പോരാട്ടങ്ങളുടെ 100 വർഷങ്ങൾ

സ്വാതന്ത്ര്യത്തേയും, സമത്വത്തേയും,ജനാധിപത്യ സമൂഹത്തേയും സ്വപ്നം കണ്ട് സ്വേച്ഛാധിപത്യത്തിനും, അടിച്ചമർത്തലിനും, ചൂഷണത്തിനും എതിരെ ധീരമായ ചെറുത്തുനിൽപ്പുകളുടെ പോരാട്ടങ്ങളിൽ ഏർപ്പെട്ട് ജീവത്യാഗം ചെയ്ത അനേകം വിപ്ലവകാരികളുടെ ത്യാഗത്തിന്റെയും, രക്തസാക്ഷിത്വത്തിന്റെയും ഒരു നൂറ്റാണ്ട് തികഞ്ഞിരിക്കുകയാണ് 2020 ഒക്ടോബർ 17 ന് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം.
ജാതി-മത-വർഗീയ വിവേചനത്തിനെതിരെ പോരാടി, തൊഴിലാളികളുടേയും കൃഷിക്കാരുടേയും, പാർശ്വവത്കരിക്കപ്പെട്ടവരുടേയും,ചൂഷണം ചെയ്യപ്പെട്ടട്ടവരുടേയും, അടിച്ചമർത്തപ്പെട്ട എല്ലാ വിഭാഗങ്ങളുടേയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നേടിയെടുക്കുന്നതിനും അവരുടെ ഉന്നമനത്തിനും വേണ്ടി പോരാടുകയും,ഈ സമൂഹത്തിൽ തുല്യതയോടെ കൂടി അവരെ സജീവമാക്കുന്നതിനുമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തെരുവിൽ പോരാട്ടങ്ങളിൽ ചോര വീഴ്ത്തിയത്.
ഒരു സോഷ്യലിസ്റ്റ് സമൂഹം സ്ഥാപിക്കുന്നതിലൂടെയും കമ്മ്യൂണിസത്തിലേക്കുള്ള അതിന്റെ പരിവർത്തനത്തിലൂടെയും മാത്രമേ മനുഷ്യരെ മനുഷ്യർ ചൂഷണം ചെയ്യുന്നത് അവസാനിക്കൂ ; ഈ ലക്ഷ്യത്തിനായുള്ള പോരാട്ടമാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു നൂറ്റാണ്ടായി ചരിത്രത്തിൽ നടത്തിയതും ഇന്ന് തുടർന്നുകൊണ്ടിരിക്കുന്നതും.
മനുഷ്യവിമോചനത്തിനായുള്ള ലോക പോരാട്ടങ്ങളുടെ ചുവടുപിടിച്ചു ഇന്ത്യൻ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക യാഥാർത്ഥ്യങ്ങളിൽ ആഴത്തിൽ വേരൂന്നിയാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപംകൊണ്ടത്.
ഇന്ത്യയിലുള്ള മറ്റ് രാഷ്ട്രീയങ്ങളിൽ നിന്നും വിഭിന്നമായി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ട ജനങ്ങളുടെയും രാജ്യങ്ങളുടെയും അവകാശങ്ങൾക്കും മാനവികബോധത്തിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നിലകൊള്ളുന്നു.

ചരിത്രം തുടങ്ങുന്നു
ദേശീയ പ്രസ്ഥാനത്തിനുള്ളിൽ മിതവാദികളായ നേതാക്കളും വിപ്ലവകാരികളായ അണികളും തമ്മിൽ ഉയർന്നുവന്ന ആശയസമരങ്ങളും,1917-നവംബറിലെ റഷ്യൻ തൊഴിലാളിവർഗവിപ്ലവം പോരാട്ടങ്ങളുടെ ആവേശങ്ങളുടെ സ്വാധീനത്തിൽ ആയിരുന്നു ഇന്ത്യയിലെ ദേശീയവിപ്ലവകാരികൾ1920-കളുടെ ആദ്യം കമ്യൂണിസ്റ്റുകാരായി മാറിയത്. ബോംബെയിലും കൽക്കത്തയിലും മദ്രാസിലും,യുപി,പഞ്ചാബ് മേഖലയിലും ചെറിയ കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾക്ക് രൂപം നൽകി. ബോംബെയിലെ എസ്‌എ ഡാംഗെ, കൊൽക്കത്തയിലെ മുസാഫർ അഹ്മദ്, മദ്രാസിലെ എം സിംഗരവേലു ചെട്ടിയാർ, ലാഹോറിലെ ഗുലാം ഹുസൈൻ, ഷൌക്കത്ത് ഉസ്മാനിയുടെ നേതൃത്വത്തിൽ ഉള്ള സംയുക്ത മധ്യമേഖല ഗ്രൂപ്പ് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് ഈ ഗ്രൂപ്പുകൾ തുടങ്ങിയത്. ഈ ഗ്രൂപ്പുകൾക്ക് മാർക്സിസം-ലെനിനിസത്തിൽ സൈദ്ധാന്തികവും പ്രായോഗികവുമായ വിദ്യാഭ്യാസം നൽകാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ വരവോട് കൂടി സാധ്യമായി.
രാജ്യത്തിന് പുറത്ത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നതിന് പശ്ചാത്തലമൊരുക്കിയ മൂന്ന് വിഭാഗം വിപ്ലവകാരികളുടെ പങ്ക് പ്രത്യേകം എടുത്തു പറയേണ്ടതാണ്.
1) ബര്‍ളിനിലെ ഇന്ത്യന്‍ വിപ്ലവകാരികളുടെ ഗ്രൂപ്പില്‍പ്പെട്ട വീരേന്ദ്രനാഥ് ചതോപാധ്യായ, എം ബര്‍ക്കത്തുള്ള, മഹേന്ദ്രപ്രതാപ്, മുഹമ്മദ് സാഫിഖ് എന്നിവരടങ്ങുന്ന നേതൃത്വം.
2) ഒന്നാം ലോക മഹായുദ്ധകാലത്തും അതിനുശേഷവും വിദേശത്തുപോയ ഖിലാഫത്തികളും ഹിജറ പ്രസ്ഥാനക്കാരും.
3) സാന്‍ ഫ്രാന്‍സിസ്‌കോ കേന്ദ്രമാക്കി രൂപീകരിച്ച ഗദര്‍ വിപ്ലവകാരികളുടെ സംഘം.
1919 ലാണ് കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ (കോമിന്‍ ടേണ്‍) ഒന്നാം സമ്മേളനം മോസ്‌കോവില്‍ നടന്നത്. ലോകം മുഴുവനുമുള്ള തൊഴിലാളികളുമായുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ആ സമ്മേളനം ആരംഭിച്ചത്. എന്നാല്‍ കോളനി രാജ്യങ്ങളുടെ വിമോചനം സംബന്ധിച്ചുള്ള സാമാന്യമായ ചര്‍ച്ച ഒരു പ്രമേയത്തില്‍ ഒതുങ്ങിനിന്നു.
1920-ൽ കോമിന്റേണിന്റെ രണ്ടാം കോണ്‍ഗ്രസ് ഇന്ത്യന്‍ സ്ഥിതിഗതികള്‍ ഗൗരവമായി ചര്‍ച്ച ചെയ്യുകയും ഇന്ത്യന്‍ വിപ്ലവകാരികള്‍ക്ക് വേണ്ടി മാര്‍ക്‌സിയന്‍ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ഒരു കര്‍മ്മപരിപാടി തയ്യാറാക്കുകയും ചെയ്തു.
ദേശീയ-കൊളോണിയല്‍ പ്രശ്‌നങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള ഒരു കരട് തീസിസ് രണ്ടാം കോണ്‍ഗ്രസില്‍ അവതരിപ്പിക്കാന്‍ ലെനിന്‍ തയ്യാറാക്കിയിരുന്നു. പൗരസ്ത്യ രാജ്യങ്ങളിലെ ബൂര്‍ഷ്വ ജനാധിപത്യവിപ്ലവങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ലെനിന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ എന്നാൽ കമ്മ്യൂണിസ്റ്റുകാര്‍ ഒരു കാരണവശാലും അതിനെ പിന്തുണയ്ക്കരുതെന്ന് സപ്ലിമെന്ററി തീസിസിലൂടെ എം എന്‍ റോയ് വാദിച്ചു.ദേശീയ വിമോചന പ്രസ്ഥാനത്തിന് പിന്തുണ നല്‍കേണ്ടതിന്റെ ആവശ്യം എം എന്‍ റോയ് നിരാകരിച്ചു. കോളനി രാജ്യങ്ങളില്‍ മുതലാളിത്തം നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള മുന്‍ ഉപാധി സോഷ്യലിസ്റ്റ് വിപ്ലവം നടത്തലാണെന്ന് അദ്ദേഹം കരുതി. ഒടുവില്‍ റോയിയുടെ കാഴ്ചപ്പാടിലെ ഇടതുപക്ഷ തീവ്ര വ്യതിയാനങ്ങള്‍ നീക്കം ചെയ്തുകൊണ്ട് രണ്ടാം കോണ്‍ഗ്രസ്, കൊളേണിയല്‍ തീസിസിന് ഐകരൂപ്യം കണ്ടെത്തുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് താഷ്‌കന്റിലെ രൂപീകരണ യോഗം 1920 ഒക്‌ടോബറില്‍ നടന്നത്.
യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ക്യാനഡയിലും പ്രവാസികളായി കഴിഞ്ഞിരുന്ന ഇന്ത്യൻ വിപ്ലവകാരികളെയും റഷ്യൻ വിപ്ലവം സ്വാധീനിച്ചു. അവരിൽ ചിലർ ഇന്നത്തെ ഉസ്‌ബെക്കിസ്ഥാൻ തലസ്ഥാനമായ താഷ്‌കന്റ്‌ എന്ന സോവിയറ്റ് നഗരത്തിൽ കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ എന്ന പേരിൽ പാർടി സംഘടിപ്പിക്കുന്നതിന്‌ മുൻകൈയടുത്തു. 1920 ഒക്ടോബർ 17 നായിരുന്നു ആദ്യ യോഗം ചേർന്നത്‌. എം എൻ റോയ്‌, അബനി മുഖർജി, (ഇരുവരുടെയും ഭാര്യമാരും) മുഹമ്മദ്‌ അലി, മുഹമ്മദ്‌ ഷഫീഖ്‌, എം പി ബി ടി ആചാര്യ എന്നിവർ ആ യോഗത്തിൽ പങ്കെടുത്തു. ഷഫീഖിനെയാണ്‌ സെക്രട്ടറിയായി തെരഞ്ഞെടുത്തത്‌.

ഇന്ത്യക്ക് പുറത്തുവച്ചാണ് രൂപീകരിക്കപ്പെട്ടതെങ്കിലും നാട്ടിലുള്ള നിരവധി ഇന്ത്യൻ കമ്യൂണിസ്റ്റുകാരെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിൽ ഈ പുതിയ സംഘടന ഒരുപാട് കാര്യങ്ങൾ ചെയ്തു. സ്വന്തം നാട്ടിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്ന കമ്യൂണിസ്റ്റുകാരുടെ നിരവധി കൊച്ചുകൊച്ചു ഗ്രൂപ്പുകൾക്ക് മാർക്സിസം–-ലെനിനിസത്തിൽ ആദ്യമായി സൈദ്ധാന്തികവും പ്രായോഗികവുമായ വിദ്യാഭ്യാസം നൽകിയത് ഈ സംഘടനയായിരുന്നു. അതുകൊണ്ടാണ് ‘‘കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ ആയി മാറിയതിന്റെ ആദ്യ അടിത്തറയായി താഷ്‌കന്റ് കമ്മിറ്റിയെ കണക്കാക്കുന്നത്.


എന്നാൽ ഇന്ത്യൻ കമ്യൂണിസ്റ്റുകാരിൽ ഒരു വിഭാഗം താഷ്കന്റിൽ രൂപീകരിക്കപ്പെട്ട സംഘടനയെ ഇന്ത്യക്ക് പുറത്തുവെച്ചു രൂപീകരിക്കപ്പെട്ടു എന്ന കാരണത്താൽ കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യയുടെ അടിത്തറയായി കണക്കാക്കിയിരുന്നില്ല. ആയതിനാൽ, അവർ UP-യിലെ കാൺപുർ നഗരത്തിൽ ഇന്ത്യൻ കമ്യൂണിസ്റ്റുകാരുടെ പരസ്യമായ ഒരു സമ്മേളനം ചേരാൻ തീരുമാനിച്ചു. അങ്ങനെ കാൺപുരിൽ നിയമവിധേയമായി പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ 1925 ഡിസംബർ 26 ന് രൂപീകരിക്കുകയുമുണ്ടായി. ചിലരുടെ അഭിപ്രായത്തിൽ ഇതാണ് യഥാർഥത്തിൽ കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യയുടെ അടിത്തറ; കാരണം ഇത് രൂപീകരിക്കപ്പെട്ടതും പ്രവർത്തിച്ചതും രാജ്യത്തിനുള്ളിലാണ്.’’ എന്ന്‌ EMS എഴുതി.

MN Roy

ഇന്ത്യയിൽ സോഷ്യലിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും ആശയങ്ങൾ വേരുപിടിക്കുന്നു !
കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയിൽ നിലവിൽ വരുന്നതിനുമുമ്പ് സോഷ്യലിസം, കമ്മ്യൂണിസം, മാർക്സിസം എന്നീ ആശയങ്ങൾ ഇന്ത്യയിൽ ഉയർന്നുവന്നിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ യൂറോപ്പിൽ രണ്ടാം ഇന്റർനാഷണലിന്റെ നേതൃത്വത്തിലുള്ള തൊഴിലാളി പ്രസ്ഥാനങ്ങൾ ശക്തിപ്രാപിച്ചിരുന്നു.
“താൻ ഒരു സോഷ്യലിസ്റ്റാണെന്നും ഒരു ദിവസം സമത്വത്തിന്റെയും തൊഴിലാളികളുടെയും ഭരണം തീർച്ചയായും ലോകമെമ്പാടും സ്ഥാപിക്കപ്പെടുമെന്നും” ആദ്യം പരാമർശിച്ചവരിൽ ഇന്ത്യന്‍ സന്യാസിയും തത്വചിന്തകനുമായ സ്വാമി വിവേകാനന്ദൻ ഉൾപ്പെടുന്നു. ബ്രിട്ടനിലും യൂറോപ്പിലെ മറ്റിടങ്ങളിലുമുള്ള തൊഴിലാളിവർഗ പ്രസ്ഥാനങ്ങൾ അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചിരുന്നു.
യൂറോപ്പിലെ തൊഴിലാളി പാർട്ടികളുടെ മാതൃകയിൽ ഇന്ത്യയിൽ ഒരു തൊഴിലാളി / ലേബർ പാർട്ടി സ്ഥാപിക്കുന്നതിനെക്കുറിച്ച് ബാൽ ഗംഗാധർ തിലക്, ലാല ലജ്പത് റായ്, എം. സിംഗരവേലു എന്നിവർ 1916 ൽ ശ്രമിച്ചിരുന്നു.
ഇന്ത്യയിൽ നിന്നുള്ള ഖിലാഫത്ത്‌ പ്രസ്ഥാനക്കാർ ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടം തുടരാനായി അഫ്‌ഗാനിസ്ഥാനിലേക്ക്‌ പോയി. അവിടെനിന്ന്‌ പലരും താഷ്‌ക്കന്റിൽ എത്തുകയും അവരെ സോവിയറ്റ്‌ അധികൃതർ സ്വീകരിക്കുകയും ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടം തുടരാൻ അവരെ സഹായിക്കുകയും ചെയ്‌തു. കമ്യൂണിസ്‌റ്റ്‌ പാർടിയുമായും ബോൾഷെവിക്ക്‌ വിപ്ലവകാരികളുമായി ബന്ധപ്പെട്ട ഇവരിൽ 25 പേർ കമ്യൂണിസം പഠിക്കാനായി മോസ്‌കോയിലെ കമ്യൂണിസ്‌റ്റ്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ ടോയ്‌ലേഴ്‌സ്‌ ഓഫ്‌ ഈസ്‌റ്റിൽ ചേർന്നു. കമ്യൂണിസ്‌റ്റ്‌ ഇന്റർനാഷനിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട എം എൻ റോയ്‌ ഏഷ്യാറ്റിക്ക്‌ ബ്യൂറോയുടെ ചുമതലക്കാരനായി താഷ്‌കന്റിലെത്തി. മുഹാജിറുകൾക്കിടയിൽ പ്രവർത്തിക്കാൻ ഇത്‌ റോയിക്ക്‌ അവസരം നൽകി. കമ്യൂണിസ്‌റ്റ്‌ പാർടിക്ക്‌ രൂപം നൽകി ബ്രിട്ടീഷ്‌ വിരുദ്ധസമരം തുടരാൻ ഉത്‌സുകരായിരുന്നു ഈ മുഹാജിറുകൾ. ഇതേ ഘട്ടത്തിൽ തന്നെയാണ്‌ ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടിയും ഇന്തോ ചൈന കമ്യൂണിസ്‌റ്റ്‌ പാർടിയും രൂപംകൊണ്ടത്‌.

ഒക്ടോബർ സോഷ്യലിസ്‌റ്റ്‌ വിപ്ലവം ലോകത്തെങ്ങുമുള്ള ഇന്ത്യക്കാരായ വിപ്ലവകാരികളെയും സ്വാധീനിച്ചു. ബർലിനിൽ വീരേന്ദ്രനാഥ ചതോപാധ്യായും അമേരിക്കയിലെ ഗദർപാർടിക്കാരും ബോൾഷെവിക്കുകളുമായി ബന്ധം വയ്‌ക്കാൻ ആഗ്രഹിച്ചിരുന്നു.
1921ൽ അഹമ്മദാബാദിൽ ചേർന്ന AICC സമ്മേളനത്തിലെ പ്രതിനിധികൾക്ക്‌ എം എൻ റോയിയും അബനി മുഖർജിയും ഒരു തുറന്നകത്ത്‌ എഴുതുകയുണ്ടായി. ട്രേഡ്‌യൂണിയൻ ആവശ്യങ്ങളും കിസാൻസഭയുടെ ആവശ്യങ്ങളും സ്വന്തം ആവശ്യങ്ങളായി കോൺഗ്രസ്‌ മുന്നോട്ടുവയ്‌ക്കണമെന്ന്‌ അവർ ആവശ്യപ്പെട്ടു. രാജ്യത്ത്‌ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും ആവശ്യപ്പെടുന്നതിന്‌ മുമ്പുതന്നെ സിപിഐ അതിന്റെ രൂപീകരണകാലംമുതൽ പരിപൂർണ സ്വാതന്ത്ര്യം എന്ന ആവശ്യം ശക്തമായി മുന്നോട്ടുവച്ചിരുന്നു. അഹമ്മദാബാദ്‌ കോൺഗ്രസിൽ ഹസ്രത്ത്‌ മൊഹാനി പരിപൂർണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിക്കുകയും ചെയ്‌തു. കമ്യൂണിസത്തിലേക്ക്‌ ആകർഷിക്കപ്പെട്ട മൊഹാനി അതിൽ അംഗമാകുകയും ചെയ്‌തിരുന്നു. അപ്രായോഗികമെന്ന്‌ പറഞ്ഞ്‌ ആ പ്രമേയത്തെ ഗാന്ധിജി എതിർക്കുകയുണ്ടായി.
ഇതിനിടയിൽ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലായി പ്രവർത്തിക്കുന്ന കമ്യൂണിസ്‌റ്റ്‌ ഗ്രൂപ്പുകളുമായി കൊമിന്റേണിന്റെ സഹായത്തോടെ എം എൻ റോയ്‌ ബന്ധപ്പെട്ടു. മുംബൈയിലെ എസ്‌ എ ഡാങ്കെ, കൊൽക്കത്തയിലെ മുസഫർ അഹമ്മദ്‌, മദിരാശിയിലെ ശിങ്കാരവേലു ചെട്ടിയാർ എന്നിവരുമായാണ്‌ ബന്ധപ്പെട്ടത്‌.

മുസഫർ അഹമ്മദ്
എസ്‌ എ ഡാങ്കെ

1922–-23 കാലത്താണ്‌ ‘വാൻഗാർഡ്‌ ഓഫ്‌ ഇന്ത്യൻ ഇൻഡിപെൻഡൻസ്‌ എന്ന പ്രസിദ്ധീകരണത്തിന്‌ എം എൻ റോയ്‌ തുടക്കമിട്ടത്‌. കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഇന്ത്യയുടെ ആദ്യത്തെ ഔദ്യോഗിക പ്രസിദ്ധീകരണമായിരുന്നു ഇത്‌. ബർലിനിൽ നിന്നായിരുന്നു ആദ്യം അച്ചടിച്ചത്‌. കമ്യൂണിസ്‌റ്റ്‌ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ച പ്രസീദ്ധീകരണമായിരുന്നു ഇത്‌. കമ്യൂണിസ്റ്റ്‌ പ്രചാരണം ശക്തമാകുന്നതിന്റെ അപകടം മനസ്സിലാക്കിയ ബ്രിട്ടീഷ്‌ ഭരണാധികാരികൾ ‘വാൻഗാർഡ്’ ഇന്ത്യയിൽ നിരോധിച്ചു. താഷ്‌കന്റിൽ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ഗ്രൂപ്പിന്‌ തുടക്കമിട്ട 1920ൽ തന്നെയാണ്‌ ഓൾ ഇന്ത്യ ട്രേഡ്‌യൂണിയൻ കോൺഗ്രസിനും(AITUC) രൂപം നൽകുന്നത്‌. കമ്യൂണിസ്‌റ്റ്‌ പാർടിയുമായി ബന്ധപ്പെട്ടതോടെ ഈ ട്രേഡ്‌യൂണിയൻ സംഘടന തൊഴിലാളി വർഗത്തിന്റെ ഉശിരുള്ള പ്രസ്ഥാനമായി വളർന്നു. അതായത്‌ കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഇന്ത്യയുടെ രൂപീകരണത്തിലെ നിർണായക വഴിത്തിരിവാണ്‌ താഷ്‌കന്റിൽ 1920ൽ രൂപംകൊണ്ട കമ്യൂണിസ്‌റ്റ്‌ ഗ്രൂപ്പ്‌.
എം. സിംഗാരവേലുവിനെ ‘ദക്ഷിണേന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്’ എന്നാണ് അറിയപ്പെടുന്നത്. 1923 ൽ ഇന്ത്യയിലെ ആദ്യത്തെ മെയ് ദിന ആഘോഷങ്ങളുടെ ഭാഗമായി അദ്ദേഹം മദ്രാസിൽ കിസാൻ ലേബർ പാർട്ടി (Workers’ and Peasants’ Party WPP) സ്ഥാപിച്ചു. ഇതോടൊപ്പം തന്നെ വേലായുതൻ, ശ്രീകൃഷ്ണ സ്വാമി, ശങ്കർലാൽ എന്നിവരും ചേർന്ന് ട്രേഡ് യൂണിയനുകൾക്കൊപ്പം മദ്രാസിലെ രണ്ട് സ്ഥലങ്ങളിൽ1923-ൽ ഇന്ത്യയിൽ ആദ്യത്തെ മെയ് ദിനം സംഘടിപ്പിച്ചു. ഇന്ത്യയിൽ ചെങ്കോടി ഉയർത്തിയ ആദ്യ സംഭവങ്ങളിലൊന്നാണ് അത്. അന്നേദിവസം WPP യുടെ മാനിഫെസ്റ്റോ വിതരണവും ചെയ്തു . പിന്നീട് പഞ്ചാബിലും WPP യൂണിറ്റുകൾ ഉണ്ടായി.

ശിങ്കാരവേലു ചെട്ടിയാർ

1923 ജൂലൈയിൽ മദ്രാസ് ആസ്ഥാനമായുള്ള WPP-യുടെ കേന്ദ്രകമ്മിറ്റി അതിന്റെ യൂണിറ്റുകൾക്കും പഞ്ചാബ്, ബോംബെ, ബംഗാൾ എന്നിവിടങ്ങളിലെ അനുബന്ധ സംഘടനകൾക്കും 1923 ജൂലൈ 18 ന് ഗാന്ധിജിയെ മോചിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചു ‘പതാക ദിനം’ സംഘടിപ്പിക്കാനും ത്രിവർണ്ണപതാകയും ചേങ്കോടിയും ഉയർത്താനും അഭ്യർത്ഥിച്ചു. ഇത് രാജ്യമെമ്പാടും വ്യാപകമായി ആഘോഷിക്കപ്പെട്ടു.
AITUC രൂപീകരണം
1915-ലെ ഹോംറൂൾ പ്രസ്ഥാനം, 1919-ലെ റൗലറ്റ് സത്യഗ്രഹം എന്നിവയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ തൊഴിലാളികൾ ദേശീയാടിസ്ഥാനത്തിലുള്ള ഒരു സംഘടനയ്ക്കു രൂപംനൽകിയത്. ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നും രണ്ടും ദശകങ്ങളിൽ ബോംബെ, കൊൽക്കത്ത, മദ്രാസ്, കാൺപൂർ, കറാച്ചി എന്നിവിടങ്ങളിൽ തുണിമിൽ , ഖനി , തുറമുഖ , ഇരുമ്പ് ഉരുക്ക് , റെയിൽവേ , മറ്റ് വ്യവസായ തൊഴിലാളികൾ സംഘടിതമാകാൻ തുടങ്ങിയിരുന്നു.
ബോംബെയിലെ തൊഴിലാളി പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയിരുന്ന ബാലഗംഗാധര തിലകൻ, പഞ്ചാബിലെ തീവ്രദേശീയവാദി നേതാവായിരുന്ന ലാലാ ലജ്പത് റായ് എന്നിവരുടെ ശ്രമഫലമായി 1920-ൽ AITUC രൂപീകരിക്കപ്പെട്ടു.ലാലാ ലജ്പത് റായ് പ്രസിഡന്റും ദിവാൻ ചമൻ ലാൽ ജനറൽ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. രൂപീകരണ സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനയുടെ നയപ്രഖ്യാപനം, തൊഴിലാളികൾ സ്വയം സംഘടിക്കുക മാത്രമല്ല, ദേശീയ സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുക്കണമെന്നും’ തൊഴിലാളികളോട് ആഹ്വാനം ചെയ്തു. രണ്ടാം സമ്മേളനത്തിൽ സ്വരാജിനെ പിന്തുണച്ചുകൊണ്ട് അവതരിപ്പിച്ച പ്രമേയത്തിൽ, സ്വരാജിനെ തൊഴിലാളിവർഗ സ്വരാജ് എന്നാണ് വിശേഷിപ്പിച്ചത്. സി.ആർ. ദാസ്, സി.എഫ്. ആൻഡ്രൂസ്, സുഭാഷ് ചന്ദ്രബോസ്, ജവഹർലാൽ നെഹ്രു തുടങ്ങിയ ദേശീയ നേതാക്കൾ AITUC-യുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. 1922-ൽ ഗയയിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമ്മേളനം ഈ സംഘടനയുടെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനുവേണ്ടി ഒരു പ്രത്യേക കമ്മിറ്റിയ്ക്കു രൂപം നൽകുകയുണ്ടായി. എ.ഐ.ടി.യു.സി. നിലവിൽവന്നതോടെ പ്രാദേശികതലത്തിൽ പ്രവർത്തിച്ചിരുന്ന അസംഖ്യം യൂണിയനുകൾ ഈ സംഘടനയിൽ അഫിലിയേറ്റ് ചെയ്യപ്പെട്ടു. 1920-ൽ തന്നെ ഏകദേശം രണ്ടരലക്ഷം അംഗങ്ങളുള്ള 125 യൂണിയനുകൾ എ.ഐ.ടി.യു.സി.യിൽ ചേർന്നു. ഇന്ത്യയിലെ ട്രേഡ് യൂണിയൻ ചരിത്രത്തിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന 1919-21-ലെ റെയിൽവെ തൊഴിലാളി സമരത്തിനു നേതൃത്വം നൽകിയതിലൂടെ, എ.ഐ.ടി.യു.സി. ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയമായി.
1920-ൽ എ.ഐ.ടി.യു.സിയുടെ രൂപീകരണം ഒരു പ്രധാന രാഷ്ട്രീയ സംഭവമായിരുന്നു, ഇത് പിന്നീട് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ ഏകീകരണത്തിനും CPI രൂപീകരിക്കുന്നതിനുള്ള കാരണമായി. രാഷ്ട്രീയവൽക്കരിക്കപ്പെട്ട തൊഴിലാളി പ്രസ്ഥാനമായിരുന്നു AITUC . എ.ഐ.ടി.യു.സിയുടെ ഉദ്ഘാടന വേളയിൽ ഒരു കമ്മ്യൂണിസ്റ്റ് അല്ലായിരുന്ന ലാല ലജ്പത് റായിയുടെ പ്രസംഗം അതിന്റെ തെളിവാണ്. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ മൂന്ന് പ്രധാന വിഷയങ്ങൾ സംസാരിച്ചു; വർഗസമരം,സോഷ്യലിസത്തിലേക്ക് നയിക്കുന്ന സമരം, സോഷ്യലിസത്തിലൂടെ എങ്ങനെ രാജ്യം കെട്ടിപ്പെടുത്താം എന്നത് സോവിയറ്റ് യൂണിയനിന്റെ രൂപീകരണത്തെ ഉദാഹരിച്ചുകൊണ്ടും സംസാരിച്ചു.
താഷ്‌കന്റിൽ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ഗ്രൂപ്പിന്‌ തുടക്കമിട്ട 1920ൽ തന്നെയാണ്‌ ഓൾ ഇന്ത്യ ട്രേഡ്‌യൂണിയൻ കോൺഗ്രസിനും(AITUC) രൂപം നൽകുന്നത്‌. കമ്യൂണിസ്‌റ്റ്‌ പാർടിയുമായി ബന്ധപ്പെട്ടതോടെ ഈ ട്രേഡ്‌യൂണിയൻ സംഘടന തൊഴിലാളി വർഗത്തിന്റെ ഉശിരുള്ള പ്രസ്ഥാനമായി വളർന്നു. അതായത്‌ കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഇന്ത്യയുടെ രൂപീകരണത്തിലെ നിർണായക വഴിത്തിരിവാണ്‌ താഷ്‌കന്റിൽ 1920ൽ രൂപംകൊണ്ട കമ്യൂണിസ്‌റ്റ്‌ ഗ്രൂപ്പ്‌.
1925ലെ കാൺപുർ സമ്മേളനം
ഇന്ത്യയിലെ മിക്കവാറും എല്ലാ കമ്യൂണിസ്റ്റ് ഗ്രൂപ്പും വിഭാഗങ്ങളും പങ്കെടുത്ത, ഇന്ത്യൻ മണ്ണിൽ ചേർന്ന ആദ്യത്തെ യോഗമായിരുന്നു 1925 ഡിസംബർ 26 മുതൽ 28 വരെ നടന്ന കാൺപുർ കമ്യൂണിസ്റ്റ് സമ്മേളനം. കോൺഗ്രസിന്റെ സമ്മേളനം ചേരുന്ന വേളയിൽ കാൺപുരിൽ വിവിധ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളെ ഉൾപ്പെടുത്തി ഒരു സമ്മേളനം ചേരുകയെന്ന ആശയം ആദ്യം മുന്നോട്ടുവച്ചത് അക്കാലത്ത് ഒരു കമ്യൂണിസ്റ്റ് ഗ്രൂപ്പിലും അംഗമല്ലാതിരുന്ന സത്യഭക്തനായിരുന്നു.
ശിങ്കാരവേലു ചെട്ടിയാർ അധ്യക്ഷനായി ചേർന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ ബോംബെയിൽനിന്ന്‌ ആർ എസ് നിംബ്കർ, ജെ പി ബാഗേർഹട്ട, കെ എൻ ജോഗ്ലേക്കർ, എസ് വി ഘാട്ടെ എന്നിവരും ഝാൻസിയിൽ നിന്ന്‌ അയോധ്യപ്രസാദും പഞ്ചാബിൽനിന്ന്‌ സന്തോക്‌സിങ്ങും ലാഹോറിൽ നിന്ന്‌ എസ് ഡി ഹസ്സനും രാമചന്ദ്രയും മദ്രാസിൽ നിന്ന്‌ കാമേശ്വർ റാവുവും കൃഷ്ണസ്വാമി അയ്യങ്കാറും ശിങ്കാരവേലു ചെട്ടിയാരും , കൊൽക്കത്തയിൽ നിന്ന് രാധാമോഹൻ ഗോകുൽജിയും അജ്മേറിൽ നിന്ന് അർജുൻലാൽ സേഥിയും പങ്കെടുത്തു. ഈ സമ്മേളനത്തിൽ മുസഫർ അഹമ്മദും പങ്കെടുത്തു . കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ നിരവധി ട്രേഡ്‌ യൂണിയൻ നേതാക്കൾ കമ്യൂണിസ്റ്റ് സമ്മേളന വേദിയും സന്ദർശിച്ചു.
സ്വാഗത പ്രസംഗത്തിൽ, ഹസ്രത് മൊഹാനി പാർടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ ന്യായമായ എല്ലാ മാർഗത്തിലൂടെയും സ്വരാജ് അഥവാ സമ്പൂർണ സ്വാതന്ത്ര്യം സ്ഥാപിക്കുകയാണെന്നും അതിനുശേഷം, ‘സോവിയറ്റ് റിപ്പബ്ലിക്കിന്റെ രൂപം പ്രാബല്യത്തിലാക്കുകയാണെന്നും വിശദീകരിച്ചു.
ശിങ്കാരവേലു ചെട്ടിയാർ ദീർഘമായ അധ്യക്ഷപ്രസംഗമാണ് നടത്തിയത്; അതിൽ അദ്ദേഹം തിലകനും ദേശബന്ധുദാസിനും,റോസാലക്സംബർഗിനും,കാറൽ ലീബ്നെക്ടിനും , ലെനിനും ആദരാഞ്ജലി അർപ്പിച്ചു.
ലോകത്താകെയുള്ള കമ്യൂണിസ്റ്റുകാരുമായി ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതും ബ്രിട്ടനിലെ കമ്യൂണിസ്റ്റ് സഖാക്കളെ ജയിലിൽ അടച്ചതിനെ അപലപിക്കുന്നതും പെഷവാർ–കാൺപുർ ഗൂഢാലോചനക്കേസുകളിൽ ശിക്ഷിക്കപ്പെട്ട കമ്യൂണിസ്റ്റ് തടവുകാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതും ശിങ്കാരവേലു സ്ഥാപിച്ച ഹിന്ദുസ്ഥാൻ തൊഴിലാളി കർഷക പാർടി പിരിച്ചുവിടുന്നതുമായ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. പുതുതായി സ്ഥാപിക്കപ്പെട്ട കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യയുടെ മുഖപത്രമായി ‘ലേബർ ആൻഡ്‌ കിസാൻ ഗസറ്റാ’യും പാർടിയുടെ കേന്ദ്ര ഓഫീസ് ബോംബെയിൽ ആയിരിക്കുമെന്നും ഈ സമ്മേളനം തീരുമാനിച്ചു.
ചർച്ചകൾക്കൊടുവിൽ സമ്മേളനം പാർട്ടിയുടെ പേര് കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ എന്ന പേര് സ്വീകരിക്കുകയും, “ഇന്ത്യയിൽ തൊഴിലാളികളുടെയും കർഷകരുടെയും റിപ്പബ്ലിക് സ്ഥാപിക്കുന്നതിനായി നിലകൊള്ളുന്ന കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യയുടെ തത്വസംഹിത അംഗീകരിക്കുന്നു” എന്ന് പ്രഖ്യാപിക്കുന്ന പാർടിയിൽ ചേരാൻ ആഗ്രഹിക്കുന്ന എല്ലാവരും ഒപ്പിടേണ്ട ഒരു ഡിക്ലറേഷൻ ഫോം അംഗീകരിക്കുകയും ചെയ്തു.
1925 ഡിസംബർ 28ന് സെൻട്രൽ എക്സിക്യൂട്ടീവ്‌ കമ്മിറ്റി (സിഇസി) ചേരുകയും പ്രസിഡന്റ്, വൈസ്‌ പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ, വിവിധ പ്രൊവിൻസുകളുടെ ചുമതലയുള്ള സിഇസി അംഗങ്ങൾ എന്നിങ്ങനെ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. പ്രസിഡന്റായി ശിങ്കാരവേലുവിനെയും വൈസ്‌ പ്രസിഡന്റായി ആസാദ് ശോഭാനിയെയും ജനറൽ സെക്രട്ടറിമാരായി എസ് വി ഘാട്ടെയെയും ജാനകീപ്രസാദ് ബാഗർഹട്ടയെും തെരഞ്ഞെടുത്തു; കൃഷ്ണസ്വാമി അയ്യങ്കാർ, സത്യഭക്തൻ, എസ് ഡി ഹസ്സൻ, മുസഫർ അഹമ്മദ് എന്നിവരെ യഥാക്രമം മദ്രാസ്, കാൺപുർ, ലാഹോർ, കൽക്കത്ത എന്നീ നാല് പ്രവിശ്യക്കായുള്ള സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.മുപ്പത്‌ അംഗങ്ങളുള്ള ഒരു കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുക്കാനാണ് ഉദ്ദേശിച്ചതെങ്കിലും 16 അംഗങ്ങളെമാത്രമേ തെരഞ്ഞെടുത്തുള്ളൂ; 14 അംഗങ്ങളെ പിന്നീട് പ്രൊവിൻസുകളിൽനിന്ന് കൂട്ടിച്ചേർക്കാനും തീരുമാനിച്ചു.

വിപ്ലവസംഘങ്ങൾ
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ആദ്യകാലഘട്ടം മുതല്‍ തന്നെ ബ്രിട്ടീഷ്‌ നിഷ്ടൂരതകള്‍ക്കെതിരെ സായുധ സമരങ്ങള്‍ രൂപപ്പെട്ടിരുന്നു . ഇന്ത്യൻ സ്വാതന്ത്ര്യത്തിനായുള്ള പ്രവർത്തനങ്ങളിൽ നിസ്സഹകരണ പ്രസ്ഥാനത്തിന് വിരുദ്ധമായി ബ്രിട്ടീഷുകാർക്കെതിരായി വിപ്ലവത്തിൽ വിശ്വസിക്കുന്ന ഗ്രൂപ്പുകൾ പോരാട്ടങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇന്ത്യൻ വിപ്ലവ പ്രവർത്തങ്ങൾക്ക് പ്രവേഗമുണ്ടായത് 1900-കളുടെ ആദ്യ ദശാബ്ദത്തിലാണ്. വിപ്ലവ ഗ്രൂപ്പുകൾ പ്രധാനമായും കേന്ദ്രീകരിച്ചത് ബംഗാൾ, മഹാരാഷ്ട്ര, ബീഹാർ, യുണൈറ്റഡ് പ്രവിശ്യകൾ, പഞ്ചാബ് മദ്രാസ് പ്രസിഡൻസി (ഇപ്പൊഴത്തെ തെക്കേ ഇന്ത്യ) എന്നിവിടങ്ങളിലായിരുന്നു. ഇന്ത്യയിലുടനീളം ഒറ്റപ്പെട്ട വിപ്ലവ പ്രവർത്തനങ്ങളും നടന്നിരുന്നു. സാഹസികരായ ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ 20 -o നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ തന്നെ ഇത്തരം ഗ്രൂപ്പുകള്‍ സംഘടനാരൂപം കൈവരിച്ചു. ബംഗാള്‍ വിഭജനത്തിനെതിരായ സമരങ്ങളും ഒന്നാം ലോകമഹായുദ്ധവും കോണ്‍ഗ്രസിലെ മിതവാദി നേതൃത്വത്തിന്‍റെ ഒത്തു തീര്‍പ്പു സമീപനങ്ങളും വിപ്ലവപാതയിലേക്ക് യുവാക്കളെയും വിദ്യാര്‍ഥികളെയും കൂടുതല്‍ കൂടുതല്‍ ആകൃഷ്ടരാക്കി. ഇവയിൽ എടുത്തുപറയത്തക്ക വിപ്ലവ പ്രവർത്തനങ്ങൾ പഞ്ജാബിലും 1905-ഇലെ ബംഗാൾ വിഭജനത്തോട് അനുബന്ധിച്ച് ബംഗാളിലും ആണ് രൂപം കൊണ്ടത്.
ബംഗാളിലെ വിപ്ലവകാരികളിൽ കൂടുതലും മദ്ധ്യവർഗ്ഗ നാഗരികരായ ഭദ്രാലോക് സമുദായത്തിൽനിന്നുള്ള അഭ്യസ്തവിദ്യരും ബുദ്ധിജീവികളും അർപ്പിതരുമായ ചെറുപ്പക്കാരായിരുന്നു. പിൽക്കാലത്ത് ഉരുത്തിരിഞ്ഞ ഇന്ത്യൻ വിപ്ലവകാരി എന്ന പ്രതിച്ഛായ ഇവരെ ആസ്പദമാക്കിയായിരുന്നു.പഞ്ജാബിലെ വിപ്ലവകാരികൾക്ക് പഞ്ജാബിലെ സായുധ ഗ്രാമീണ സമൂഹത്തിൽ നിന്നും വൻപിച്ച പിന്തുണ ഉണ്ടായിരുന്നു. യുഗാന്തർ, അനുശീലൻ സമിതി തുടങ്ങിയ സംഘടനകൾ 1900-കളിൽ രൂപപ്പെട്ടു.
പഞ്ചാബിലെ ലാല ലജ്പത് റായ്, മഹാരാഷ്ട്രയിലെ ബൽ ഗംഗാധർ തിലക്, ബംഗാളിലെ ബിപിൻ ചന്ദ്ര പാൽ എന്നിവരാണ് ലാൽ ബാൽ പാൽ എന്നറിയപ്പെടുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് മറ്റൊരു ദിശ നൽകിയ വ്യക്തികളാണ് ഇവർ. സ്വദേശി പ്രസ്ഥാനത്തിന്റെ വക്താക്കളായ ഇവർ 1905 ൽ ആരംഭിച്ച ബംഗാളിൽ വിഭജന വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി 1907 ൽ ഇറക്കുമതി ചെയ്ത എല്ലാ വസ്തുക്കളും ബഹിഷ്കരിക്കുന്നതും ഇന്ത്യൻ നിർമിത വസ്തുക്കളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ള പോരാട്ടങ്ങൾക്കും തുടക്കം കുറിച്ചു.
1906 ഏപ്രിലിൽ അരബിന്ദോ ഘോഷ്, സഹോദരൻ ബാരിൻ ഘോഷ്, ഭൂപേന്ദ്രനാഥ് ദത്ത, ലാൽ ബാൽ പാൽ, സുബോദ് ചന്ദ്ര മുള്ളിക് എന്നിവർ ചേർന്ന് വിപ്ലവകാരികളെ സംഘടിപ്പിക്കുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി ജുഗന്തർ പാർട്ടി രൂപീകരിച്ചു. ബംഗാളിൽ ഒരു വ്യായാമ ക്ലബ്ബിൽ ഉണ്ടായിരുന്ന അനുശീലൻ സമിതിയിൽ നിന്നാണ് ജുഗന്തർ സൃഷ്ടിക്കപ്പെട്ടത്.
ബംഗാളിന്റെ നാനാഭാഗങ്ങളിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും അനുശീലൻ സമിതിയും ജുഗന്തറും ശാഘകൾ തുറന്നു. ഇവർ യുവാ‍ക്കളെയും യുവതികളെയും വിപ്ലവ പ്രവർത്തങ്ങൾക്കായി സംഘടനയിൽ ചേർത്തു. പല വിപ്ലവകാരികളെയും സർക്കാർ പിടികൂടുകയും തുറുങ്കിലടയ്ക്കുകയും ചെയ്തു.
ബാരിൻ ഘോഷ്, ബാഘ ജതിൻ തുടങ്ങിയ ജുഗന്തർ പാർട്ടി നേതാക്കൾ സ്ഫോടക വസ്തുക്കൾ ഉണ്ടാക്കാൻ ആരംഭിച്ചു. രാഷ്ട്രീയ തീവ്രവാദത്തിലെ പ്രധാന സംഭവവികാസങ്ങളിൽ പെടുന്നവയാണ് ആലിപൂർ ബോംബ് കേസ്, മുസാഫർപൂർ കൊലപാതകം എന്നിവ.
മുസാഫർപൂർ കൊലപാതകത്തിനു പിന്നാലെ പല വിപ്ലവക്കാരികളെയും വിചാരണ ചെയ്യുകയും ജീവപര്യന്തം നാടുകടത്തുകയും ചെയ്തു. ഖുദിറാം ബോസ് എന്ന വിപ്ലവകാരിയെ തൂക്കിക്കൊന്നു.
ലണ്ടനിൽ ഇന്ത്യാ ഹൗസ്, ദി ഇന്ത്യൻ സോഷ്യോളജിസ്റ്റ് എന്നിവ ശ്യാംജി കൃഷ്ണ വർമ്മയുടെ നേതൃത്വത്തിൽ 1909-ൽ സ്ഥാപിച്ചത് തീവ്രവാദ പ്രസ്ഥാനത്തെ ബ്രിട്ടനിലേയ്ക്ക് എത്തിച്ചു. ഇന്ത്യാ ഹൌസുമായി അടുത്ത ബന്ധമുള്ള മദൻ ലാൽ ധിൻ‌ഗ്ര എന്ന ഇന്ത്യൻ വിദ്യാർത്ഥി ബ്രിട്ടീഷ് നിയമസഭാ സാമാജികനായിരുന്ന വില്യം ഹട്ട് കഴ്സൺ വൈലീയെ ലണ്ടനിൽ വെച്ച് 1909 ജൂലൈ 1-നു വെടിവെച്ചു കൊന്നു.
1913 ല്‍ വിദേശ ഇന്ത്യക്കാരുടെ നേതൃത്വത്തില്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ വെച്ച് രൂപീകരിച്ച ഗദ്ദര്‍ പാര്‍ട്ടി ബ്രിട്ടീഷുകാര്‍ക്കെതിരെ സായുധ സമരത്തിനു ആഹ്വാനം ചെയ്യുകയും ഇന്ത്യയിലേക്ക്‌ ആയുധങ്ങള്‍ ഒളിപ്പിച്ചു കടത്തുകയും ചെയ്തു .1914 ല്‍ അമേരിക്കയിലും കാനഡയിലും പ്രവര്‍ത്തിച്ചിരുന്ന ഗദ്ദര്‍ വിപ്ലവകാരികള്‍ ഇന്ത്യയിലേക്ക്‌ മടങ്ങുകയും ദേശീയ സേനയില്‍ ചേര്‍ന്ന് കലാപസംഘടനകള്‍ ഉണ്ടാക്കുകയും ചെയ്തു.റാഷ് ബിഹാരി ബോസ്, സചീന്ദ്ര നാഥ് സന്യാല്‍, കര്‍താര്‍ സിംഗ് ,ജഗത് സിംഗ് തുടങ്ങിയ കലാപ സംഘടനാ നേതാക്കളുടെ നേതൃത്വത്തില്‍ പഞ്ചാബ് മുതല്‍ സിംഗപ്പൂര്‍ വരെ കലാപം പടര്‍ന്നു പിടിച്ചു.
മുൻ-ജുഗാന്തർ അംഗമായ റാഷ് ബിഹാരി ബോസിന്റെ ആസൂത്രണത്തിൽ നടന്ന ഡെൽഹി-ലാഹോർ ഗൂഢാലോചന 1912-ൽ അരങ്ങേറി. ഈ ഗൂഢാലോചനയുടെ പരിസമാപ്തിയിൽ കൽക്കട്ടയിൽ നിന്നും ദില്ലിയിലേയ്ക്കു ഇന്ത്യയുടെ തലസ്ഥാനം മാറ്റുന്ന അവസരത്തിൽ നടന്ന വൈസ്രോയിയുടെ ഘോഷയാത്രയിൽ ബോംബ് പൊട്ടിക്കുവാൻ ശ്രമിച്ചു. ഈ സംഭവത്തിനു പിന്നാലെ ബ്രിട്ടീഷ് ഇന്ത്യൻ പോലീസും രഹസ്യാന്വേഷണ സംഘങ്ങളും ഒത്തുചേർന്ന് ബംഗാളിലെയും പഞ്ജാബിലെയും വിപ്ലവകാരികളെ നശിപ്പിക്കുവാൻ ശ്രമിച്ചു. ഇത് വിപ്ലവകാരികളുടെ മേൽ കുറച്ചുനാളത്തേയ്ക്ക് ശക്തമായ സമ്മർദ്ദം ചെലുത്തി. റാഷ് ബിഹാരി ബോസ് മൂന്നുവർഷത്തോളം പോലീസിനു പിടികൊടുക്കാതെ കഴിഞ്ഞു. യൂറോപ്പിൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പൊഴേയ്ക്കും തദ്ദേശീയ ഭരണകൂടങ്ങളെ നിഷ്ക്രിയമാക്കാൻ തക്കവിധത്തിൽ പഞ്ജാബിലും ബംഗാളിലും വിപ്ലവ പ്രസ്ഥാനങ്ങൾ ശക്തിപ്രാപിച്ചു.
ഒന്നാം ലോകമഹായുദ്ധ കാലത്ത് വിപ്ലവകാരികൾ ജർമ്മനിയിൽ നിന്നും ഇന്ത്യയിലേയ്ക്ക് ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഇറക്കുമതി ചെയ്യാനും ബ്രിട്ടീഷുകാർക്കെതിരെ സായുധ വിപ്ലവം നടത്താനും ശ്രമിച്ചു.
ഇന്ത്യയ്ക്കു പുറത്തുനിന്നും പ്രവർത്തിച്ച ഗദ്ദർ പാർട്ടി ഇന്ത്യയിലെ വിപ്ലവകാരികളുമായി സഹകരിച്ചു. ഇന്ത്യയിലെ വിപ്ലവകാരികൾക്ക് വിദേശ ആയുധങ്ങൾ എത്തിക്കുന്നതിൽ ഗദ്ദർ പാർട്ടിയുടെ പങ്ക് വലുതായിരുന്നു.ഒന്നാം ലോക മഹായുദ്ധത്തിനു പിന്നാലെ ബ്രിട്ടീഷ് ഭരണകൂടം പ്രധാന വിപ്ലവ നേതാക്കളെ അറസ്റ്റ് ചെയ്തു. ഇത് വിപ്ലവ പ്രവർത്തനങ്ങൾക്ക് വലിയ തിരിച്ചടിയായി. വിപ്ലവ പ്രവർത്തനങ്ങൾ തൽഭലമായി കുറഞ്ഞുവന്നു.
1920-കളിൽ ചില വിപ്ലവ പ്രവർത്തകർ വീണ്ടും ഒന്നിച്ചുകൂടാൻ തുടങ്ങി. ചന്ദ്രശേഖർ ആസാദിന്റെ നേതൃത്വത്തിൽ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ രൂപവത്കരിച്ചു.
1927 ഡിസംബർ 17 ന് ഭഗത് സിങ്ങും ശിവറാം രാജ്ഗുരുവും അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ജോൺ സോണ്ടേഴ്സിനെ വെടിവച്ച് കൊന്നു. എന്നാൽ അവരുടെ ലക്ഷ്യം സോണ്ടേഴ്സ ആയിരുന്നില്ല ,ദേശീയ നേതാവ് ലാല ലജ്പത് റായിയുടെ മരണത്തിലേക്ക് നയിച്ച ലാത്തി ചാർജിന് പ്രതികാരമായി അതിന് ഉത്തരവിട്ട പോലീസ് സൂപ്രണ്ട് ജെയിംസ് സ്കോട്ട് വധിക്കാൻ ആയിരുന്നു. ഈ കൃത്യത്തിൽ സുഖ്ദേവ് ഥാപ്പർ, ചന്ദ്രശേഖർ ആസാദ് എന്നിവരുടെ പിന്തുണ ഉണ്ടായിരുന്നു.
ഭഗത് സിങ്ങ്, ബത്തുകേഷ്വർ ദത്ത് എന്നിവർ പൊതു സുരക്ഷാ നിയമം, വാണിജ്യ തർക്ക നിയമം എന്നിവയോടുള്ള പ്രതിഷേധമായി 1929 ഏപ്രിൽ 8-നു കേന്ദ്ര നിയമസഭയ്ക്ക് അകത്തേയ്ക്കു ബോംബ് എറിഞ്ഞു. ഈ നടപടിയുടെ പിന്നിലെ അവരുടെ യഥാർത്ഥ ഉദ്ദേശ്യം അറസ്റ്റു ചെയ്യപ്പെടുകയും തുടർന്നുള്ള കോടതിയിൽ ഹാജരാകുകയും ചെയ്യുക എന്നതായിരുന്നു.ബോംബുകൾക്കൊപ്പം, സിംഗ് നിയമസഭയിലേക്ക് “ബധിരരെ കേൾപ്പിക്കാൻ വലിയ ശബ്ദമുണ്ടാക്കുന്നു” എന്ന ചെറുകുറുപ്പെഴുതിയ ലഘുലേഖകൾ കൂടി നിയമസഭക്കുള്ളിലേക്ക് എറിഞ്ഞു. ഉച്ചത്തിൽ ഇൻക്വിലാബ് സിന്ദാബാദ്’ വിപ്ലവം നീണാൽ വാഴട്ടെ എന്നും മുദ്രാവാക്യം മുഴക്കി. ഈ സമയത്ത് അറസ്റ്റിനെ അദ്ദേഹം എതിർത്തില്ല.
1930 ഒക്ടോബർ 7 നാണ് ട്രിബ്യൂണൽ 300 പേജുള്ള വിധി പുറപ്പെടുവിച്ചത്. സോണ്ടേഴ്‌സ് കൊലപാതകത്തിൽ ഭഗത് സിംഗ്, സുഖ്‌ദേവ് ഥാപ്പർ, ശിവറാം രാജ്ഗുരു എന്നിവരുടെ പങ്കാളിത്തം സ്ഥിരീകരിക്കുന്ന തെളിവുകൾ ഹാജരാക്കിയിരുന്നില്ല. എന്നാൽ ഭഗത് സിംഗ് കൊലപാതകം സമ്മതിക്കുകയും വിചാരണ വേളയിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ പ്രസ്താവന നടത്തുകയും ചെയ്തു. കേസിന്റെ വിചാരണയ്ക്കു ശേഷം ഭഗത് സിങ്ങ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരെ വധശിക്ഷയ്ക്ക് വിധിച്ചു. March 23, 1931-ന് മൂവരേയും തൂക്കിലേറ്റി.
മുസ്ലീങ്ങളെ സ്വാതന്ത്ര്യ സമരത്തിലേയ്ക്കു നയിക്കുന്നതിനായി അല്ലാമ മഷ്രീഖി ഖർക്സർ തെഹ്രീക് എന്ന സംഘടന രൂപവത്കരിച്ചു.
ആയുധങ്ങൾ പിടിച്ചടക്കുന്നതിനും പ്രാദേശിക ഭരണം സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള സർക്കാർ വാർത്താവിനിമയം നശിപ്പിക്കുന്നതിനുമായി സൂര്യ സെൻ മറ്റ് പ്രവർത്തകരോടൊത്ത് ചിറ്റഗോങ് ആയുധശാല 1930 ഏപ്രിൽ 18-നു ആക്രമിച്ചു.ചിറ്റഗോങ്ങ് ആയുധശാല ആക്രമണ കേസിനെ തുടർന്ന് സൂര്യ സെന്നിനെ തൂക്കിക്കൊല്ലുകയും മറ്റു പലരെയും ആൻഡമാനിലെ സെല്ലുലാർ ജയിലിലേയ്ക്ക് ജീവപര്യന്തം നാടുകടത്തുകയും ചെയ്തു.
ചിറ്റഗോങ്ങിലെ യൂറോപ്യൻ ക്ലബ്ബിലേയ്ക്ക് 1932-ൽ പ്രീതിലത വാദേദാർ ഒരു ആക്രമണം നയിച്ചു.
കൽക്കട്ട സർവ്വകലാശാലയുടെ കോൺ‌വൊക്കേഷൻ ഹാളിനുള്ളിൽ വെച്ച് ബിന ദാസ് ബംഗാൾ ഗവർണറായിരുന്ന സ്റ്റാൻലി ജാക്സണെ വധിക്കാൻ ശ്രമിച്ചു.
ബംഗാൾ വോളന്റിയേഴ്സ് 1928-ൽ പ്രവർത്തിച്ചു തുടങ്ങി. ഈ വിപ്ലവ സംഘടനയിലെ അംഗങ്ങളായ ബിനോയ്-ബാദൽ-ദിനേഷ് എന്നിവർ 1930 ഡിസംബർ 8-നു കൽക്കട്ട സെക്രട്ടറിയേറ്റ് കെട്ടിടമായ റൈറ്റേഴ്സ് ബിൽഡിങ്ങിൽ കയറി കാരാഗ്രഹങ്ങളുടെ ഇൻസ്പെക്ടർ ജനറൽ ആയ കേണൽ എൻ.എസ്. സിമ്പ്‌സണെ വധിച്ചു.
ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിക്കുകയും ജനറൽ ഡയറിനെ പിന്തുണയ്ക്കുകയും ചെയ്ത മൈക്കിൾ ഒ’ഡ്വയറെ 1940 മാർച്ച് 13-ന് ഉധം സിങ് ലണ്ടനിൽ വെച്ച് വെടിവെച്ചുകൊന്നു.
എന്നാൽ 1930-കളുടെ അവസാനത്തോടെ പല വിപ്ലവകാരികളും കോൺഗ്രസിലും മറ്റു പാർട്ടികളിലും, പ്രത്യേകിച്ച് കമ്യുണിസ്റ്റ് പാർട്ടിയിലും ചേർന്ന് മുഖ്യധാരാ രാഷ്ട്രീയത്തിൽ പ്രവേശിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരവും കമ്മ്യൂണിസ്റ്റ് പാർട്ടിയും : പൂർണസ്വാതന്ത്ര്യത്തിനുവേണ്ടി !
കമ്യൂണിസ്റ്റുകാർ പ്രതിനിധാനംചെയ്ത വിപ്ലവാശയങ്ങളുടെയും കോൺഗ്രസ് നേതാക്കൾ മുറുകെ പിടിച്ച യാഥാസ്ഥിതിക വീക്ഷണത്തിന്റെയും ഏറ്റുമുട്ടലിന്റെ ആദ്യവേദിയായിരുന്നു ദേശബന്ധു ചിത്തരഞ്ജൻ ദാസിന്റെ അധ്യക്ഷതയിൽ, 1921ൽ അഹമ്മദാബാദിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 36–ാമത് സമ്മേളനം.
1920 ഒക്ടോബർ 17ന് താഷ്‌കന്റിൽ രൂപംകൊണ്ട ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പാർടിയുടെ തീരുമാനപ്രകാരം, എം എൻ റോയിയും അബനിമുഖർജിയും ചേർന്ന് അഹമ്മദാബാദ് സമ്മേളനത്തിനുമുമ്പ് ഒരു “മാനിഫെസ്റ്റോ’ കോൺഗ്രസിന്റെ ഒട്ടേറെ പ്രമുഖ നേതാക്കൾക്ക് വിദേശത്തുനിന്ന് അയച്ചിരുന്നു. അജ്മീറിൽനിന്നുള്ള രണ്ട് പ്രതിനിധികൾ ഈ രേഖ വീണ്ടും അച്ചടിപ്പിച്ച് പ്രതിനിധികൾക്കിടയിൽ വിതരണംചെയ്തു. ഇതേക്കുറിച്ച് ചർച്ചചെയ്യണമെന്ന് അഭ്യർഥിക്കുന്ന ഒരു പ്രമേയവും അവർ അവതരിപ്പിച്ചു. രേഖ ലഭിച്ചവരിൽ മറ്റൊരാളായിരുന്നു ഹസ്രത് മൊഹാനി. “”സമ്പൂർണ സ്വാതന്ത്ര്യം” ആവശ്യപ്പെടുന്ന പ്രമേയമായാണ് അദ്ദേഹം അത് അവതരിപ്പിച്ചത്.
1920ൽ കൽക്കത്തയിൽ ചേർന്ന കോൺഗ്രസ് സമ്മേളനം അംഗീകരിച്ച “സ്വരാജ്” കോൺഗ്രസിന്റെ മുദ്രാവാക്യമായിരുന്ന കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന അഹമ്മദാബാദ് സമ്മേളനത്തിൽ, ആദ്യത്തെ തലമുറയിൽപ്പെട്ട ഇന്ത്യൻ കമ്യൂണിസ്റ്റുകാരായിരുന്ന മൗലാന ഹസ്രത്ത് മൊഹാനി “”സ്വരാജി”നെ, എല്ലാ വിദേശനിയന്ത്രണങ്ങളിൽ നിന്നും വിമുക്തമായ പരിപൂർണ സ്വാതന്ത്ര്യം” എന്ന വിധത്തിൽ “സ്വരാജ്’ എന്ന മുദ്രാവാക്യത്തിന് ഭേദഗതി ചെയ്ത് നിർവചിക്കണമെന്ന് നിർദേശിക്കുന്ന പ്രമേയം അവതരിപ്പിക്കുകയും സ്വാമി കുമാരാനന്ദ ഈ പ്രമേയത്തെ പിന്താങ്ങുകയും ചെയ്തു. എന്നാൽ കോൺഗ്രസ്സും ഗാന്ധിയും അതിനെ ചെറുത്തു.
പ്രമേയത്തിനെതിരെ മഹാത്മാഗാന്ധി നൽകിയ ഉപദേശം ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിലെ ഭൂരിപക്ഷം പ്രതിനിധികളും അംഗീകരിച്ചു, ഹസ്രത്ത് മൊഹാനി അവതരിപ്പിച്ച പൂർണ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പ്രമേയം അങ്ങനെ തള്ളപ്പെട്ടു. പക്ഷേ, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ഈ അവതരിപ്പിച്ച പ്രമേയത്തിന്റെ അപകടം മനസ്സിലാക്കുകയും തങ്ങൾക്ക് വന്നേക്കാവുന്ന പ്രശ്നം ഒഴിവാക്കാൻ അവർ തിടുക്കത്തിൽ നടപടികളെടുത്തു. സമ്മേളനം കഴിഞ്ഞ് വൈകാതെതന്നെ ബ്രിട്ടീഷ് ഗവൺമെന്റ് പരിപൂർണ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രമേയം അവതരിപ്പിച്ച ഹസ്രത് മൊഹാനിയെ അറസ്റ്റ്‌ചെയ്തു.
1922 ല്‍ ഗയയിലും നടന്ന കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ ഇന്ത്യക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം വേണമെന്ന ആവശ്യം കമ്യൂണിസ്റ്റുകാര്‍ ഉന്നയിച്ചു. തുടര്‍ന്ന് പാര്‍ട്ടി തൊഴിലാളി കര്‍ഷക സമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുകയും തൊഴിലാളി സംഘടനാ പ്രവര്‍ത്തനം സജീവമാക്കുകയും ചെയ്തു.
അങ്ങനെ കമ്യൂണിസ്റ്റ് ആശയങ്ങൾ കോൺഗ്രസ് സമ്മേളനവേദിയിൽ ഇദംപ്രഥമമായി പ്രതിധ്വനിച്ചു. തുടർന്നുള്ള കാലഘട്ടങ്ങളായപ്പോഴേക്കും ഈ ആശയഗതിക്ക് കൂടുതൽ സ്വാധീനം ലഭിക്കുകയും ചെയ്തു.

ഗൂഡാലോചന കേസുകള്‍
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ത്യാഗോജ്ജ്വലമായ പോരാട്ടങ്ങളുടെ അടയാളപ്പെടുത്തലുകൾ ആണ് ഈ ഗൂഡാലോചന കേസുകൾ . ഒക്ടോബര്‍ സോഷ്യലിസ്റ്റ്‌ വിപ്ലവത്തെ തുടര്‍ന്ന് ലോകത്താകെ അലയടിച്ചുയര്‍ന്ന തൊഴിലാളിവര്‍ഗ്ഗ പോരാട്ടങ്ങള്‍ ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തെ ഭയാശങ്കയിലാക്കി. ഇന്ത്യയില്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള ഒത്തു തീര്‍പ്പു സമരങ്ങളെ അതിലംഘിച്ച് തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ നേതൃത്വത്തില്‍ ഉയര്‍ന്നു വന്ന ഉശിരന്‍ പണിമുടക്ക്‌ സമരങ്ങള്‍ ദേശീയവിപ്ലവമായി പരിണമിക്കുകയാണോ എന്നുഎന്നാശങ്കയിൽ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പ്രവര്‍ത്തനം മുളയിലെ തന്നെ നുള്ളാന്‍ ബ്രിട്ടീഷ്‌ പാര്‍ലിമെന്‍റ് വരെ നീണ്ട ഗൂഡാലോചനയുടെ പരിണിതഫലമായിരുന്നു പ്രസ്തുത കേസുകള്‍.
പെഷവാർ ഗൂഡാലോചന കേസുകൾ (1921 – 1927)
താഷ്കെന്റിലെ പരിശീലനത്തിന് ശേഷം സ്വതന്ത്ര്യസമര പോരാട്ടങ്ങള്‍ക്കായും ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആരംഭിക്കുന്നതിനായും റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച മുഹാജിർക്കെതിരായ വിചാരണയായിരുന്നു ഇത്. 1922 മുതൽ 1927 വരെ അഞ്ച് ബോള്‍ഷെവിക് ഗൂഡാലോചന കേസുകള്‍ ആരോപിച്ച് അറസ്റ്റു ചെയ്ത് പെഷവാര്‍ കോടതിയില്‍ ഹാജരാക്കി ശിക്ഷിച്ചതായിരുന്നു പെഷവാര്‍ ഗൂഡാലോചന കേസ്‌. കേസിന്റെ വിധിയില്‍ കമ്യൂണിസ്റ്റുകാര്‍ രാജ്യദ്രോഹ പരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ബ്രിട്ടീഷ്‌ ചക്രവര്‍ത്തിയുടെ പരമാധികാരം അട്ടിമറിക്കാന്‍ ഗൂഡാലോചന നടത്തുകയാണെന്നും ബ്രിട്ടീഷ്‌ കോടതി ആരോപിച്ചു.

  1. 1921: first Communist Conspiracy case, “The Crown Vs. Md. Akbar and others”
  2. second conspiracy case : ആദ്യത്തെ ഗുഡാലോചന കേസിന്റെ തുടർച്ച തന്നെ
  3. 1923: third Peshawar conspiracy case (Moscow-Tashkent conspiracy case) “The Crown Vs. Akbar Shah and seven others”
  4. 1923: Fourth Peshawar conspiracy case -“The Crown Vs. Mohammad Shafiq”
  5. 1927: Fifth Peshawar conspiracy case – Fazl Illahi Qurban
    ബോൾഷെവിസത്തിന്റെ വ്യാപനത്തെക്കുറിച്ചുള്ള ഭയവും, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനെതിരായ വർഗ വിദ്വേഷവും മാത്രമാണ് പെഷവാറിലെ ഗൂഡാലോചന കേസുകളുടെ പ്രധാന കാരണങ്ങൾ.നിർഭാഗ്യവശാൽ, ദേശീയവാദികളിൽ നിന്ന് അനുഭാവമായ പ്രതികരണമൊന്നും കേസുകൾക്ക് ലഭിച്ചിരുന്നില്ല. ബ്രിട്ടീഷ് സർക്കാരിനെ കുറ്റപ്പെടുത്തി എം‌എൻ റോയ് മാത്രമാണ് “Manufacturing Evidence” എന്ന ഒരു ലേഖനം എഴുതുകയും Comintern journal Inprecor ൽ പ്രസിദ്ധീകരിക്കുകയും ചെയ്തത്.
    കാൺപൂർ ബോൾഷെവിക് ഗൂഡാലോചന കേസ് (1924)
    ഇന്ത്യയിൽ കമ്മ്യൂണിസത്തിന്റെ വ്യാപനം പരിശോധിക്കുന്നതിനും തടയുന്നതിനും പെഷവാർ ഗൂഡാലോചന കേസുകൾ പരാജയപ്പെട്ടു. ബ്രട്ടീഷ് ഇന്ത്യയുടെ നഗരങ്ങളായ കൊൽക്കത്ത, ബോംബെ, മദ്രാസ്, കാൺപൂർ, ലാഹോർ തുടങ്ങിയ നഗരങ്ങളിൽ കമ്മ്യൂണിസ്റ്റ് പ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചു. ഈ നഗരപ്രദേശങ്ങളിലെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും രാഷ്ട്രീയവും പഠിപ്പിക്കുന്നതിലും പങ്കാളികളായിരുന്നു. ആദ്യത്തെ നിസ്സഹകരണ പ്രസ്ഥാനം പിൻവലിച്ചതിനുശേഷം, കോൺഗ്രസിന്റെ സമൂലപരിഷ്‌കരണവാദി വിഭാഗങ്ങൾ ക്രമേണ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലേക്ക് ആകർഷിക്കപ്പെട്ടു.
    സ്ഥിതിഗതികൾ മനസ്സിലാക്കിയ ഗവർണർ ജനറൽ 1923 ഫെബ്രുവരി 28 ന് ലണ്ടനിലെ ആഭ്യന്തര സെക്രട്ടറിക്ക് ഒരു സന്ദേശം അയച്ചു, സഹകരണേതരരും മുൻ തീവ്രവാദികളും ഒരു വിഭാഗം കമ്മ്യൂണിസ്റ്റുകളുമായി കൈകോർക്കുമെന്നും ജനകീയ മുന്നേറ്റങ്ങൾ വീണ്ടും ആരംഭിക്കാനും സാധ്യതയുണ്ടെന്നും. ഇതിനെ ഇല്ലാതാക്കാനും വളർന്നുവരുന്ന കമ്യൂണിസ്റ്റ് സംഘടനയെ തകർക്കാനുമാണ് പുതിയ ഗൂഡാലോചന കേസ് സൃഷ്ടിച്ചത്.
    തൊഴിലാളികളെയും കൃഷിക്കാരെയും ബ്രിട്ടീഷുകാര്‍ക്കെതിരെ തിരിക്കുന്നുവെന്നാരോപിച്ച് വിവിധ പ്രവിശ്യകളിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്തു.മെയ് 8ന് ഷൌക്കത്ത് ഉസ്മാനിയെയും 1923 മെയ് 19 ന് മുസാഫർ അഹ്മദിനെയും അറസ്റ്റുചെയ്തതോടെയാണ് ഇത് ആരംഭിച്ചത്. ഗുലാം ഹുസൈനെയും ഇതേ സമയം അറസ്റ്റ് ചെയ്തിരുന്നു. 1923 ഡിസംബർ 20 ന് നളിനി ഗുപ്ത അറസ്റ്റിലായി, 1924 മാർച്ച് 3ന് ഡാംഗെ അറസ്റ്റിലായി, 1924 മാർച്ച് 6ന് മദ്രാസിൽ സിംഗാരവേലു ചെട്ടിയാറിനെയും അറസ്റ്റ് ചെയ്തു. കമ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാക്കളായ ഷൌക്കത്ത് ഉസ്മാനി ,ഡാങ്കെ,ഗുലാം ഹുസൈന്‍ ,മുസഫര്‍ അഹമ്മദ്‌,നളിനി ഗുപ്ത ,ശിങ്കാര വേലു ചെട്ടിയാര്‍ ,രാമചന്ദ്ര ലാല്‍ ശര്‍മ ,എം എന്‍ റോയി എന്നിവരെ പ്രതികളാക്കി കോണ്‍പൂര്‍ ബോള്‍ഷെവിക് ഗൂഡാലോചനകേസ് ചാര്‍ജ്ജ്‌ ചെയ്തു .
    അവർക്കെതിരെ ചുമത്തിയ കുറ്റം : “ബ്രിട്ടൺ ചക്രവർത്തിയുടേയും ബ്രിട്ടീഷ് ഇന്ത്യയുടെയും പരമാധികാരം നഷ്ടപ്പെടുത്തുന്നതിനും അക്രമാസക്തമായ വിപ്ലവത്തിലൂടെ ഇന്ത്യയെ പൂർണമായും സാമ്രാജ്യത്വ ബ്രിട്ടനിൽ നിന്ന് മോചിപ്പിക്കുന്നതിന് ശ്രമിച്ചു..” വിചാരണക്കൊടുവിൽ നാല് പ്രതികൾക്ക് 4 വർഷം കഠിന തടവ് വിധിച്ചു. നീതി നിഷേധത്തിനെതിരെ വന്‍ ജനകീയ പ്രതിഷേധം ഉയര്‍ന്നു എങ്കിലും കോണ്‍ഗ്രസ്‌ നേതൃത്വം പോലിസ്‌ നടപടിയെ എതിര്‍ക്കാന്‍ തയ്യാറായില്ല .കോണ്‍ഗ്രസ്‌ നേതാവായ ആനിബസന്‍റ് ഇന്ത്യയില്‍ വിപ്ലവകരമായ ഗൂഡാലോചന നടക്കുന്നതിന്‍റെ തെളിവായി കോണ്‍പൂര്‍ ഗൂഡാലോചന കേസിനെ ഉയര്‍ത്തിക്കാണിച്ചു.
    മീററ്റ് ഗൂഡാലോചന കേസ് (1929)
    വിവാദമായ മീററ്റ് ഗൂഢാലോചനയും വിചാരണയും എന്നറിയപ്പെടുന്നത് ബ്രിട്ടിഷ് ഇന്ത്യയിൽ 1929 കാലത്തുണ്ടായ സമരപരിപാടികളും, ബ്രിട്ടീഷ് അധീശത്വത്തിനെതിരായി മീററ്റിലുണ്ടായ പ്രക്ഷോഭവുമായിരുന്നു.നിരവധി തൊഴിലാളി യൂണിയനുകൾ ഇതിൽ പങ്കെടുക്കുകയുണ്ടായി.
    കൃഷിക്കാരേയും തൊഴിലാളികളെയും ബഹുജനങ്ങളെയും സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ അണിനിരത്താന്‍ 1927-ല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കര്‍ഷക-തൊഴിലാളി പാര്‍ട്ടികള്‍ രൂപം കൊണ്ടു.പ്രവിശ്യ തലങ്ങളില്‍ യുവജന-വിദ്യാര്‍ഥി സംഘടനകള്‍ക്കും രൂപം കൊടുത്തു .പഞ്ചാബ് പ്രവിശ്യയില്‍ രൂപം കൊണ്ട യുവജന ഭാരത സഭക്ക് ഭഗത് സിംഗ് നേതൃത്വം കൊടുത്തു. കമ്യൂണിസ്റ്റ് സ്വാധീനം വര്‍ദ്ധിച്ചതിന്‍റെ ഫലമായി ഹിന്ദുസ്ഥാന്‍ റിപ്ലബ്ലിക്ക് ആര്‍മിയുടെ പേര് ഇന്ത്യന്‍ സോഷ്യലിസ്റ്റ്‌ ആര്‍മി എന്നാക്കി മാറ്റി.1927 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തില്‍ ഖരഗ്പൂരില്‍ നടന്ന റെയില്‍വേ തൊഴിലാളി പണിമുടക്കില്‍ 25000 പേര്‍ പങ്കെടുത്തു. 1928 ജൂലായില്‍ നടന്ന ദക്ഷിണ റെയില്‍വേ പണിമുടക്കും 1928 ഏപ്രിലില്‍ രണ്ടു ലക്ഷം പേര്‍ പങ്കെടുത്ത ബോംബെ ടെക്സ്റ്റൈല്‍ തൊഴിലാളി പണിമുടക്കും കോണ്‍പൂര്‍ ,ഷോളാപൂര്‍ ജാംഷഡ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന തൊഴിലാളി പണിമുടക്കുകളും കര്‍ഷകസമരങ്ങളും ഇന്ത്യയെ പ്രകമ്പനം കൊള്ളിച്ചു .1928 ല്‍ അഞ്ചു ലക്ഷം തൊഴിലാളികളും 1929 ല്‍ ആറര ലക്ഷം തൊഴിലാളികളും പണിമുടക്കിലേര്‍പ്പെട്ടു. പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനായുള്ള കമ്യൂണിസ്റ്റ് പോരാട്ടങ്ങളിലെ ബഹുജനതൊഴിലാളി പങ്കാളിത്തം ബ്രിട്ടീഷ്‌ അധികാരികളെയും ബൂര്‍ഷ്വാ പരിഷ്കരണവാദികളായ നേതാക്കളെയും അമ്പരപ്പിച്ചു .കടുത്ത അടിച്ചമര്‍ത്തലുകളായിരുന്നു ഫലം.
    ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച് മീററ്റ് പ്രക്ഷോഭപരിപാടികൾ തൊഴിലാളികൾക്കിടയിൽ പാർട്ടിയ്ക്ക് ഗണ്യമായ സ്വാധീനം നേടുന്നതിനു കാരണമായിത്തീർന്നു. പ്രക്ഷോഭം 1929 മാർച്ച് 20 നു ഡാങ്കേ ഉൾപ്പെടെ 31 പ്രവർത്തകരുടെ അറസ്റ്റിനും വിചാരണയ്ക്കും വഴിവയ്ക്കുകയും ചെയ്തു. 1929 ലാണ് മീററ്റ് ഗൂഢാലോചനാ കേസ് നടക്കുന്നത്. പൊതു സുരക്ഷിതത്വ നിയമനുസരിച്ച് മൂന്നു ബ്രിട്ടീഷ്‌ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളടക്കം 31 കര്‍ഷക-തൊഴിലാളി നേതാക്കളെ പ്രതികളാക്കിക്കൊണ്ട് മീററ്റ് ഗൂഡാലോചന കേസ് ചാര്‍ജ്ജു ചെയ്തു . റെയിൽവേ സമരവുമായി ബന്ധപ്പെട്ട് മൂന്ന് ഇംഗ്ലീഷുകാരുൾപ്പടെ നിരവധി നേതാക്കൾ അറസ്റ്റു ചെയ്യപ്പെട്ടു. രണ്ട് ഇംഗ്ലീഷുകാരടക്കം, കമ്മ്യൂണിസ്റ്റുകാരും അല്ലാത്തവരുമായ 31 പേരാണ് കേസിൽ പ്രതികളായുണ്ടായിരുന്നത്. വളരെയധികം വൈകാതെ തന്നെ മുപ്പത്തിരണ്ടാമനായി ഹ്യൂ ലിസ്റ്റർ ഹച്ചിൻസൺ എന്ന ബ്രിട്ടീഷുകാരനെക്കൂടി കേസിൽ പ്രതിയായി ചേർത്തു.
    പണിമുടക്കിലൂടെയും മറ്റ് തീവ്രവാദ രീതികളിലൂടെയും ബ്രിട്ടീഷ് സർക്കാരിനെ അട്ടിമറിക്കാൻ ഗൂഡാലോചന നടത്തിയെന്നാരോപിച്ച് Muzafr Ahamed, S.A Dange, S.V Ghate, Dr. G Adhikari, P.C.Joshi, S.S.Mirajkar, Shaukat Usmani, Philip Stratt ഉം മറ്റുള്ളവരേയും അറസ്റ്റ് ചെയ്തു.
    പ്രതികളിൽ 27 പേരും ശിക്ഷിക്കപ്പെട്ടു. Muzaffar Ahmad – ആജീവനാന്ത നാടുകടത്ത് ; SA Dange, Philip Spratt, SV Ghate, KN Joglekar, RS Nimbkar എന്നിവർക്ക് 20 വർഷം നാട് കടത്ത് ; BF Bradley, SS Mirajkar, Shaukat Usmani എന്നിവർക്ക് 10 വർഷം നാട് കടത്ത്; Mir Abdul Majid, Sohan Singh Josh, Dharanikanta Goswami എന്നിവർക്ക് 7 വർഷം നാട് കടത്ത്; Ayodhya Prasad, Gangadhar Adhikari, PC Joshi, MG Desai എന്നിവർക്ക് 5 വർഷം നാട് കടത്ത്; four years rigorous imprisonment – Gopen Chakraborty, Gopal Chandra Basak, Hutchinson, Radharaman Mitra, SH Jhabwala, KN Sehgal എന്നിവർക്ക് 4 വർഷം കഠിന തടവ് ; Shamsul Huda, Arjun Atmaram Alve, GR Kasle, Gauri Shankar and LR Kadam എന്നിവർക്ക് 3 വർഷം കഠിന തടവും വിധിച്ചു. വിധിയെത്തുടർന്ന്, 27 പേരും അലഹബാദ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. 1933 ഓഗസ്റ്റിൽ അപ്പീലിൽ വിധി പുറപ്പെടുവിച്ചു. ഒൻപത് പേർക്കെതിരായ എല്ലാ ആരോപണങ്ങളും ഹൈക്കോടതി തള്ളുകയും മറ്റുള്ളവർക്കെതിരായ ശിക്ഷ കഠിനമായ തടവിലാക്കുകയും ചെയ്തു. റിമാൻഡ് കാലയളവ് കണക്കിലെടുക്കുകയും അവരെല്ലാം 1933 നവംബറിൽ പുറത്തിറക്കുകയും ചെയ്തു.
    മീററ്റ് ഐക്യദാർഢ്യം തൊഴിലാളി പ്രസ്ഥാനങ്ങൾ ശക്തിപ്പെടുന്നതിൽ പ്രധാന പങ്കുവഹിച്ചു.ഈ വിചാരണ കമ്മ്യൂണിസ്റ്റു ആശയങ്ങൾ പൊതുവായ ധാരണയിലെത്താനും വിശാലമായി പ്രചരിപ്പിക്കാനും അനുയോജ്യമായ ഒരു വേദി നൽകി. 1933 ന്റെ അവസാനത്തിൽ കമ്മ്യൂണിസ്റ്റ് തടവുകാർ മോചിതരായതിന് ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും ശക്തമായ രാഷ്ട്രീയവും സംഘടനാപരവുമായ അടിത്തറ കണ്ടെത്താനും പാർട്ടിക്ക് കഴിഞ്ഞു. അതുപോലെ ദേശീയ വിമോചനത്തിനുള്ള ബദൽ പാത തേടിക്കൊണ്ടിരുന്ന വിപ്ലവ ദേശീയവാദികൾക്കിടയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സ്വാധീനം വർദ്ധിപ്പിക്കാനും മീററ്റ് വിചാരണ കൊണ്ട് കഴിഞ്ഞു.
    ഒരേസമയം നടന്നുകൊണ്ടിരുന്ന മീററ്റ് – ലാഹോർ ഗൂഡാലോചന കേസ്സുകൾ അവയുടെ വസ്തുതകളും വാദങ്ങളും രാജ്യത്തെ ദശലക്ഷക്കണക്കിന് യുവാക്കളെ ബഹുജന വിപ്ലവ പോരാട്ടങ്ങളുടെ പാത തിരഞ്ഞെടുക്കാൻ സഹായിച്ചു.

മധുര ഗൂഡാലോചന കേസ്
1940 കളുടെ പകുതിയോടെ മധുര ഇടതുപക്ഷത്തിന് വേരോട്ടമുള്ള പ്രധാന പ്രദേശമായി മാറിയിരുന്നു. ബഹുജനങ്ങളെ അണിനിരത്തുന്നതിൽ പ്രധാന വ്യക്തിയായിരുന്നു ശങ്കരയ്യ. പി.സി. ജോഷി [സിപിഐ ജനറൽ സെക്രട്ടറി] 1946 ൽ മധുരയിലെത്തി, യോഗത്തിൽ ഒരു ലക്ഷം പേർ പങ്കെടുത്തു. ഇതുപോലെ പല മീറ്റിംഗുകളും വലിയ ജനക്കൂട്ടത്തെ ആകർഷിച്ചിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതി ബ്രിട്ടീഷുകാരെ ചൊടിപ്പിക്കുകയും കള്ളക്കേസുകൾ ഉണ്ടാക്കി സഖാക്കളെ ജയിലിൽ അടക്കാനും ശ്രമിച്ചു ഇത്തരത്തിൽ ഉണ്ടായ കേസ് ആണ് ‘മധുര ഗൂഡാലോചന കേസ്’ എന്നറിയപ്പെടുന്നത്.
പി. രാമമൂർത്തിയെ ഒന്നാം പ്രതിയായും ശങ്കരയ്യയെ രണ്ടാം പ്രതിയായും, മറ്റ് നിരവധി സിപിഐ നേതാക്കളേയും പ്രതിചേർത്ത് ഗൂഡാലോച കേസ് എടുത്തു. മറ്റ് ട്രേഡ് യൂണിയൻ നേതാക്കളെ കൊലപ്പെടുത്താൻ അവരുടെ ഓഫീസിൽ ഗൂഡാലോച നടത്തിയെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. കേസ് കേട്ട പ്രത്യേക ജഡ്ജി 1947 ഓഗസ്റ്റ് 14 ന് ജയിൽ എത്തുകയും കേസിൽ ഉൾപ്പെട്ട എല്ലാവരെയും വിട്ടയക്കുകയും തൊഴിലാളി നേതാക്കൾക്കെതിരെ കെട്ടിച്ചമച്ച ഈ കേസ് ആരംഭിച്ചതിന് സർക്കാരിനെ നിശിതമായി വിമർശിക്കുകയും ചെയ്തു.

ആദ്യ പാർടി കോൺഗ്രസ്‌
കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യയുടെ (സിപിഐ) ഒന്നാം കോൺഗ്രസ് 1943ൽ ബോംബെയിലെ കാംഗർ മൈതാനത്തിനടുത്തുള്ള എം.ആർ.ഭട്ട് സ്കൂൾ ഹോളിലാണ് കോൺഗ്രസ്സ് ചേർന്നത്. മെയ് 23 മുതൽ ജൂൺ ഒന്നുവരെ എട്ട്‌ ദിവസമായാണ് സമ്മേളനം നടന്നത്.രാജ്യത്ത് നിലവിലുണ്ടായിരുന്ന കമ്യൂണിസ്റ്റ് ഗ്രൂപ്പുകളാകെ ഒരൊറ്റ ശക്തമായ കമ്യൂണിസ്റ്റ് പാർടിയായി വിളക്കിച്ചേർക്കപ്പെട്ട സമ്മേളനമായിരുന്നു ഇത്. സമ്മേളനത്തിൽ എസ് എ ഡാങ്കെയും ബങ്കിം മുഖർജിയും യഥാക്രമം ട്രേഡ് യൂണിയന്റെയും കിസാൻ സഭയുടെയും പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടു. പൊതുസമ്മേളനത്തോടെയാണ് കോൺഗ്രസ് ആരംഭിച്ചത്. കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയം പ്രസ്താവിച്ചത് ഇപ്പോഴത്തെ മുഖ്യ കടമ “ദേശീയ ഗവൺമെന്റ് നേടിയെടുക്കുന്നതിന് ദേശീയ പ്രതിരോധത്തിനായി ദേശീയ ഐക്യം’ ആണെന്നാണ്. “എല്ലാ രാഷ്ട്രീയ നേതാക്കളെയും മോചിപ്പിക്കുക’, “ഭക്ഷ്യപ്രശ്നത്തിൽ ഇടപെടൽ’, “പൂഴ്ത്തി വയ്പിനെതിരെയും ഭക്ഷ്യ കലാപങ്ങൾ തടയുന്നത് ഉറപ്പുവരുത്തുന്നതിനായും’ “അഞ്ചാം പത്തികളെ ഒറ്റപ്പെടുത്തുന്നതിനു’വേണ്ടിയും എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്കൊപ്പം ഈ കടമകൾ നിറവേറ്റുന്നതിനായുള്ള ക്യാമ്പയിനുകൾക്കായി പാർടി ഒന്നടങ്കം രംഗത്തിറങ്ങണമെന്നും പ്രമേയം ആഹ്വാനം ചെയ്തു.ഫാസിസത്തിന്റെ പരാജയം ഉറപ്പുവരുത്താനും വ്യാവസായിക ഉൽപ്പാദനവും ഭക്ഷ്യ ഉൽപ്പാദനവും വർധിപ്പിക്കുന്നതിനുവേണ്ടി പ്രവർത്തിക്കാനും ഒന്നിച്ചുനിൽക്കാനും കോൺഗ്രസ് തൊഴിലാളികളെയും കർഷകരെയും ആഹ്വാനംചെയ്തു.
“ഒരു ബഹുജന രാഷ്ട്രീയശക്തിയിൽനിന്ന്‌ ഒരു ബഹുജന രാഷ്ട്രീയസംഘടന’യായി പാർടിയെ പരിവർത്തനപ്പെടുത്താനും “അധ്വാനിക്കുന്ന ജനലക്ഷങ്ങൾക്കുമപ്പുറം ഇന്ത്യയിലെ മൊത്തം ജനങ്ങൾക്കുമേൽക്കൂടി’ പാർടിയുടെ രാഷ്ട്രീയസ്വാധീനം ഉറപ്പാക്കാനും പാർടി കോൺഗ്രസ് തീരുമാനിച്ചു. പാർടി അംഗങ്ങളുടെയും മുഴുവൻസമയ പ്രവർത്തകരുടെയും വളന്റിയർമാരുടെയും എണ്ണവും ഫണ്ടും അതിനൊപ്പം ട്രേഡ് യൂണിയനുകളുടെയും കിസാൻസഭയുടെയും വിദ്യാർഥി സംഘടനകളുടെയും മഹിളാ സംഘടനയുടെയും കുട്ടികളുടെ സംഘടനയുടെയും മെമ്പർഷിപ്പും വർധിപ്പിക്കുന്നതിനും പാർടി കോൺഗ്രസ് തീരുമാനിച്ചു.
പി. സി. ജോഷിയെ ജനറൽ സെക്രട്ടറിയായും, ജി. അധികാരി, ബി.ടി. രണദിവെ എന്നിവരെ പൊളിറ്റ് ബ്യൂറോ മെമ്പർമാരായും കേന്ദ്രകമ്മിറ്റിയിലേക്ക് 14 അംഗങ്ങളെയും ഈ സമ്മേളനത്തിൽ തിരഞ്ഞെടുത്തു.

കൽക്കത്താ തീസിസ്സ്
1948 ഫെബ്രുവരി 28 മുതൽ മാർച്ച് 27 വരെ കൽക്കട്ടയിൽ വെച്ചാണ് രണ്ടാം പാർട്ടി കോൺഗ്രസ്സ് നടന്നത്. ബി.ടി. രണദിവെയെ സെക്രട്ടറി ആയും, ഭവാനി സെൻ, സോമനാഥ്‌ ലാഹിരി, ജി. അധികാരി, അജയ്‌ഘോഷ്‌, എൻ. കെ. കൃഷ്‌ണൻ, സി. രാജേശ്വരറാവു, എം. ചന്ദ്രശേഖരറാവു, എസ്‌. എസ്‌. യൂസഫ്‌ എന്നിവരെ പൊളിറ്റ് ബ്യൂറോ അംഗങ്ങളായും ഈ സമ്മേളനം തിരഞ്ഞെടുത്തു. ഇതോടൊപ്പം പാർട്ടി കേന്ദ്ര കമ്മിറ്റിയിലേക്ക് 31 അംഗങ്ങളേയും ഈ സമ്മേളനം തിരഞ്ഞെടുക്കുകയുണ്ടായി. ഈ പാർട്ടി കോൺഗ്രസ്സിൽ, അന്നത്തെ അഖിലേന്ത്യാ സെക്രട്ടറി ബി.ടി. രണദിവെയുടെ നേതൃത്വത്തിൽ, സായുധ സമരത്തിലൂടെ ഇന്ത്യയിൽ അധികാരം പിടിച്ചെടുക്കുവാൻ നൽകിയ ആഹ്വാനമാണ് കൽക്കത്ത തീസിസ് എന്ന പേരിൽ അറിയപ്പെടുന്നത്.
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സോവിയറ്റ്- ചൈനീസ് വേർതിരിവുകൾ ആദ്യമായുണ്ടാകുന്നത് 1940-കളുടെ അവസാനപാദത്തിലാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ അവലംബിക്കേണ്ട രാഷ്ട്രീയനിലപാടിനെ ചൊല്ലിയായിരുന്നു ഈ തർക്കങ്ങൾ.
1947 ഡിസംബറിൽ നടന്ന പാർട്ടി കേന്ദ്രകമ്മിറ്റി യോഗം നെഹ്രു ഗവൺമെന്റിനെ സായുധ സമരത്തിലൂടെ പുറത്താക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഒരു പ്രമേയം അംഗീകരിച്ചു. സ്വാതന്ത്ര്യാനതരം അധികാരമേറ്റ നെഹൃ ഗവൺമെന്റിനെ പിന്തുണയ്ക്കുന്ന സമീപനമായിരുന്നു 1930കൾ മുതൽ അന്നത്തെ സി.പി.ഐ. ജനറൽ സെക്രട്ടറി ആയിരുന്ന പി.സി. ജോഷി സ്വീകരിച്ചിരുന്നത്. ഈ നയത്തിനെതിരെയാണ് ബി.ടി. രണദിവെ പ്രമേയം അവതരിപ്പിക്കുന്നത്. വലതുവ്യതിയാനം എന്നാക്ഷേപിച്ച് കടുത്ത ഇടതുവ്യതിയാനത്തിലേക്ക് പാര്‍ട്ടി കോണ്‍ഗ്രസ് ആസകലം മുങ്ങുകയായിരുന്നു. ഇന്ത്യയ്ക്ക് ലഭിച്ചത് യഥാര്‍ഥ സ്വാതന്ത്ര്യമല്ല, കേവലം അധികാരക്കൈമാറ്റം മാത്രമാണ് നടന്നതെന്നും രണദിവെ വ്യക്തമാക്കി. ഇന്ത്യന്‍ ബൂര്‍ഷ്വാസിയും ബ്രിട്ടീഷ് സാമ്രാജ്യത്വവും തമ്മിലുള്ള ഒത്തുതീര്‍പ്പാണ്, ഇത് വഞ്ചനയാണ്, റഷ്യന്‍ വിപ്ലവകാലത്തെ അവസ്ഥയാണിന്ത്യയിലിപ്പോള്‍, അതിനാല്‍ അവിടത്തെ മാതൃകയില്‍ പോരാട്ടം നടത്തി തൊഴിലാളിവര്‍ഗത്തിന് അധികാരം ലഭ്യമാക്കണം എന്ന രണദിവെ തീസിസ് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചു. റിവിഷനിസ്റ്റായി മുദ്രകുത്തി നിലവിലുള്ള ജനറല്‍ സെക്രട്ടറിയായ ജോഷിയെ ഒറ്റപ്പെടു.
അങ്ങനെ രണ്ടാം പാർട്ടി കോൺഗ്രസ്സിൽ ഈ പുതിയ നയം അംഗീകരിക്കപ്പെട്ടു.
എന്നാൽ കൽക്കത്താ തീസിസിനെതിരായ സൈദ്ധാന്തികമായ ഭിന്നതകൾ ആദ്യമുയർന്നത് സി.പി.ഐ.-യുടെ ആന്ധ്ര ഘടകത്തിൽ നിന്നാണ്. 1948 ജൂണിൽ ചൈനീസ് മാതൃകയിലുള്ള ഒരു വിപ്ലവത്തിന് ആന്ധ്ര ഘടകം ആഹ്വാനം ചെയ്തു. മാവോയുടെ പുത്തൻ ജനാധിപത്യ സിദ്ധാന്തമാണ് ഇന്ത്യൻ വിപ്ലവത്തിനുള്ള മാർഗ്ഗരേഖ എന്നതായിരുന്നു അവരുടെ നിലപാട്. ദുർബ്ബലമായ ദേശീയ മുതലാളിത്തമല്ല മുഖ്യശത്രുവെന്നും, ഇന്ത്യൻ വിപ്ലവത്തിന്റെ ഘട്ടം സാമ്രാജത്യ വിരുദ്ധവും ഫ്യൂഡൽ വിരുദ്ധവുമായതിനാൽ കമ്മ്യൂണിസ്റ്റുകാർ ഇവയെ എതിർക്കുന്ന ധനിക-ഇടത്തരം കാർഷിക വിഭാഗങ്ങളുമായി യോജിച്ച് മുന്നേറണമെന്നുമാണ് അവർ ആവശ്യപ്പെട്ടത്.
കൽക്കത്താ തീസിസിന്റെ അംഗീകാരത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമാസക്തമായ സമരങ്ങൾ ആരംഭിച്ചു. ഗവൺമെന്റ് അവയെ എല്ലാം വേണ്ട രീതിയിൽ അടിച്ചമർത്തി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രമുഖനേതാക്കളെല്ലാം തടവിലായി. പാർട്ടിയുടെ ബഹുജനാടിത്തറയ്ക്ക് ഇളക്കം തട്ടി. രണദിവെയുടെ നയങ്ങൾ പാർട്ടിയുടെ ജനപിന്തുണയെ ഇല്ലാതാക്കുമെന്ന് കാണിച്ച്, പി.സി. ജോഷി, അന്നത്തെ സോവിയറ്റ് യൂണിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന ജോസഫ് സ്റ്റാലിന് കത്തയയ്ക്കുകയും തുടർന്ന് 1949-ൽ ഇക്കാരണത്താൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. എസ്.എ. ഡാങ്കെയുടെ നേതൃത്വത്തിൽ ട്രേഡ് യൂണിയൻ നേതാക്കൾ രണദിവെയ്ക്കെതിരെ രംഗത്ത് വന്നു.
ആന്ധ്ര ഘടകത്തിന്റെ നിലപാടുകളെ വിമർശിച്ചുകൊണ്ട് രണദിവെ 1949 ജനുവരിയിൽ സി.പി.ഐ.-യുടെ പ്രസിദ്ധീകരണമായ കമ്മ്യൂണിസ്റ്റിൽ ഒരു ലേഖനം എഴുതുകയുണ്ടായി. വിപ്ലവത്തിന് ഒരു ഘട്ടം മാത്രമേയുള്ളൂവെന്നും അത് സ്ഥിതിസമത്വവിപ്ലവത്തിന്റെയാണെന്നും, അതിനായിട്ട് തൊഴിലാഴിവർഗ്ഗത്തിന്റെ സഖ്യശക്തികൾ ആയിട്ടുള്ളത് ദരിദ്ര കർഷകരും നാട്ടിൻപുറങ്ങളിലെ കൂലിവേലക്കാരും മാത്രമാണെന്നും ലേഖനത്തിലൂടെ സമർത്ഥിച്ചു.
1950 മേയ് മാസത്തിൽ കൂടിയ കേന്ദ്രകമ്മിറ്റി യോഗം കേന്ദ്രകമ്മിറ്റിയേയും പൊളിറ്റ് ബ്യൂറോയെയും പുനസംഘടിപ്പിക്കുകയുണ്ടായി. കൽക്കട്ടാ തീസിസ് നിരാകരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത് സംഭവിച്ചത്. ഈ കൂടിച്ചേരലിൽ കേന്ദ്രക്കമ്മിറ്റി അംഗങ്ങളെ 9 ആയി ചുരുക്കി. ട്രോട്സ്കി-ടിറ്റോ നയങ്ങൾ പിന്തുടരുന്നു എന്ന ആരോപണത്തിനു വിധേയനായ ബി.ടി,രണദിവെക്കു പകരം പുതിയ സെക്രട്ടറി ആയി തൽസ്ഥാനത്ത് തെലുങ്കാനാ സമരനേതാവായിരുന്ന സി. രാജേശ്വരറാവുവിനെയും, പൊളിറ്റൂ ബ്യൂറോ അംഗങ്ങളായി എം. ബസവപുന്നയ്യ, ബിമേഷ്‌ മിശ്ര എന്നിവരെയും തിരഞ്ഞെടുക്കുകയുണ്ടായി.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആരംഭം പ്രഥമ നേതാക്കൾ

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യസമ്മേളനം നടന്ന് 80 വര്‍ഷമായി പാര്‍ട്ടിയുടെ നാലംഗ കേരളഘടകം ഔപചാരികമായി നിലവില്‍വന്നിട്ട് 82 വര്‍ഷവും.
1912-ൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയാണ് കാൾ മാർക്സിന്റെ ലഘുജീവചരിത്രം മലയാളത്തിൽ ആദ്യമായി പ്രസിദ്ധപ്പെടുത്തിയത് .അതിനടുത്തവർഷങ്ങളിൽ കമ്യൂണിസവുമായും സോഷ്യലിസവുമായും ബന്ധപ്പെട്ട ലേഖനങ്ങൾ രാമകൃഷ്ണപിള്ള പ്രസിദ്ധപ്പെടുത്തി. സഹോദരൻ അയ്യപ്പനാകട്ടെ സോവിയറ്റ് വിപ്ലവത്തെക്കുറിച്ച് ലേഖനം എഴുതുകയും ചെയ്തു. കെ. രാമകൃഷ്ണപിള്ളയുടെ മകൾ കെ. ഗോമതിയുടെ ഭർത്താവായ ബാരിസ്റ്റർ എ.കെ. പിള്ളയുടെ സോഷ്യലിസ്റ്റ് ലേഖനങ്ങളും ശ്രദ്ധിക്കപ്പെട്ടു.ഇതോട് കൂടി കേരളത്തിലും ആളുകൾ കമ്മ്യൂണിസത്തെക്കുറിച്ചു അറിഞ്ഞുതുടങ്ങി. എന്നാൽ മലയാള മണ്ണിൽ ഒരു കമ്യൂണിസ്റ്റ് സംഘടനയുണ്ടാവുന്നതിന് പിന്നെയും വർഷങ്ങൾ എടുത്തു.
കേരളത്തിൽ സ്വാതന്ത്ര്യസമരം ശക്തിപ്രാപിക്കുന്നത് 1930-ലെ ഉപ്പുസത്യാഗ്രഹത്തോടെയാണ്. അതിന് നേതൃത്വം നൽകിയവരിൽ പിന്നീട് കമ്മ്യൂണിസ്റ്റ് നേതാക്കളായി മാറിയവർ ആയിരുന്നു പി. കൃഷ്ണപിള്ള, കെ.പി. ഗോപാലൻ, മൊയാരത്ത് ശങ്കരൻ, കെ. മാധവൻ, എൻ.സി. ശേഖർ തുടങ്ങിയവർ.
1934 മേയിലാണ് കോൺഗ്രസിനകത്ത് സോഷ്യലിസ്റ്റ് ഗ്രൂപ്പ് പട്നയിൽവെച്ച് രൂപംകൊള്ളുന്നത്. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി ജയപ്രകാശ് നാരായണനും ജോയന്റ് സെക്രട്ടറിമാരിലൊരാളായി ഇ.എം.എസും തിരഞ്ഞെടുക്കപ്പെട്ടു. അതിന്റെ കേരളഘടകം കോഴിക്കോട് ടൗൺഹാളിൽ സമ്മേളിച്ച് സി.കെ. ഗോവിന്ദൻ നായർ പ്രസിഡന്റും കൃഷ്ണപിള്ള സെക്രട്ടറിയുമായി കമ്മിറ്റി രൂപവത്കരിച്ചു.
എൻ.സി. ശേഖർ
കേരളത്തിൽ ആദ്യമായി ഒരു കമ്യൂണിസ്റ്റ് സംഘടന ഉണ്ടാകുന്നത് തിരുവനന്തപുരത്ത് എൻ.സി. ശേഖറിന്റെ നേതൃത്വത്തിൽ 1931ൽ ആണ്.
അതിന് പ്രചോദനമായതാകട്ടെ കണ്ണൂർ ജയിലും. 1929-ല്‍ കേസരി എ. ബാലകൃഷ്ണപിള്ളയുടെ അനുഗ്രഹാശിസ്സുകളോടെ തിരുവനന്തപുരത്ത് രൂപവത്കരിച്ച യൂത്ത് ലീഗിന്റെ നേതാക്കളായിരുന്നു പൊന്നറ ശ്രീധറും എന്‍.പി. കുരിക്കളും എന്‍.സി. ശേഖറും. 1930 ഏപ്രിലിലെ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തുനിന്ന് പയ്യന്നൂരിലേക്ക് പുറപ്പെട്ട കാല്‍നടജാഥയിലെ അംഗങ്ങളായിരുന്നു ഇവർ മൂന്നുപേരും . പിന്നീട് പയ്യന്നൂരിലെത്തി ഉപ്പുകുറുക്കി.കോഴിക്കോട്ടുനടന്ന ഒന്നാം നിയമലംഘന സമരവുമായി ബന്ധപ്പെട്ട് 1930 മധ്യത്തില്‍ എന്‍.സി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടയ്ക്കപ്പെട്ടു. 1930-ലെ നിയമലംഘനപ്രസ്ഥാനത്തില്‍ പങ്കെടുത്തതിന് കണ്ണൂര്‍ ജയിലിലടയ്ക്കപ്പെട്ട മുംബൈയിലെ ടെക്സ്റ്റൈല്‍ തൊഴിലാളിയും അവിടുത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പിലെ അംഗവുമായിരുന്ന തമിഴ്നാട് സ്വദേശി വേദാന്തമാണ് എന്‍.സി.യോട് കമ്യൂണിസത്തെക്കുറിച്ച് പറയുന്നത്.
വേദാന്തത്തില്‍നിന്നും മീററ്റ് ഗൂഢാലോചനക്കേസില്‍പ്പെട്ട് തടവിലായവരില്‍നിന്നും കിട്ടിയ വിവരങ്ങളും രേഖകളുമാണ് കേരളത്തില്‍ ആദ്യത്തെ കമ്യൂണിസ്റ്റ് വിജ്ഞാപനം അച്ചടിച്ച് പ്രസിദ്ധപ്പെടുത്താനും കമ്യൂണിസ്റ്റ് ലീഗ് രൂപവത്കരിക്കാനും എന്‍.സി. ശേഖറിനും കൂട്ടര്‍ക്കും സഹായകമായത്. കമ്യൂണിസ്റ്റ് വിജ്ഞാപനവും കര്‍മപരിപാടിയും കേസരി ബാലകൃഷ്ണപിള്ളയുടെ മേല്‍നോട്ടത്തില്‍ തര്‍ജമചെയ്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു.എന്നാൽ തിരുവനന്തപുരത്തെ കമ്യൂണിസ്റ്റ് ലീഗ് ഒരു പാര്‍ട്ടിയായി വികസിച്ചില്ല.

പി. കൃഷ്ണപിള്ള
കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ആദ്യപഥികനാണ്‌ പി.കൃഷ്‌ണപിള്ള. കമ്യൂണിസ്റ്റ് വിപ്ലവകാരിയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവും സ്വാതന്ത്ര്യ സമരസേനാനിയും ബ്രിട്ടീഷ് മേൽക്കോയ്മക്കെതിരായ സാമ്രാജ്യത്വ വിരുദ്ധ പോരാളിയും ജാതിമേൽക്കോയ്മക്കെതിരായ സാമൂഹിക നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളുടെ പോരാളിയും,പുന്നപ്ര – വയലാർ സമരത്തിന്റെ പ്രചോദനമായി നിലകൊണ്ട സഖാക്കളുടെ സഖാവുമാണ് കൃഷ്ണപിള്ള .1928 മുതൽ രണ്ടുവർഷത്തോളം ഉത്തരേന്ത്യയിൽ താമസിച്ചിരുന്ന കൃഷ്ണപിള്ള സോഷ്യലിസത്തിലേക്ക് അവിടെവെച്ചുതന്നെ ആകൃഷ്ടനായിരുന്നു. പിന്നീട് ഒന്നാം നിയമലംഘനസമരത്തത്തുടർന്നും രണ്ടാം നിയമലംഘനത്തെത്തുടർന്നും ജയിലിലായ പി. കൃഷ്ണപിള്ള ഉത്തരേന്ത്യൻ വിപ്ലവകാരികളിൽനിന്ന് കമ്യൂണിസത്തെക്കുറിച്ച് മനസ്സിലാക്കുകയും അതിലേക്കാകർഷിക്കപ്പെടുകയും ചെയ്തു. നിയമലംഘനകേസിൽ കുറ്റം ചാർത്തപ്പെട്ട് സേലം ജയിലിൽ വെച്ച് കൃഷ്ണപിള്ള ലാഹോർ ഗൂഢാലോചനകേസിൽ ഭഗത് സിംഗിന്റെ സഹപ്രവർത്തകനായ ബദ്കേശ്വർ ദത്തിനെ അടുത്തു പരിചയപ്പെടാൻ ഇടയായി.ഇവിടെ വെച്ച് പല വിപ്ലവകാരികളുമായി അടുത്തു ബന്ധപ്പെടാൻ കൃഷ്ണപിള്ളക്കു കഴിഞ്ഞത് അദ്ദേഹത്തെ ഒരു കമ്മ്യൂണിസ്റ്റ്കാരനായി മാറ്റാൻ ആയി. 1937 ല്‍ കോഴിക്കോട്ട്‌ രൂപീകൃതമായ ആദ്യത്തെ കമ്യൂണിസ്റ്റ്‌ പാര്‍ടി ഗ്രൂപ്പിന്റെ സെക്രട്ടറി സഖാവായിരുന്നു.1943-ൽ കോഴിക്കോടുവച്ചു നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ ആദ്യത്തെ സമ്മേളനത്തിൽ കൃഷ്ണപിള്ളയെ ആദ്യ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു.

ഇ.എം.എസ്
മാര്‍ക്‌സിസം-ലെനിനിസത്തെ ഇന്ത്യന്‍ സാഹചര്യത്തിന്‌ അനുയോജ്യമായി രൂപപ്പെടുത്തിയെടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇന്ത്യ സംഭാവന നല്കിയ ചരിത്രത്തിനും മുന്നേ നടന്ന മൂന്നക്ഷരം ആണ് സഖാവ് ഇ.എം.എസ്. ഇന്ന് കാണുന്ന ആധുനിക കേരളത്തിന്റെ ശിൽപി അതിന്റെ പുരോഗതിക്ക്‌ അടിസ്ഥാനമിട്ട എല്ലാ പ്രവർത്തങ്ങൾക്കും ചുക്കാൻ പിടിച്ച വ്യക്തിയായിരുന്നു ഇ.എം.എസ്. 1932 ജനുവരി 17 ഇ.എം.എസിന്റെ നേതൃത്വത്തിൽ ഉപ്പ് സത്യാഗ്രഹത്തിന്റെ ഭാഗമായി ജാഥ നടത്തി. കടപ്പുറത്തെ വമ്പിച്ച ജനാവലിക്കു മുൻപിൽ വച്ച് അവരെ അറസ്റ്റ് ചെയ്തു. പൗരാവകാശ ലംഘനം ആരോപിച്ച്‌ മൂന്നു കൊല്ലത്തെ കഠിന തടവും 100 രൂപ പിഴയും വിധിച്ചു ജയിലിലടച്ചു.മീററ്റ് ഗൂഢാലോചനക്കേസിൽ ശിക്ഷിക്കപ്പെട്ട കമലാനാഥ് തിവാരി, ജയദേവ് കപൂർ എന്നിവരും ബംഗാളിലെ തീവ്രവാദിപ്രസ്ഥാനമായ അനുശീലൻ ഗ്രൂപ്പിലെ രവീന്ദ്രമോഹൻ സെൻ ഗുപ്ത, ടി.എൻ. ചക്രവർത്തി, രമേഷ് ചന്ദ്ര ആചാര്യ എന്നിവരും ഈ ഘട്ടത്തിൽ ജയിലിലുണ്ടായിരുന്നു. ഇവരിൽ നിന്നാണ് സോഷ്യലിസ്റ്റ് ആശയങ്ങൾ പരിചയപ്പെടുന്നത് .
പിന്നീട് വെല്ലൂർ ജയിലിലേയ്ക്ക് മാറ്റിയ ശേഷവും ഇടതുപക്ഷ ചിന്താഗതിക്കാരായ ധാരാളം തടവുകാരുമായി അദ്ദേഹത്തിന് സഹവർത്തിത്വം ഉണ്ടായി. അതിൽ പ്രധാനിയാണ് വി.വി. ഗിരി, ബുളുസു സാംബമൂർത്തി എന്നിവർ. കോഴിക്കാട് ജയിലിൽ വെച്ചാണ് പി. കൃഷ്ണപിള്ളയുമായി ഇ.എം.എസ്സ് പരിചയപ്പെടുന്നത്. കേരളത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയും പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയും രൂപവത്കരിക്കുന്നതിന്റെ വിത്തുവിതച്ചവർ ഇവരത്രേ. ബിഹാറിൽനിന്നുള്ള കമലാനാഥ് തിവാരിയാണ് ഇ.എം.എസിനെ കമ്യൂണിസ്റ്റ് ആശയത്തിലേക്ക് ആദ്യം ആകർഷിക്കുന്നത്. 1934 പി. കൃഷ്‌ണപിള്ള, എ.കെ.ജി, കേരളീയന്‍ തുടങ്ങിയവരുമായി ചേര്‍ന്ന്‌ കേരളത്തില്‍ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിക്ക്‌ രൂപം നല്‍കി.

AKG
1927-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ‍ ചേർന്നു രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. വിദേശ വസ്ത്ര ബഹിഷ്കരണം, ഖാദി പ്രചാരണം, എന്നിവയിൽ അദ്ദേഹത്തിനു താൽപര്യം ജനിച്ചു. പയ്യന്നൂരിലേക്കു വന്ന ജാഥ നയിച്ച കേളപ്പന്റെ പ്രസംഗം ഗോപാലന്റെ മനസ്സിനെ തന്നെ മാറ്റിമറിച്ചു. സ്കൂൾ അധികാരികൾക്ക് തന്റെ രാജിക്കത്ത് സമർപ്പിച്ചു അധ്യാപകജോലി ഉപേക്ഷിച്ചു ഒരു മുഴുവന്‍ സമയ രാഷ്‌ട്രീയ പ്രവര്‍ത്തകനായി . സമരത്തിന്റെ ഭാഗമായി ഖാദിയുടെ പ്രചരണത്തിലും ഹരിജന ഉദ്ധാരണത്തിനും വേണ്ടി കഠിനമായി പ്രവർത്തിച്ചു. ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തതിന് 1930-ൽ അദ്ദേഹം തടവിലാക്കപ്പെട്ടു. ഗുരുവായൂർ സത്യാഗ്രഹ സമരങ്ങൾക്ക് ശേഷം ദേശീയ പ്രസ്ഥാനത്തിന്റെ വിജയത്തിനായി കർഷകരെ കൂടി സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗം ആക്കാൻ വേണ്ടി അവരെ സംഘടിപ്പിക്കുന്നതിനായി സഖാവ് ശ്രമം തുടങ്ങി. സഖാവ് കൃഷ്ണപിള്ളയും AKG യും ചേർന്ന് ഏതാണ്ട് പതിനേഴോളം പേരെ സംഘടിപ്പിച്ച് കാലിക്കറ്റ് ലേബർ യൂണിയൻ സ്ഥാപിച്ചു. കോഴിക്കോട് – ഫറോക്ക് മേഖലയില് ആദ്യത്തെ തൊഴിലാളി യൂണിയനുകള് കെട്ടിപ്പടുത്തതും,പണിമുടക്കുകള് സംഘടിപ്പിച്ചതും കൃഷ്ണപിള്ളയോടൊപ്പം AKG യും ഉണ്ടായിരുന്നു . 1937 ൽ തിരുവിതാംകൂറിൽ ഉത്തരവാദിത്ത സർക്കാരിനു വേണ്ടിയുള്ള പ്രക്ഷോഭത്തിനു പിന്തുണ നൽകി,മലബാർ മുതൽ മദിരാശി വരെയുള്ള നിരാഹാര മലബാർ ജാഥക്ക് എ.കെ.ജി ആണ് നേതൃത്വം നൽകിയത്. CSP-യിൽ എ.കെ.ജി.യും സർദാർചന്ദ്രാഞ്ഞും കൃഷ്ണപിള്ളയുടെയും കൂട്ടരുടെയും ചില നിലപാടുകൾക്കെതിരായിരുന്നു. ഗുരുവായൂർ സത്യാഗ്രഹമടക്കമുള്ള സഹനസമരങ്ങളിലൂടെ അന്നേക്കുതന്നെ ജനപ്രിയനായകനായിക്കഴി ഞ്ഞ എ.കെ.ജി.യുമായുള്ള അഭിപ്രായവ്യത്യാസം പരിഹരിച്ച്, അദ്ദേഹത്തെ രൂപവത്കരിക്കാൻ പോകുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തെത്തിക്കാൻ കൃഷ്ണപിള്ള ആസൂത്രണം ചെയ്തു. പട്ടിണിജാഥ നയിക്കാൻ കെ.പി.ആർ. ഗോപാലനെ നിയോഗിച്ചയച്ചതിനു പിന്നിൽ ആ ലക്ഷ്യമായിരുന്നെന്ന് കേരളത്തിലെ ബോൾഷെവിക്ക് വീരൻ എന്ന ലേഖനത്തിൽ കൃഷ്ണപിള്ള സൂചിപ്പിക്കുന്നുണ്ട് . കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടപ്പോൾ എ.കെ.ജി അതില്‍ അംഗമായി.

കെ. ദാമോദരൻ
കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി സ്വാതന്ത്ര്യസമരസേനാനിയും എഴുത്തുകാരനുമായ കെ. ദാമോദരൻ കാശിയിൽ നിന്ന് എത്തുന്നത് 1936-ലാണ്. കാശിയിൽ വെച്ച് ഓംകാർ നാഥ ശാസ്ത്രി എന്ന സഹപാഠിയും സി.പി.ഐ.യുടെ നേതാവുമായ ആർ.ഡി. ഭരദ്വാജുമാണ് ദാമോദരനെ കമ്യൂണിസ്റ്റ് അംഗമാക്കിയത്. ദാമോദരൻ 1936-ൽ തിരിച്ചെത്തുമ്പോഴേക്കും CSP ഇവിടെ ശക്തമായ പ്രവർത്തനം നടത്തുകയായിരുന്നു. CPI കേന്ദ്രനേതൃത്വത്തിന്റെ നിർദേശാനുസരണം കോഴിക്കോട്ട് കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയ ദാമോദരൻ, കൃഷ്ണപിള്ളയുടെയും ഇ.എം.എസിന്റെയും എൻ.സി. ശേഖറിന്റെയും അടുത്ത സഹപ്രവർത്തകനായി. CPI കേരളഘടകം രൂപവത്കരിക്കാൻ കേന്ദ്രനേതൃത്വം ചുമതലപ്പെടുത്തിയ പി. സുന്ദരയ്യയും എസ്.വി. ഘാട്ടെയും കോഴിക്കോട്ടെത്തി ഈ നാൽവർസംഘവുമായാണ് കൂടിയാലോചനകൾ നടത്തിയത്. ഒടുവിൽ 1937-ൽ കോഴിക്കോട്ട് പാളയത്ത് ചേർന്ന യോഗത്തിൽ ഇവർ നാലുപേരും ചേർന്ന് കേരളഘടകം രൂപവത്കരിച്ചു. CSP സംസ്ഥാന സെക്രട്ടറിയായ കൃഷ്ണപിള്ള CPI-യുടെയും സംസ്ഥാന സെക്രട്ടറിയായി. കേരള മാര്‍ക്‌സ് എന്നായിരുന്നു കെ ദാമോദരന്‍ അറിയപ്പെട്ടിരുന്നത്. പാട്ടബാക്കി, രക്തപാനം തുടങ്ങിയ നാടകങ്ങളിലൂടെ കേരളത്തിലെ നവോത്ഥാനാന്തര രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് സര്‍ഗാത്മകതയുടെ പോരാട്ടവീര്യം സമ്മാനിക്കാനും അദ്ദേഹത്തിനായി.

പിണറായി പാറപ്രം സമ്മേളനം
1939-ല്‍ ജൂണില്‍ മൂന്നുദിവസമായി തലശ്ശേരിയില്‍നടന്ന CSP ആറാം സമ്മേളനം കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരണത്തില്‍ നിര്‍ണായകമായി. കൃഷ്ണപിള്ളയും ഇ.എം.എസും ദാമോദരനും അവതരിപ്പിച്ച രേഖകള്‍ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പ്രകടനമായിരുന്നു. തുടര്‍ന്ന് അതേ വര്‍ഷം ഡിസംബറില്‍ പിണറായി പാറപ്രത്തുനടന്ന സി.എസ്.പി. നേതൃയോഗമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയായിമാറാന്‍ തീരുമാനിച്ചത്. കെ.പി. ഗോപാലന്‍ അധ്യക്ഷതവഹിച്ച സമ്മേളനത്തില്‍ 90 നേതാക്കളാണ്.
തിരുവിതാംകൂറിലേയും കൊച്ചിയിലേയും തുടക്കം
തിരുവിതാംകൂറിൽ ബ്രിട്ടീഷ് മലബാറിൽനിന്ന് വ്യത്യസ്തമായി കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിക്ക് ശക്തമായി ഇടപെടാൻ കഴിയുന്ന സ്ഥിതിയായിരുന്നില്ല. നിവർത്തനപ്രക്ഷോഭവും സംയുക്ത രാഷ്ട്രീയസഭയും തുടർന്ന് സ്റ്റേറ്റ് കോൺഗ്രസിന്റെ ശക്തിപ്പെടലും സംഭവിച്ചെങ്കിലും മലബാറിൽ CSP നേതൃത്വത്തെ അതേപടി കമ്യൂണിസ്റ്റാക്കിയ തന്ത്രം തിരുവിതാംകൂറിൽ നടന്നില്ല. സ്റ്റേറ്റ് കോൺഗ്രസിലെ കമ്യൂണിസ്റ്റുകാരായ എം.എൻ. ഗോവിന്ദൻ നായരും ടി.വി. തോമസും അടക്കമുള്ള നേതാക്കൾ നാല്പതുകളുടെ തുടക്കത്തോടെ പരസ്യമായി CPI-യിലെത്തി.
1930-കളുടെ രണ്ടാംപാദത്തോടെത്തന്നെ ആലപ്പുഴയിൽ കയർ, വള്ളം തൊഴിലാളികളുടെ ശക്തമായ സംഘടനയുണ്ടാവുകയും 1938-ൽ അവകാശസമരം നടക്കുകയും ചെയ്തിരുന്നു. പി. കൃഷ്ണപിള്ള ആലപ്പുഴയിൽ താമസിച്ച് അതിനെല്ലാം മാർഗനിർദേശം നൽകുകയും ചെയ്തു. ആർ. സുഗതൻ, കെ.വി. പത്രോസ്, സൈമൺ ആശാൻ, ടി.വി.തോമസ്, പി.ടി. പുന്നൂസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരുവിതാംകൂർ മേഖലയിൽ ട്രേഡ് യൂണിയന്റെയും തുടർന്ന് CPI-യുടെയും പ്രവർത്തനമെത്തി. മലബാറിൽ നിന്ന് എ.വി. കുഞ്ഞമ്പുവടക്കമുള്ള നേതാക്കൾ ആലപ്പുഴയിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു.
വി.എസ്. അച്യുതാനന്ദൻ ട്രേഡ് യൂണിയൻ പ്രവർത്തനത്തിലേക്കും സി.പി.ഐ.യിലേക്കും എത്തുകയും കൃഷ്ണപിള്ളയുടെ നിർദേശാനുസരണം കർഷകത്തൊഴിലാളി സംഘടനയുണ്ടാക്കുന്നതിൽ മുഴുകിയതും ഈ ഘട്ടത്തിലാണ്. 1930-കൾ തൊട്ടേ പി. കേശവദേവ് പത്രാധിപരായി ‘തൊഴിലാളി’ എന്ന മാസിക തിരു-കൊച്ചിയിൽ മാർക്സിസ്റ്റ് ആശയപ്രചാരണം നടത്തുന്നുണ്ടായിരുന്നു. ‘മൂലധന’ത്തിന്റെ ഏതാനും അധ്യായങ്ങൾ മുപ്പതുകളുടെ ആദ്യം അതിൽ തർജമചെയ്ത് പ്രസിദ്ധപ്പെടുത്തി.
കൊച്ചിരാജ്യത്ത് കൊച്ചിൻ കോൺഗ്രസിലും പ്രജാമണ്ഡലത്തിലും പ്രവർത്തിച്ചുകൊണ്ടാണ് കെ.കെ. വാര്യർ, സി. അച്യുതമേനോൻ, പി.എസ്. നമ്പൂതിരി, ഇ. ഗോപാലകൃഷ്ണമേനോൻ അടക്കമുള്ള നേതാക്കൾ കമ്യൂണിസത്തിന്റെ വിത്തുവിതയ്ക്കാൻ തുടങ്ങിയത്. പി. നാരായണൻ നായരടക്കമുള്ള CSP നേതാക്കൾ ആ മേഖലയിലെ സമരങ്ങളുടെ നേതൃത്വത്തിലുണ്ടായിരുന്നു.

“സഖാവ്” എന്ന വിളി
ഫ്രഞ്ച് വിപ്ലവകാലത്താണ് സോഷ്യലിസ്റ്റുകളും തൊഴിലാളിപ്രസ്ഥാന പ്രവർത്തകരും പരസ്പ്പരം കോമേഡ് എന്ന് വിളിക്കാൻ തുടങ്ങിയത്. റഷ്യൻ വിപ്ളവകാലത്ത് കമ്യൂണിസ്റ്റുകാർ അതേറ്റുവിളിച്ചു. ഇതേറ്റുപിടിച്ചു CSP യിലെ നേതാക്കളും പ്രവർത്തകരും പരസ്പരം കോമ്രേഡിന് സഖാവ് എന്ന മലയാളപദം വിളിക്കാൻ തുടങ്ങി. നിസ്വാര്‍ഥമായ സുഹൃദ്ബന്ധം, പ്രായം ഉള്‍പ്പെടെ ഒന്നിലും ഉച്ചനീചത്വമില്ലാത്ത പാരസ്പര്യം എന്ന അര്‍ഥത്തിലാണ് ആ വാക്ക് കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകള്‍ ഉപയോഗിച്ചത്.

ഇന്ത്യൻ ദേശീയ രാഷ്ട്രീയം : വർഗ്ഗബഹുജന സംഘടനകളുടെ വളർച്ച
സമ്പൂർണ്ണ സ്വാതന്ത്ര്യം നേടുന്നതിന് തൊഴിലാളിവർഗത്തിന്റെയും കൃഷിക്കാരുടെയും മറ്റ് ബഹുജനങ്ങളുടേയും പിന്തുണയുടെ പ്രാധാന്യം തിരിച്ചറിഞ്ഞു അതിനുള്ള ശ്രമങ്ങൾ തുടങ്ങി. തൊഴിലാളികൾക്ക് പുറമെ, ദേശീയ പ്രസ്ഥാനത്തിൽ വിദ്യാർത്ഥികൾക്കും ചെറുപ്പക്കാർക്കും ബുദ്ധിജീവികൾക്കും വഹിക്കാവുന്ന പങ്ക് കമ്മ്യൂണിസ്റ്റുകൾ തിരിച്ചറിഞ്ഞു അവരെക്കൂടി വിപ്ലവ പ്രവർത്തനത്തിനും സമ്പൂർണ്ണ സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തിന് പിന്നിൽ അവരെ അണിനിരത്താൻ ശ്രമിച്ചു.
ഈ ധാരണയോടെ 1936 ൽ നിരവധി ബഹുജന സംഘടനകൾ രൂപീകരിച്ചു: അഖിലേന്ത്യാ കിസാൻ സഭ (AIKS), അഖിലേന്ത്യാ സ്റ്റുഡന്റ്സ് ഫെഡറേഷൻ (AISF), പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷൻ, 1943 ൽ ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ. കാർഷിക തൊഴിലാളികളുടെ ആദ്യത്തെ സംഘടനയും ആരംഭിച്ചു. വിപ്ലവബോധത്തിലേക്ക് നീതിയും അവകാശങ്ങളും തേടുന്ന വിവിധ വിഭാഗങ്ങളുടെ അന്വേഷണം നടത്താൻ ഈ ബഹുജന സംഘടനകൾ സഹായിച്ചു.
വിപ്ലവബോധത്തിലൂടെ നീതിയും അവകാശങ്ങളും നേടിയെടുക്കുന്ന പോരാട്ടങ്ങളിൽ ഈ ബഹുജന സംഘടനകൾക്കായി.
പിന്നീടിങ്ങോട്ട് പോരാട്ടങ്ങളുടെ രണഭേരിയായിരുന്നു . 1940 കളുടെ പകുതി മുതൽ 1950 കളുടെ ആരംഭം വരെയുള്ള കാലഘട്ടത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ‘സുവർണ്ണ കാലഘട്ടങ്ങളിലൊന്നായി’ വിശേഷിപ്പിക്കാറുണ്ട്. സമകാലീന ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ചില കർഷകസമരങ്ങളാണ് ഈ കാലഘട്ടത്തിന്റെ സവിശേഷത. തെലങ്കാന, തെബാഗ, പുന്നപ്ര വയലാർ, ഗണ മുക്തി പരിഷത്ത്, സുർമാ വാലി, വാർലി ആദിവാസി കലാപം എന്നിവ അവയിൽ ചിലത് മാത്രം.

പോരാട്ടങ്ങളുടെ ഭൂമിക
ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ കുടിയാന്‍മാര്‍ ജന്മിമാരില്‍ നിന്നും വലിയ രീതിയിലുള്ള ചൂഷണമാണ്‌ നേരിട്ടത്‌. ജന്മിമാരുടെ കണ്ണില്‍ മണ്ണില്‍ പണിയെടുക്കാനുള്ള ഒരു ഉപകരണം മാത്രമായിരുന്നു സാധാരണക്കാര്‍. സമൂഹം ജന്മിമാരെന്നും കുടിയാന്മാരെന്നും രണ്ട്‌ തട്ടായി തിരിക്കപ്പെട്ടു. പല തരത്തിലുള്ള നികുതികളാണ്‌ കുടിയാന്റെ മേല്‍ ജന്‍മ്മിമാര്‍ ചുമത്തിയിരുന്നത്‌. നിര്‍ബന്ധപിരിവുകള്‍ക്കുമപ്പുറം കര്‍ഷകന്റെ സ്വാതന്ത്യത്തിനുമേലുള്ള കടന്നുകയറ്റം തന്നെയായിരുന്നു ജന്‍മിമാര്‍ നടത്തിയിരുന്നത്‌. വസ്‌ത്രധാരണം ആചാരങ്ങള്‍ തുടങ്ങിയവയില്‍പോലും ജന്‍മിമാരുടെ നിയന്ത്രണം ഉണ്ടായിരുന്നു. കൃഷിചെയ്യുന്ന ഭൂമിക്ക്‌ കുടിയാന്‍മാര്‍ നിശ്ചിതനികുതി ജന്‍മിക്കോ ചെറുകിട ജന്‍മിക്കോ വീതിച്ചുനല്‍കണം. ഇത്തരത്തിലുള്‌ള നികുതി നല്‍കുന്നതിലൂടെ മാത്രമായിരുന്നു കുടിയാന്‍മാര്‍ക്ക്‌ ഭൂമിക്ക്‌ മേലുള്ള അവകാശം സ്ഥാപിച്ച്‌ കിട്ടുന്നത്‌.ചൂഷണവ്യഗ്രത കൂടുന്നതിനനുസരിച്ച്‌ ഇത്തരം നികുതി പിരിവുകള്‍ ഒരാചാരമായി മാറി. വിശേഷ ദിവസങ്ങളില്‍ കുടിയാന്‍ ജന്മിമാരെ പ്രീതിപ്പെടുത്താന്‍ ചേന, ചേമ്പ്‌,നാളികേരം തുടങ്ങിയവ കാഴ്‌ചവെക്കണം. സ്‌ത്രീകള്‍ക്ക്‌ ശരിയായ രീതിയില്‍ വസ്‌ത്രം ധരിക്കാനും മാറ്‌ മറക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടിരുന്നു. കുടിയാന്മാര ജന്മിമാര്‍ക്കു മുന്നില്‍ മുട്ടിനു താഴെ വരെ മാത്രം മുണ്ടുടുത്ത്‌ മേല്‍ മുണ്ട്‌ കക്ഷത്തിലിറുക്കി ഇടതുകൈ വലത്തേ കക്ഷത്തില്‍ തിരുകി വലതു കൈ കൊണ്ട്‌ മുഖം മറച്ച്‌ നടു വളച്ച്‌ തലകുനിച്ച്‌ മാത്രമേ ജന്‍മിക്കു മുന്നില്‍ നില്‌ക്കാന്‍ അവകാശമുണ്ടായിരുന്നുള്ളൂ. അക്ഷരാര്‍ത്ഥത്തില്‍ സാധാരണക്കാരന്റെ ജീവിതത്തിനുമേലുള്ള കടന്നുകയറ്റം തന്നെയായിരുന്നു ജന്‍മിമാര്‍ നടത്തിയിരുന്നത്‌. ഈ സാമൂഹ്യ സാഹചര്യത്തില്‍ കുടിയാന്മാരുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. കമ്മ്യൂണിസ്റ്റ പ്രസ്ഥാനത്തിന്റെ രൂപീകരണ ശേഷം കമ്യൂണിസ്റ്റ്‌ ആശയങ്ങളുടെ കീഴിലായിരുന്നു കര്‍ഷക തൊഴിലാളികള്‍ പ്രതിഷേധവും സമരങ്ങളും സംഘടിപ്പിച്ചത്‌.

തേഭാഗ ഭൂസമരം
1946-47കളിൽ അവിഭക്ത ബംഗാളിൽ (വടക്കന്‍ ബംഗാളില്‍) നടന്ന കാർഷികത്തൊഴിലാളികളുടെ പ്രക്ഷോഭമാണ് തേഭാഗാ സമരം (വിളയുടെ മൂന്നില്‍ രണ്ടും അത് വിളയിക്കുന്ന കര്‍ഷകന് നല്‍കണമെന്നാവശ്യപ്പെട്ടുള്ള സമരം). മുഗൾ വാഴ്ചക്കാലത്ത് നടപ്പിലിരുന്ന റവന്യു നിയമങ്ങളും ജമീന്ദാരി സമ്പ്രദായങ്ങളും ബ്രട്ടീഷുകാർ അതേ പടി തുടർന്നുകൊണ്ടു പോന്നിരുന്നു. അവിഭക്തബംഗാളിൽ 1920-മുതൽക്കൊണ്ടുതന്നെ കർഷക സംഘങ്ങൾ ഉണ്ടായിരുന്നു . AIKS -ന്റെ ഭാഗമായി ബംഗാൾ പ്രൊവിൻഷ്യൽ കൃഷക് സഭ (BPKS, Bengal Provincial Krishak Sabha)രൂപം കൊണ്ടു. പ്രക്ഷോഭം പ്രത്യക്ഷമായി ഭൂവുടമകൾക്കെതിരെയായിരുന്നെങ്കിലും പരോക്ഷമായി അന്നത്തെ ബ്രിട്ടിഷു സർക്കാറിനും എതിരായിരുന്നു. BPKS ന്റെ ഭാരവാഹിത്വം CPI ഏറ്റെടുത്തു. 1939-ൽ BPKS ലാൻഡ് റവന്യു കമ്മീഷന് തങ്ങളുടെ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ഒരു നിവേദനം സമർപ്പിച്ചു.ഇതിനെത്തുടർന്നു നിലവിൽ വന്ന 1940- ലെ ഫ്ലൗഡ് കമ്മീഷൻ ബംഗാളിൽ പുതിയ ഭൂപരിഷ്തരണങ്ങളും നിർദ്ദേശിച്ചു,പക്ഷെ അവയൊന്നും തന്നെ നടപ്പിലാക്കപ്പെട്ടില്ല. 1940-41ലെ വിളവെടുപ്പു കാലത്ത് പലയിടത്തും ചെറിയതോതിൽ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടു. 1940-46 കാലയളവിൽ ബംഗാളിലെ കാർഷികമേഖലയിൽ ഒട്ടനേകം മാറ്റങ്ങളുണ്ടായി. രണ്ടാം ലോകമഹായുദ്ധവും അതിനെത്തുടർന്നുണ്ടായ വിലക്കയറ്റവും ഭക്ഷ്യക്ഷാമവും ആയിരുന്നു മുഖ്യ കാരണങ്ങൾ. 35 ലക്ഷത്തോളം പേർ ഭക്ഷ്യക്ഷാമം മൂലം മരണപ്പെട്ടതായി റിപ്പോർട്ടുണ്ട് . വർദ്ധിച്ചു വന്ന കടബാദ്ധ്യതകൾ കുടിയാന്മാരേയും കർഷകത്തൊഴിലാളികളേയും അസ്വസ്ഥരാക്കി. സമരം മൂർദ്ധന്യത്തിലെത്തിയത് 1946-47 ലാണ്. മൂവായിരത്തിലധികം കർഷകത്തൊഴിലാളികൾ അറസ്റ്റു ചെയ്യപ്പെട്ടു.സ്ത്രീപുരുഷഭേദമെന്യെ ചൂഷിതവർഗം രംഗത്തിറങ്ങിയ ആദ്യത്തെ പ്രക്ഷോഭമാണിതെന്ന് പറയപ്പെടുന്നു. കർഷകത്തൊഴിലാളികളെ ഏകോപിപ്പിക്കാനും, അവർക്കിടയിൽ സ്വാധീനം സ്ഥാപിച്ചെടുക്കാനും തേഭാഗ സമരം ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് അവസരമൊരുക്കിക്കൊടുത്തു.
കൊൽക്കത്തയിലും ബംഗാളിന്റെ കിഴക്കൻ ഭാഗത്തുള്ള നോഖാലി ജില്ലയിലും വർഗീയ കലാപങ്ങൾ നടന്നുകൊണ്ടിരുന്ന സമയത്താണ് തേഭാഗ സമരം നടന്നത് . വർഗസമരത്തെ അടിസ്ഥാനമാക്കിയുള്ള ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ മഹത്തായ ഉദാഹരണമാണ് തെബാഗ സമരം ഉയർത്തിപ്പിടിച്ചത്, കിസാൻ സഭ സ്വാധീനിച്ച പ്രദേശങ്ങൾ വർഗീയ കലാപങ്ങളിൽ നിന്ന് മുക്തമായി തുടർന്നു. പോരാട്ടത്തിനിടെ പോലീസ് അടിച്ചമർത്തലിൽ 73 പേർ കൊല്ലപ്പെട്ടു. സമരത്തിന്റെ ഫലമായി തേഭാഗ സമരം ആവശ്യപ്പെട്ട അവകാശങ്ങൾ പല പ്രദേശങ്ങളിലും സ്ഥാപിക്കപ്പെട്ടു. 1950-ൽ പശ്ചിമബംഗാൾ സർക്കാർ The Bargdars Act of 1950 (ഭേദഗതി 1956) എന്ന നിയമത്തിലൂടെ തേഭാഗാ സമരം ഉന്നയിച്ച ആവശ്യങ്ങൾക്ക് ഭാഗികമായെങ്കിലും നിയമസാധുത നൽകിയെങ്കിലും പ്രധാനപ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ല. കർഷകരേയും കുടിയാന്മാരേയും ഭൂവുടമകളുടെ ചൂഷണത്തിൽ നിന്ന് മുക്തരാക്കുന്നതിനായാണ് 1978-80 കളിൽ പശ്ചിമബംഗാളിലെ ഇടതുപക്ഷ സർക്കാർ വിവാദാസ്പദമായ ഓപറേഷൻ ബർഗ ആസൂത്രണം ചെയ്തത്.

വാർലി ആദിവാസി കലാപം
കർഷകർക്കും തൊഴിലാളി വർഗത്തിനും വേണ്ടി ഉഴിഞ്ഞുവച്ച വിപ്ലവ പാതയിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംഭവ ബഹുലമായ ജീവിതം നയിച്ച് കിസാൻ സഭയുടെ അഖിലേന്ത്യാപ്രസിഡന്റ്, സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം, മഹാരാഷട്രയിലെ കർഷകപോരാട്ടങ്ങളുടെ നായിക എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച ധീരവനിതയാണ് സഖാവ് ഗോദാവരി പരുലേക്കർ. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയും സാമ്രാജ്യത്വയുദ്ധത്തിനെതിരെയുമുള്ള പോരാട്ടത്തിൽ പങ്കെടുത്ത് 1940 ൽ ഗോദാവരിയും തന്റെ ഭർത്താവ് ഷംറാവോ പരുലേക്കറം അറസ്റ്റ് ചെയ്യപ്പെടുന്നു. മഹാരാഷ്ട്രയിലെ കർഷകപ്രസ്ഥാനത്തിന്റെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും പോരാട്ടചരിത്രം ഗോദാവരി പരുലേക്കറുടെയും ഷംറാവോ പരുലേക്കറുടെയും ജീവിതപോരാട്ടത്തിന്റെ ചരിത്രം കൂടിയാണ്. രണ്ടുവർഷക്കാലത്തെ ജയിൽ വാസത്തിനു ശേഷം പുറത്തുവന്ന ഇവർ മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ വാർലി ആദിവാസികളോടുള്ള ജന്മിവർഗ്ഗത്തിന്റെ ചൂഷണത്തിനെതിരെ ശബ്ദമുയർത്തി. സഖാവ് ഗോദാവരിപരുലേക്കർ നേതൃത്വം കൊടുത്ത വാർലിയിലെ പോരാട്ടം പുന്നപ്ര വയലാർ സമരം പോലെയും തെലങ്കാനപോരാട്ടം പോലെയും ചരിത്രത്തിൽ ഇടംപിടിച്ചു. ചെങ്കൊടി പ്രസ്ഥാനമെന്നാൽ സ്വാതന്ത്ര്യ പ്രസ്ഥാനമാണെന്ന് തിരിച്ചറിഞ്ഞ് വിമോചനപോരാട്ടങ്ങൾക്കിറങ്ങി ദഹാനു താലൂക്കിൽ മാത്രം ആയിരത്തിലധികം ദളിതരാണ് മോചനം നേടിയത്, അതിനൊപ്പം തന്നെ ഭൂവുടമകൾക്ക് ഇഷ്ടം തോന്നുന്ന ആർക്കൊപ്പവും ലൈംഗിക ബന്ധം നടത്താമെന്ന സ്ഥിതി മാറ്റാനും വാർലി പ്രക്ഷോഭത്തിലൂടെ സാധിച്ചു.

തെലങ്കാന സായുധസമരം
നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിലെയും ഒപ്പം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെയും അത്യുജ്വലമായ അധ്യായങ്ങളിലൊന്നാണ് തെലങ്കാനയിലെ ജനകീയ സായുധസമരം. 1946ൽ ഹൈദരാബാദ് സംസ്ഥാനത്ത് നിലനിന്നിരുന്ന നൈസാം ഭരണത്തിന്റെ ഫ്യൂഡൽ ചൂഷണത്തിനെതിരായി ആരംഭിച്ച സമരം 1951 വരെ തുടർന്നു. ലവിധത്തിലുള്ള നിയമവിരുദ്ധ നിർബന്ധ പിരിവുകളും നിർബന്ധിതമായുള്ള ജോലിയെടുപ്പിക്കലും കൊണ്ട് തെലങ്കാനയിലെ ജനങ്ങൾ അനിയന്ത്രിതമായ ഫ്യൂഡൽ ചൂഷണത്തിൽ കഷ്ട്ടപ്പെടുകയായിരുന്നു.
തെലങ്കാനയിൽ പരക്കെയുണ്ടായിരുന്ന സാമൂഹ്യ പ്രതിഭാസമായിരുന്നു വെറ്റി സമ്പ്രദായം. ഓരോ ദളിത് കുടുംബവും കുടുംബത്തിൽനിന്ന് ഒരു ആണിനെ വെറ്റി ചെയ്യുന്നതിന് അയക്കണമായിരുന്നു. ഭൂപ്രഭുവിന്റെ വീട്ടിലെ വീട്ടുജോലികൾ ചെയ്യുന്നതും സന്ദേശവാഹകരായി പ്രവർത്തിക്കുന്നതും ഇവരുടെ ജോലിയായിരുന്നു. ചെരുപ്പ് തുന്നുകയോ കാർഷികജോലികൾക്കായുള്ള തുകൽ ഉപകരണങ്ങൾ തയ്യാറാക്കുകയോ ചെയ്തിരുന്ന ദളിതർ ഇവ ഭൂപ്രഭുക്കൾക്ക് വില വാങ്ങാതെ നൽകാൻ നിർബന്ധിതരായിരുന്നു. കർഷകരെയും വെറ്റിയിൽനിന്ന്‌ ഒഴിവാക്കിയിരുന്നില്ല. ഭൂപ്രഭുക്കളുടെ പാടത്ത് വെള്ളം നനച്ചുകഴിയുന്നതുവരെ കർഷകർക്ക് സ്വന്തം പാടം നനയ്ക്കാൻ പറ്റുമായിരുന്നില്ല. കർഷകത്തൊഴിലാളികൾ കൂലിയൊന്നും കൂടാതെ ഭൂപ്രഭുക്കളുടെ പാടത്ത് പണിയെടുക്കണമായിരുന്നു.
ഈ ഫ്യൂഡൽ വ്യവസ്ഥയിൽ പെൺകുട്ടികളെ ‘അടിമ’കളാക്കി വയ്ക്കുന്ന മറ്റൊരു ദുരാചാരവും ഉണ്ടായിരുന്നു. ഭൂപ്രഭുക്കൾ തങ്ങളുടെ പെൺമക്കളെ വിവാഹം കഴിച്ച്‌ കൊടുക്കുമ്പോൾ ഈ അടിമ പെൺകുട്ടികളെ സമ്മാനമായി നൽകുന്നു. ഭൂപ്രഭുക്കൾ ഈ പെൺകുട്ടികളെ തങ്ങളുടെ വെപ്പാട്ടികളായും ഉപയോഗിക്കുന്നു. ഈ പ്രശ്നമുന്നയിച്ചാണ് 1940കളുടെ തുടക്കത്തിൽ കർഷകജനത ഭൂപ്രഭുക്കളുമായി ഏറ്റുമുട്ടിയത്.
ഇന്ത്യയിലെ ദേശീയ പ്രസ്ഥാനത്തിന്റെ വികാസത്താൽ സ്വാധീനിക്കപ്പെട്ട് അസംഖ്യം ലിബറൽ ചിന്താഗതിക്കാർ ആന്ധ്ര മഹാസഭ എന്നപേരിൽ സംഘടിതരായി. കമ്മ്യൂണിസ്റ്റ് പാർട്ടി ഇവരെ ജനങ്ങളിലേക്ക് അടുപ്പിച്ചു . കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ ഇടതുപക്ഷം വെറ്റി സമ്പ്രദായം നിർത്തലാക്കൽ, കൊള്ളപ്പാട്ടം ചുമത്തൽ, കുടിയാന്മാരെ ഒഴിപ്പിക്കൽ എന്നിവ നിരോധിക്കലും ഭൂമിയിൽ ഉടമസ്ഥാവകാശം നൽകലും, നികുതിയും പാട്ടവും കുത്തനെ വെട്ടിക്കുറയ്ക്കൽ,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കുകയും ഈ ആവശ്യങ്ങൾക്കു പിന്നിൽ ജനങ്ങളെ അണിനിരത്തുകയും ചെയ്തു. കമ്യൂണിസ്റ്റ്പാർടി ജനകീയവളന്റിയർ സേനയ്ക്കുള്ള പരിശീലനം ആരംഭിച്ചിരുന്നു.
1946 ജൂലൈയിൽ ഒരു പ്രകടനം സംഘടിപ്പിക്കുകയുണ്ടായി; ഇതിനുനേരെ ഭൂപ്രഭുക്കൾ വെടിവച്ചു; ഇത് ദൊദ്ദി കൊമരയ്യ എന്ന ഗ്രാമീണ സംഘം നേതാവിന്റെ മരണത്തിന് ഇടയാക്കി. കൊമരയ്യയുടെ രക്തസാക്ഷിത്വം കർഷകജനതയുടെ അണകെട്ടി നിന്നിരുന്ന രോഷം കത്തിജ്വലിപ്പിച്ചു. നൽഗോണ്ടയിലെ എല്ലാ താലൂക്കിലുമുള്ള ജനങ്ങൾ കൂട്ടത്തോടെ ഉണർന്നെണീറ്റു. ഒരു ഗ്രാമത്തിലെ ആളുകൾ ലാത്തികളും കവണകളുമെല്ലാമായി അയൽ ഗ്രാമങ്ങളിലേക്ക് മാർച്ചുചെയ്ത് അവരെയും അണിനിരത്തി. ഏതാനും ആഴ്ചകൾക്കുള്ളിൽ, നൽഗോണ്ടയിലെയും അയൽ ജില്ലകളിലെയും ഏകദേശം 300–-400 ഗ്രാമത്തിൽ പ്രസ്ഥാനം വ്യാപിച്ചു. ഭൂമിയുടെയും ഒഴിപ്പിക്കലിന്റെയും വെറ്റിയുടെയും നിർബന്ധിത ധാന്യ ലെവികളുടെയും പ്രശ്നം സെമിന്ദാരി സമ്പ്രദായം ഇല്ലാതാക്കുക എന്ന മുദ്രാവാക്യവുമായി ബന്ധപ്പെടുത്തപ്പെട്ടു.
കമ്യൂണിസ്റ്റ്പാർടിയുടെ ജനകീയവളന്റിയർ സേനയാണ് 1945ലും 1946ലും ഭൂപ്രഭുക്കളുടെ ഗുണ്ടാ ആക്രമണങ്ങളിൽനിന്ന് കർഷകരെ സംരക്ഷിച്ചത്. തെലങ്കാനയിലെ ജനങ്ങളുടെ അസംതൃപ്തിയും മുന്നേറ്റവും അത്യഗാധമായിരുന്നു. അതുകൊണ്ടുതന്നെയാണ് അവർ വെറ്റിക്ക് അറുതിവരുത്തിയത്. ജനങ്ങൾ ഭൂപ്രഭുക്കളുടെ സായുധ ആക്രമണങ്ങളെ ചെറുക്കാൻ തുടങ്ങി. കർഷകരുടെ മുന്നേറ്റം നൈസാം ഭരണത്തിന്റെ അടിത്തറയെത്തന്നെ പിടിച്ചുലച്ചു.
ഇന്ത്യ സർക്കാർ നൈസാം സർക്കാരിന് ആയുധങ്ങളും പടക്കോപ്പുകളും നൽകുകയും ചെയ്തു. നൈസാം ‘റസാക്കർമാർ’ എന്നറിയപ്പെടുന്ന സായുധ കൊലയാളിസംഘത്തെ സംഘടിപ്പിച്ചു; ഇവർ സർക്കാരിന്റെ പിന്തുണയോടെ ഗ്രാമീണർക്കുമേൽ ആക്രമണമഴിച്ചുവിട്ടു. ചരിത്രത്തിൽ ആദ്യമായി ‘‘കൃഷിഭൂമി കർഷകന്” എന്ന മുദ്രാവാക്യം ഉയർത്തപ്പെട്ടു. പാർടി പതിനായിരത്തോളം അംഗങ്ങളുള്ള വില്ലേജ് സ്ക്വാഡുകളും രണ്ടായിരത്തിലധികം അംഗങ്ങളുള്ള സ്ഥിരം ഗറില്ലാ സ്ക്വാഡുകളും രൂപീകരിച്ചു.
1948 സെപ്തംബർ 13ന് കേന്ദ്ര സർക്കാർ ‘‘പൊലീസ് നടപടി” ആരംഭിച്ചു. ഇന്ത്യൻ സൈന്യം തെലങ്കാനയിലേക്ക് കടന്ന് ഒരാഴ്ചയ്ക്കുള്ളിൽ ആക്രമണം ആരംഭിച്ചു. എല്ലാ ഗറില്ലാ സ്ക്വാഡുകളെയും പാർടിയെയും നശിപ്പിക്കാൻ തീരുമാനിച്ചുറച്ച ആക്രമണമാണുണ്ടായത്. ഓടിപ്പോയിരുന്ന ദേശ്‌മുഖ്‌മാരും ഭൂപ്രഭുക്കളും തങ്ങളുടെ ഗ്രാമങ്ങളിലേക്ക് മടങ്ങിവരികയും തങ്ങളുടെ ഭൂമിയും ധാന്യങ്ങളും തിരിച്ചുപിടിക്കാൻ അധികൃതരുമായി കൈകോർക്കുകയും ചെയ്തു. 1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നപ്പോൾ ഔപചാരികമായി രാജപ്രമുഖൻ എന്ന നിലയിൽ നൈസാമിനെയാണ് പ്രഖ്യാപിച്ചത്.
തെലങ്കാന സമരത്തിലെ പോരാളികളെ വ്യാജ വിചാരണകൾക്ക് വിധേയരാക്കുകയും അവരിൽ ചിലർക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.
പ്രക്ഷോഭത്തിലും അടിച്ചമർത്തലിലും 4,000 കമ്യൂണിസ്റ്റ്, കർഷക വിപ്ലവകാരികൾ കൊല്ലപ്പെട്ടു, പതിനായിരത്തിലധികം പേരെ മൂന്ന് മുതൽ നാല് വർഷം വരെ തടങ്കൽപ്പാളയങ്ങളിലും ജയിലുകളിലും ആയി കൊടിയ പീഡനങ്ങൾക്ക് വിധേയരാക്കി.
എന്നാൽ സായുധ സമരങ്ങൾ അവസാനിപ്പിച്ചു പരസ്യമായതും നിയമവിധേയമായതുമായ സമരരൂപങ്ങൾ സ്വീകരിക്കണമെന്നും പാർട്ടിയിൽ ശക്തമായ വാദമുണ്ടായി. അങ്ങനെ തെലങ്കാന സായുധസമരം പിൻവലിക്കാനുള്ള തീരുമാനം 1951 ഒക്ടോബർ 21ന് പ്രഖ്യാപിക്കപ്പെട്ടു.

മൊറാഴ (1940 സെപ്‌തംബര്‍ 15)
പാറപ്രം സമ്മേളനത്തിനുശേഷം 1940 ജനുവരി 26-ന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ചുമരെഴുത്തിലൂടെയാണ് പാർട്ടി രൂപവത്കരിച്ചതായി വിജ്ഞാപനം ചെയ്തത്. അപ്പോഴും പുറമേയ്ക്ക് KPCC -യായിത്തന്നെയാണ് നേതാക്കൾ പ്രവർത്തിച്ചത്, കെ.ടി. കുഞ്ഞിരാമൻ നമ്പ്യാർ പ്രസിഡന്റും കെ. ദാമോദരൻ സെക്രട്ടറിയുമായ കെ.പി.സി.സി ആയിരുന്നു ഉണ്ടായിരുന്നത്. ഇവരാണ് 1940 സെപ്റ്റംബർ 15-ന് മർദനപ്രതിഷേധദിനമായും വിലക്കയറ്റവിരുദ്ധദിനമായും ആചരിക്കാൻ ആഹ്വാനം ചെയ്തത്. വാസ്തവത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ പരസ്യപ്രകടനമായിരുന്നു അത്.
ഇന്ത്യയുടെ അനുമതിയോ, അറിവോ കൂടാതെ, നാല്‌പ്പതുകോടി ജനതയെ നിര്‍ബന്ധപൂര്‍വ്വം യുദ്ധത്തിലേക്ക്‌ വലിച്ചിഴക്കുന്നതില്‍ പ്രതിഷേധിക്കുവാന്‍ അഖിലേന്ത്യാ കോണ്‍ഗ്രസ്‌ കമ്മിററി ഇന്ത്യന്‍ ജനതയോടഭ്യര്‍ത്ഥിച്ചു. അന്നു ഇടതുപക്ഷത്തിന്റെ കൈയിലായിരുന്ന കെ പി സി സിയും പ്രതിഷേധത്തിനാഹ്വാനം ചെയ്‌തു. കേരളം ആവേശപൂര്‍വ്വം ആഹ്വാനം ഏറ്റെടുത്തു.
1940 സെപ്‌തംബര്‍ 15 ന്‌ മട്ടന്നൂരിലും മൊറാഴയിലും തലശ്ശേരി കടപ്പുറത്തും പോലീസും പ്രകടനക്കാരും തമ്മില്‍ ഏറ്റുമുട്ടി. പോലീസ്‌ നിറയൊഴിച്ചു. തലശ്ശേരി കടപ്പുറത്ത്‌ അബുവും ചാത്തുക്കുട്ടിയും രക്തസാക്ഷികളായി.
കെ പി സി സിയുടെ പ്രതിഷേധാഹ്വാനത്തിനു മുമ്പു തന്നെ കര്‍ഷകസംഘം വിലവര്‍ദ്ധന പ്രതിഷേധ ദിനമാചരിക്കുവാന്‍ ആഹ്വാനം നടത്തിയിരുന്നു. ചിറയ്‌ക്കല്‍ താലൂക്കിലെ കീച്ചേരിയിലാണ്‌ കര്‍ഷകസംഘം സമ്മേളനം നടത്താന്‍ തീരുമാനിച്ചത്‌. സെപ്‌തംബര്‍ 15 ന്‌ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു നിരവധി കര്‍ഷകജാഥകളും ആറോണ്‍ മില്‍ തൊഴിലാളികളും കീച്ചേരിയിലേക്ക്‌ പുറപ്പെട്ടു. ഒരു സംഘം പോലീസ്‌ എത്തി അവിടെ 144 പ്രഖ്യാപിച്ചതായി അറിയിച്ചു. ഉടനെ നിരോധനമില്ലാത്ത മൊറാഴ വില്ലേജിലെ അഞ്ചാംപീടികയിലേക്ക്‌ സമ്മേളനം മാറ്റാന്‍ സംഘാടകര്‍ നിശ്ചയിച്ചു.
എല്ലാ ജാഥകളും അഞ്ചാംപീടികയിലേക്ക്‌ നീങ്ങി. പോലീസ്‌ അവിടെയും എത്തി. നിരോധനാജ്ഞ അവിടെയും പ്രഖ്യാപിച്ചു. അതു വകവെയ്‌ക്കാന്‍ കൃഷിക്കാര്‍ തയ്യാറായില്ല. പോലീസു ലാത്തിച്ചാര്‍ജ്ജ്‌ തുടങ്ങിയപ്പോള്‍ ജനക്കൂട്ടം കൈയില്‍ കിട്ടിയതൊക്കെ പോലീസിനെ നേരിടാന്‍ ഉപയോഗിച്ചു. ശക്തമായ കല്ലേറില്‍ ഇന്‍സ്‌പെക്‌ടര്‍ കുട്ടികൃഷ്‌ണമേനോന്‍ മരിച്ചു. ഹെഡ്‌കോണ്‍സ്റ്റബിള്‍ ഗോപാലന്‍ നമ്പ്യാര്‍ ആശുപത്രിയില്‍ വെച്ചും മരിച്ചു. പിന്നീട്‌ പോലീസിന്റെ ഭീകരവാഴ്‌ചയായിരുന്നു. 38 പേരെ പ്രതികളാക്കി കേസ്‌ ചാര്‍ജ്ജ്‌ ചെയ്‌തു. ഈ കേസില്‍ കെ പി ആറിനെ വധശിക്ഷക്ക്‌ വിധിച്ചു. മറ്റുള്ളവരെ വിവിധകാലത്തേക്കും. ശക്തമായ ബഹുജന പ്രക്ഷോഭത്തെത്തുടര്‍ന്നു 1942 മാര്‍ച്ച്‌ 24-ാം തീയതി മദിരാശി ഗവണ്‍മെന്റ്‌ കെ പി ആറിന്റെ വധശിക്ഷ ഇളവു ചെയ്‌തു.

കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് രക്തസാക്ഷികൾ തലശ്ശേരി ജവഹര്‍ഘട്ടില്‍ അബു മാസ്റ്ററും ചത്തുക്കുട്ടിയും

കയ്യൂർ സമരം
സാമ്രാജ്യത്വ ജന്മിത്വ വാഴ്‌ചക്കെതിരെ കമ്മ്യൂണിസ്റ്റ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ള സമരങ്ങളിലെ ഒന്നായിരുന്നു കയ്യൂര്‍ സമരം. യുദ്ധത്തെതുടർന്നുണ്ടായ കെടുതികളുടെ പുറകെ ജന്മിമാര്‍ നിഷ്‌ക്കരുണം കര്‍ഷകര്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചിരുന്നു ‘വെച്ചു കാണല്‍‘, ‘നുരി‘, ‘മുക്കാല്‍‘, ‘ശീലക്കാശ്‌ തുടങ്ങിയ അക്രമപ്പിരിവുകള്‍ക്ക്‌ ശക്തമായ സമരത്തിലൂടെ അറുതിവരുത്തണമെന്ന്‌ തീരുമാനിച്ചു.സമരത്തിന്റെ ആദ്യഘട്ടം എന്ന നിലയില്‍ 1941 മാര്‍ച്ച്‌ 30-ന്‌ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തുന്ന കര്‍ഷകര്‍ ജാഥയായി ഒരുമിച്ച്‌ പ്രദേശത്തെ ജന്മിയായിരുന്ന നീലേശ്വരം രാജയ്‌ക്ക്‌ അക്രമപ്പിരിവുകള്‍ക്കെതിരായി ഒരു നിവേദനം നല്‌കാനായിരുന്നു തീരുമാനം. നിവേദനത്തിന്റെ ഒരു കോപ്പി ആദ്യം തന്നെ നീലേശ്വരം രാജയ്‌ക്ക്‌ അയച്ചുകൊടുത്തു. നിവേദനം വായിച്ച രാജയുടെ നേതൃത്വത്തില്‍ പോലീസുകാരും ജന്മിമാരും കര്‍ഷക സമരത്തെ എന്തു വില കൊടുത്തും പരാജയപ്പെടുത്തണമെന്ന തീരുമാനമെടുത്തു.കര്‍ഷകസംഘം പ്രവര്‍ത്തകര്‍ ‘നീലേശ്വരം കോവിലകം തീവെട്ടിക്കൊള്ള‘ നടത്താന്‍ പോവുകയാണെന്ന്‌ ബ്രിട്ടീഷ്‌ അധികൃതര്‍ക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.
1941 മാര്‍ച്ച്‌ 25-ന്‌ സമരത്തിന്റെ പ്രചരണാര്‍ത്ഥം കയ്യൂരില്‍ കര്‍ഷക തൊഴിലാളികളുടെ ഒരു ഉശിരന്‍ പ്രകടനം നടന്നു. പ്രകടനം നടന്നു കൊണ്ടിരിക്കുമ്പോള്‍ എതിരെ വന്ന നീലേശ്വരം സബ്‌ ഇന്‍സ്‌പെക്ടര്‍ ബാലകൃഷ്‌ണന്‍നായരെ ബഹുമാനിച്ചില്ല എന്ന കാരണം പറഞ്ഞ്‌ അന്ന്‌ രാത്രി കയ്യൂരിലും പരിസരപ്രദേശങ്ങളിലും അഴിച്ചു വിട്ടത്‌ ഭീകര മര്‍ദ്ദനമുറകളായിരുന്നു. കര്‍ഷകസംഘം പ്രവര്‍ത്തകരായ ടി. വി. കുഞ്ഞമ്പുവിനെയും ടി. വി. കുഞ്ഞിരാമനെയും പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു കൊണ്ടു പോയി. യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്‌ ‘ഡിഫന്‍സ്‌ ഓഫ്‌ ഇന്ത്യ റൂള്‍‘ അനുസരിച്ച്‌ കെ. പി. വെള്ളുങ്ങ, ചൂരിക്കാടന്‍ കൃഷ്‌ണന്‍ നായര്‍, കോയിത്താറ്റില്‍ ചിരുകണ്‌ഠന്‍, വളപ്പില്‍ രാമന്‍ എന്നിവര്‍ക്കെതിരെ ജില്ലാ മജിസ്‌ട്രേറ്റ്‌ അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചു. പോലീസ്‌ അതിക്രമത്തിനെതിരായി പിറ്റേദിവസം വൈകുന്നേരം പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്താന്‍ കര്‍ഷകസംഘം തീരുമാനിച്ചു. വൈകിട്ട്‌ നാലു മണിയോടെ പ്രതിഷേധ ജാഥ കയ്യൂര്‍ സെന്ററില്‍ നിന്നും കാര്യങ്കോട്‌ പുഴക്കരയിലൂടെ ചെറിയാക്കര ഭാഗത്തേക്ക്‌ നീങ്ങുകയായിരുന്നു. അപ്പോഴാണ്‌ തലേദിവസത്തെ മര്‍ദ്ധനത്തില്‍ പങ്കാളിയായ സുബ്ബരായന്‍ എന്ന പോലീസുകാരന്‍ ജാഥയ്‌ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്‌. പ്രകോപിതരായ പ്രകടനക്കാര്‍ സുബ്ബരായനെ മര്‍ദ്ധിക്കുകയും പോലീസ്‌ യൂണിഫോമോടു കൂടി ചെങ്കൊടിയും പിടിച്ച്‌ ജാഥയുടെ മുന്നില്‍ നടത്തി. വഴിയില്‍ ആളുകള്‍ ഇതു കണ്ട്‌ ആര്‍ത്തു ചിരിച്ചു. കുറേ ദൂരം കൂടി മുന്നോട്ട്‌ നടന്നപ്പോള്‍ ചെറിയാക്കര ഭാഗത്തു നിന്നും മറ്റൊരു ജാഥ പ്രഥാന ജാഥയോടു ചേരാന്‍ വരുന്നതു കണ്ട്‌ ഇനി തനിക്ക്‌ രക്ഷയില്ലെന്ന്‌ കരുതി സുബ്ബരായന്‍ പുഴയിലേക്ക്‌ എടുത്തു ചാടി. മദ്യപിച്ചിരുന്നതിനാല്‍ നീന്താന്‍ കഴിയാതിരുന്ന മൂലം അവിടെ വെച്ച്‌ കൊല്ലപ്പെട്ടു.
റിസര്‍വ്വ്‌പോലീസും മലബാര്‍ സ്‌പെഷ്യല്‍ പോലീസും ഒപ്പം ജന്മിയുടെ ഗുണ്ടകളും ചേർന്ന് മാര്‍ച്ച്‌ 28-ന്‌ നരനായാട്ട്‌ ആരംഭിച്ചിരുന്നു. വീടുകള്‍ കൊള്ളയടിക്കപ്പെട്ടു. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലും അതിക്രമത്തില്‍ നിന്നും രക്ഷപ്പെടാനായില്ല. 61 പേരെ പ്രതിചേർത്താണ് പോലീസ് പ്രഥമവിവരറിപ്പോർട്ട് തയ്യാറാക്കിയത്. മഠത്തിൽ അപ്പു ആയിരുന്നു ഒന്നാം പ്രതി. വി.വി.കുഞ്ഞമ്പു രണ്ടാം പ്രതിയും, ഇ.കെ. നായനാർ മൂന്നാം പ്രതിയുമായിരുന്നു.ഒളിവിലായിരുന്ന നായനാരെ പിടികൂടാൻ പോലീസിനു കഴിഞ്ഞില്ല, അതുകൊണ്ട് അദ്ദേഹത്തെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയാണ് കോടതിയിൽ വിചാരണ തുടങ്ങിയത്. മംഗലാപുരം സബ് ജയിലിലാണ് പ്രതികളെ പാർപ്പിച്ചിരുന്നത്.
1942 ഫെബ്രുവരി രണ്ടിനാണ് വിചാരണക്കുശേഷം മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ടൻ, പൊടോര കുഞ്ഞമ്പുനായർ, പള്ളിക്കൽ അബൂബക്കർ, ചൂരിക്കാടൻ കൃഷ്ണൻനായർ എന്നിവർക്ക് കോടതി വധശിക്ഷ വിധിച്ചു. മുപ്പത്തെട്ടു പേരെ കോടതി വിട്ടയച്ചു. ബാക്കി പ്രതിപ്പട്ടികയിലുള്ളവർക്ക് അഞ്ചു വർഷവും, രണ്ടു വർഷവും വീതം കഠിനതടവിനു ശിക്ഷിച്ചു.
1943 മാര്‍ച്ച 29നു പുലര്‍ച്ചെ അഞ്ചിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ ബ്രിട്ടീഷ് ഭരണകൂടം അവര്‍ക്കായി കരുതി വച്ച തൂക്കുമരത്തെ ധീരതയോടെ ആ യുവാക്കള്‍ ഏറ്റുവാങ്ങി. നിര്‍ഭയമായി, ഉയര്‍ത്തിപിടിച്ച ശിരസുമായി തൂക്കിലേറുമ്പോഴും അവര്‍ ഇടറാത്ത ശബ്ദത്താല്‍ വിളിച്ച മുദ്രാവാക്യം ”കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിന്ദാബാദ്, ജന്മിത്വം തുലയട്ടെ, സാമ്രാജ്യത്വം തുലയട്ടെ” എന്നതായിരുന്നൂ.
മഠത്തില്‍ അപ്പു , കോയിത്താറ്റില്‍ ചിരുകണ്ടന്‍ , പൊടോര കുഞ്ഞമ്പു നായര്‍ , പള്ളിക്കാല്‍ അബൂബക്കര്‍ കയ്യൂർ രക്തസാക്ഷികൾ ആയി.

പുന്നപ്ര-വയലാർ സമരം
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ് പുന്നപ്ര-വയലാര്‍. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ – ചേർത്തല താലൂക്കുകളുടെ വിവിധഭാഗങ്ങളിൽ ജന്മിമാർക്ക് എതിരേ കുടിയാന്മാരായ കർഷകരും കർഷകത്തൊഴിലാളികളും മുതലാളിമാരിൽ നിന്നും ചൂഷണം നേരിട്ട കയർ തൊഴിലാളികളും മത്സ്യത്തൊഴിലാളികളും നടത്തിയ സമരങ്ങളായിരുന്നു പുന്നപ്ര-വയലാർ സമരങ്ങൾ.സ്വതന്ത്ര തിരുവിതാംകൂര്‍ സൃഷ്ടിക്കുന്നതിനുള്ള സര്‍ സി.പിയുടെ നയത്തിനെതിരെ ഐക്യകേരളം സ്ഥാപിക്കുന്നതിനു വേണ്ടി നടന്ന ത്യാഗോജ്ജ്വലമായ പോരാട്ടത്തിന്റെ കൂടി ഭാഗം ആയിരുന്നു പുന്നപ്ര വയലാർ സമരം .
ഈ സമരത്തിന്‌ കയർഫാക്‌ടറി തൊഴിലാളികളും അവരുടെ സംഘടനകളുമാണ്‌ മുൻ കൈയെടുത്തത്‌. കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടനയായ തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍ രൂപീകരിക്കപ്പെടുന്നത്.1938 ഒക്‌ടോബര്‍ 19ന് അമ്പലപ്പുഴ-ചേര്‍ത്തല താലൂക്കുകളിലെ കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകരുടെ വമ്പിച്ച യോഗം തൊഴിലവകാശങ്ങള്‍ക്കു വേണ്ടി സംഘടിപ്പിക്കുക ഉണ്ടായി .
1946 ജനുവരി 15-ാം തീയതി അമേരിക്കന്‍ മോഡല്‍ ഭരണപരിഷ്‌കാരത്തിന്റെ കരട് വിജ്ഞാപനം പുറത്തുവന്നു. ഈ സാഹചര്യത്തില്‍ ഉത്തരവാദഭരണത്തിനും മെച്ചപ്പെട്ട ജീവിതാവസ്ഥയ്ക്കും വേണ്ടി പോരാട്ടം നടത്തുന്നതിന് 1946 ഒക്‌ടോബര്‍ 4 ന് തിരുവിതാംകൂര്‍ ഐക്യ ട്രേഡ് യൂണിയന്‍ സമ്മേളനം തീരുമാനമെടുത്തു. വിവിധ മേഖലകളിലെ തൊഴിലാളികള്‍ ഇതിന് പിന്തുണ പ്രഖ്യാപിച്ചു. രാജവാഴ്ച അവസാനിപ്പിക്കാനും അമേരിക്കന്‍ മോഡല്‍ ഭരണത്തെ തടയാനും ശക്തമായ പോരാട്ടം ഉയര്‍ത്തേണ്ടതുണ്ടെന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ തീരുമാനത്തെക്കുറിച്ചും ഗ്രന്ഥകര്‍ത്താവ് പറയുന്നുണ്ട്. പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശക്തമായ മര്‍ദനം സര്‍ സി പിയുടെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി.
കയർ ഫാക്‌ടറി തൊഴിലാളികൾക്കും കർഷക തൊഴിലാളികൾക്കും മത്സ്യത്തൊഴിലാളികൾക്കും എതിരായി ഡിഎസ്‌പി വൈദ്യനാഥയ്യരുടെ നേതൃത്വത്തിൽ ജന്മികളുടെ പിൻബലത്തോടു കൂടി റൗഡികൾ ഇളകിയാടി. പൊലീസ് അതിക്രമം ശക്തിപ്പെട്ടപ്പോള്‍ അതിനെ നേരിടുകയല്ലാതെ വഴിയില്ലെന്ന സ്ഥിതിയുണ്ടായി. തൊഴിലാളികള്‍ ക്യാമ്പുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനവുമായി മുന്നോട്ടുപോയി. പരിശീലനം നേടിയ വളണ്ടിയര്‍മാരെ സംഘടിപ്പിച്ചു. അങ്ങനെയാണ് 1946 ഒക്‌ടോബര്‍ 22 ന് ഐതിഹാസികമായ പണിമുടക്ക് ആരംഭിക്കുന്നത്. പ്രക്ഷോഭം ശക്തമായപ്പോള്‍ അതിനെ അടിച്ചമര്‍ത്താന്‍ സര്‍ സി പിയുടെ പൊലീസും പട്ടാളവും ശ്രമം തുടങ്ങി. ഇതിനെ നേരിടാന്‍ തൊഴിലാളികളും സജ്ജരാകുന്ന സ്ഥിതി വന്നു. ”രാജവാഴ്ച അവസാനിപ്പിക്കും, ദിവാന്‍ ഭരണം വേണ്ടേ വേണ്ട, അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍, ഉത്തരവാദിത്തഭരണം അനുവദിക്കുക” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ തൊഴിലാളികള്‍ മുന്നോട്ടുവച്ചു. ശ്രീമതി അക്കമ്മാ ചെറിയാൻ, ആർ വി തോമസ്‌, എ എം വർക്കി, സി ഐ ആൻഡ്രൂസ്‌ എന്നീ നേതാക്കന്മാരും അറസ്റ്റുചെയ്യപ്പെട്ടു.
തൊഴിലാളികളുടെ ചെറുത്തുനില്‍പ്പിന്റെ ഭാഗമായി പുന്നപ്രയിലെ പൊലീസ് ക്യാമ്പ് തൊഴിലാളികള്‍ ആക്രമിക്കുന്ന സ്ഥിതിയുണ്ടായി.
പൊതുപണിമുടക്കു സമരത്തെ തുടർന്ന്‌ ആലപ്പുഴയിൽ 1946 ഒക്‌ടോബർ 24-നു നാലു ജാഥകൾ സംഘടിപ്പിച്ചു. “അമേരിക്കൻ മോഡൽ അറബിക്കടലിൽ, ദിവാൻ ഭരണം അവസാനിപ്പിക്കുക, പൊലീസ്‌ ക്യാമ്പുകൾ പിൻവലിക്കുക, പൊലീസ്‌ നരനായാട്ട്‌ അവസാനിപ്പിക്കുക, രാഷ്‌ട്രീയ തടവുകാരെ വിട്ടയക്കുക“ എന്നീ മുദ്രാവാക്യങ്ങൾ ജാഥയിൽ മുഴങ്ങി. ടൗണിനു തെക്കു നിന്ന്‌ പുറപ്പെട്ട ജാഥയിൽ ഒന്നിനെ തിരുവമ്പാടിയിൽ വച്ച് റിസർവ്‌ പൊലീസ്‌ തടഞ്ഞു. വെടിവെയ്‌പ്പ്‌ നടന്നു. എക്‌സ്‌ സർവീസ്‌മെൻ സ. കരുണാകരനും പുത്തൻപറമ്പിൽ ദാമോദരനും അപ്പോൾ തന്നെ വെടികൊണ്ട്‌ മരിച്ചുവീണു. പലർക്കും പരുക്കുപറ്റി.
മറ്റൊരു ജാഥയെ പുന്നപ്ര വച്ച്‌ റിസർവെ പൊലീസ്‌ തടഞ്ഞുനിർത്തി. വെടിവെപ്പ്‌ തുടങ്ങി. തൊഴിലാളികൾ ചെറുത്തുനിൽക്കുകയും എതിരാളികളിൽ നിന്ന്‌ കഴിയുന്നത്ര ആയുധങ്ങൾ പിടിച്ചെടുക്കുകയും സബ്‌ഇൻസ്‌പെക്‌ടർ നാടാർ അടക്കം കുറേ പൊലീസുകാർ കൊല്ലപ്പെടുകയും ചെയ്‌തു. ഈ ഏറ്റുമുട്ടലിൽ പോർട്ട്‌ വർക്കേഴ്‌സ്‌ യൂണിയൻ സെക്രട്ടറി ടി സി പത്മനാഭനുൾപ്പെടെ ധീരന്മാരായ ഒട്ടേറെ സഖാക്കൾ മരണമടഞ്ഞു. വെടിയേറ്റ്‌ ഗുരുതരമായി പരുക്കേറ്റുവീണുപോയ കുറേ സഖാക്കളെ പൊലീസും റൗഡികളും ചേർന്ന്‌ ബയണറ്റ്‌കൊണ്ട്‌ കുത്തിക്കൊലപ്പെടുത്തി. ശേഷിച്ചവരെ ലോറിയിൽ പെറുക്കിക്കയറ്റി തെക്കെ ചുടുകാട്ടിൽ കൊണ്ടുപോയി കൂട്ടിയിട്ടശേഷം (അതിൽ ജീവനുള്ളവരും ഉണ്ടായിരുന്നു) ഈ മനുഷ്യ കൂമ്പാരത്തിന്‌ തീവച്ചു.
പിന്നീട് ഒക്ടോബർ 26-നു കാട്ടൂർ വെടിവെപ്പിൽ സ. കാട്ടൂർ ജോസഫ്‌ കൊല്ലപ്പെട്ടു. അന്നുതന്നെ മാരാരിക്കുളം പാലത്തിനു സമീപവും വെടിവെപ്പുണ്ടായി പാട്ടത്തു രാമൻകുട്ടി, ആനകണ്ടത്തിൽ വെളിയിൽ കുമാരൻ തുടങ്ങി ആറുപേർ അവിടെ രക്തസാക്ഷികളായി.
1946 ഒക്ടോബർ 27 വയലാർ മേനാശ്ശേരി, ഒളതല എന്നിവിടങ്ങളിൽ യന്ത്രത്തോക്കുകൊണ്ടുള്ള വെടിവെപ്പാണ്‌ നടന്നത്‌. മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ട വയലാറിലെ സമര ക്യാമ്പിനെ ജനങ്ങൾക്ക് പുറത്തുകടക്കാൻ ആകാത്തവിധം പട്ടാളക്കാർ വളഞ്ഞു‌ നാല്‌ ഭാഗത്തുനിന്നും വെടി ഉതിർത്തു‌. സമരസഖാക്കൾ വെടിയേറ്റ് പിടഞ്ഞുവീണു.DSP വൈദ്യനാഥ അയ്യരുടെ ”ഫയർ, ഫയർ“ എന്നലറി വിളിയിൽ പട്ടാളക്കാർ വീണ്ടും വെടി തുടങ്ങി. അതിഭീകരവും പൈശാചികവുമായ വെടിവെപ്പിൽ ആയിരത്തിലധികം ആളുകൾ മരണപ്പെട്ടു. ഇതിന് പ്രതികാരമായി 1947 ജൂലായ് 25 നു സാഹസികമായി ദിവാനായിരുന്ന സി പി രാമസ്വാമി അയ്യരെ വെട്ടിപ്പരുക്കേൽപ്പിച്ചു.

കരിവള്ളൂരും കാവുമ്പായിയും ( 1946 ഡിസംബര്‍ 30)
പുന്നപ്ര-വയലാര്‍ സമരത്തിനുശേഷമാണ് മലബാറില്‍ ജന്മിമേധാവിത്വത്തിനെതിരായ കര്‍ഷകസമരങ്ങള്‍ വ്യാപകമായത്. വയലാര്‍ സമരം ചോരയില്‍മുക്കിക്കൊന്നതോടെ ഇനി വലിയ ചെറുത്തുനില്പുകളൊന്നുമുണ്ടാവില്ലെന്ന് അധികാരികള്‍ കരുതിയെങ്കിലും രണ്ടുമാസത്തിനകം ഡിസംബര്‍ 20-ന് കരിവെള്ളൂരില്‍ നെല്ല് കടത്തലിനെതിരേ സമരം നടന്നു. എ.വി. കുഞ്ഞമ്പുവിന്റെ നേതൃത്വത്തിലായിരുന്നു സമരം.നാട്ടുകാര്‍ പട്ടിണി കിടക്കെ നെല്ല് പൂഴ്ത്തിവെക്കാനായി കടത്തുമ്പോള്‍ തടയുകയായിരുന്നു.യന്ത്രത്തോക്കുകളുമായി പോലീസ് നേരിട്ടു. 16 വയസ്സുകാരനായ കീനേരി കുഞ്ഞമ്പുവും തിടില്‍ കണ്ണനും കൊല്ലപ്പെട്ടു. എ.വി. കുഞ്ഞമ്പുവടക്കമുള്ളവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
1946 മധ്യത്തോടെയാണ് കണ്ണൂര്‍ ജില്ലയിലെ കാവുമ്പായിയില്‍ പൊനംകൊത്ത് സമരം ആരംഭിച്ചത്. ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ തരിശുകുന്നിന്‍ചരിവുകളിലെ കാട് തെളിയിച്ച് കൃഷിയിറക്കല്‍.ഈ സമരത്തെ അടിച്ചമര്‍ത്താന്‍ പോലീസെത്തി. നാട്ടുകാര്‍ കുന്നില്‍ കയറിനിന്ന് പ്രതിരോധം തീര്‍ത്തു. 1946 ഡിസംബര്‍ 30-ന് കുന്ന് വളഞ്ഞ് പോലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ചു യുവാക്കള്‍ രക്തസാക്ഷികളായി. അറസ്റ്റിലായവരില്‍ രണ്ടു നേതാക്കള്‍ പിന്നീട് സേലം ജയിലിലെ വെടിവെപ്പില്‍ രക്തസാക്ഷികളായി.

ഒഞ്ചിയം (1948 ഏപ്രിൽ 30)
മലബാറിലെ കര്‍ഷക സമര ചരിത്രത്തില്‍ തിളങ്ങുന്ന ഒരേടാണ് ഒഞ്ചിയം. ജന്‍മിത്വവും നാടുവാഴിത്തവും കൊടികുത്തിവാണ കാലത്ത് സഹനതകളുടെ നുകം വലിച്ചെറിഞ്ഞ്, പോരാട്ടത്തിന്റെ പോര്‍ച്ചട്ടയണിഞ്ഞ് സമര ഭൂമികയില്‍ തീജ്വാലയായി ജ്വലിച്ച ഒഞ്ചിയം സമര ഭടന്‍മാര്‍. അവരുടെ ആത്മത്യാഗത്തിലൂടെ അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചന സ്വപ്നങ്ങള്‍ക്ക് പുതിയ മാനം കൈവരികയായിരുന്നു. ഉണ്ണാനും ഉടുക്കാനുമില്ലാതെ എന്തിനും ഏതിനും ജന്‍മിമാരുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കേണ്ടിവന്ന തങ്ങളുടെ തലമുറയുടെ ദുരിതപര്‍വ്വം വരുന്ന തലമുറകള്‍ അനുഭവിക്കരുതെന്ന നിശ്ചയ ദാര്‍ഢ്യമായിരുന്നു ഒഞ്ചിയം സമരത്തിന് ഹേതു.
1948 ഏപ്രില്‍ 29. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കുറുമ്പ്രനാട് താലൂക്ക് കമ്മിറ്റിയോഗം ഒഞ്ചിയത്ത് ചേരുന്നു. വിവരം മണത്തറിഞ്ഞ പൊലീസ് നേതാക്കളെ ഒന്നടങ്കം അറസ്റ്റ് ചെയ്യാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു.ഒറ്റുകാരുടെ നീക്കം മനസ്സിലാക്കിയ പാര്‍ട്ടി നേതൃത്വം പിന്നീട് യോഗസ്ഥലം സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റി. കൽക്കത്ത തീസിസിന്റെ കൂടി വെളിച്ചത്തിൽ റേഷൻ സമ്പ്രദായത്തിലെ അപാകതകൾക്കെതിരെ ഒഞ്ചിയത്തെ ജനങ്ങൾ അന്നത്തെ മദ്രാസ് സർക്കാരിനെ പ്രതിരോധിക്കാൻ തീരുമാനിച്ചു. ഇതിനായി കമ്മ്യൂണിസ്റ്റ് പാർടിയുടെ കുറുമ്പ്രനാട് താലൂക്ക് കമ്മറ്റി 1948 ഏപ്രിൽ 30ന് യോഗം ചേർന്നു. വിവരമറിഞ്ഞെത്തിയ പോലീസ് കുടിലുകള്‍തോറും അരിച്ചുപെറുക്കിക്കൊണ്ടിരുന്നു. പിന്നെ ക്രൂര മര്‍ദ്ദനമായിരുന്നു. നിലവിളി വീടുകളില്‍നിന്നു വീടുകളിലേക്ക് വ്യാപിച്ചു. ഒടുവില്‍ കര്‍ഷകകാരണവരായ പുളിയുള്ളതില്‍ വീട്ടില്‍ ചോയിയേയും മകന്‍ കണാരനേയും അറസ്റ്റ് ചെയ്ത് കൈയ്യാമം വെച്ച് അവര്‍ മുന്നോട്ട് നീങ്ങി. ഇവരെ വിട്ടുകിട്ടണമെങ്കില്‍ നേതാക്കളെ ചൂണ്ടിക്കൊടുക്കണമെന്നായിരുന്നു കല്പന. ഗ്രാമീണര്‍ അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കാന്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ചെന്നാട്ട്താഴ വയലിലെത്തിയപ്പോള്‍ ജനം പൊലീസ് സംഘത്തിന്റെ വഴിതടഞ്ഞു. സായുധസേന വെടിവെയ്ക്കുമെന്ന് പൊലീസ് തലവന്‍ ഭീഷണി മുഴക്കി. ജനം കൂസിയില്ല.
ധീരനായ അളവക്കന്‍ കൃഷ്ണന്‍ നിറതോക്കിന് മുമ്പില്‍ വിരിമാറ് കാട്ടി ഗര്‍ജ്ജിച്ചു: ‘വെയ്ക്കിനെടാ വെടി’… പിന്നെ തുരുതുരാ വെടിവെപ്പായിരുന്നു. അളവക്കന്‍ കൃഷ്ണന്‍, കെ എം ശങ്കരന്‍, വി കെ രാഘൂട്ടി, സി കെ ചാത്തു, മേനോന്‍ കണാരന്‍, വി പി ഗോപാലന്‍, പുറവില്‍ കണാരന്‍, പാറോള്ളതില്‍ കണാരന്‍ എന്നിവര്‍ വെടിയുണ്ടകളേറ്റ് വീണു. തിരയൊഴിഞ്ഞ തോക്കുകളുമായി നിന്ന പൊലീസുകാരെ ജനങ്ങള്‍ തിരിച്ചു ആക്രമിച്ചു. വടകരയില്‍ നിന്നും വന്‍ പൊലീസ് പട ഒഞ്ചിയത്തെത്തി ഭീകര താണ്ഡവമാടി. വെടിയേറ്റ് വീണവര്‍ക്ക് ഒരുതുള്ളി വെള്ളം കൊടുക്കാന്‍പോലും പൊലീസ് അനുവദിച്ചില്ല. മരിച്ചവരെയും മൃതപ്രായരായവരെയും പച്ചോലകളില്‍കെട്ടി PCC വക ലോറിയിലെടുത്തെറിഞ്ഞ് വടകരയിലേക്ക് കൊണ്ടുപോയി. അവിടെ പുറങ്കര കടപ്പുറത്ത് ഒരു കുഴിവെട്ടി എട്ടുപേരേയും അതില്‍ അടക്കം ചെയ്തു. പിന്നീട് നടന്ന ഭീകര ലോക്കപ്പ് മര്‍ദ്ദനത്തില്‍ മണ്ടോടി കണ്ണനും കൊല്ലാച്ചേരി കുമാരനും രക്തസാക്ഷികളായി. അറസ്റ്റുചെയ്ത് ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചപ്പോഴും കണ്ണന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സിന്ദാബാദ് വിളിച്ചു. ഒടുവില്‍ സ്വന്തം ശരീരത്തില്‍ നിന്നും വാര്‍ന്നൊഴുകിയ രക്തത്തില്‍ കൈമുക്കി വടകരയിലെ ജയില്‍ ഭിത്തിയില്‍ അരിവാള്‍ ചുറ്റിക വരച്ചുവെച്ച് കണ്ണന്‍ ഭരണാധികാരികളെ ഞെട്ടിക്കുകയായിരുന്നു.
സഹനത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും സമര വീര്യത്തിന്റെയും കരുത്തായിരുന്നു ഈ സമരം.
എല്ലാവിധ അടിച്ചമര്‍ത്തലുകളേയും സധൈര്യം നേരിട്ടവരായിരുന്നു ഒഞ്ചിയം രക്തസാക്ഷികള്‍. ജന്‍മി മാടമ്പിമാരുടെ കൈക്കരുത്തിനു മുമ്പില്‍ നിരായുധരായാണ് അവര്‍ പോരാട്ടം നടത്തിയത്.

പാടിക്കുന്ന് രക്തസാക്ഷിത്വം (1950 മെയ് 4)
പോലീസ്-ജന്മി-ഗുണ്ടാ കൂട്ടുകെട്ടുകൾ അഴിച്ചുവിട്ട മൃഗീയമായ ക്രൂരതകൾക്കെതിരെ വടക്കേ മലബാറിൽ ആകമാനം രൂപപ്പെട്ട കർഷകപ്രക്ഷോഭത്തിന്റെ ഒരു ജ്വലിക്കുന്ന അദ്ധ്യായമായിരുന്നു പാടിക്കുന്ന് സംഭവം.
കര്‍ഷകപ്രക്ഷോഭങ്ങളുടെ ഭാഗമായി അറസ്റ്റുചെയ്തു ജയിലിലടക്കപ്പെട്ട സഖാക്കൾ രൈരുനമ്പ്യാർ, കുട്ട്യപ്പ, എം വി ഗോപാലൻ എന്നീ സഖാക്കളെ പോലീസ് കള്ളജാമ്യത്തിൽ എടുത്തുകൊണ്ട് പാടിക്കുന്നിലേക്ക് കൊണ്ടുപോയി. അര്‍ദ്ധരാത്രി പാടിക്കുന്നിന്റെ നെറുകയിൽ നിരത്തി നിര്‍ത്തിയ സഖാക്കളുടെ നെഞ്ചിനു നേരെ തോക്ക്ചൂണ്ടി ഇൻസ്പെക്ടർ അലറി, ”വിളിക്കെടാ കമ്മ്യൂണിസ്റ്റ് പാർടി മൂർദാബാദ്”… എന്നാൽ പ്രസ്ഥാനത്തെ ജീവനേക്കാൾ സ്നേഹിച്ച സഖാക്കൾ ഇന്സ്പെക്ടരുടെ ആവശ്യം പുച്ചിച്ചു തള്ളി. അവര്‍ ഇന്‍സ്പെക്ടറുടെ നിറതോക്കിന് മുന്നില്‍ നെഞ്ചും വിരിച്ചു നിന്ന് ആകാശത്തേക്ക്‌ മുഷ്ടി ഉയര്‍ത്തി ഉറക്കെ ഉറക്കെ വിളിച്ചു ”ഇങ്ക്വിലാബ് സിന്ദാബാദ്, കമ്മ്യൂണിസ്റ്റ്‌ പാര്‍ടി സിന്ദാബാദ്, കര്‍ഷകസംഘം സിന്ദാബാദ്, രക്തപതാക സിന്ദാബാദ്…..” പാടിക്കുന്നിന്റെ നെറുകയില്‍ നിന്നും പിന്നീട് കേട്ടത് വെടിപൊട്ടുന്ന ശബ്ദമാണ്. കര്‍ഷകരെയും പാവപ്പെട്ടവരെയും സ്നേഹിച്ച, ഒരു പ്രദേശത്തിന്റെയാകെ കണ്ണിലുണ്ണികളായ ധീരസഖാക്കളുടെ നെഞ്ചിന്‍കൂട് തുളച്ചുകൊണ്ട്‌ വെടിയുണ്ടകള്‍ പാഞ്ഞു. മരണത്തിനു പോലും തോല്‍പ്പിക്കാന്‍ കഴിയില്ല ആ സഖാക്കള്‍ രൈരുനമ്പ്യാർ, കുട്ട്യപ്പ, എം വി ഗോപാലൻ സ്മരണകൾ.

തില്ലങ്കേരി രക്തസാക്ഷിത്വം (1948 ഏപ്രിൽ15)
ജന്മിമാർക്ക് വെച്ചു കാണൽ ഇനി തുടരേണ്ടെന്ന് കര്‍ഷക സംഘം തീരുമാനിച്ചു.തില്ലങ്കേരിയിലെ കര്‍ഷകര്‍ ഉരി അരിക്ക് വേണ്ടി കൈയ്യിലുള്ള പണം സ്വരുപിച്ച് ജന്മി വിടുകളിലേക്ക് ജാഥ നടത്തി.പിറ്റേ ദിവസം ഇതേ നില തുടർന്നെങ്കിലും കോൺഗ്രസ്സ് ഗുണ്ടകളും പോലീസും ചേർന്ന് അക്രമം അഴിച്ചുവിട്ടു.”നരനായാട്ട്” ആയിരുന്നു അത്. ഇതിൽ പ്രതിഷേധിച്ച് ജനങ്ങൾ വലിയ പ്രകടനമായി മാറി.തോട്ടരികിലൂടെ നീങ്ങിയ പ്രകടനത്തെ പോലീസുകാർ വെടിവെച്ചു. 5 സഖാക്കൾ മരണപ്പെട്ടു,2 പേർ പിന്നീടും. കളളകേസിൽ പെടുത്തി പലരേയും സേലം ജയിലിലടച്ചു.1950 ഫെബ്രുവരി 11-ന് ജയിലിൽ നടന്ന വെടിവെപ്പിൽ 22 പേർ മരണപ്പെട്ടു. അതിലും 5 പേർ തില്ലങ്കേരി സഖാക്കൾ.
തില്ലങ്കേരി രക്തസാക്ഷികൾ: 1.സി.അനന്തൻ 2. സി. ഗോപാലൻ 3. കുണ്ടാഞ്ചേരി ഗോവിന്ദൻ 4. പോരു കണ്ടി കൃഷ്ണൻ 5. വെള്ളുവക്കണ്ടി രാമൻ 6. നമ്പിടിക്കുന്നുമ്മൽ നാരായണൻ നമ്പ്യാർ 7. കാറാട്ട് കുഞ്ഞമ്പു 8. അമ്പാടി ആചാരി 9. കൊയിലോടൻ നാരായണൻ നമ്പ്യാർ 10.പുല്ലാഞ്ഞിയോടൻ ഗോവിന്ദൻ നമ്പ്യാർ 11 .പുല്ലാഞ്ഞിയോടൻ കുഞ്ഞപ്പ നമ്പ്യാർ 12. നക്കായി കണ്ണന്‍.

മുനയംകുന്ന് രക്തസാക്ഷിത്വം (1948 മെയ് 1)
ജനകീയ പോരാട്ടങ്ങളെ സ്വതന്ത്ര ഇന്ത്യയുടെ പ്രഥമഭരണകൂടവും നാട്ടിലെ ജന്മിഗുണ്ടാസംഘങ്ങളും ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ് കര്‍ഷക പോരാളികള്‍ നടത്തിയ ധീരമായ ചെറുത്തുനില്‍പ്പുസമരവും സമരമുഖത്തെ ജീവാര്‍പ്പണവും ഓര്‍മ്മപ്പെടുത്തുന്ന ആവേശോജ്ജ്വല സമര ചരിത്രമാണ് മുനയന്‍കുന്നിന്റേത്.
രണ്ടാം ലോകമഹായുദ്ധം അവസാനിപ്പിക്കുമ്പോള്‍ കൊടുംപട്ടിണിയായിരുന്നു നാട്ടില്‍. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷവും ജന്മിമാര്‍ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തുടരുകയാണ്. മിച്ചനെല്ല് പി സി സി സൊസൈറ്റിക്കുള്ളില്‍ കൊടുക്കാനൊന്നും അവര്‍ തയ്യാറല്ല. തിരുവായ്ക്ക് എതിര്‍വായില്ല എന്ന മട്ടില്‍ ജന്മിമാരും മാടമ്പിമാരും ഓരോ പ്രദേശങ്ങളും അടക്കിവാഴുകയായിരുന്നു.
ജനങ്ങളുടെ പട്ടിണിയും പരിവട്ടവും നോക്കിനില്‍ക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ തയ്യാറായില്ല. ജന്മിത്വത്തിനെതിരായും സാമ്രാജ്വത്വത്തിനെതിരായും സമരങ്ങള്‍ മലബാറിലെ എല്ലാ പ്രദേശങ്ങളിലും വ്യാപിച്ചു.ജന്മിമാരുടെപത്തായങ്ങളില്‍ കുമിഞ്ഞുകൂടിയ നെല്ല് എടുത്ത് വിതരണം ചെയ്യുന്ന സമരം വ്യാപിപ്പിച്ചു. നെല്ലെടുപ്പ് സമരവുമായി ബന്ധപ്പെട്ടും, മറ്റ് സമരങ്ങളില്‍ പങ്കെടുത്തതിന്റെ പേരിലും കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനങ്ങളുടെ നേതാക്കളെയും സമരവളണ്ടിയര്‍മാരെയും എം എസ് പിയും ജന്മിഗുണ്ടകളും വേട്ടയാടുകയായിരുന്നു. ഇതിനെ സായുധരായി പ്രതിരോധിക്കാൻ മുനയന്‍കുന്നിലെ സഖാക്കൾ സായുധരായ വളണ്ടിയര്‍ ക്യാമ്പുകൾ തുടങ്ങി. ജനവാസം കുറഞ്ഞ കുന്നുകള്‍ വട്ടമിട്ട് നില്‍ക്കുന്ന ഒരു ചെരുവിലാണ് 42ഓളം സമരസഖാക്കള്‍ ഒത്തുചേര്‍ന്നത്. കുടില്‍ ക്യാമ്പിന് ചുറ്റും സായുധരായ വളണ്ടിയര്‍മാര്‍ സദാ ജാഗരൂകരായി നിലയുറപ്പിച്ചിരുന്നു. മെയ് ഒന്നിന് പുലര്‍ച്ചെ മഴ പെയ്തപ്പോൾ കാവല്‍ നിന്ന സഖാക്കളടക്കം ക്യാമ്പിനുള്ളിലേക്ക് പോയി. ഈ തക്കം നോക്കി ജന്മിഗുണ്ടകള്‍ വഴികാട്ടിക്കൊടുത്ത് എം എസ് പിക്കാര്‍ ക്യാമ്പ് വളഞ്ഞ് വെടിവെക്കുകയായിരുന്നു. സമരനേതാവ് കെ സി കുഞ്ഞാപ്പുമാസ്റ്റര്‍ അടക്കമുള്ള ആറ് സഖാക്കള്‍ വെടിയുണ്ടകള്‍ വിരിമാറ് തുളച്ചുകയറി രക്തസാക്ഷികളായി. പാവൂര്‍ കണ്ണന്റെയും കെ വി കുട്ടിയുടെയും ഓരോ കാലുകള്‍ നഷ്ടപ്പെട്ടു. 18 സഖാക്കള്‍ക്ക് സാരമായി പരിക്കേറ്റു. 35 പേരെ കേസില്‍പെടുത്തി കഠിനതടവിന് ശിക്ഷിച്ചു. മരിച്ച സഖാക്കളെയെല്ലാം പയ്യന്നൂരിലേക്കുള്ള വഴിമദ്ധ്യെ പാടിയോട്ടുചാലില്‍ ഒരു കുഴിയെടുത്ത് കുഴിച്ചുമൂടി. സമരചരിത്രത്തില്‍ ഉജ്വലമായ അധ്യായമെഴുതിചേര്‍ത്ത ഒന്നായിരുന്നു മുനയന്‍കുന്ന് വിപ്ലവ സമരചരിത്രം.

പന്തളം രക്തസാക്ഷിത്വം (1973 ആഗസ്റ്റ് 2)
ഭക്ഷ്യക്ഷാമം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലം,നാട്ടിലെങ്ങും പട്ടിണി മരണം, ഈ നിലയിൽ ജനജീവിതം ദുരിതക്കടലായി മാറിയ അവസ്ഥയിൽ ഒരു നേരത്തെ ആഹാരത്തിനു പോലും മതിയാകാത്ത റേഷന്, പൊതുകമ്പോളത്തിൽ അരികിട്ടാനില്ലത്ത സ്ഥിതി, വല്ലപ്പോഴും എത്തുന്ന അരിക്കു തീ വില, ഭക്ഷണത്തിനു വേണ്ടി ജനതയുടെ പരക്കംപാച്ചിൽ. പട്ടിണി മരണം പരക്കെ ഉയർന്നിട്ടു കൂടി പാവങ്ങൾക്ക് ഭക്ഷണം നൽകാൻ തയ്യാറല്ലാത്ത ഭരണത്തിനെതിരെ പ്രതികരിക്കാന്‍ “12 ഔണ്സ് റേഷന്” എന്ന മുദ്രാവാക്യം ഉയർത്തി “1973 ആഗസ്റ്റ് 2” ന് സിപിഐ (എം) നേത്യത്വത്തിൽ ബന്ദിനാഹ്വാനം ചെയ്തു.
പന്തളത്ത് ബന്ദിനോടനുബന്ധിച്ച് നടന്ന പ്രകടനത്തിനു നേരെ യാതൊരു പ്രകോപനവും ഇല്ലാതെ പോലീസ് ഭീകരമായ ലാത്തിച്ചാർജ്ജ നടത്തി. പോലീസ് നരനായാട്ടിൽ,പിന്തിരിയാതെ സഖാക്കൾ മുഷ്ടിചുരുട്ടി മുദ്രാവാക്യം മുഴക്കി മുന്നോട്ട്, കലിപൂണ്ട പോലീസ് വെടി ഉതിര്‍ത്തു. സഖാക്കൾ ഭാനുവും, നാരായണപിള്ളയും രക്തസാക്ഷികളായി.

ഇടതുപക്ഷ സർക്കാരുകൾ
ഇന്ത്യൻ സ്വാതന്ത്ര്യകാലത്തെ കമ്മ്യൂണിസ്റ്റ് പ്രക്ഷോപ സമരങ്ങളും, അതിനോട് ചേർന്നും സ്വാതന്ത്ര്യാനന്തരം നടന്ന കർഷക തൊഴിലാളി സമരങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജനാധിപത്യ പ്രക്രിയയിലും വിജയം കൈവരിക്കാൻ ആയി .
തിരഞ്ഞെടുപ്പിൽ വിജയിക്കുക, ഭരിക്കുക എന്നത് തൊഴിലാളി കർഷവർഗത്തിന് ഭരണകൂട അധികാരത്തിലേക്കുള്ള പാതയല്ലെന്ന് വ്യക്തമാണെങ്കിലും, തെരഞ്ഞെടുക്കുന്ന സർക്കാരുകൾ ബദൽ നയങ്ങൾ നടപ്പിലാക്കുന്നതിലൂടെ ജനങ്ങൾക്ക് ആശ്വാസമായ നടപടികൾ എടുക്കാനും അവർക്ക് രാഷ്ട്രീയമായ വിദ്യാഭ്യാസം നൽകാനും കമ്മ്യൂണിസ്റ്റുകൾക്ക് കഴിയണം.
ഈ ബോധം കൃത്യമായി നടന്നു എന്ന് സ്വയവിമര്ശനമായി അവകാശപ്പെടുന്നില്ല എങ്കിലും ജനക്ഷേമമായ വിപ്ലവകരമായ ഒരുപാട് മാറ്റങ്ങൾക്ക് ഇന്ത്യയിലെ ബംഗാൾ , ത്രിപുര , കേരളം എന്നിവിടങ്ങളിലെ ഇടതുപക്ഷ സർക്കാരുകളിലൂടെ ഇന്ത്യ കണ്ടതാണ് .
ഇന്ത്യയിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ ആയിരുന്നു കേരളത്തിലേത് . 1957 അധികാരമേറ്റ EMS മന്ത്രിസഭ . ജന്മിത്വം കൊടികുത്തി വാണ കെട്ടകാലത്തെ മാറ്റിയെടുക്കുകയും കേരളീയ സമൂഹത്തിന് ദിശാബോധം നല്‍കുകയും ജനാധിപത്യത്തിന്റെ സ്വച്ഛപ്രവാഹത്തിന് വഴിയൊരുക്കുകയും നാടിന്റെ സമഗ്രമായ പുരോഗതിക്ക് വിത്തുപാകുകയും ചെയ്തു ഇ എം എസ് സര്‍ക്കാര്‍. ഭൂപരിഷ്കരണ നിയമവും വിദ്യാഭ്യാസബന്ധ ബില്ലും പാട്ടബാക്കി റദ്ദാക്കലും മാത്രമല്ല, തൊഴില്‍ സുരക്ഷിതത്വം, മിനിമം കൂലി ഏര്‍പ്പെടുത്തല്‍, ആരോഗ്യരക്ഷാ പദ്ധതികള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ചുരുങ്ങിയ കാലത്തിനകം തുടക്കംകുറിച്ചു.
കാര്‍ഷിക പരിഷ്‌ക്കരണ ബില്‍, വിദ്യാഭ്യാസബില്‍, പോലീസ്‌ നയം, ക്ഷേമപരിപാടികള്‍, ആരോഗ്യമേഖലയിലെ ഇടപെടല്‍, പിന്നോക്ക പ്രദേശങ്ങളെ വികസിപ്പിക്കാനുള്ള പദ്ധതികള്‍ തുടങ്ങിയ പരിപാടികളാണ്‌ യഥാര്‍ത്ഥത്തില്‍ കേരളാ മോഡല്‍ എന്ന്‌ പില്‍ക്കാലത്ത്‌ പ്രസിദ്ധമായ കേരള വികസന മാതൃകയ്‌ക്ക്‌ അസ്ഥിവാരമിട്ടത്‌. ഈ സര്‍ക്കാരിന്റെ നയസമീപനങ്ങളുടെ ഫലമായി വലിയ മാറ്റം കേരളീയ സമൂഹത്തിലുണ്ടായി. സാര്‍വത്രിക വിദ്യാഭ്യാസം, പ്രാഥമികാരോഗ്യ പരിരക്ഷ, സാമൂഹ്യ സുരക്ഷാപദ്ധതികള്‍, മിനിമം കൂലി, ജന്മിത്വത്തിന്റെ ജനവിരുദ്ധ സാംസ്‌കാരിക രൂപങ്ങള്‍ ഇല്ലായ്‌മ ചെയ്യല്‍ തുടങ്ങിയവയെല്ലാം ഈ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ അടിത്തറയിലാണ്‌ ഉണ്ടായത്‌.
ജനകീയാസൂത്രണം , സാമൂഹ്യസുരക്ഷാ പദ്ധതികൾ, തൊഴിലാളിക്ഷേമം, പരമ്പരാഗത വ്യവസായങ്ങളുടെ സംരക്ഷണം, പൊതുമേഖലാ വ്യവസായങ്ങളുടെ വളർച്ച എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങളിൽ അതുല്യമായ നേട്ടപ്പട്ടികയുമായാണ് ഇടതുപക്ഷ സർക്കാരുകൾ കേരളത്തിന് സംഭാവന ചെയ്തിട്ടുള്ളത് .
നയവ്യക്തതയും അത് നടപ്പാക്കാനുള്ള നിശ്ചയദാർഢ്യവുമാണ് ഇടതുപക്ഷ സർക്കാരിന്റെ സവിശേഷതയായി കാണാവുന്നത്. ചെയ്യാനാകുന്നതുമാത്രം ഏറ്റെടുക്കുകയും ഏറ്റെടുത്തത് ചെയ്തുകാണിക്കുകയുമെന്നത് അനുഭവം തന്നെയാണ്. പിണറായി സർക്കാർ ഈ ഇടതുപക്ഷ സർക്കാരുകളുടെ നയങ്ങളുടെ തുടർച്ചയാണ് . ഹരിതകേരളം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആർദ്രം എന്നിങ്ങനെ നാല് മിഷനുകൾ അതിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ നവകേരളത്തിലേക്കുള്ള മുന്നേറ്റത്തിന്റെ സൂചനകളാണ്.
പശ്ചിമ ബംഗാളിലെ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സർക്കാരുകളുടെ ഒരു പ്രധാന നേട്ടം കാർഷിക പുനരുജ്ജീവനവും സംസ്ഥാനത്തെ ഗ്രാമീണ വികസനവുമായിരുന്നു . ജലസേചനം ഉൾപ്പെടെയുള്ള ഗ്രാമവികസനത്തിനുള്ള പൊതുനിക്ഷേപം ഗണ്യമായി വികസിപ്പിച്ചു, ഇത് പ്രതിവർഷം ഒരു വിള മാത്രം കൃഷിചെയ്തിരുന്ന വിശാലമായ ഭൂപ്രദേശങ്ങൾ പ്രതിവർഷം മൂന്ന് വിളകൾ വളർത്താൻ പ്രാപ്തമാക്കി. ഭൂപരിഷ്കരണം കർഷകർ തന്നെ ഉൽപാദന നിക്ഷേപത്തെ പ്രോത്സാഹിപ്പിച്ചു. ഇവയെല്ലാം പശ്ചിമ ബംഗാളിൽ ഉയർന്ന കാർഷിക വളർച്ചയിലേക്ക് നയിച്ചു, സംസ്ഥാനത്തെ നെല്ല് ഉത്പാദിപ്പിക്കുന്ന രാജ്യമായി സംസ്ഥാനം മാറി. ഇടതുമുന്നണി സർക്കാരുകൾ മുന്നോട്ടുവച്ച ജനാധിപത്യ വികേന്ദ്രീകരണ പ്രക്രിയ പശ്ചിമ ബംഗാളിലെ ഗ്രാമങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തി. പഞ്ചായത്തുകൾ (ഗ്രാമപ്രദേശങ്ങളിലെ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ) രൂപീകരിച്ച് ഭൂപരിഷ്കരണം നടപ്പാക്കുന്നതുൾപ്പെടെ പ്രാദേശിക തീരുമാനമെടുക്കൽ ചുമതലപ്പെടുത്തി. ഫണ്ടിന്റെ ഗണ്യമായ പങ്ക് സംസ്ഥാന സർക്കാരിൽ നിന്ന് പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകി. ഈ പരിഷ്കാരങ്ങൾ കർഷകർക്ക് അനുകൂലമായി. ഭൂപരിഷ്കരണം നന്നായി നടപ്പിലാക്കിയ സംസ്ഥാനമാണ് ബംഗാൾ . ഇന്ത്യയിലെ ഭൂവിതരണ പദ്ധതികളുടെ മൊത്തം ഗുണഭോക്താക്കളുടെ 50% ത്തിലധികം പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണെന്നതാണ് വസ്തുത.
1980 കളുടെ ആരംഭം മുതൽ 2000 കളുടെ മധ്യത്തിലും വിഘടനവാദ കലാപവുമായി ബന്ധപ്പെട്ട അക്രമങ്ങൾക്ക് ത്രിപുര സാക്ഷ്യം വഹിച്ചു, എന്നാൽ 2000 കളുടെ അവസാനത്തോടെ, ഇടതുമുന്നണി ഗവൺമെന്റിന്റെ സമീപനം കലാപവുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ ഗണ്യമായ കുറവുണ്ടാക്കി. ഈ സമീപനത്തിൽ ബഹുജന രാഷ്ട്രീയ പ്രചാരണങ്ങൾ, കലാപ വിരുദ്ധ നടപടികൾ, ഗോത്രമേഖലയിലെ വികസന നടപടികൾ എന്നിവ ഉൾപ്പെടുന്നു.

നൂറുവയസ്സായ കമ്മ്യൂണിസ്റ്റ് പാർട്ടി, വരുംകാല പോരാട്ടങ്ങൾ

മതേതരജനാധിപത്യ മൂല്യങ്ങളോടു വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതത പുലർത്താൻ കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങൾ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. നിലവിൽ മറ്റ് രാഷ്ട്രീങ്ങൾ മൃദുവർഗീയതമുതൽ തീവ്ര വർഗീയത വരെ അധികാര രാഷ്ട്രീയത്തിനായി ഉപയോഗപ്പെടുത്തുമ്പോൾ ആണ് അതിൽ നിന്ന് അകലം പാലിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയുന്നത്. മുൻപ് ഉണ്ടായ അടിയന്തിരാവസ്ഥക്കാലത്തും ഇന്നത്തെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലും ജനാധിപത്യ സംരക്ഷണത്തിനായി കമ്മ്യൂണിസ്റ്റ് പാർട്ടി ചൂഷണം അനുഭവിക്കുന്ന ജനതയ്ക്ക് വേണ്ടി തെരുവിൽ ഉണ്ട്. ഭരണഘടനയിലെ ജനാധിപത്യ-സ്വാതന്ത്ര്യ-മതേതര-മതനിരപേക്ഷ-തുല്യതാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഉറച്ചനിലപാടു ആണ് സ്വീകരിക്കുന്നത്. എണ്ണത്തിൽ പാർലമെന്റിൽ കുറവാണെങ്കിലും പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് വേണ്ടി നിലപാടുകൾ പറയാനും നിയമനിർമ്മാണങ്ങളിൽ അവർക്ക് വേണ്ടി ശബ്ദമുയർത്താനും കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ ജനപ്രതിനിധികൾ ശ്രമിക്കുന്നുണ്ട്. പ്രക്ഷോപങ്ങളിൽ കൂടി നേടിയെടുത്ത നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാനും , ഈ നവോഥാന മൂല്യങ്ങൾ ഇനിയും നേടാൻ ആയിട്ടില്ലാത്ത ഇന്ത്യയുടെ മറ്റ് സ്ഥലങ്ങളിലും അതിനുവേണ്ടിയുള്ള പോരാട്ടങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടി ഉണ്ട്. ദളിത് ന്യുനപക്ഷങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള പോരാട്ടങ്ങളിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉണ്ട്.
നിണമണിഞ്ഞ വിമോചന പോരാട്ടങ്ങളുടെ മഹത്തായ രക്തസാക്ഷിത്വങ്ങളുടെ, എണ്ണമറ്റ സമരങ്ങളുടെ,മഹാ സഹനങ്ങളുടെ സംഭവ ബഹുലമായ ഒരു നൂറ്റാണ്ട് പൂർത്തിയായിരിക്കുന്നു. വിമോചന സ്വപ്നങ്ങളുടെ സമര സാക്ഷ്യവും പോരാട്ടങ്ങളിലൂടെ ചരിത്രം ജ്വലിക്കുന്ന ഒരു കാലഘട്ടത്തിന്റെ നേർസാക്ഷ്യമാണ് ഒരു നൂറ്റാണ്ടായ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം.ശതാബ്ദിയിലെത്തിയ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയും ജനാധിപത്യ പ്രക്രിയയിലെ തെരഞ്ഞെടുപ്പ് പരാജയങ്ങളും അഭിമുഖീകരിക്കുകയാണിന്ന് . പോരാട്ടങ്ങൾ ശക്തിപ്പെടുത്തി ഇനിയും കൂടുതൽ ജനവിഭാഗങ്ങളിലേക്ക് ഇറങ്ങി ചെല്ലാനും സ്വയവിമർശനമായി അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾപഠിച്ച്, തെറ്റുകൾ തിരുത്തി നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കാൻ ചരിത്ര പോരാട്ടങ്ങളുടെ അനുഭവം പ്രചോദനമാകട്ടെ,കരുത്താകട്ടെ !

അവലംബം , കടപ്പാടുകൾ
CPIM , CPI , ദേശാഭിമാനി daily , ചിന്ത വാരിക , മാതൃഭൂമി daily , hindusthantimes , frontline , hindu daily
https://www.deshabhimani.com/articles/100-years-of-communist-party/899011
https://www.deshabhimani.com/articles/100-years-of-communist-party/899379
https://www.hindustantimes.com/opinion/secular-socialist-recalling-swami-vivekananda-s-message-of-tolerance/story-ins2tZlcDlWuuhYF73dyiK.html
https://lohiatoday.files.wordpress.com/2018/09/vivekananda-rationalist.pdf
http://www.mainstreamweekly.net/article9130.html
https://sites.google.com/a/communistparty.in/cpi/brief-history-of-cpi/
https://www.mathrubhumi.com/news/in-depth/series/communist-party-history-in-kerala-1.4230516
https://www.cpimkerala.org/founders-70.php?n=1
https://www.tandfonline.com/doi/pdf/10.1080/14672715.1972.10406273
https://marxistsamvadam.com/articles/35
https://peoplesdemocracy.in/2019/1222_pd/challenging-imperialism-dock-%E2%80%93-meerut-conspiracy-case
https://ruralindiaonline.org/articles/sankariah-nine-decades-a-revolutionary/
https://military.wikia.org/wiki/Revolutionary_movement_for_Indian_independence
https://www.thetricontinental.org/dossier-32-communist-movement-in-india/
https://frontline.thehindu.com/the-nation/article30165649.ece
https://mayday.leftword.com/blog/post/75-years-of-the-historic-warli-revolt/
http://nerariyan.com/2019/10/16/indian-communist-party-turns-100-years-old/