ചരിത്രത്തിൽ എപ്പോഴും ചില നാഴികക്കല്ലുകൾ കാണും. ക്രിസ്തുവിനുമുമ്പ് (ബി.സി), ക്രിസ്തുവിനുശേഷം (എ.ഡി.), ഒന്നാം ലോകയുദ്ധത്തിനുശേഷം എന്നിങ്ങനെ ഒട്ടേറെ നാഴികക്കല്ലുകൾ…. ചരിത്രപുസ്തകങ്ങൾ മാത്രമല്ല, മനുഷ്യജീവിതങ്ങളും അതിനോട് ചേർത്ത് അടയാളപ്പെടുത്താറുണ്ട്. ഇനി ചിലപ്പോൾ ലോകചരിത്രം COVID-19ന് മുന്‍പും പിന്‍പും എന്ന് വായിക്കേണ്ടി വന്നേക്കാം. അതിവേഗം എല്ലാം മാറ്റിമറിക്കുകയാണ് ആ കുഞ്ഞുവൈറസ്. എല്ലാം ഇപ്പോൾ COVID നെ ചുറ്റിയാണ് തീരുമാനിക്കപ്പെടുന്നത് . രാഷ്ട്ര തീരുമാനം മുതൽ, വാർത്തകൾ ,തൊഴിലിടങ്ങളിലെ ക്രമീകരണങ്ങൾ, കുടുംബജീവിതം ഇവയെല്ലാം നിയന്ത്രിക്കപ്പെടുന്നതിൽ COVID19 നിർണ്ണായക പങ്കുവഹിക്കുന്നു.
2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ കണ്ടെത്തിയ കൊറോണ വൈറസ് ഇന്ന് ലോകത്തെ ഏതാണ്ട് ഒട്ടുമിക്ക രാജ്യങ്ങളിലും മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നു പിടിക്കുകയാണ് .
തുടക്കത്തിൽ താൽക്കാലികമായി “2019 നോവൽ കൊറോണ വൈറസ് (2019-nCoV)” എന്ന് പേരിട്ടിരുന്ന ഈ വൈറസിന് ഇപ്പോൾ SARS-CoV-2 എന്ന് International Committee of Taxonomy of Viruses (ICTV) നാമകരണം ചെയ്തു. കൊറോണ വൈറസ് രോഗം 2019 (COVID-19) എന്ന രോഗത്തിന് കരണക്കാരൻ ആണീ വൈറസ്.
COVID-19 സാഹചര്യത്തിൽ നമ്മുടെ ആവശ്യങ്ങളുടെ മുൻഗണനാ പട്ടികകൾ മാറുകയാണ് . നമുക്കെല്ലാവർക്കും (ഭൂരിപക്ഷം ആളുകൾക്കും ) ഇപ്പോൾ വൃത്തിയായി കൈ കഴുകാൻ അറിയാം .മുൻപ് ആരോഗ്യപ്രവർത്തകർക്ക് മാത്രം അറിയാമായിരുന്ന ഒന്നായിരുന്ന ഒന്നിനെ ജനകീയ വല്കരിക്കാൻ COVID-19 ന് ആയി. അതുപോലെ ചില കർശന നിയന്ത്രണങ്ങൾ വന്നപ്പോൾ ആളുകൾ അനിയന്ത്രിതമായി നടത്തിക്കൊണ്ടിരുന്ന പ്രകൃതി ചൂഷങ്ങൾക്ക് അല്പകാലത്തേക്കെങ്കിലും ഒരു കുറവ് വന്നു , വാഹങ്ങളുടെ ഉപയോഗം കുറഞ്ഞത് മൂലം കാർബൺ എമിഷൻ കുറവ് വന്നിട്ടുണ്ടാകാം (ആഗോള ദുരന്തങ്ങൾ, പ്രത്യേകിച്ച് സമ്പദ്‌വ്യവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തുന്നവ, carbon emissions താൽക്കാലികമായി കുറയ്ക്കാറുണ്ട് എന്ന് മുൻ അനുഭവങ്ങൾ). ആളുകളുടെ ധൂർത്തും അനാവശ്യ ചിലവുകൾക്കും ഒരു പരിധിവരെ കുറവ് വന്നിട്ടുണ്ട് . ഇതൊക്കെ ആശ്വാസത്തിന് പറയാമെങ്കിലും കൊറോണ ലോകത്തിനേൽപ്പിക്കുന്ന ആഘാതം വലുതാണ് . നിരവധി ആളുകളുടെ മരണത്തിനും , ഓഹരി വിപണിയുടെ തകർച്ചമുതൽ ആഗോള സാമ്പത്തിക തകർച്ചയ്ക്കും തൊഴിൽ നഷ്ടങ്ങൾക്കും ഇത് കാരണമാകുന്നു.ലോകത്തിലെ സാമ്പത്തിക സ്ഥിതി ഏതാണ്ട് കൂപ്പുകുത്തിയ അവസ്ഥയാണ് .
വികസിത രാജ്യങ്ങൾ , ആരോഗ്യമേഖലയിൽ വലിയ നൂതന സാങ്കേതിക സംവിധാനങ്ങൾ ഉള്ള രാജ്യങ്ങൾ പോലും കോറോണയുടെ മുന്നിൽ പകച്ചുനിൽക്കുന്നതാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് . അതിൽ നിന്നൊരു കാര്യം മനസ്സിലാക്കുന്നത് ഇ രാജ്യങ്ങൾ ഒക്കെ ജീവിതജന്യ രോഗങ്ങൾക്കും നൂതന ശാസ്ത്രക്രിയകൾക്കും മിടുക്കരാണ് . പക്ഷേ ഇവർക്കൊന്നും പെട്ടെന്നുണ്ടാകുന്ന പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ഉള്ള സംവിധാനങ്ങളോ കൃത്യമായ പദ്ധതികളൊ ഇല്ല. മറ്റൊന്നുകൂടി ഇതിനോട് ചേർത്തുവായിക്കണം , ഇവിടങ്ങളിലെ ആരോഗ്യ മേഖല കയ്യടക്കി വെച്ചിരിക്കുന്നത് സ്വകാര്യ മേഖലയിലെ വമ്പന്മാരാണ് . ആഗോളവൽക്കരണത്തിന്റെ വാതിലുകൾ പതിയ അടഞ്ഞുവന്നെക്കാം . രാജ്യങ്ങൾ അവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ സ്വയം പര്യാപ്തതയുടെ പുതിയ പരീക്ഷങ്ങളിലേക്ക് നീങ്ങും. സർക്കാരുകളെയും കമ്പനികളെയും സമൂഹങ്ങളെയും സാമ്പത്തിക അച്ചടക്കത്തിലേക്കും അതിന്റെ സുരക്ഷിത കരുതലുകളിലേക്കും കൂടുതൽ ചിന്തിപ്പിക്കും .അത് പെട്ടന്ന് ഉണ്ടാകുന്ന ദുരന്തങ്ങളെ നേരിടാനും അതിന്റെ അനന്തര ഫലങ്ങളെ ദീർഘകാലത്തേക്ക് നേരിടാനും പ്രാപ്തരാക്കും.
ആഗോള സാമ്പത്തിക ഭരണത്തിന്റെ രാഷ്ട്രീയം , നിലവിലെ പ്രതിരോധചങ്ങാത്തങ്ങൾ ഒക്കെ തലമേൽ മാറിമറിയും . പടിഞ്ഞാറൻ രാഷ്ട്രീയത്തിന്റെ തീട്ടൂരങ്ങൾക്കു ചെവികൊടുക്കാത്ത ഒരു രാഷ്ട്രീയം ഉരുത്തിരിഞ്ഞു വന്നേക്കാം .
മുതലാളിത്ത സമ്പദ്‌വ്യവസ്ഥ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമല്ലന്ന് ഇ അവസ്ഥയിലൂടെ അതിന്റെ പ്രയോക്താക്കൾക്കും കൂടി മനസ്സിലായി . സോഷ്യലിസ്റ്റ് വ്യവസ്ഥയിലെ പോലെ പൊതുമേഖലയിൽ ആരോഗ്യ സംരക്ഷണം നിലനിർത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് കാര്യങ്ങൾ വിരൽ ചൂണ്ടുന്നു .
നിലവിൽ കേരളത്തിലെ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണ്. സമൂഹത്തിന്റെ താഴേ തട്ടിലേക്ക് പോലും കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുന്നുണ്ട്. പഞ്ചായത്ത് വാർഡ് തലം മുതൽ അതിന് വേരുകൾ ഉണ്ട് . അതുകൊണ്ട് തന്നെ സർക്കാരുകൾ ഏറ്റെടുക്കുന്ന ആരോഗ്യ പ്രവർത്തങ്ങൾ കൃത്യമായി എല്ലാവരിലേക്കും എത്തിക്കാൻ സാധിക്കുന്നുണ്ട്. അതിനാൽ പ്രതിരോധ പ്രവർത്തങ്ങൾ മുതൽ , ബോധവൽക്കരണം വരെയും ഇതിലൂടെ സാധ്യമാകും .
കേരളത്തില്‍ 1996 ലെ ഇടതുമുന്നണി സര്‍ക്കാര്‍ 1997 മുതല്‍ നടപ്പിലാക്കിയ ജനകീയാസൂത്രണ പ്രസ്ഥാനം മറ്റു മേഖലകളോടൊപ്പം ആരോഗ്യരംഗത്തും വലിയ മാറ്റത്തിന് സാധ്യത തുറന്നു തന്നിട്ടുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ ജില്ലാ ആശുപത്രികള്‍ വരെ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പ്രാദേശിക ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് അനുസൃതമായി താഴെത്തട്ടില്‍ നിന്നു തന്നെ മുന്‍ഗണനാക്രമം നിശ്ചയിച്ച് ആരോഗ്യാസൂത്രണം നടത്താനും പൊതുജന സഹകരണത്തോടെ വിഭവസമാഹരണം നടത്തി സാമ്പത്തിക പ്രതിസന്ധി മുറിച്ചുകടക്കാനും പുതിയ സാഹചര്യം പശ്ചാത്തലമൊരുക്കി. ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയ്ക്ക് കീഴിൽ 2007 മുതൽ ആരോഗ്യകേരളം പദ്ധതി കേരളത്തിൽ നടപ്പിലാക്കി വരുന്നു.
ഈ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ആരോഗ്യമേഖലയ്ക്ക് വീണ്ടും ഒരുണർവ് വന്നിട്ടുണ്ട് .ഇന്ന് ആരോഗ്യ മേഖലയുടെ വികസനം മുന്നില്‍ കണ്ടാണ് ആര്‍ദ്രം മിഷന്‍ സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് . പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ സർക്കാർ മെഡിക്കൽ കോളേജുകൾ വരെ നൂതനമായ സംവിധാനങ്ങൾ ഒരുക്കിയും , സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും സാധാരണ ജനങ്ങൾക്ക് പ്രാപ്യം ആയ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാക്കി . മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ആരോഗ്യരംഗത്ത് വളരെയധികം മുന്നിലാണെന്നതിൽ തർക്കമില്ല. ശിശുമരണ നിരക്കും, മാതൃമരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനവും ഏറ്റവും കൂടുതല്‍ പ്രതീക്ഷിത ആയുസ് കേരളത്തിലെ ജനങ്ങള്‍ക്കാണ്. ഒരു ലക്ഷം പ്രസവത്തില്‍ മാതൃമരണ നിരക്ക് 46 ആക്കി കുറക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍ രോഗിസൗഹൃദമാക്കുക, ആധുനിക സൗകര്യങ്ങളൊരുക്കി ആവശ്യമായ ചികിത്സ ജനങ്ങളിലെത്തിക്കുക, മിതമായ നിരക്കില്‍ ചികിത്സ ലഭ്യമാക്കുക തുടങ്ങിയവയാണ് ആര്‍ദ്രം മിഷനിലൂടെ ലക്ഷ്യം വക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ മികച്ച കെട്ടിടവും പശ്ചാത്തലവും ആണ് ഒരുക്കിക്കൊണ്ടിരിക്കുന്നത് . ഇതിന്റെ ഒക്കെ പ്രതിഫലനം ആണ് നിപ്പ പോലുള്ള മഹാമാരിയെ കൂടുതൽ ആളുകളിലേക്ക് പടരാതെ അതിനെ നിയന്ത്രിക്കുന്നതിന് കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് കഴിഞ്ഞത് .കേന്ദ്ര സർക്കാരിന്റെ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (NQAS) അംഗീകരം സംസ്ഥാനത്തെ 42 ആശുപത്രികള്‍ക്ക് ലഭിച്ചിട്ടുണ്ട്.
ഈ രീതികൾ ഒന്നും ഇന്ത്യയിലെ മാറ്റ് സംസ്ഥാങ്ങൾക്ക് കൃത്യമായി നടത്താൻ സാധിച്ചിട്ടില്ല . കേരളം കാണിച്ചു കൊടുത്ത ഈ മാതൃക നാളെ ലോകത്തിന്റെ തന്നെ ആരോഗ്യമേഖലയ്ക്ക് ക്രിയാത്മകമായി എങ്ങനെ ഇടപെടാം എന്നതിനുള്ള ഫലവത്തായ രീതി ആയി മാറിയേക്കാം . ഒന്നുമല്ലങ്കിൽ ലോകം അതിനെ കുറിച്ച് പഠിക്കാൻ എങ്കിലും ശ്രമിക്കും .
ഇങ്ങനുള്ള രീതികൾ അവലംബിച്ചാൽ ഇറ്റലി പോലുള്ള രാജ്യങ്ങൾ മറ്റുവഴികളില്ലാതെ ഏറ്റെടുത്തിരിക്കുന്ന “selective distribution of Life saving systems ” എന്ന രീതികൾ ഒഴിവാക്കാൻ കഴിഞ്ഞേക്കാം. അനിയന്ത്രിതമായി രോഗികൾ കൂടുകയും ആവശ്യമുള്ള എല്ലാ രോഗികൾക്കും തീവ്രപരിചരണം നല്കാൻ കഴിയാതെയും വരുമ്പോൾ പരിമിതമായ തീവ്രപരിചരണ ഉപകരണങ്ങളുടെ ഉചിതമായ വിഹിതവും വിതരണ നീതിയും നടപ്പാക്കാൻ ആരോഗ്യപ്രവർത്തകർ നിർബന്ധിതരാകും . അങ്ങനെ വരുമ്പോൾ ഏറ്റവും കൂടുതൽ ചികിത്സാ വിജയം സാധ്യതയുള്ള രോഗികൾക്ക് തീവ്രപരിചരണത്തിനുള്ള പ്രവേശനം നിലനിർത്തുകയും അല്ലാത്തവരെ മരണത്തിന് വിട്ടുകൊടുക്കേണ്ടി വരികയും ചെയ്യും . വരുംകാലങ്ങളിൽ ആരോഗ്യമേഖലയിൽ കൂടുതൽ ചർച്ചചെയ്യപ്പെട്ടേക്കാവുന്ന ഒരു രീതിയായി ഇത് മാറിയേക്കാം . അങ്ങനെ ആരാണ് മരിക്കേണ്ടത് ജീവിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് ആരോഗ്യപ്രവർത്തകർ ആകും എന്ന വലിയ ദുരവസ്ഥയിലേക്ക് നമ്മൾ നീങ്ങിയേക്കാം.
ഇനി തൊഴിൽ മേഖലയിലേക്ക് നോക്കിയാൽ , ‘WORK AT HOME’ എന്ന രീതിയാണ് ചർച്ചചെയ്യപെടുന്നത് . മനുഷ്യ ശേഷിയുടെ ഉപയോഗ മൂല്യം കമ്പനികൾക്ക് പഠിക്കാൻ ഉള്ള അവസരമായി ഇതിനെ ഉപയോഗിക്കുകയും , അത് അവർക്ക് മെച്ചമാണെന്ന് കണ്ടാൽ ആ രീതിയിലേക്ക് ഉള്ള തൊഴിൽ സംസ്കാരം രൂപപ്പെട്ടു വന്നേക്കാം . മൂലധന ചിലവിൽ തന്നെ വലിയ വ്യത്യാസം ഇതുവഴി കമ്പനികൾക്ക് ഉണ്ടായേക്കാം , ഓഫീസിന് വേണ്ടി എടുക്കുന്ന സ്ഥലം മുതൽ തൊഴിലാളികളുടെ ഗതാഗതം, ഇന്റർനെറ്റ് , ഫോൺ ഉപയോഗം ഇവയുടെയെല്ലാം ചിലവ് ചുരുക്കലിന്റെ വലിയ സാധ്യതയെ കുറിച്ച് കമ്പനികൾക്ക് ചിന്തിക്കാം . “Work at Home” എന്നത് “Always at WORK” എന്ന സ്ഥിയിലേക്ക് എത്തിച്ചേക്കാം. തൊഴിൽ സ്വാതന്ത്ര്യങ്ങളും , അവകാശങ്ങളും പുതിയ രീതിയിൽ എങ്ങനെ മാറ്റപ്പെടുമെന്നത് കാത്തിരുന്നു കാണാം .
പറഞ്ഞു വരുന്നത് മുതലാളിത്ത വ്യവസ്ഥ , സ്വകാര്യ സാമ്പത്തവ്യവസ്ഥക്ക് മാത്രമേ ശക്തി കൂട്ടുന്നുള്ളു , അത് രാജ്യത്തിന്റെ സാമൂഹിക വ്യവസ്ഥയിലെ ഇടത്തരം ആളുകൾ മുതൽ താഴോട്ടുള്ളവരെ കരുതുന്നതുപോലും ഇല്ല . അത് മാത്രമല്ല ഇ മുതലാളിത്ത രാഷ്ട്രീയ വ്യവസ്ഥയിൽ രൂപപ്പെട്ട രാഷ്ട്രീയ സൗഹൃദങ്ങൾക്കു യാതൊരു വിധത്തിലുള്ള കടപ്പാടുകളോ പ്രതിബദ്ധതയോ രാജ്യങ്ങൾ തമ്മിൽ ഇല്ലന്ന് കൂടി വ്യക്തമാകുന്നു. അവിടെയാണ് കമ്മ്യൂണിസത്തിൽ ഊന്നിയ സോഷ്യലിസ്റ്റ് ചിന്താഗതികളുടെ മേന്മയെ കാണിച്ചു തരുന്ന രീതിയിൽ ആ രാഷ്ട്രീയ വ്യവസ്ഥയിൽ ഉള്ള രാജ്യങ്ങളായ ചൈനയും ക്യൂബയും മറ്റുള്ള രാജ്യങ്ങൾക്കു ഇ ദുരന്തമുഖത്ത് ഒരു കൈത്താങ്ങായി മാറുന്നത് . അവർ ഇ ദുരന്ത സമയത്ത് ഉയർത്തിപ്പിടിക്കുന്നത് മുതലാളിത്ത രാജ്യങ്ങൾക്ക് ഇല്ലാതെ പോയ മാനവിക ബോധമാണ്.
മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര ചിന്തയുടെ ശക്തിയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാരിന് ഉള്ളത് . മനുഷ്യനെ ബാധിക്കാൻ സാധ്യതയുള്ള ഏതെല്ലാം കാരണങ്ങളാണോ , അവയ്‌ക്കെല്ലാം സാധ്യമായ പരിഹാരം നിർദ്ദേശിച്ചുകൊണ്ടാണ് കൊറോണ എന്ന മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുന്നത് . ഇവിടെ ജനപക്ഷത്തുനിൽക്കുന്ന ഒരു സർക്കാരുണ്ട് , അവർ നേതൃത്വം കൊടുക്കുന്ന സർക്കാർ വകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ ഉണ്ട് ;നമ്മൾ തളരില്ല . അതുറപ്പാണ് .
ഒരു കാര്യം ഉറപ്പാണ് COVID-19 പ്രതിസന്ധിയുടെ “വിജയികൾ” ആയിരിക്കും ഇനി ചരിത്രം എഴുതുന്നത് .
ദേശാഭിമാനി വെബ് ന്യൂസിൽ , മാതൃഭൂമി ഗൾഫ് ഫീച്ചറിൽ വന്ന ലേഖനം
https://www.deshabhimani.com/from-the-net/covid-19-kannan-s-das-capitalism/862644
https://www.mathrubhumi.com/print-edition/world/02apr2020-1.4662088?fbclid=IwAR2ojXSO13JlbDDuMkllwGs-slMbmYaeWPtHjtcmbzo90jm1h4l6rtMuKKw