ഏറമ്പാല കൃഷ്ണൻ നായനാർ

നര്‍മ്മത്തില്‍ ചാലിച്ച സംഭാഷണവും കുറിക്കുകൊള്ളുന്ന വിമര്‍ശനങ്ങളും മായാത്ത ചിരിയുമായി ജനഹൃദയങ്ങളില്‍ ഇടം പിടിച്ച ജനനായകൻ ആയിരുന്നു ഏറമ്പാല കൃഷ്ണന്‍ നായനാര്‍ എന്ന സഖാവ് ഇ.കെ.നായനാര്‍.

ഇ.കെ. നായനാര്‍ കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരിയില്‍ ഏറമ്പാല നാരായണി അമ്മയുടേയും എം. ഗോവിന്ദൻ നമ്പ്യാരുടേയും രണ്ടാമത്തെ മകനായി 1918 ഡിസംബർ 9-നു ജനിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെയും വിപ്ലവകാരികളുടെയും കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ബന്ധുവായ കെ.പി.ആർ. ഗോപാലൻ കേരളത്തിലെ ആദ്യകാല കമ്യൂണിസ്റ്റ് വിപ്ലവകാരികളിൽ പ്രമുഖനാണ്.

കല്യാശ്ശേരി ഹയര്‍ എലിമെന്ററി സ്കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏർപ്പെട്ടിരുന്നു .ഹരിജനോദ്ധാരണ പ്രവര്‍ത്തനത്തില്‍ തുടങ്ങി പിന്നീടത് സ്വാതന്ത്ര്യസമര വിപ്ലവ പ്രസ്ഥാനത്തിലേക്ക് എത്തി .

1930-ൽ കല്യാശ്ശേരിയില്‍ പരസ്യമായി ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയതിലും ,കെ കേളപ്പന്റെയും പി കൃഷ്ണപിള്ളയുടേയും ആഭിമുഖ്യത്തില്‍ നടന്ന ഉപ്പുസത്യഗ്രഹജാഥയ്ക്ക് കല്യാശ്ശേരിയില്‍ വെച്ച് സ്വീകരണം നല്‍കുന്നതിലും അദ്ദേഹം മുന്‍നിന്ന് പ്രവര്‍ത്തിച്ചു. അതിനുശേഷം കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങളെ സഹായിക്കാൻ തുടങ്ങി. ബാലസംഘം, യൂത്ത് ലീഗ് എന്നിങ്ങനെ വളര്‍ന്ന നായനാരുടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്ന് സ്റ്റുഡന്റ്സ് ഫെഡറേഷനിലേക്ക് വളര്‍ന്നു. കോഴിക്കോട് സാമൂതിരികോളേജിൽ സംഘടിപ്പിച്ച അഖിലകേരള വിദ്യാർത്ഥി സമ്മേളനത്തിന്റെ ഭാഗമായി രൂപംകൊണ്ട ഓൾ കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഓൾ കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ മുഖപത്രമായ സ്റ്റുഡന്റിന്റെ പത്രാധിപസമിതി അംഗമായി. ഉത്തരവാദ ഭരണം ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ വിദ്യാർത്ഥി ജാഥയുടെ നേതാവായിരുന്നു നായനാർ.

കല്യാശ്ശേരി ഹയർ എലിമെന്ററി സ്കൂളിൽ ഹരിജൻ കുട്ടികൾക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ കേളപ്പന്റെ നേതൃത്വത്തിൽ എ കെ ജിയും കെ പി ആറുമൊത്ത് നായനാർ സമരത്തിനിറങ്ങി. കോൺഗ്രസ‌് പ്രസിഡന്റായിരുന്ന രാജേന്ദ്ര പ്രസാദ് 1935ൽ മലബാറിൽ വന്നപ്പോൾ നായനാരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ കല്യാശ്ശേരിയിൽ സ്വീകരണം നൽകി. ‘നീ നാടിന്റെ അഭിമാനമാകും’‐നായനാരുടെ ഇളംകൈ കുലുക്കി രാജേന്ദ്രപ്രസാദ് അഭിനന്ദിച്ചു.

1938 ല്‍ കണ്ണൂർ ജില്ലയിലെ കല്യാശേരിയിൽ രൂപം കൊണ്ട ദേശീയ ബാലസംഘത്തിന്റെ ആദ്യ പ്രസിഡന്റ് ഇ.കെ നായനാര്‍ ആയിരുന്നു.ഈ സമയത്തു വായനശാലാ പ്രവര്‍ത്തനത്തിലും വ്യാപൃതനായി . ശ്രീ ഹര്‍ഷന്‍ സ്മാരക വായനശാലയുടെ കയ്യെഴുത്തു മാസികയിലൂടെയാണ് നായനാരുടെ ആദ്യകാല രചനകള്‍ വെളിച്ചംകണ്ടത്.

കല്യാശ്ശേരി എലമെന്ററി സ്കൂളിലെ പഠനം കഴിഞ്ഞ് പിന്നീട് തളിപ്പറമ്പ് മുടത്തേടത്ത് ഹൈസ്കൂളിലായിരുന്നു പിന്നീടുള്ള വിദ്യാഭ്യാസം. പത്താംക്ലാസില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹം വിദ്യാഭ്യാസമുപേക്ഷിച്ച് പൂര്‍ണ്ണസമയ രാഷ്ട്രീയ പ്രവര്‍ത്തകനായിമാറി. രാഷ്ട്രീയപ്രവർത്തനത്തിൽ കൂടുതൽ സജീവമായപ്പോൾ യാഥാസ്ഥിതികനായ അച്ഛനെ ധിക്കരിച്ചു ആ മകൻ, അമ്മയുടെ പെട്ടിയിൽനിന്നു മോഷ്ടിച്ച ഒന്നര രൂപയുമായി തീവണ്ടി കയറി മംഗലാപുരത്ത് പഠിക്കുന്ന ജ്യേഷ‌്ഠന്റെ അടുത്തെത്തി.

കോൺഗ്രസ്സിൽ പ്രവർത്തിക്കുന്ന സമയത്താണ് അതിലെ ഇടതു പക്ഷ ചിന്താഗതിക്കാർ ചേർന്ന് കോൺഗ്രസ്സ് സോഷ്യലിസ്റ്റ്‌ പാർട്ടി രൂപീകരിക്കുന്നത്. കര്‍ഷക പ്രസ്ഥാനത്തിന്റെ സംഘാടനത്തിൽ പങ്കാളിയായത് ഇക്കാലത്താണ്. 1939-ൽ പാപ്പിനിശ്ശേരിയിലെ പ്രസിദ്ധമായ ആറോണ്‍മില്‍ സമരത്തില്‍ പങ്കെടുക്കുകയും സമരത്തിനിടയില്‍ ക്രൂരമായ പൊലീസ് മര്‍ദ്ദനത്തിനിരയാവുകയും ചെയ്ത നായനാര്‍ അറസ്റ്റിനും ആറുമാസക്കാലത്തെ ജയില്‍ ശിക്ഷയ്ക്കും വിധേയനായി.

ഈ സമയത്താണ് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ പാറപ്പുറം സമ്മേളനം, ആ സമ്മേളനത്തിൽ പങ്കെടുത്ത് നായനാരും കമ്മ്യൂണിസ്റ്റുകാരനായി.

1940 സെപ്തംബര്‍ 15ന് നടന്ന സാമ്രാജ്യത്വ വിരുദ്ധ-വിലക്കയറ്റവിരുദ്ധ സമരത്തിന്റെ ഭാഗമായി മൊറാഴയില്‍ നടന്ന സമ്മേളനം അലങ്കോലമാക്കാന്‍ ശ്രമിച്ച പോലീസുകാരുമായി അവിടത്തെ ജനങ്ങള്‍ ഏറ്റുമുട്ടി. രണ്ടു പോലീസുകാര്‍ ആ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് സ: നായനാരുള്‍പ്പെടെയുള്ള സഖാക്കള്‍ ഒളിവില്‍ പോയി. ഇതിനിടയിലാണ് ചരിത്രപ്രസിദ്ധമായ കയ്യൂര്‍ സംഭവം നടക്കുന്നത്. 1941 മാര്‍ച്ച്‌-ൽ കയ്യൂരില്‍ കര്‍ഷക തൊഴിലാളികൾക്ക് നേരെ നടന്ന പോലീസ്‌ അതിക്രമത്തിനെതിരായി നടന്ന പ്രതിഷേധ പ്രകടനത്തിനു മുന്നിലേക്ക് മര്‍ദ്ധനത്തില്‍ പങ്കാളിയായ സുബ്ബരായന്‍ എന്ന പോലീസുകാരന്‍ വന്നു പെട്ടു പ്രകോപിതരായ പ്രകടനക്കാര്‍ സുബ്ബരായനെ മര്‍ദ്ധിക്കുകയും പോലീസ്‌ യൂണിഫോമോടു കൂടി ചെങ്കൊടിയും പിടിച്ച്‌ ജാഥയുടെ മുന്നില്‍ നടത്തി. വഴിയില്‍ ആളുകള്‍ ഇതു കണ്ട്‌ ആര്‍ത്തു ചിരിച്ചു. കുറേ ദൂരം കൂടി മുന്നോട്ട്‌ നടന്നപ്പോള്‍ ചെറിയാക്കര ഭാഗത്തു നിന്നും മറ്റൊരു ജാഥ പ്രഥാന ജാഥയോടു ചേരാന്‍ വരുന്നതു കണ്ട്‌ ഇനി തനിക്ക്‌ രക്ഷയില്ലെന്ന്‌ കരുതി സുബ്ബരായന്‍ പുഴയിലേക്ക്‌ എടുത്തു ചാടി. മദ്യപിച്ചിരുന്നതിനാല്‍ നീന്താന്‍ കഴിയാതിരുന്ന ആ പോലീസുകാരന്‍ ജനക്കൂട്ടത്തിന്റെ കല്ലേറു മൂലം അവിടെ വെച്ച്‌ കൊല്ലപ്പെട്ടു.തുടര്‍ന്ന് പൊലീസ് ജനങ്ങള്‍ക്കെതിരെ കിരാത മര്‍ദ്ദനമാണഴിച്ചുവിട്ടത്. നായനാരെ ഈ കേസില്‍ മൂന്നാം പ്രതിയായി ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അറസ്റ്റുചെയ്യാനാവാത്തതിനാല്‍ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കുകയായിരുന്നു. ആറുവര്‍ഷത്തോളം ഒളിവിലിരുന്നാണ് രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയത്.ഈ ഘട്ടത്തില്‍ കാസര്‍കോട്ടും തെക്കന്‍ കര്‍ണാടകത്തിലും ഒളിവില്‍ കഴിഞ്ഞ് കര്‍ഷകപ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും കെട്ടിപ്പടുത്തു. ഈ ഒളിവുജീവിതത്തിനിടയിലാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയതും കേരളകൗമുദിയില്‍ പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചതും. ഒളിവില്‍നിന്ന് പുറത്തുവന്ന അദ്ദേഹം ദേശാഭിമാനിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു.

1948ല്‍ ദേശാഭിമാനിവിട്ട് കണ്ണൂര്‍ കേന്ദ്രീകരിച്ച് പാര്‍ടി പ്രവര്‍ത്തനം ആരംഭിച്ചു. കല്‍ക്കട്ട തീസീസിനെ തുടര്‍ന്ന് പാര്‍ട്ടി നിരോധിയ്ക്കപ്പെട്ടപ്പോൾ 1948ല്‍ വീണ്ടും ഒളിവില്‍ പോയി. ഇന്ത്യാ-ചൈനാ യുദ്ധകാലത്ത് ചൈനീസ് ചാരനെന്ന് മുദ്രകുത്തി വീണ്ടും ജയില്‍വാസം.

1955 വരെ കണ്ണൂര്‍ താലൂക്ക് പാര്‍ടി സെക്രട്ടറിയായിരുന്നു. പിന്നീട് കോഴിക്കോട് ജില്ലാസെക്രട്ടറിയായി. 1956 മുതല്‍ 1967 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. കോഴിക്കോട് ജില്ലയില്‍ കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ അഭിമാനാവഹമായ പങ്കാണ് അദ്ദേഹം നിര്‍വഹിച്ചത്. അവിഭക്ത സിപിഐയുടെ സംസ്ഥാന എക്സിക്യൂട്ടീവിലും ദേശീയ കൗണ്‍സിലിലും അദ്ദേഹം അംഗമായിരുന്നു. റിവിഷനിസത്തിനെതിരായ സമരത്തിന്റെ മൂര്‍ധന്യത്തില്‍ 1964ല്‍ ദേശീയ കൗണ്‍സിലില്‍ നിന്നിറങ്ങിപ്പോന്ന 32 പേരില്‍ അദ്ദേഹവുമുണ്ടായിരുന്നു. തുടക്കംതൊട്ടേ സിപിഐ (എം)ന്റെ സംസ്ഥാന സെക്രട്ടറിയറ്റില്‍ അദ്ദേഹമുണ്ടായിരുന്നു. 1967ൽ പാലക്കാടുനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1972ൽ സംസ്ഥാന സെക്രട്ടറിയായിരുന്ന സി എച്ച് കണാരന്റെ മരണത്തെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.1980ല്‍ മുഖ്യമന്ത്രി ആകുന്നതുവരെ ആ സ്ഥാനത്ത് തുടര്‍ന്നു. പാർടി സംസ്ഥാന സെക്രട്ടറിയായി 11 വർഷം പ്രവർത്തിച്ചു.1974 ല്‍ ഇരിക്കൂറില്‍ നിന്നും ജയിച്ച് ആദ്യമായി നിയമസഭയില്‍ എത്തി. ജയിച്ച ഉടൻ തന്നെ ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് വീണ്ടും ഒളിവില്‍. അടിയന്തിരാവസ്ഥക്കാലത്തുള്‍പ്പെടെ 11 വര്‍ഷം ജയില്‍വാസമനുഭവിച്ചു.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുംമുമ്പ് ആറ് വർഷം ഒളിവുജീവിതം നയിച്ചു. സ്വാതന്ത്ര്യം കിട്ടിയശേഷവും സമരങ്ങൾക്കും ഒളിവുജീവിതത്തിനും കുറവുണ്ടായില്ല. 1948ൽ അമ്മ മരിച്ചപ്പോൾ നായനാർ ഒളിവിലാ യതിനാൽ എ കെ ജിയാണ് സംസ്കാരച്ചടങ്ങുകൾ നടത്തിയത്. 1975 മുതൽ അടിയന്തരാവസ്ഥക്കാലത്തും ഒളിവുജീവിതത്തിലായിരുന്നു.

1980ല്‍ മലമ്പുഴയില്‍ നിന്ന് ജയിച്ച് മുഖ്യമന്ത്രിയായി. എ.കെ. ആന്റണി നേതൃത്വം നല്കിയ കോണ്‍ഗ്രസ്, കെ.എം. മാണി നേതൃത്വം നല്കിയ കേരളാ കോണ്‍ഗ്രസ് എന്നിവയുടെ സഹായത്തോടെയാണ് നായനാര്‍ മുഖ്യമന്ത്രിയായത്. പക്ഷെ ഈ മന്ത്രിസഭയിക്ക് ആയുസ്സ് കുറവായിരുന്നു. 1980ല്‍ ജനവരി 25 മുതല്‍ 1981 ഒക്ടോബര്‍ 20 വരെ. തൃക്കരിപ്പൂരില്‍ നിന്നും വിജയിച്ച് 1987ല്‍ വീണ്ടും മുഖ്യമന്ത്രിയായി. 1992ല്‍ വീണ്ടും സംസ്ഥാന സെക്രട്ടറിയായി.1992ല്‍ പി ബി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1996ല്‍ പാര്‍ട്ടി വീണ്ടും നായനാരെ മുഖ്യമന്ത്രിയാക്കുമ്പോള്‍ അദ്ദേഹം നിയമസഭാംഗമായിരുന്നില്ല. തലശേരിയില്‍ നിന്നും ഉപതിരഞ്ഞെടുപ്പിലൂടെ അദ്ദേഹം ജയിച്ചുകയറി.

ഒരിയ്ക്കല്‍ മാത്രം നായനാര്‍ തിരഞ്ഞെടുപ്പില്‍ തോല്‍വിയുടെ കയ്പറിഞ്ഞു. കാസര്‍കോട് മണ്ഡലത്തില്‍ കടന്നപ്പള്ളി രാമചന്ദ്രനോടാണ് നായനാര്‍ തോറ്റത്. തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ശ്രദ്ധേയമായ അട്ടിമറികളില്‍ ഒന്നാണിത്.

ദീര്‍ഘകാലം ദേശാഭിമാനിയുടെ ചീഫ് എഡിറ്ററും കുറച്ചുകാലം ചിന്ത വാരികയുടെ എഡിറ്ററുമായിരുന്നു അദ്ദേഹം. ദേശാഭിമാനിയെ തന്റെ ജിവശ്വാസമായി അദ്ദേഹം കണ്ടു. പത്രാധിപരായി പ്രവർത്തിച്ചപ്പോഴും അല്ലാത്തപ്പോഴും ദേശാഭിമാനിയുടെ എല്ലാ എഡിഷനുകളും കാണാനും അവയിലെ മികവും പോരായ്മയും വേർതിരിച്ചു മനസ്സിലാക്കി ഇടപെടുന്നതിലും ശ്രദ്ധിച്ചു. ‘’ഞാൻ മരിച്ചാൽ എന്റെ അന്ത്യയാത്രയിൽ അവസാനം വായിച്ച ദേശാഭിമാനി എന്റെ നെഞ്ചോട് ചേർത്തുവയ്ക്കണം’’ എന്ന് നായനാർ ശാരദ ടീച്ചറിനോട് പറഞ്ഞതിൽ തെളിയുന്നത് കമ്യൂണിസ്റ്റ് ജിഹ്വയെ ഒരു കമ്യൂണിസ്റ്റുകാരൻ എത്രമാത്രം ഇഷ്ടപ്പെടണമെന്ന സന്ദേശമാണ്.

അടിയന്തരാവസ്ഥ കാലത്തു സഖാവ് ഒളിവിൽ കഴിയുമ്പോൾ എന്റെ അച്ഛനൊപ്പം ഒരു ദിവസം താമസിച്ചിരുന്നു . നേരം പുലരുവോളം അന്നവർ രാഷ്ട്രീയം സംസാരിച്ചിരുന്നു , സഖാവ് നായനാരുടെ സമര സംഘടനാ പ്രവർത്തനങ്ങൾ മാർക്സിസം‐ലെനിനിസത്തോടുള്ള പ്രതിബദ്ധതയിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത സത്യസന്ധതയുടെയും നിർഭയത്തിന്റേതുമായിരുന്ന ആ രാഷ്ട്രീയ ശൈലി കൂടുതൽ അടുത്തറിയാൻ ആ ഒരു ദിവസത്തെ രാഷ്ട്രീയ ചർച്ച കഴിഞ്ഞു എന്ന് എന്റെ അച്ഛൻ പറഞ്ഞിരുന്നു.

2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാതെ മാറിനിന്നു.60ലേറെ വര്‍ഷങ്ങള്‍ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ നിറഞ്ഞു നിന്ന വ്യക്തിത്വം. ആറ്‌ പ്രാവശ്യവും സ:നായനാര്‍ കേരള നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. 1980-82, 1987-91, 1996-2001 എന്നീ ഘട്ടങ്ങളിലായി 11 വര്‍ഷക്കാലം കേരളത്തിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്‌ഠിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിപദം അലങ്കരിച്ചത് സ:നായനാരാണ്.

മൂന്നുതവണയായി 4009 ദിവസം മുഖ്യമന്ത്രിയായും ആറേമുക്കാല്‍ വര്‍ഷം പ്രതിപക്ഷനേതാവായും നാടിനെ മുന്നോട്ടുനയിക്കാനും ജനങ്ങള്‍ക്ക് ക്ഷേമം ലഭിക്കാനും ഭരണ-സമര സേവനങ്ങള്‍ നടത്തിയ ജനനായകൻ ആയിരുന്നു നായനാര്‍.കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കിയത് നായനാര്‍ സര്‍ക്കാരാണ്. സമ്പൂര്‍ണ സാക്ഷരതായജ്ഞം വിജയമാക്കിയത് ,കേരളത്തില്‍ ആദ്യത്തെ ടെക്നോപാര്‍ക്ക് സ്ഥാപിച്ചത് ,ജനകീയാസൂത്രണം,മാവേലി സ്റ്റോര്‍, എല്ലാ പഞ്ചായത്തിലും ഹൈസ്കൂള്‍, വൈദ്യുതിയില്‍ സ്വയംപര്യാപ്തത, തോട്ടിപ്പണി കേരളത്തിൽ ഇല്ലാതാക്കിയത് – ഇതെല്ലാം നായനാരുടെ ഭരണത്തിന്റെ സുവര്‍ണരേഖയിൽ ചിലതാണ് . കണ്ണൂര്‍ വിമാനത്താവളത്തിന് തുടക്കമിട്ടതും നായനാര്‍ഭരണമാണ്.

പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ സജീവമായ പങ്കുവഹിച്ച നായനാര്‍ ജനകീയപ്രശ്‌നങ്ങളോട് പ്രതികരിക്കുന്ന പത്രാധിപരെന്ന നിലയിലും ശ്രദ്ധേയനായി. സാഹിത്യത്തെയും യാത്രാനുഭവങ്ങളെയും ജനജീവിതവുമായി കൂട്ടിച്ചേര്‍ക്കുന്നതില്‍ കാണിച്ച മിടുക്ക് എടുത്തുപറയേണ്ടതാണ്. പാര്‍ലമെന്റിതര പ്രവര്‍ത്തനങ്ങളില്‍ എന്നപോലെ പാര്‍ലമെന്ററി രംഗത്തും ശ്രദ്ധേയമായ ഇടപെടല്‍ നടത്തി. ജനകീയപ്രശ്‌നങ്ങള്‍ പാര്‍ലമെന്ററി വേദികളില്‍ അവതരിപ്പിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു. ആരുമായി ഇടപഴകുമ്പോഴും തന്റെ കാഴ്ചപ്പാടുകളില്‍നിന്ന് അണുകിട വ്യതിചലിക്കാതെ പ്രവര്‍ത്തിക്കാന്‍ സഖാവ് കാണിച്ച ശേഷി മാതൃകാപരമാണ്.

പാര്‍ടി നിലപാടുകള്‍ ജനങ്ങളില്‍ എത്തിക്കുന്നതിലും പാര്‍ടിയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നങ്ങള്‍ വിശകലനംചെയ്ത് ലളിതമായി അവതരിപ്പിക്കുന്നതിലും കാണിച്ച മാതൃക അനുകരണീയമാണ്.

അവതരണശൈലിയും അതില്‍ ഉള്‍ക്കൊള്ളിക്കുന്ന രാഷ്ട്രീയസമീപനവും നിഷ്‌കളങ്കമായ ഇടപെടലും നായനാരെ ജനങ്ങളുടെ കണ്ണിലുണ്ണിയാക്കി. ജനങ്ങളുടെ ദുഃഖങ്ങളില്‍ ഒപ്പം കരയാനും സന്തോഷങ്ങളെ അതേപോലെ ഉള്‍ക്കൊള്ളാനും കഴിയുംവിധമായിരുന്നു നായനാരുടെ ഇടപെടല്‍. മുഖംമൂടിയില്ലാത്ത ഈ സമീപനം ജനങ്ങളെ ഏറെ ആകര്‍ഷിച്ചു, അവരുടെ ജനനായകനായി .

സ്വാതന്ത്യ്രപൂര്‍വകാലത്ത് യാതനയും കൊടിയ ത്യാഗവും സഹിച്ചുള്ള ഒളിവുജീവിതവും ജയില്‍വാസവും സ്വാതന്ത്ര്യാനന്തരം രാഷ്ട്രീയപ്രതിയോഗികളുടെ തന്ത്രങ്ങൾക്കും , അടിയന്തരാവസ്ഥയുടെ കിരാത വാഴ്ചയ്ക്കും ഊര്‍ജ്ജ പ്രവാഹിയായ ഈ കമ്മ്യൂണിസ്റ്റ്കാരന്റെ വീര്യത്തെ ചോര്‍ത്തി കളയാൻ കഴിഞ്ഞിട്ടില്ല .ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്റെ ചങ്കൂറ്റവും മനുഷ്യ സ്‌നേഹവും ഇകെ നായനാര്‍ എന്ന വ്യക്തിയില്‍ എപ്പോഴും നിറഞ്ഞു നിന്നു. ഇങ്ങനെ ഉജ്വലനായ കമ്മ്യൂണിസ്റ് ആയിരിക്കുമ്പോഴും സ്വയം ചിരിക്കാനും എല്ലാവരെയും എപ്പോഴും ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത സഖാവ് ചില അവസരങ്ങളില്‍ എല്ലാവരെയും കരിയിപ്പിച്ചു. നായനാരുടെ ജ്യേഷ്ഠ സഹോദരന്‍ ആയിരുന്ന കെപിആര്‍ ഗോപാലന്‍ അന്തരിച്ചപ്പോള്‍ കല്ല്യാശേരിയില്‍ വെച്ചു നടന്ന അനുശോചനയോഗത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ പൊട്ടിക്കരഞ്ഞുകൊണ്ട് നായനാര്‍ പ്രസംഗപീഠത്തില്‍ നിന്നും താഴെയിറങ്ങുമ്പോള്‍ ആ യോഗത്തില്‍ പങ്കെടുത്തവരുടെയെല്ലാം കണ്ണുകള്‍ നിറഞ്ഞു. സഖാക്കൾ അഴിക്കോടനും ,എ.കെ.ജിയും , ഇം.എം.സും മരിച്ചപ്പോള്‍ വിതുമ്പി കരഞ്ഞ നായനാരെ നമ്മൾ കണ്ടു .

ദുരിതങ്ങളിൽ ദുഖങ്ങളിൽ ദുരന്ത മുഖങ്ങളിൽ വിജയത്തിൽ പരാജയത്തിൽ എന്നും ജനങ്ങള്കൊപ്പം നിന്ന ജനനേതാവ് ആയിരുന്നു സഖാവ് നായനാർ .ഇ കെ നായനാർ ജനവിധി തേടിയ തൃക്കരിപ്പൂർ നിയമസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമായ ചീമേനിയിലെ പാർട്ടി ആപ്പീസിനു തിരഞ്ഞെടുപ്പു ദിവസം തീ കൊളുത്തി കോൺഗ്രസ്സ്‌ നരാധമന്മാർ,സി.പി.ഐ.എം പ്രവർത്തകരെ നരഹത്യ ചെയ്തത ക്രൂരകൃത്യം കണ്ട് ഒരു പച്ചമനുഷ്യനായി മാറിയ നായനാരെ കാണുകയുണ്ടായി.
ഒടുവില്‍ ഡല്‍ഹിയിലേക്ക് ചികിത്സയ്ക്ക് പോകുന്ന അവസരത്തിലും ലിഫ്റ്റില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരോട്, ആൾ റൈറ്റ്! താങ്ക് യൂ, താങ്ക് യൂ ആള്‍!’ എന്ന് കൈവീശി വിടപറഞ്ഞ സഖാവ് അവിടെക്കൂടിയ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരെയും കരയിച്ചത് കേരള രാഷ്ട്രീയ ചരിത്രത്തിലെ അപൂര്‍വ്വതയായിരുന്നു.

നർമ്മം ചേർന്നുള്ള സംഭാഷണങ്ങളിൽ കൂടി ഏവരുടെയും സ്നേഹം പിടിച്ചു പറ്റിയെങ്കിലും കുറിക്കുകൊള്ളുന്ന സാമൂഹിക വിമർശനങ്ങൾ നായനാർ എന്ന ജനനായകന്റെ പ്രത്യേകത ആയിരുന്നു . ഈ ശൈലി കൊണ്ടാകാം എത്രതന്നെ ശകാരിച്ചാലും അദ്ദേഹത്തോട് ദേഷ്യപ്പെടാനോ കലഹിക്കുവാനോ ആര്‍ക്കും കഴിയുമായിരുന്നില്ല.

ഏഷ്യാനെറ്റിൽ ‘മുഖ്യമന്ത്രിയോടു ചോദിക്കാം’ എന്ന പേരിൽ ആഴ്ചയിലൊരിക്കൽ പൊതുജന സമ്പർക്ക പരിപാടി തന്റെ മൂന്നാം മുഖ്യമന്ത്രിപദത്തിന്റെ കാലയളവിൽ നായനാർ നടത്തിയിരുന്നത്തു ഏറേ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.

രാഷ്ട്രീയ എതിരാളികളുടെപോലും ആദരവും അംഗീകാരവും പിടിച്ചുപറ്റാന്‍ കഴിയുന്നവിധം വിപുലീകരിക്കപ്പെട്ടതായിരുന്നു ആ വ്യക്തിത്വം.

മലയാളത്തിലും ഇംഗ്ലീഷിലുമായി 15 ഓളം പുസ്തകങ്ങളും നിരവധി ലേഖനങ്ങളും നായനാരുടേതായുണ്ട്. ആത്മകഥയായ സമരത്തീച്ചൂളയില്‍, മൈ സ്ട്രഗിള്‍സ്, ജയിലിലെ ഓര്‍മകള്‍, എന്റെ ചൈനാ ഡയറി, മാര്‍ക്സിസം ഒരു മുഖവുര, അമേരിക്കന്‍ ഡയറി, സാഹിത്യവും സംസ്കാരവും വിപ്ലവാചാര്യന്മാര്‍ , ദോഹ ഡയറി ,അറേബ്യൻ സ്കെച്ചുകൾ, തുടങ്ങിയവയാണ് മുഖ്യകൃതികള്‍.

2004 ഏപ്രിൽ 26ന് പ്രമേഹ ചികിത്സയ്ക്കായി തിരുവനതപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ന്യുഡൽഹി AIMS ലേക്ക് മാറ്റി . ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായി വന്നു. ഒടുവിൽ മേയ് 19ന് വൈകീട്ട് സംഭവിച്ച ഹൃദയസ്തംഭനത്തെത്തുടർന്ന് നായനാർ അന്തരിച്ചു. മൃതദേഹം വിമാനമാർഗ്ഗം തിരുവനന്തപുരത്തെത്തിച്ചു. അവിടെ സെക്രട്ടേറിയറ്റിലും എ.കെ.ജി. സെന്ററിലും പൊതുദർശനത്തിന് വച്ചശേഷം വിലാപയാത്രയായി ജന്മദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോയി. സഖാവിന്റെ ഭൗതിക ശരീരം ഒരുനോക്ക്‌ കാണാന്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള പതിനായിരങ്ങള്‍ ഒഴുകിയെത്തി. രാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് കേരളം ഇന്നോളം കണ്ടിട്ടില്ലാത്തത്ര ജനസഞ്ചയം വിലാപയാത്രയില്‍ അദ്ദേഹത്തിന്‍റെ ഭൌതിക ശരീരത്തെ അനുഗമിച്ചു.

സ്വദേശാഭിമാനിയും അഴീക്കോടനും എ.കെ.ജിയും ചടയനും ഓര്‍മ്മകളായി അവശേഷിക്കുന്ന പയ്യാമ്പലത്തെ മണല്‍ തരികളില്‍ ഇപ്പോള്‍ സഖാവ് നായനാരുമുണ്ട്. കേരളം ഏറ്റവും അധികം ഹൃദയം കൊണ്ട് തൊട്ടറിഞ്ഞ നേതാവ്.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയും തൊഴിലാളി-കര്‍ഷക പ്രസ്ഥാനങ്ങളും വളര്‍ത്തിയെടുക്കുന്നതില്‍ അമൂല്യ സംഭാവന നല്‍കിയ നേതാവാണ്‌ സ: ഇ.കെ. നായനാര്‍. മികച്ച സംഘാടകന്‍, പ്രക്ഷോഭകാരി, സ്വാതന്ത്ര്യസമരസേനാനി, പ്രഭാഷകന്‍, പത്രപ്രവര്‍ത്തകന്‍, ഭരണാധികാരി, പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലെല്ലാം ആറുപതിറ്റാണ്ടിലേറെക്കാലം കേരളീയ സമൂഹത്തില്‍ നിറഞ്ഞുനിന്ന സ: നായനാരുടെ പ്രവര്‍ത്തനം തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ക്ക്‌ എക്കാലവും ആവേശം പകരുന്നതാണ്‌. സഖാവിന്റെ സ്മരണകള്‍ വിപ്ലവ ചിന്തകൾക്ക് കരുത്തേകും.

അവലംബങ്ങൾ
ചിന്ത
ദേശാഭിമാനി