ഇന്ത്യ തിളങ്ങുന്നു പട്ടിണിക്കും രോധനങ്ങൾക്കും വഴിവിളക്കായി!

നിശ്ചലം ഈ തെരുവിന്ന്.
ഇന്നലെ ഈ തെരുവിൽ,
വട്ടിപ്പലിശയിൽ നൊന്ത് പച്ചമാംസം
കത്തിക്കരിഞ്ഞു,
അഗ്നിനാളങ്ങള്‍ വിഴുങ്ങുന്ന പ്രാണവേദന,
മാംസം കരിഞ്ഞ മണം .
മനുഷ്യത്വം മരവിച്ച മനസ്സുകൾ
ചുറ്റും കൂടി രാജ്യ പുരോഗതിയിൽ വാചാലരാകും.

അപരനെ ഊട്ടാൻ നിലമുഴുതു വിത്ത് വിതച്ചു,
പ്രകൃതി കനിയാതെ വിളനശിച്ചവൻ,
കണ്ണീരുവീണ നനഞ്ഞ പാടത്തിൽ,
ഇല്ലിനി മുളയ്ക്കില്ല ഒരു നാമ്പും.

പലിശപ്പണത്തിന് മീതേ
പരുന്തുകൾ വട്ടമിട്ടു പറന്നു.
ഫ്ളക്സുകളിൽ ദേവരാമൻ മാറി വർഗീയരാമൻ
നിറങ്ങളിൽ നിറഞ്ഞു.
ഗാന്ധിയുടെ രാമനെ കൊന്ന് ഗോഡ്‌സെയുടെ രാമൻ
തെരുവിൽ വർഗീയത വെച്ച് നീട്ടി,
മതം മത്തുപിടിപ്പിച്ചു ഒരുവർഗ്ഗത്തെ തളച്ചിട്ടു.
ആയുധം മൂർച്ചകൂടി ,തലകൾ അറുത്തുവീണു
പട്ടിണിക്ക് മറയായി.

ശതകോടിശ്വരൻമാർക്ക് പരവതാനി വിരിച്ചു.
കാനേഷുമാരിയിൽ ഇടംനേടാതെ, തിരസ്കരിക്കപ്പെടുന്നവന്റെ കണ്ണുനീർ;
ചേരിയിലെ കാനയിൽ ചേർന്നൊഴുകി, ആരുംകാണാതെ ആരുമറിയാതെ.
സംസ്കാരം അവനെ തെണ്ടിയെന്ന് വിളിച്ചു!

ഇനിയെത്ര നിസ്വവർഗ്ഗത്തിൻ
മാംസം കരിഞ്ഞാലാകും;
രാജ്യപുരോഗതി കണക്കിൽ, ഗ്രാഫുകളിൽ
ഇന്ത്യ ഒന്നാമനാകുക !!