ആശാൻ കവിതയിൽ ശ്രീനാരായണഗുരുവിന്റെ സാന്നിധ്യവും സ്വാധീനവും

അദ്വൈതിയായിരുന്ന; അദ്വൈതവാദി അല്ലാത്ത, സന്യാസിയും സാമൂഹിക പരിഷ്കർത്താവും തത്ത്വചിന്തകനുമായ ശ്രീനാരായണ ഗുരുവിൻ്റെ പൈതൃകം കേരളത്തിൻ്റെ സാംസ്കാരിക-സാഹിത്യ ഭൂപ്രകൃതിയെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ തത്ത്വചിന്ത ഉൾക്കൊള്ളുകയും പ്രതിഫലിപ്പിക്കുകയും ചെയ്ത അനേകർക്കിടയിൽ, കുമാരൻ ആശാൻ ഒരു പ്രധാന വ്യക്തിയായി നിലകൊള്ളുന്നു.

കുമാരനാശാന്റെ കവിത മലയാള സാഹിത്യത്തിലെ ആധുനിക ബൗദ്ധിക പാഠശാലകളിൽ ഒന്നാണ്. ആശാന്റെ കവിതകൾ സാമൂഹിക, ആത്മീയ, തത്ത്വചിന്തന സാധ്യതകളാൽ സമ്പന്നമാണ്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായിരുന്ന ആശാൻ, ഗുരുവിന്റെ ചിന്തകളും തത്ത്വങ്ങളും തന്റെ കവിതകളിലൂടെ ശക്തമായി പകർന്നുവെന്ന കാര്യത്തിൽ തർക്കമില്ല. മലയാള സാഹിത്യത്തിൽ സാമൂഹികവും ആത്മീയവുമായ വിഷയങ്ങളെ ചേർത്തുപിടിച്ച ആധുനിക കവി എന്ന നിലയ്ക്ക് കുമാരനാശാന്റെ സ്ഥാനം അതുല്യമാണ്.

ശ്രീനാരായണ ഗുരു കർമ്മയോഗിയായിരുന്നുവെന്നതുപോലെ ആശാൻ ഒരു കാവ്യയോഗിയായിരുന്നു. ആശാന്റെ കവിതകൾ ഗുരുവിന്റെ ആശയങ്ങളോട് വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. ശ്രീനാരായണ ഗുരുവിൻ്റെ ശിഷ്യനെന്ന നിലയിൽ ആശാൻ്റെ കവിതയിൽ ഗുരുവിൻ്റെ ഉപദേശങ്ങളും സാമൂഹിക സമത്വ തത്വങ്ങളും ആത്മീയ ആഴവും ഉൾക്കൊള്ളുന്നു. പരിഷ്കരണം, സാർവത്രിക സ്നേഹം, മനുഷ്യജീവിതത്തിൻ്റെ ക്ഷണികമായ സ്വഭാവം എന്നിവ പ്രമേയങ്ങളായി അദ്ദേഹത്തിൻ്റെ കൃതികളിൽ പ്രതിധ്വനിക്കുന്നു. അദ്ദേഹത്തിൻ്റെ കവിതകൾ സമത്വ സമൂഹത്തിനായുള്ള ഗുരുവിൻ്റെ ദർശനത്തിൻ്റെ കണ്ണാടിയാക്കി മാറ്റുന്നു.

ശ്രീനാരായണഗുരുവിന്റെ പ്രധാന സന്ദേശങ്ങളിലൊന്നായ “ജാതിയില്ലാ മനുഷ്യൻ” എന്ന ആശയം ആശാന്റെ നിരവധി കൃതികളിൽ പ്രതിഫലിക്കുന്നു. ചണ്ഡാലഭിക്ഷുകിയും വീണപൂവ്യും ഉൾപ്പെടെയുള്ള രചനകളിൽ, സാമൂഹിക നീതി, മനുഷ്യഹൃദയങ്ങളുടെ സമത്വം, സ്നേഹത്തിന്റെ മഹത്വം എന്നിവ ഗുരുവിന്റെ ചിന്തകളുടെ സവിശേഷ പ്രതിഫലനങ്ങളായി പ്രകടമാകുന്നു.

ഗുരുവും ശിഷ്യനും തമ്മിലുള്ള സാധാരണബന്ധത്തെക്കാൾ ഏറെ വിശിഷ്ടമായ ഒരു ആത്മബന്ധം അവർക്കിടയിലുണ്ടായിരുന്നു. ഗുരുവിൽ ഒരു ആത്മീയ മാർഗദർശിയെ കണ്ടെത്തിയ ആശാൻ തന്റെ കവിതകളിലൂടെ ഗുരുവിന്റെ ആശയങ്ങളെയും പ്രബോധനങ്ങളെയും ശക്തമായ സന്ദേശങ്ങളാക്കുകയാണ് ചെയ്തത്. ഗുരു ആശാന്റെ ദാർശനിക വീക്ഷണത്തെ മാത്രമല്ല, കാവ്യാത്മകതയെ സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു. ജാതിനവീകരണം, ആത്മീയ പ്രബുദ്ധത, മാനവികതയുടെ ഐക്യം എന്നിവയുമായി ബന്ധപ്പെട്ട ഗുരുവിന്റെ ആശയങ്ങൾ ആശാന്റെ കവിതകളിൽ പ്രധാനപ്രമേയങ്ങളായി നിറഞ്ഞു നിന്നു. തത്ത്വചിന്തയെ ജനങ്ങളിലെത്തിക്കുന്ന ശക്തമായ സന്ദേശങ്ങളാക്കുന്നതിൽ ആശാൻ തന്റെ രചനകളിലൂടെ അദ്വിതീയമായ സംഭാവനകൾ നൽകി.

ശ്രീനാരായണഗുരുവുമായുള്ള ബന്ധം ആശാന്റെ കാവ്യസ്വഭാവത്തിൽ നിർണായക മാറ്റങ്ങൾ കൊണ്ടുവന്നു. ശൃംഗാരരസകാവ്യങ്ങളിൽ നിന്നു മാറി, മനുഷ്യന്റെ അവസ്ഥകളെ കൂടുതൽ അവലോകനം ചെയ്യുകയും അറിവിന്റെ വീക്ഷണം വികസിപ്പിക്കുകയും ചെയ്ത ആശാൻ, ഇത് തന്റെ കാവ്യരചനകളിൽ പ്രതിഫലിപ്പിക്കാൻ ശ്രദ്ധിച്ചു. ഗുരുവിന്റെ ശിഷ്യനെന്ന നിലയിൽ, ജീവിതത്തിന്റെ വിവിധ തലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ, അദ്ദേഹം ഗുരുവിന്റെ ചിന്തകളുടെ സ്വാധീനത്തിൽ തന്റെ സാഹിത്യശൈലിയെ തവിഷയമാക്കി രൂപപ്പെടുത്തുകയും സമ്പുഷ്ടമാക്കുകയും ചെയ്തു.

ശ്രീനാരായണ ഗുരുവിന്റെ സാന്നിധ്യം ആശാന്റെ ജീവിതത്തിലുണ്ടാകുന്നത് യുവാവായിരിക്കുമ്പോഴാണ്.
ഗുരുവിന്റെ പ്രേരണയോടെ, ആശാൻ ഉന്നത സംസ്‌കൃതവിദ്യാഭ്യാസത്തിനായി മൈസൂരിലേക്കു പോയി, അവിടെ സംസ്‌കൃതത്തോടൊപ്പം ഇംഗ്ലീഷിലും പ്രാവീണ്യം നേടി. 1898ല്‍ കല്‍ക്കത്തയ്‌ക്കു തിരിച്ചു. ടാഗോറിന്റെ കൃതികളെ അടുത്തു പരിചയപ്പെടാനും ദേശീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടാനും ഇതൊരവസരമായി. 1900ല്‍ ശ്രീനാരായണഗുരുവിന്റെ നിര്‍ദ്ദേശാനുസരണം ആശാന്‍ അരുവിപ്പുറത്തേക്കു മടങ്ങി. 1904ലെ ശ്രീനാരായണ ധര്‍മ്മപരിപാലനയോഗത്തിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറി ആകുന്നതും യോഗത്തിന്റെ് മുഖപത്രമായ ‘വിവേകോദയം മാസിക’ ആരംഭിക്കുന്നതും ഇക്കാലത്താണ്.

ശ്രീനാരായണഗുരു അന്നത്തെ സാമൂഹ്യ ദുരാചാരങ്ങൾക്കും അയിത്താചാരങ്ങൾക്കും എതിരായി പ്രവർത്തിക്കുകയും അതില്ലാതാക്കാൻ ശ്രമിക്കുകയും സമത്വം സ്ഥാപിക്കാനും കഠിനമായി പ്രവർത്തിച്ചു. ഈ സാമൂഹിക പരിഷ്കാര ചിന്തകൾ ആശാന്റെ കവിതകളിൽ സ്പഷ്ടമായ പ്രതിഫലനം കാണിക്കുന്നു. ചണ്ഡാലഭിക്ഷുകിയിൽ, “ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരി ചോദിക്കുന്നു നീര്‍ നാവുവരണ്ടഹോ!” എന്ന വരികൾ ജാതിയുടെയും സമുദായത്തിന്റെയും അനീതികളെ ശക്തമായി ചോദ്യം ചെയ്യുന്നു. ഇതുവഴി ആശാൻ ഗുരുവിന്റെ സമത്വവാദ ചിന്തകളെ പൂർണ്ണമായി പിന്തുടരുകയാണ്. ‘മനുഷ്യരെല്ലാം ഒന്ന് ’ എന്ന് ശ്രീനാരായണ ഗുരുദേവൻ പറഞ്ഞുവെച്ചിട്ടുണ്ട്. മനുഷ്യരാശിയുടെ ഏകതയ്ക്കുവേണ്ടിയാണ് ഗുരു നിലകൊണ്ടത്. ഈ ദർശനം ആശാന്റെ കവിതകളിലും വ്യക്തമായി സജീവമാണ്. ചണ്ഡാലഭിക്ഷുകിയിൽ, ജാതി, മതം, അതിന്റെ അടിസ്ഥാനത്തിലുള്ള വേർതിരിവുകൾ വിമർശിക്കപ്പെടുകയും, മനുഷ്യസമത്വത്തിന്റെ പ്രാധാന്യം ശക്തമായി ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.

സ്നേഹം മനുഷ്യരാശിക്ക് ദൈവികമായ ഒരു അനുഭവമാണ്. ശ്രീനാരായണ ഗുരു സ്നേഹത്തെയാണ് ഏറ്റവും വലിയ ദൈവിക സവിശേഷതയായി കാണുന്നത്. ദിവ്യ പ്രണയത്തിൻെറ ഉദാത്ത ഭാവത്തെ ഉയർത്തി പിടിക്കുന്ന കൃതിയാണ് ലീല. “ദേഹം വെടിഞ്ഞാല്‍ തീരുന്നില്ലീ പ്രണയജടിലം ദേഹിതന്‍ ദേഹബന്ധം” എന്ന വരികളിലൂടെ, മാംസബന്ധങ്ങളിലുപരി ആത്മീയത നിറഞ്ഞ പ്രണയത്തിന്റെ വിശുദ്ധതയെ ആശാൻ പ്രാധാന്യമർപ്പിക്കുന്നു. ”സ്നേഹമാണഖിലസാരമൂഴിയില്‍ സ്നേഹസാരമിഹ സത്യമേകമാം മോഹനം ഭുവനസംഗമിങ്ങതില്‍ സ്നേഹമൂലമമലേ! വെടിഞ്ഞു ഞാന്‍” – നളിനിയിലെ വരികൾ സ്‌നേഹത്തെ മഹത്തായ ഒരു ശക്തിയായി അവതരിപ്പിക്കുന്നു.

സാർവത്രിക സാഹോദര്യമെന്ന ശ്രീനാരായണഗുരുവിന്റെ ദർശനം ആശാന്റെ കൃതികളിൽ ആവർത്തിച്ചു പ്രകടമാകുന്ന പ്രമേയമാണ്. പ്രരോദനം, നളിനി തുടങ്ങിയ കവിതകൾ മാനവികതയെ വിഭജിക്കുന്ന വേലിക്കെട്ടുകൾ ഇല്ലാതാക്കാൻ ആഹ്വാനം ചെയ്യുന്നു. ഇതിലൂടെ അനുകമ്പയുടെയും ഉൾക്കൊള്ളലിൻ്റെയും ഗുരുവിൻ്റെ ആദർശങ്ങൾ ആണ് പ്രതിധ്വനിക്കുന്നത്. ലൗകിക ബന്ധങ്ങളുടെ നശ്വരതയേയും ആത്മീയ സ്നേഹത്തിൻ്റെ ആവശ്യകതയേയും ഒരു വലിയ സന്ദേശമായി ഈ കൃതികളിൽ പറയുന്നു.

‘ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ! നീ ശ്രീ ഭൂവിലസ്ഥിര-അസംശയം-ഇന്നു നിൻെറ- യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോർത്താൽ” ആശാൻെറ ‘വീണ പൂവ്’ എന്ന ഖണ്ഡകാവ്യത്തിലെ വരികളാണിത്. ശ്രീനാരായണ ഗുരുവിൻ്റെ ആത്മീയ ദർശനമാണ് ആശാൻ്റെ കവിതയുടെ അടിത്തറ എന്ന് പറഞ്ഞുവല്ലോ. ഭൗതിക സമ്പത്തിൻ്റെ നിസ്സാരതയിലുള്ള ഗുരുവിൻ്റെ അദ്വൈത ദർശനമാണ് ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ആശാൻ്റെ ഗഹനമായ അന്വേഷണങ്ങൾക്ക് പ്രചോദനമായത്. കരുണയിൽ, ആശാൻ മനുഷ്യജീവിതത്തിൻ്റെ ക്ഷണികമായ സ്വഭാവത്തെക്കുറിച്ചും അനുകമ്പയുടെ ശാശ്വതമായ മൂല്യത്തെക്കുറിച്ചും പറയുന്നു. അതുപോലെ, വീണപൂവിൽ, ആശാൻ ജീവിതചക്രത്തെക്കുറിച്ചും മനുഷ്യ ശരീരത്തിൻ്റെ ജീർണതയുടെ അനിവാര്യതയെക്കുറിച്ചും പറയുന്നു, ഭൗതികതയെ മറികടന്ന് ആത്മീയതയെ ഉൾക്കൊള്ളാൻ ആണ് അതിലൂടെ നമ്മളോട് പറയുന്നത്.

ആശാന്റെ എല്ലാ കാവ്യങ്ങളിലും ഒരുതരം ശാശ്വതത അനുഭവപ്പെടുന്നു. ജീവിതം എത്രയേറെ വൈകാരികവും താൽക്കാലികവുമാണെങ്കിലും ആത്മവികാസമാണ് ദൈവികമെന്ന ഗുരുവിന്റെ ദർശനം കവിതകളിലൂടെ ആവർത്തിക്കുന്നു.”കണ്ണീരിനാൽ അവനിവാഴ്വു കിനാവു കഷ്ടം”വീണപൂവിലൂടെ ആശാൻ വെളിപ്പെടുത്തിയതു ജീവിതത്തിന്റെ അസ്‌ഥിരതയും വിധിയുടെ അലംഘനീയതയുമാണ്.

ശ്രീനാരായണ ഗുരുവിന്റെ ഭാഷ ശൈലി ലളിതമാണ്, ആശാന്റെ കവിതകളുടെ ഭാഷാശൈലിയും ഇതേ സമാനതകൾ പങ്കിടുന്നു. വേദാന്ത-ചിന്തകളെ സങ്കീർണമാക്കാതെ ലളിതമായി പ്രതിപാദിക്കുന്നത് ആശാന്റെ പ്രത്യേകതയാണ്.മനസ്സിലാക്കാൻ എളുപ്പമുള്ള ഒരു ഭാഷയിലാണ് അദ്ദേഹം ജീവിതത്തെ വ്യാഖ്യാനിച്ചത്. ഇത് അദ്ദേഹത്തിന് ഗുരുവിന്റെ ആശയങ്ങൾ കൂടുതൽ ആളുകളിലേക്ക് പ്രചാരത്തിലാക്കാൻ സാധിച്ചു.

ശ്രീനാരായണഗുരുവിൻ്റെ നവോത്ഥാന തീക്ഷ്ണതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കേരളത്തിൻ്റെ സാമൂഹിക-സാംസ്കാരിക നവോത്ഥാനത്തിൽ ആശാൻ്റെ കവിതകൾ പരിവർത്തനപരമായ പങ്ക് വഹിച്ചു. അദ്ദേഹത്തിൻ്റെ കൃതികൾ കേവലം കലാപരമായ ആവിഷ്‌കാരങ്ങൾ മാത്രമല്ല, സാമൂഹിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്ന മാറ്റത്തിൻ്റെ ഉപകരണങ്ങളായിരുന്നു. ഗുരുവിൻ്റെ ആദർശങ്ങളെ തൻ്റെ കവിതയിലേക്ക് സംയോജിപ്പിച്ച്, പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ശബ്ദം നൽകുകയും കൂടുതൽ സമത്വവും പ്രബുദ്ധവുമായ ഒരു സമൂഹത്തിനായി പരിശ്രമിക്കാൻ ഒരു തലമുറയെ പ്രചോദിപ്പിക്കുകയും ചെയ്തു. ‘മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മറ്റുമതുകളീ നിങ്ങളേ താൻ’, ഇതിനപ്പുറം ഒരു പരിഷ്‌ക്കരണ മുദ്രാവാക്യമുണ്ടോ ?
“സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്കു മൃതിയെക്കാള്‍ ഭയാനകം” എന്ന കുമാരനാശാന്റെ ഈ വരികളേക്കാൾ സ്വാതന്ത്ര്യത്തിനു വേണ്ടി ഉദ്ഘോഷിക്കുവാൻ ശ്രേഷ്ഠമായത് കണ്ടെത്താൻ പ്രയാസകരമായിരിക്കും.

കുമാരൻ ആശാൻ്റെ കാവ്യങ്ങളിൽ ശ്രീനാരായണ ഗുരുവിൻ്റെ സാന്നിധ്യവും സ്വാധീനവും അനിഷേധ്യമാണ്. ആത്മീയതയും സാമൂഹിക വിമർശനവും ദാർശനിക അന്വേഷണവും തടസ്സമില്ലാതെ സമന്വയിപ്പിച്ച് ഗുരുവിൻ്റെ ദർശനത്തിനെ കാവ്യവല്കരിച്ച വ്യക്തിയായിരുന്നു കുമാരനാശാൻ.വാക്കുകളുടെയും ആശയങ്ങളുടെയും പരിവർത്തന ശക്തിയെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്ന അദ്ദേഹത്തിൻ്റെ കൃതികളിലൂടെ ഗുരുവിന്റെ ദർശനത്തെയും കാലാതീതമായി നമ്മളിൽ നിലനിർത്തുന്നു.

കാഫ് ദുബായ് ഒന്നാം വാർഷികവും, മഹാകവി കുമാരനാശാൻ ചരമശതാബ്ദിയുടെയും ഭാഗമായി ‘ആശാൻ കവിതയിൽ ശ്രീനാരായണഗുരുവിന്റെ സാന്നിധ്യവും സ്വാധീനവും’ എന്ന വിഷയത്തിൽ നടത്തിയ പ്രബന്ധ രചനാമത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ഞാൻ എഴുതിയ പ്രബന്ധം.

Leave a Reply

Your email address will not be published. Required fields are marked *