റാലിൻ നിർണായക  പങ്കു വഹിച്ചു. ഇതേ തുടർന്ന് പാർട്ടിയുടെ നേതൃത്വത്തിൽ എത്തിയ സ്റ്റാലിൻ ലെനിന്റെ വിശ്വസ്തനായി മാറി .
1922 ൽ  കമ്യൂണിസ്റ് പാർട്ടിയുടെ ആദ്യത്തെ ജനറൽ സെക്രട്ടറി എന്ന  പദവിയിലേക്ക്  സ്റ്റാലിൻ നിയുക്തനായി .
1924  ജനുവരി 21 ന്  ലെനിൻ എന്ന വിപ്ലവസൂര്യൻ  അസ്തമിച്ചതോടു കൂടെ സ്റ്റാലിൻ പാർട്ടിയുടെ ഔദ്യോഗിക നേതാവും സോവിയറ്റ് യൂണിയന്റെ അനിഷേധ്യനായ ഭരണാധികാരിയുമായി.
ലോകത്ത് സാമ്പത്തികമായി വളരെയധികം പിന്നോക്കം നിന്നിരുന്ന സോവിയറ്റ് യൂണിയന്‍റെ വികസനത്തിന് വേണ്ടി 1928 ല്‍ പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയത് സ്റ്റാലിനായിരുന്നു. അതിനോടൊപ്പം കൂട്ടുകൃഷി സമ്പ്രദായത്തിനും വ്യാവസായിക വികസനത്തിനും അദ്ദേഹം മുന്‍തൂക്കം കൊടുത്തു. സോവിയറ്റ് യൂണിയനില്‍ ഒരു കേന്ദ്രീകൃത സാമ്പത്തികനയം സ്റ്റാലിന്‍ നടപ്പിലാക്കി. കാര്‍ഷിക രാജ്യമായ സോവിയറ്റ് യൂണിയനില്‍ നിര്‍ബന്ധിത വ്യവസായവത്ക്കരണം നടപ്പിലാക്കിയതും ഇദ്ദേഹമായിരുന്നു. സ്റ്റാലിന്‍ വിഭാവനം ചെയ്ത പഞ്ചവത്സര പദ്ധതിയാണ് പിന്നീട് നെഹ്രു ഇന്ത്യയുടെ വികസനത്തിന് വേണ്ടി കടം കൊണ്ടത്.
കമ്മ്യൂണിസ്റ്റ പാര്‍ട്ടിയില്‍ അക്കാലത്ത്വിഭാഗീയത ശക്തമായിരുന്നു. ഇത് സ്റ്റാലിനു തന്നെ വെല്ലുവിളികള്‍ ഉയര്‍ത്തിയിരുന്നു. ശക്തമായ നടപടികള്‍ കൊണ്ട് അദ്ദേഹം അവയെയെല്ലാം നേരിട്ടു .
ആദ്യ വെല്ലുവിളി സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നായിരുന്നുവെങ്കില്‍ രണ്ടാമത്തേത്, രണ്ടാം ലോകമഹായുദ്ധമായിരുന്നു.
സ്റ്റാലിന്റെ ഭരണത്തിൻ കീഴിൽ രണ്ടാം ലോകമഹായുദ്ധത്തിലെ (1939–1945) നാസികളുടെ പരാജയത്തിൽ സോവിയറ്റ് യൂണിയൻ പ്രധാന പങ്ക് വഹിച്ചു. നിഷ്ടൂരനും തെമ്മാടിയും കൊലപാതകിയും എന്നൊക്കെ പടിഞ്ഞാറ് വിശേഷിപ്പിച്ച അതേ സ്‌റ്റാലിൻ വേണ്ടി വന്നു അമേരിക്കക്കാർക്കും ബ്രിട്ടീഷുകാർക്കും ഫ്രഞ്ചുകാർക്കും ,ക്രൂരതയുടെ യഥാർത്ഥ മുഖമായ ഹിറ്റ്ലറിനെ ചെറുത്തു തോൽപ്പിക്കാൻ.
ലോകം വിറപ്പിച്ച ഹിറ്റ്ലറെ മുട്ടുകുത്തിച്ചത് സ്റ്റാലിന്‍റെ റഷ്യന്‍ ചെമ്പട ആയിരുന്നു .മാനവരാശിയെ വംശീയ വെറിയുടെ ഫാസിസത്തിൽ നിന്ന് രക്ഷിച്ച ഇതിഹാസ നായകൻ.
തുടര്‍ന്ന് ലോക സമാധാനത്തിന് വേണ്ടി ചര്‍ച്ചില്‍, റൂസ് വെല്‍റ്റ്, സ്റ്റാലിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഐക്യരാഷ്ട്ര സംഘടന സ്ഥാപിച്ചത്.
സ്റ്റാലിന്‍ ലോകത്തില്‍ അറിയപ്പെടുന്നത് ശക്തനും ക്രൂരനുമായ ഉരുക്ക് ഭരണാധികാരി എന്നായിരുന്നു. സത്യവും മിഥ്യയും കലര്‍ന്ന കഥകള്‍ സ്റ്റാലിന്‍റെ പേരിലുണ്ട്. നിഷ്ഠൂരനായ കൊലയാളിയുടെ മുഖഛായയാണ് അദ്ദേഹത്തിന് ചിലര്‍ നല്‍കിയത്. സോവ്യറ്റ് യൂണിയനിലെ മനുഷ്യാവകാശ ധ്വംസനത്തെപ്പറ്റി അനേകം കഥകള്‍ നാം കേട്ടിട്ടുണ്ട്. ബ്രിട്ടനും അമേരിക്കയും പ്രചരിപ്പിക്കുന്ന നിറംപിടിപ്പിച്ച കഥകളായിരുന്നു ഇവയിലേറെയും !!
പട്ടിണിയും ചൂഷണവുമില്ലാത്ത ഒരു ലോകം സാധ്യമാണെന്നു തെളിയിച്ച സോഷ്യലിസ്റ്റ് സോവിയറ്റ് യൂണിയന്റെ ശിൽപ്പി.
ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ‘ദ ഹന്‍ഡ്രഡ്’ എന്നപേരില്‍ മൈക്കിള്‍ ഹാര്‍ട്ട് 1978-ല്‍ പ്രസിദ്ധീകരിച്ച പുസ്തകം. ഈ പട്ടികയില്‍ അറുപത്തിയാറാം സഥാനം സ്റ്റാലിനാണ്.
സ്റ്റാലിനെ നിശിതമായി വിമർശിച്ചിരുന്ന ടൈം മാഗസിൻ പോലും തങ്ങളുടെ “person of the year ” ആയി സ്റ്റാലിനെ രണ്ടു പ്രാവശ്യം തിരഞ്ഞെടുത്തു.
ബർണാഡ് ഷാ (New statesman and nations, December 1934) സ്റ്റാലിനെപ്പറ്റി പറഞ്ഞത് “നിങ്ങൾക്ക് ഒരേയൊരു രാജ്യത്ത് മാത്രമേ യഥാർത്ഥ സ്വാതന്ത്ര്യമനുഭവിക്കാൻ കഴിയൂ. അത് മഹാനായ സ്റ്റാലിൻ ജീവിക്കുന്ന റഷ്യയിലാണ്”.
1953 മാർച്ച് 5 ന് 73 ആം വയസ്സിൽ അന്തരിക്കും വരെയും ലോകചരിത്രം സ്റ്റാലിന്റെ വിരൽ തുമ്പിൽ തന്നെയായിരുന്നു. ജോസഫ്‌ സ്റ്റാലിൻ എന്ന വിപ്ലവ ഇതിഹാസത്തിന്റെ ഓർമ്മകൾക്കുമുന്നിൽ ഒരുപിടി രക്തപുഷ്പങ്ങൾ അര്‍പ്പിക്കുന്നു……