ഹൊയ്സാല വാസ്തുവിദ്യയുടെ അത്ഭുത കാഴ്ചകളിലേക്ക്

ഹൊയ്സാല വാസ്തുവിദ്യയുടെ അത്ഭുത കാഴ്ചകളിലേക്ക്, കറുത്ത കല്ലില്‍ തീര്‍ത്ത ശില്‍പങ്ങളുടെ ലോകത്തേക്ക് ഒരു ബേലൂർ – ഹലേബിഡു യാത്ര.

കർണ്ണാടകയിലെ ഹസ്സന്‍ ജില്ലയിൽ ഹസ്സൻ ടൗണിൽ നിന്ന് ഏതാണ്ട് 12 – 30 കിലോമീറ്ററിന് ഉള്ളിൽ ആണ് വാസ്തുവിദ്യയുടെ ഈ അത്ഭുത ലോകം. ഹൊയ്‌സാലരുടെ വിസ്മയങ്ങളിലേക്കാണ് ഒരിക്കൽ കൂടി യാത്ര ചെയ്തത്. അവിടെ കണ്ട ചില വിസ്മയങ്ങളുടെ ഒരു ചെറുവിവരണം.

ചെന്നകേശവ ക്ഷേത്രം : 12-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ഹൊയ്സാല വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നായ, യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായി കണക്കാക്കപ്പെടുന്ന കർണ്ണാടകയിലെ ബേലൂരിലുള്ള വിഷ്ണു ക്ഷേത്രമാണ് ചെന്നകേശവക്ഷേത്രം. നക്ഷത്രത്തിന്‍റെ ആകൃതിയിലുള്ള ക്ഷേത്രം ഏകദേശം 103 വർഷങ്ങളെടുത്താണ് പൂർത്തിയാക്കിയത്. അക്കാലത്തെ ജൈന മതത്തിന്റെ സ്വാധീനം ക്ഷേത്രനിര്‍മ്മാണത്തില്‍ പലയിടത്തും കാണുവാന്‍ സാധിക്കും. 64 മൂലകളും 4 പ്രവേശനകവാടങ്ങളും 48 മനോഹരമായ കൊത്തുപണികൾ ഉള്ള തൂണുകളുമായാണ് ക്ഷേത്രം നിലകൊള്ളുന്നത്. ക്ഷേത്രത്തിന്റെ മുഖ്യ ശില്പി ജഗന്നാചാരി എന്നയാളായിരുന്നു.

നൃത്തങ്ങളും, നൃത്തരൂപങ്ങളും കൊത്തിയെടുത്ത ലക്ഷണമൊത്ത സുന്ദരികള്‍, ഗ്രാവിറ്റിപില്ലർ, ശിലാബാലികമാർ, കറങ്ങുന്ന ദശാവതാര തൂണുകള്‍,ജീവന്‍ തുടിക്കുന്ന ശില്പങ്ങളുമായി ഈ നൂറ്റാണ്ടിനെയും അതിശയിപ്പിച്ചുകൊണ്ടിരിക്കുന്നു.

കേദാരേശ്വര ക്ഷേത്രം ഹൊയ്സാല വാസ്തുശില്പത്തിന്റെ മറ്റൊരു മനോഹര ഉദാഹരണമാണ്.  ഹൊയ്സാല രാജാവായ രണ്ടാമത്തെ വീരബല്ലാളയും, അദ്ദേഹത്തിന്റെ റാണിയായ കെതലദേവിയും ചേർന്ന് 1319-ൽ പണിതാണ് പണിതതാണ് ഈ ക്ഷേത്രം. ക്ഷേത്രം ശിവനോടുള്ള ഭക്തിയുടെ പ്രതീകമായി നിര്‍മ്മിച്ചതാണ്, അതിനാൽ തന്നെ ഇവിടെ പ്രധാന പ്രതിഷ്ഠ ശിവലിംഗമാണ്. മനോഹരമായ കൊത്തുപണികൾ ഉള്ള ഈ ക്ഷേത്രത്തിൽ നിത്യ പൂജകൾ ഒന്നുമില്ല ഇപ്പോൾ.

ഹൊയ്സാലേശ്വര ക്ഷേത്രം : നക്ഷത്രാകൃതിയിലുള്ള അടിത്തറയിൽ ശില്പങ്ങൾ കൊണ്ട് നിറച്ചൊരു വാസ്തുവിദ്യാ വിസ്മയ ക്ഷേത്രമാണ് ഹൊയ്സാലേശ്വര ക്ഷേത്രം.ഹൊയ്‌സാലർ പണികഴിപ്പിച്ച ഏറ്റവും വലിയ ശിവക്ഷേത്രമാണ് ഈ ഇരട്ട പ്രതിഷ്ഠയുള്ള ക്ഷേത്രം. ആനകൾ, സിംഹങ്ങൾ, കുതിരകൾ, പുഷ്പ ചുരുളുകൾ എന്നിവ കൊത്തിയെടുത്ത 8 നിരകളിൽ ആണിതിൻ്റെ അടിസ്ഥാനം. രാമായണം, മഹാഭാരതം, ഭഗവദ് ഗീത തുടങ്ങിയ ഇതിഹാസങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ കൊത്തിവെച്ചിരിക്കുന്നു. ക്ഷേത്രത്തിന് തൊട്ടുമുന്നിലെ കല്ലിൽ തീർത്ത വലിയ നന്ദി പ്രതിമ, 2 മീറ്റർ ഉയരമുള്ള സൂര്യ പ്രതിഷ്ഠ അങ്ങനെ സങ്കീർണ്ണമായ കൊത്തുപണികളുള്ള ശില്പ ഭംഗിയുടെ ഒരു അത്ഭുതമാണ് ഈ ക്ഷേത്രം.

ജൈന ഹൊയ്സാല സമുച്ചയം : കെദാരേശ്വര ക്ഷേത്രത്തിന് തൊട്ടടുത്താണ് ഹലേബിഡുവിലെ ജൈന ഹൊയ്സാല സമുച്ചയം ഹൊയ്സാല വാസ്തുശില്പത്തിന്റെ മഹിമയെയും, ജൈന മതത്തിന്റെ ആധികാരികതയെയും ഒരുമിച്ച് സംയോജിപ്പിക്കുന്ന ഒരു സമുച്ചയമാണ്. ഹൊയ്സാല രാജവംശകാലത്ത്, ജൈന മതത്തിനും ഹിന്ദു മതത്തിനും സമാന പ്രാധാന്യം നൽകിയിരുന്നു എന്നതിന് തെളിവാണ് ഈ ജൈന ക്ഷേത്രങ്ങൾ. മൂന്നുഭാഗങ്ങളായുള്ള ക്ഷേത്ര സമുച്ചയങ്ങളാണ് ഇവിടെയുള്ളത് – പര്ശ്വനാഥ, അദിനാഥ, ശാന്തിനാഥ എന്നീ മൂന്ന് ജൈന തീർത്ഥങ്കരന്മാർക്ക് സമർപ്പിച്ച ക്ഷേത്രങ്ങൾ. ഇതിൽ പര്ശ്വനാഥ ക്ഷേത്രമാണ് ഹളെബീഡുവിലെ ഏറ്റവും വലിയ ജൈന ക്ഷേത്രം. 12-ആം നൂറ്റാണ്ടിൽ നിർമ്മിച്ചതായി കരുതപ്പെടുന്നതാണ് ഈ ക്ഷേത്രം. ഇവിടെ അത്ഭുതമായി തോന്നിയത് പോളിഷ് ചെയ്ത കല്ലുകളിൽ ഫിസിക്സ്ൽ പഠിച്ച Concave & Convex mirror സാങ്കേതിക വിദ്യ ചെയ്തുവെച്ചിരിക്കുന്നതാണ്. ഹൊയ്സാലരുടെ ശില്പകലയുടെ പ്രായോഗികതയുടെയും സാങ്കേതിക മികവിന്റെയും ഉദാഹരണങ്ങളാണ് ഇത്. Stone-cut mirrors-ൽ പ്രകാശം ഏകീകരിക്കുന്നതിലൂടെയും വ്യാപിപ്പിക്കുന്നതിലൂടെയും, കല്ലിന്റെ ആ പ്രതലത്തിൽ പ്രതിബിംബം സൃഷ്ടിക്കുന്നത് അത്ഭുതത്തോടെ അല്ലാതെ നോക്കിക്കാണാൻ ആവില്ല.

14 -ആം നൂറ്റാണ്ടില്‍ അലാവുദീന്‍ ഖില്‍ജിയുടെ ജനറല്‍ ആയ മാലിക് കഫുറിന്റെ ആക്രമണത്തില്‍ ഈ ക്ഷേത്രങ്ങളിലെ പല ശില്പങ്ങളും തകര്‍ക്കപ്പെട്ടതാണ് അതിന്റെ ബാക്കിയായ അംഗഭംഗം വന്ന ശില്‍പ്പങ്ങളും ഉടച്ചുകളഞ്ഞ ശില്പങ്ങളും ഇവിടെ കാണാം.

കല്ലില്‍ കൊത്തിയെടുത്ത കണ്ണാടിപോലെ മിനുസപ്പെടുത്തിയ തൂണുകളും ഓരോ ശില്പങ്ങളിലേയും ഡീറ്റൈലിങ് പറയാതെ വയ്യ. അത്രക്ക് സൂക്ഷ്മതയോടെയാണ് ഇവിടുത്തെ ഓരോ ശില്‍പങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്.ഇതൊക്കെ ആ നൂറ്റാണ്ടിൽ എങ്ങനെ എന്ന ചോദ്യം വീണ്ടും വീണ്ടും മനസ്സില്‍ ചോദിച്ചുകൊണ്ടിരുന്നു. ശില്പകലയുടെ ഒരത്ഭുത ലോകം തന്നെ.

A must-watch place for history, art, and architecture enthusiasts.