ചരിത്രം അറിയാൻ ശ്രമിക്കാത്ത ഇന്നത്തെ തലമുറയെ തെറ്റിദ്ധരിപ്പിക്കാൻ ആണു സംഘപരിവാറും അവരോടൊപ്പം ചേർന്ന് കോൺഗ്രസ്സും ശ്രമിക്കുന്നതു.
ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചത് മുതൽ ഇങ്ങോട്ട് നടന്നിട്ടുള്ള ഐതിഹാസിക സമരങ്ങൾ എന്താണെന്നു പൊലും അറിയതെ സംസാരിക്കുന്ന “കുപ മണ്ടൂകങ്ങളെ” പറഞ്ഞു മനസിൽ ആക്കുക പ്രയാസം ആണു .
എന്നാലും ഒരു ശ്രമം നടത്താം.
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ചരിത്രം
1920-ൽ താഷ്കന്റിൽ വെച്ചാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണം.എം.എൻ. റോയ്, അബാനി മുഖർജി, ഹസ്രത് അഹ്മദ് ഷഫീക്ക് തുടങ്ങി ഏതാനും ചില വ്യക്തികൾ പങ്കെടുത്ത ഈ ചടങ്ങലിലാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുവാൻ ധാരണ ആയത്. തുടർന്നുള്ള വർഷങ്ങളിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്കും കാൺപൂരിലെ മീറ്റിങ്ങിനും വഴി വെച്ചത് ഈ ചടങ്ങ് ആണു.
ഇന്ത്യയിലെ പല സ്ഥലങ്ങളിലും കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ്കൾ ഉണ്ടായി .അവയിൽ പ്രധാന കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ്കൾ ഇവയായിരുന്നു.
1) മുസാഫിര് അഹമ്മദിന്റെ നേതൃത്വത്തില് ഉള്ള ബംഗാള് ഗ്രൂപ്പ്
2) എസ്.എ ദാന്ഗെയുടെ നേതൃത്വത്തില് ഉള്ള ബോംബെ ഗ്രൂപ്പ്
3) ശിങ്കാരവേലു ചെട്ടിയാരുടെ നേതൃത്വത്തില് ഉള്ള മദ്രാസ് ഗ്രൂപ്പ്
4) ഗുലാം ഹുസൈന്റെ നേതൃത്വത്തില് ഉള്ള പഞ്ചാബ് ഗ്രൂപ്പ്
5) ഷൌക്കത്ത് ഉസ്മാനിയുടെ നേതൃത്വത്തില് ഉള്ള സംയുക്ത മധ്യമേഖല ഗ്രൂപ്പ്
കമ്മ്യുണിസ്റ്റ് പാര്ട്ടി പ്രവര്ത്തനങ്ങള് രാജ്യദ്രോഹ ക്രിമിനല് കുറ്റമായി കണക്കാക്കി ബ്രിട്ടീഷുകാര് നിരോധിച്ച അക്കാലത്ത്, രഹസ്യമായി ആയിരുന്നു ഈ ഗ്രൂപ്പുകളുടെ പ്രവര്ത്തനം.
1921നും 1924നും ഇടയില്, ഒന്നാം പെഷവാര് ഗൂഡാലോചന കേസ്, മോസ്കോ ഗൂഡാലോചന കേസ് , രണ്ടാം പെഷവാര് ഗൂഡാലോചന കേസ്, കാണ്പൂര് ഗൂഡാലോചന കേസ് എന്നിങ്ങനെ നാല് ഗൂഡാലോചന കേസുകള് ആണ് ബ്രിട്ടീഷ് സര്ക്കാര് കമ്മ്യുണിസ്റ്റ് നേതാക്കന്മാരുടെ മേല് ചുമത്തിയത്.
ഇവയില് ഏറ്റവും പ്രമാദമായ കാണ്പൂര് ഗൂഡാലോചന കേസില്, 1924 മാര്ച്ച് 17ന് സഖാക്കള് എം.എന്.റോയ്, എസ്.എ.ദാന്ഗെ, മുസാഫിര് അഹമ്മദ്, നളിനി ഗുപ്ത, ഷൌക്കത്ത് ഉസ്മാനി, ആര്.സി.ശര്മ്മ എന്നിവര്ക്കെതിരെ കുറ്റപത്രം സമര്പ്പിച്ചു. “ബ്രിട്ടീഷ് സാമ്രാജ്യത്തെ തകര്ത്ത് ഇന്ത്യയെ സ്വതന്ത്രരാജ്യം ആക്കാന് സായുധ വിപ്ലവം നടത്താന് ഗൂഡാലോചന നടത്തി എന്നായിരുന്നു” അവര്ക്കെതിരെ ചുമത്തിയ കുറ്റം.
1920-ലെ രൂപീകരണത്തിന് ശേഷം, അഹമ്മദാബാദിൽ വെച്ച് 1921-ൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമ്മേളനത്തിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പേരിൽ മാനിഫെസ്റ്റോ വിതരണം നടന്നു. ആ സമ്മേളനത്തിൽ വെച്ച് തന്നെ താഷ്കെന്റ് കമ്മിറ്റി മുൻകൈ എടുത്തുകൊണ്ട് ദേശീയ പ്രസ്ഥാനത്തിന്റെ ലക്ഷ്യം പൂർണ്ണ സ്വരാജാണെന്ന് പ്രഖ്യാപിക്കുന്ന ഒരു പ്രമേയം മൗലാനാ ഹസ്രത്ത് മൊഹാനി അവതരിപ്പിക്കുകയുണ്ടായി.
പിന്നീട് ഗയയിലും ഗുവാഹത്തിയിലും വെച്ച് നടന്ന കോൺഗ്രസ്സ് സമ്മേളനങ്ങളിലും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മാനിഫെസ്റ്റോ വിതരണം നടന്നു. 1922-ൽ ചേർന്ന അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്സിന്റെ സമ്മേളനത്തിലും മൂന്നാം ഇന്റർനാഷണലിന്റെ സന്ദേശം അയയ്ക്കുകയുണ്ടായി.
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പിറവി കൊള്ളുന്നത് 1937-ൽ കോഴിക്കോടുള്ള തിരുവണ്ണൂരിൽ വച്ചു നടന്ന യോഗത്തോടെയാണ്. കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലെ നാലംഗങ്ങളും, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു കേന്ദ്ര കമ്മറ്റിയംഗവുമാണ് ഈ ആദ്യ യോഗത്തിൽ സംബന്ധിച്ചത്.
1931ൽ തന്നെ തിരുവനന്തപുരത്ത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ലീഗ് രൂപം കൊണ്ടിരുന്നു.
1939-ൽ പിണറായി സമ്മേളനത്തോടെയാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഔദ്യോഗികമായി രൂപം കൊള്ളുന്നത്. ഈ സമ്മേളനത്തോടെ കേരളത്തിലെ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി അംഗങ്ങൾ എല്ലാം തന്നെ കമ്മ്യൂണിസ്റ്റുകാരായി മാറി.
കേരളത്തിലെ ജാതി സമ്പ്രദായവും നവോത്ഥാന പ്രക്ഷോപങ്ങളും
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും പത്തൊന്പതാം നൂറ്റാണ്ടിന്റെ ഒടുവിലുമായി കേരളത്തിൽ ഉണ്ടായ സാംസ്കാരികവും മതപരവുമായ നവോത്ഥാനപരിഷ്കരണ പ്രവർത്തനങ്ങളെ ശ്രീനാരായണഗുരുവും, അയ്യന്കാളിയും, ചട്ടമ്പി സ്വാമികളും, വി.ടി.ഭട്ടതിരിപ്പാടും, സഹോദരന് അയ്യപ്പനും ഒക്കെ വിതച്ച ജാതി, മതഭേദങ്ങള്ക്ക് എതിരെയുള്ള പോരാട്ടം മുന്നോട്ടു കൊണ്ട് പോയതും, അതിനെ ഇന്നത്തെ ആധുനിക സാമൂഹിക ക്രമത്തില് എത്തിച്ചതിലും അത് ഇന്നും ഇളക്കം തട്ടാതെ സംരക്ഷിച്ചു പോകുന്നതിലും ഒക്കെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം വഹിച്ച, വഹിക്കുന്ന നിര്ണ്ണായക പങ്കിനെ തള്ളികളയാന് ആവില്ല .
ഗുരുവായൂർ സത്യാഗ്രഹം
1931-32 – ൽ തൊട്ടുകൂടായ്മ തീണ്ടൽ തുടങ്ങിയ അയിത്താചാരങ്ങൾക്കു എതിരായി നടത്തിയ സമരമാണു ഗുരുവായൂർ സത്യാഗ്രഹം. കേരള നവോത്ഥാന ചരിത്രത്തിലെ ഒരു നാഴികകല്ലാണു ഈ സമരം. വടകരയിൽ വച്ചു നടന്ന കെ.പി.സി.സി യോഗം ഹൈന്ദവക്ഷേത്രങ്ങളിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നൽകണം എന്ന പ്രമേയം പാസ്സാക്കിയിരുന്നു. ഈ പ്രമേയത്തിൻ പ്രകാരമാണ് ഗുരുവായൂർ സത്യാഗ്രഹം നടത്താൻ പദ്ധതി തയ്യാറാക്കിയത്. അന്നത്തെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിശ്ചയിച്ചു നടത്തിയ ഈ സമരത്തിനു് കെ. കേളപ്പൻ, AKG, പി. കൃഷ്ണപിള്ള, സുബ്രഹ്മണ്യൻ തിരുമുമ്പ് എന്നിവരാണ് നേതൃത്വം നൽകിയതു്.
AKG-യെയാണ് സത്യഗ്രഹ വോളന്റിയർമാരുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. AKG-യുടെയും സുബ്രഹ്മണ്യൻ തിരുമുമ്പിന്റെയും നേതൃത്വത്തിലുള്ള ഒരു സംഘം വോളന്റിയർമാർ ഒക്ടോബർ 21ന് കാൽനടയായി കണ്ണൂരിൽ നിന്ന് ഗുരുവായൂരേക്ക് പുറപ്പെട്ടു. വഴിനീളെ ആവേശഭരിതരായ ജനക്കൂട്ടം സംഘത്തിന് വരവേൽപ്പ് നൽകി.
ഈ ജാഥ ഒക്ടോബർ 31 ന് ഗുരുവായൂർ ക്ഷേത്ര നടക്കലെത്തുകയും, നവംബർ ഒന്നിന് നിരാഹാരസമരം ആരംഭിക്കുകയും ചെയ്തു. കെ. കേളപ്പൻ പന്ത്രണ്ടു് ദിവസത്തെ നിരാഹാരം കിടന്നു. എന്നും പുലർച്ചെ മൂന്നുമണിക്ക് നടതുറക്കുമ്പോൾ സത്യഗ്രഹം തുടങ്ങും. പല നേതാക്കളും ഗുരുവായൂർ സമരസ്ഥലം സന്ദർശിച്ചു പിന്തുണ പ്രഖ്യാപിച്ചു. എൻ.എസ്.എസ്., എസ്.എൻ.ഡി.പി, ഉണ്ണിനമ്പൂതിരി സഭ തുടങ്ങിയ സാമൂദായിക സംഘടനകൾ സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ ദിവസങ്ങൾ കഴിയുന്തോറും സമരത്തിന്റെ ആവേശം കുറഞ്ഞു വന്നു. സത്യഗ്രഹ സമരം പരാജയത്തിലേക്കു നീങ്ങാൻ തുടങ്ങി. നവംബർ ഏഴിന് സുബ്രഹ്മണ്യൻ തിരുമുമ്പ് അറസ്റ്റിലായി. ജനുവരി നാലിന് AKG-യെയും അറസ്റ്റ് ചെയ്തു.
സത്യാഗ്രഹത്തിനിടെ ആറ് മാസത്തെ ശിക്ഷ കഴിഞ്ഞ് കണ്ണൂർ ജയിലിൽ നിന്നും സമരമുഖത്ത് തിരിച്ചെത്തിയ AKG വീണ്ടും സത്യഗ്രഹ ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്തു. സമരം ഇഴഞ്ഞു നീങ്ങുന്നു എന്നു തോന്നിയ ഈ അവസരത്തിലാണ് പി. കൃഷ്ണപിള്ള ക്ഷേത്ര ശ്രീകോവിലിന് മുന്നിലെ മണി മുഴക്കിയത്. മണി മുഴക്കി തൊഴുകുവാനുള്ള അവകാശം ബ്രാഹ്മണർക്കുമാത്രമാണ് ഉണ്ടായിരുന്നത്. ക്ഷേത്രം കാവൽക്കാർ കൃഷ്ണപിള്ളയെ അതിക്രൂരമായി തല്ലിച്ചതച്ചു. പിറ്റേ ദിവസവും മണിയടിക്കുന്നത് കൃഷ്ണപിള്ള ആവർത്തിച്ചു,മർദ്ദനം വീണ്ടും പഴയതിലും ശക്തിയിൽ തുടർന്നു. കൃഷ്ണപിള്ള അക്ഷ്യോഭ്യനായിനിന്ന് ഈ മർദ്ദനമെല്ലാം ഏറ്റുവാങ്ങി. ഈയവസരത്തിൽ തെല്ലും കൂശാതെ “ഉശിരുള്ള നായർ മണിയടിക്കും, എച്ചിൽപെറുക്കി നായൻമാർ അവരുടെ പുറത്തടിക്കും” എന്ന് കാവൽക്കാരെ കൃഷ്ണപിള്ള പരിഹസിച്ചു. കൃഷ്ണപിള്ളയേയും, പത്മനാഭൻ നമ്പ്യാരേയും ക്ഷേത്രം ജീവനക്കാർ ബലമായി പിടിച്ചു പുറത്താക്കി. കൃഷ്ണപിള്ള അവിടെ പിക്കറ്റിംഗ് ആരംഭിക്കുകയും, ക്ഷേത്രത്തിൽ വരുന്നവരോട് ഈ അനീതി അവസാനിക്കുന്നതുവരെയെങ്കിലും ക്ഷേത്രത്തിലേക്കു വരരുതേയെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഈ വിവരം രാജാവിനെ അറിയിച്ചിട്ടുണ്ടെന്നും, അദ്ദേഹത്തിന്റെ മറുപടിക്കായി ഒരാഴ്ച കാത്തിരിക്കണമെന്നും ക്ഷേത്രം ഭാരവാഹി കൃഷ്ണപിള്ളയോടാവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹം സമരം അവസാനിപ്പിച്ചു.
ക്ഷേത്രഭാരവാഹികൾ സമരാനുകൂലികൾക്കെതിരേ നിരന്തരമായ ഉപദ്രവം സൃഷ്ടിച്ചുകൊണ്ടിരുന്നു. ഡിസംബർ 28 ന് നേതാവ് എ.കെ.ഗോപാലന് ക്രൂരമായ മർദ്ദനമേറ്റു. പിറ്റേ ദിവസം പൊതുജനങ്ങൾ സമരമുഖം സംഘർഷമാക്കി. സത്യഗ്രഹികളെ തടയാനായി ക്ഷേത്രത്തിനു ചുറ്റും കെട്ടിയിരുന്ന മുള്ളുവേലി പൊതുജനങ്ങൾ കൂട്ടമായി ചെന്നു പൊളിച്ചു കളഞ്ഞു. ഗോപുരം വരെ ആർക്കും ചെല്ലാമെന്ന നിലവന്നപ്പോൾ അധികൃതർ ക്ഷേത്രം അനിശ്ചിത കാലത്തേക്ക് അടച്ചിടുകയാണുണ്ടായത്. ജനുവരി 28 ന് ക്ഷേത്രം വീണ്ടും തുറന്നപ്പോൾ സത്യഗ്രഹം പുനരാരംഭിക്കുകയും ചെയ്തു. ഏറ്റെടുത്ത ലക്ഷ്യം പൂർത്തീകരിക്കുവാനായി തന്റെ ജീവൻ വരെ ബലികഴിക്കുവാൻ കേളപ്പൻ തയ്യാറായി. അദ്ദേഹം ക്ഷേത്രം എല്ലാവർക്കുമായി തുറക്കും വരെ ഉപവാസം അനുഷ്ഠിക്കുവാൻ തുടങ്ങി. കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നും ഗുരുവായൂർ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരജാഥകൾ ഗുരുവായൂരിലേക്കു പുറപ്പെടാൻ തുടങ്ങി. സവർണ്ണ ഹിന്ദുക്കളും ഈ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രംഗത്തെത്തി. കേളപ്പന്റെ ജീവൻ രക്ഷിക്കാനായി ഒപ്പു ശേഖരണവും അപേക്ഷകളും കേരളമൊട്ടാകെ നടന്നു. സമരം ക്ഷേത്രത്തിനകത്തേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചു. നേതാക്കൾ പ്രശ്നപരിഹാരത്തിനായി ഗാന്ധിജിക്കു സന്ദേശമയച്ചു. അവസാനം സമരം താൽക്കാലികമായി അവസാനിപ്പിക്കാനും, ഇതിന്റെ ഭാവി ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും കാണിച്ച് ഗാന്ധിജി കേളപ്പന് സന്ദേശമയക്കുകയും, അതനുസരിച്ച് പൂർണ്ണ താൽപര്യത്തോടെയല്ലെങ്കിലും കേളപ്പൻ സമരമവസാനിപ്പിക്കുകയും ചെയ്തു. പിന്നീട് പൊന്നാനി താലൂക്കിൽ ക്ഷേത്രം അവർണർക്ക് തുറന്നുകൊടുക്കേണ്ട കാര്യത്തിൽ ഹിന്ദുക്കൾക്കിടയിൽ വോട്ടെടുപ്പ് നടത്തുകയുണ്ടായി.15568 പേർ ക്ഷേത്രപ്രവേശനത്തിനനുകൂലമായും, 2779 പേർ പ്രതികൂലമായും വോട്ടു രേഖപ്പെടുത്തി. 2106 പേർ നിഷ്പക്ഷത പാലിച്ചപ്പോൾ, 7302 പേർ ഈ വോട്ടെടുപ്പിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. 77 ശതമാനത്തോളം ആളുകൾ ക്ഷേത്രപ്രവേശനത്തിനെ അനുകൂലിക്കുകയുണ്ടായി. ഇത് ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വിജയമായി കണക്കാക്കപ്പെടുന്നു. ഗുരുവായൂർ സത്യാഗ്രഹം ഫലമായി ഗുരുവായൂർ ക്ഷേത്രം ഉടനടി അവർണർക്ക് തുറന്നുകൊടുത്തില്ലെങ്കിലും, ക്ഷേത്രപ്രവേശനം നിഷേധിക്കുന്നതിനെതിരായ പൊതുബോധം സജീവമാക്കാൻ ഈ സത്യാഗ്രഹത്തിനു് സാധിച്ചു. 1937ൽ ശ്രീചിത്തിര തിരുനാൾ തിരുവിതാംകൂർ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കാനുണ്ടായ സാഹചര്യവും ഈ സത്യാഗ്രഹം സൃഷ്ടിച്ചു.
വൈക്കം സത്യാഗ്രഹം , ഗുരുവായൂർ സത്യാഗ്രഹം കൊണ്ട് ഉച്ചനീചത്വം അവസാനിച്ചിരുന്നു എങ്കിൽ 1947 ൽ കൊച്ചിയിലെ പാലിയം ക്ഷേത്രപരിസരത്ത് റോഡിൽ കൂടി അവർണ്ണർക്കും അഹിന്ദുക്കൾക്കും സഞ്ചരിക്കുന്നതിനുള്ള സ്വാന്ത്ര്യത്തിനു വേണ്ടി പാലിയം സമരം നടക്കേണ്ടി വരില്ലായിരുന്നല്ലോ ! 97 ദിവസം നീണ്ടുനിന്ന ഈ സമരത്തിൽ കമ്യൂണിസ്റ്റു നേതാവും തുറമുഖത്തൊഴിലാളിയുമായിരുന്ന എ ജി വേലായുധൻ പൊലീസ് മർദനത്തിൽ രക്തസാക്ഷി ആയി. കീഴാള വർഗ്ഗങ്ങൾ മറ്റുമനുഷ്യരെപ്പോലെ തലയുയർത്തി പൊതുവഴിയിലൂടെ സഞ്ചരിക്കാൻ വേണ്ടിയുള്ള അവകാശത്തിനായാണ് പാലിയം സമരം നടന്നതും ആ സമരത്തിൽ ഒരു കമ്മ്യൂണിസ്റ്റ്‌കാരൻ രക്തസാക്ഷി ആകേണ്ടി വന്നതും ?
കര്‍ഷകസമരങ്ങളുടെ ചരിത്രം
ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ കുടിയാന്‍മാര്‍ ജന്മിമാരില്‍ നിന്നും വലിയ രീതിയിലുള്ള ചൂഷണമാണ് നേരിട്ടത്. ജന്മിമാരുടെ കണ്ണില്‍ മണ്ണില്‍ പണിയെടുക്കാനുള്ള ഒരു ഉപകരണം മാത്രമായിരുന്നു സാധാരണക്കാര്‍. സമൂഹം ജന്മിമാരെന്നും കുടിയാന്മാരെന്നും രണ്ട് തട്ടായി തിരിക്കപ്പെട്ടു. പല തരത്തിലുള്ള നികുതികളാണ് കുടിയാന്റെ മേല്‍ ജന്‍മ്മിമാര്‍ ചുമത്തിയിരുന്നത്. നിര്‍ബന്ധപിരിവുകള്‍ക്കുമപ്പുറം കര്‍ഷകന്റെ സ്വാതന്ത്യത്തിനുമേലുള്ള കടന്നുകയറ്റം തന്നെയായിരുന്നു ജന്‍മിമാര്‍ നടത്തിയിരുന്നത്. വസ്‌ത്രധാരണം ആചാരങ്ങള്‍ തുടങ്ങിയവയില്‍പോലും ജന്‍മിമാരുടെ നിയന്ത്രണം ഉണ്ടായിരുന്നു. കൃഷിചെയ്യുന്ന ഭൂമിക്ക് കുടിയാന്‍മാര്‍ നിശ്ചിതനികുതി ജന്‍മിക്കോ ചെറുകിട ജന്‍മിക്കോ വീതിച്ചുനല്‍കണം. ഇത്തരത്തിലുള്‌ള നികുതി നല്‍കുന്നതിലൂടെ മാത്രമായിരുന്നു കുടിയാന്‍മാര്‍ക്ക് ഭൂമിക്ക് മേലുള്ള അവകാശം സ്ഥാപിച്ച് കിട്ടുന്നത്.ചൂഷണവ്യഗ്രത കൂടുന്നതിനനുസരിച്ച് ഇത്തരം നികുതി പിരിവുകള്‍ ഒരാചാരമായി മാറി. വിശേഷ ദിവസങ്ങളില്‍ കുടിയാന്‍ ജന്മിമാരെ പ്രീതിപ്പെടുത്താന്‍ ചേന, ചേമ്പ്,നാളികേരം തുടങ്ങിയവ കാഴ്‌ചവെക്കണം. സ്‌ത്രീകള്‍ക്ക് ശരിയായ രീതിയില്‍ വസ്‌ത്രം ധരിക്കാനും മാറ് മറക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടിരുന്നു. കുടിയാന്മാര ജന്മിമാര്‍ക്കു മുന്നില്‍ മുട്ടിനു താഴെ വരെ മാത്രം മുണ്ടുടുത്ത് മേല്‍ മുണ്ട് കക്ഷത്തിലിറുക്കി ഇടതുകൈ വലത്തേ കക്ഷത്തില്‍ തിരുകി വലതു കൈ കൊണ്ട് മുഖം മറച്ച് നടു വളച്ച് തലകുനിച്ച് മാത്രമേ ജന്‍മിക്കു മുന്നില്‍ നില്‌ക്കാന്‍ അവകാശമുണ്ടായിരുന്നുള്ളൂ. അക്ഷരാര്‍ത്ഥത്തില്‍ സാധാരണക്കാരന്റെ ജീവിതത്തിനുമേലുള്ള കടന്നുകയറ്റം തന്നെയായിരുന്നു ജന്‍മിമാര്‍ നടത്തിയിരുന്നത്. ഈ സാമൂഹ്യ സാഹചര്യത്തില്‍ കുടിയാന്മാരുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. കമ്മ്യൂണിസ്റ്റ പ്രസ്ഥാനത്തിന്റെ രൂപീകരണ ശേഷം കമ്യൂണിസ്റ്റ് ആശയങ്ങളുടെ കീഴിലായിരുന്നു കര്‍ഷക തൊഴിലാളികള്‍ പ്രതിഷേധവും സമരങ്ങളും സംഘടിപ്പിച്ചത്.
കയ്യൂർ സമരം
സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നിരവധി കര്‍ഷകസമരങ്ങള്‍ നടന്ന സംസ്ഥാനമാണ് കേരളം. കൊളോണിയല്‍ ഭരണവും ഫ്യൂഡല്‍വ്യവസ്ഥിതിയും അവര്‍ സ്വീകരിച്ചിരുന്ന കര്‍ഷക വിരുദ്ധ സമീപനങ്ങള്‍ വരെ ഇത്തരം കര്‍ഷകസമരങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ സാമ്രാജ്യത്വ ജന്മിത്വ വാഴ്‌ചക്കെതിരെ കമ്മ്യൂണിസ്റ്റ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ള സമരങ്ങളിലെ ഒന്നായിരുന്നു കയ്യൂര്‍ സമരം.
യുദ്ധത്തെതുടർന്നുണ്ടായ കെടുതികളുടെ പുറകെ ജന്മിമാര്‍ നിഷ്‌ക്കരുണം കര്‍ഷകര്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചിരുന്നു ‘വെച്ചു കാണല്‍‘, ‘നുരി‘, ‘മുക്കാല്‍‘, ‘ശീലക്കാശ് തുടങ്ങിയ അക്രമപ്പിരിവുകള്‍ക്ക് ശക്തമായ സമരത്തിലൂടെ അറുതിവരുത്തണമെന്ന് തീരുമാനിച്ചു.സമരത്തിന്റെ ആദ്യഘട്ടം എന്ന നിലയില്‍ 1941 മാര്‍ച്ച് 30-ന് വിവിധ പ്രദേശങ്ങളില്‍ നിന്നെത്തുന്ന കര്‍ഷകര്‍ ജാഥയായി ഒരുമിച്ച് പ്രദേശത്തെ ജന്മിയായിരുന്ന നീലേശ്വരം രാജയ്‌ക്ക് അക്രമപ്പിരിവുകള്‍ക്കെതിരായി ഒരു നിവേദനം നല്‌കാനായിരുന്നു തീരുമാനം. നിവേദനത്തിന്റെ ഒരു കോപ്പി ആദ്യം തന്നെ നീലേശ്വരം രാജയ്‌ക്ക് അയച്ചുകൊടുത്തു. നിവേദനം വായിച്ച രാജയുടെ നേതൃത്വത്തില്‍ പോലീസുകാരുടെയും ജന്മിമാരുടെയും ഉന്നതതല രഹസ്യയോഗം കോവിലകത്ത്‌് വിളിച്ചു ചേര്‍ത്തു.കര്‍ഷക സമരത്തെ എന്തു വില കൊടുത്തും പരാജയപ്പെടുത്തണമെന്ന തീരുമാനമെടുത്ത് പിരിഞ്ഞ യോഗം കര്‍ഷകസംഘം പ്രവര്‍ത്തകര്‍ ‘നീലേശ്വരം കോവിലകം തീവെട്ടിക്കൊള്ള‘ നടത്താന്‍ പോവുകയാണെന്ന് ബ്രിട്ടീഷ് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്‌തു.1941 മാര്‍ച്ച് 25-ന് സമരത്തിന്റെ പ്രചരണാര്‍ത്ഥം കയ്യൂരില്‍ കര്‍ഷക തൊഴിലാളികളുടെ ഒരു ഉശിരന്‍ പ്രകടനം നടന്നു. പ്രകടനം നടന്നു കൊണ്ടിരിക്കുമ്പോള്‍ എതിരെ വന്ന നീലേശ്വരം സബ് ഇന്‍സ്‌പെക്ടര്‍ ബാലകൃഷ്‌ണന്‍നായരെ ബഹുമാനിച്ചില്ല എന്ന കാരണം പറഞ്ഞ് അന്ന് രാത്രി കയ്യൂരിലും പരിസരപ്രദേശങ്ങളിലും അഴിച്ചു വിട്ടത് ഭീകര മര്‍ദ്ദനമുറകളായിരുന്നു. കാഞ്ഞങ്ങാട്ടു നിന്നും ഇന്‍സ്‌പെക്ടര്‍ നിക്കോളാസിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് സംഘമെത്തിയത്. കര്‍ഷകസംഘം പ്രവര്‍ത്തകരായ ടി. വി. കുഞ്ഞമ്പുവിനെയും ടി. വി. കുഞ്ഞിരാമനെയും പോലീസ് അറസ്‌റ്റ് ചെയ്‌തു കൊണ്ടു പോയി. യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ‘ഡിഫന്‍സ് ഓഫ് ഇന്ത്യ റൂള്‍‘ അനുസരിച്ച് കെ. പി. വെള്ളുങ്ങ, ചൂരിക്കാടന്‍ കൃഷ്‌ണന്‍ നായര്‍, കോയിത്താറ്റില്‍ ചിരുകണ്‌ഠന്‍, വളപ്പില്‍ രാമന്‍ എന്നിവര്‍ക്കെതിരെ ജില്ലാ മജിസ്‌ട്രേറ്റ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പോലീസ് അതിക്രമത്തിനെതിരായി പിറ്റേദിവസം വൈകുന്നേരം പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്താന്‍ കര്‍ഷകസംഘം തീരുമാനിച്ചു. വൈകിട്ട് നാലു മണിയോടെ പ്രതിഷേധ ജാഥ കയ്യൂര്‍ സെന്ററില്‍ നിന്നും കാര്യങ്കോട് പുഴക്കരയിലൂടെ ചെറിയാക്കര ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. അപ്പോഴാണ് തലേദിവസത്തെ മര്‍ദ്ധനത്തില്‍ പങ്കാളിയായ സുബ്ബരായന്‍ എന്ന പോലീസുകാരന്‍ ജാഥയ്‌ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. പ്രകോപിതരായ പ്രകടനക്കാര്‍ സുബ്ബരായനെ മര്‍ദ്ധിക്കുകയും പോലീസ് യൂണിഫോമോടു കൂടി ചെങ്കൊടിയും പിടിച്ച് ജാഥയുടെ മുന്നില്‍ നടത്തി. വഴിയില്‍ ആളുകള്‍ ഇതു കണ്ട് ആര്‍ത്തു ചിരിച്ചു. കുറേ ദൂരം കൂടി മുന്നോട്ട് നടന്നപ്പോള്‍ ചെറിയാക്കര ഭാഗത്തു നിന്നും മറ്റൊരു ജാഥ പ്രഥാന ജാഥയോടു ചേരാന്‍ വരുന്നതു കണ്ട് ഇനി തനിക്ക് രക്ഷയില്ലെന്ന് കരുതി സുബ്ബരായന്‍ പുഴയിലേക്ക് എടുത്തു ചാടി. മദ്യപിച്ചിരുന്നതിനാല്‍ നീന്താന്‍ കഴിയാതിരുന്ന ആ പോലീസുകാരന്‍ ജനക്കൂട്ടത്തിന്റെ കല്ലേറു മൂലം അവിടെ വെച്ച് കൊല്ലപ്പെട്ടു. കയ്യൂരില്‍ പോലീസിന്റെ തേര്‍വാഴ്‌ച നടക്കുമെന്നുറപ്പായതിനാല്‍ പ്രവര്‍ത്തകരെല്ലാം ഒളിവില്‍ പോയി. മാര്‍ച്ച് 28-ന് കയ്യൂരില്‍ പോലീസിന്റെ നരനായാട്ട് ആരംഭിച്ചിരുന്നു. റിസര്‍വ്വ്‌പോലീസും മലബാര്‍ സ്‌പെഷ്യല്‍ പോലീസും ഒപ്പം ജന്മിയുടെ ഗുണ്ടകളും ഉണ്ടായിരുന്നു, വീടുകള്‍ കൊള്ളയടിക്കപ്പെട്ടു. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലും അതിക്രമത്തില്‍ നിന്നും രക്ഷപ്പെടാനായില്ല.
61 പേരെ പ്രതിചേർത്താണ് പോലീസ് പ്രഥമവിവരറിപ്പോർട്ട് തയ്യാറാക്കിയത്. മഠത്തിൽ അപ്പു ആയിരുന്നു ഒന്നാം പ്രതി. വി.വി.കുഞ്ഞമ്പു രണ്ടാം പ്രതിയും, ഇ.കെ. നായനാർ മൂന്നാം പ്രതിയുമായിരുന്നു.ഒളിവിലായിരുന്ന നായനാരെ പിടികൂടാൻ പോലീസിനു കഴിഞ്ഞില്ല, അതുകൊണ്ട് അദ്ദേഹത്തെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയാണ് കോടതിയിൽ വിചാരണ തുടങ്ങിയത്. മംഗലാപുരം സബ് ജയിലിലാണ് പ്രതികളെ പാർപ്പിച്ചിരുന്നത്.
1942 ഫെബ്രുവരി രണ്ടിനാണ് വിചാരണക്കുശേഷം കോടതി വിധി പ്രസ്താവിച്ചത്.മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ടൻ, പൊടോര കുഞ്ഞമ്പുനായർ, പള്ളിക്കൽ അബൂബക്കർ, ചൂരിക്കാടൻ കൃഷ്ണൻനായർ എന്നിവർക്ക് കോടതി വധശിക്ഷ വിധിച്ചു. മുപ്പത്തെട്ടു പേരെ കോടതി വിട്ടയച്ചു. ബാക്കി പ്രതിപ്പട്ടികയിലുള്ളവർക്ക് അഞ്ചു വർഷവും, രണ്ടു വർഷവും വീതം കഠിനതടവിനു ശിക്ഷിച്ചു. വിധി പ്രസ്താവിക്കുമ്പോൾ കൃഷ്ണൻനായർക്ക് 15 വയസ്സായിരുന്നു പ്രായം, അതുകൊണ്ട് വധശിക്ഷ ലഭിക്കാതിരുന്ന ചൂരിക്കാടൻ കൃഷ്ണൻനായർക്ക് പിന്നീട് അഞ്ചുവർഷത്തെ തടവ് ശിക്ഷ ലഭിക്കുകയുണ്ടായി. മൂന്നാംപ്രതിയായിരുന്ന ഇ.കെ.നായനാരെ പിടികൂടാൻ കഴിയാഞ്ഞതുകൊണ്ട് അദ്ദേഹത്തെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കുകയുണ്ടായി.
1943 മാര്‍ച്ച 29നു പുലര്‍ച്ചെ അഞ്ചിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ ബ്രിട്ടീഷ് ഭരണകൂടം അവര്‍ക്കായി കരുതി വച്ച തൂക്കുമരത്തെ ധീരതയോടെ ആ യുവാക്കള്‍ ഏറ്റുവാങ്ങി…..
നിര്‍ഭയമായി, ഉയര്‍ത്തിപിടിച്ച ശിരസുമായി തൂക്കിലേറുമ്പോഴും അവര്‍ ഇടറാത്ത ശബ്ദത്താല്‍ വിളിച്ച മുദ്രാവാക്യം ”കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിന്ദാബാദ്, ജന്മിത്വം തുലയട്ടെ, സാമ്രാജ്യത്വം തുലയട്ടെ” എന്നതായിരുന്നൂ.
മഠത്തില്‍ അപ്പു , കോയിത്താറ്റില്‍ ചിരുകണ്ടന്‍ , പൊടോര കുഞ്ഞമ്പു നായര്‍ , പള്ളിക്കാല്‍ അബൂബക്കര്‍ കയ്യൂർ രക്തസാക്ഷികൾ ആയി.
പുന്നപ്ര-വയലാർ സമരം
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ് പുന്നപ്ര-വയലാര്‍. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ – ചേർത്തല താലൂക്കുകളുടെ വിവിധഭാഗങ്ങളിൽ ജന്മിമാർക്ക് എതിരേ കുടിയാന്മാരായ കർഷകരും കർഷകത്തൊഴിലാളികളും മുതലാളിമാരിൽ നിന്നും ചൂഷണം നേരിട്ട കയർ തൊഴിലാളികളും മത്സ്യത്തൊഴിലാളികളും നടത്തിയ സമരങ്ങളായിരുന്നു പുന്നപ്ര-വയലാർ സമരങ്ങൾ.സ്വതന്ത്ര തിരുവിതാംകൂര്‍ സൃഷ്ടിക്കുന്നതിനുള്ള സര്‍ സി.പിയുടെ നയത്തിനെതിരെ ഐക്യകേരളം സ്ഥാപിക്കുന്നതിനു വേണ്ടി നടന്ന ത്യാഗോജ്ജ്വലമായ പോരാട്ടത്തിന്റെ കൂടി ഭാഗം ആയിരുന്നു പുന്നപ്ര വയലാർ സമരം .
ഈ സമരത്തിന് കയർഫാക്ടറി തൊഴിലാളികളും അവരുടെ സംഘടനകളുമാണ് മുൻകൈയെടുത്തത്.കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടനയായ തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍ രൂപീകരിക്കപ്പെടുന്നത്.1938 ഒക്‌ടോബര്‍ 19ന് അമ്പലപ്പുഴ-ചേര്‍ത്തല താലൂക്കുകളിലെ കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകരുടെ വമ്പിച്ച യോഗം തൊഴിലവകാശങ്ങള്‍ക്കു വേണ്ടി സംഘടിപ്പിക്കുക ഉണ്ടായി .
1946 ജനുവരി 15-ാം തീയതി അമേരിക്കന്‍ മോഡല്‍ ഭരണപരിഷ്‌കാരത്തിന്റെ കരട് വിജ്ഞാപനം പുറത്തുവന്നു. ഈ സാഹചര്യത്തില്‍ ഉത്തരവാദഭരണത്തിനും മെച്ചപ്പെട്ട ജീവിതാവസ്ഥയ്ക്കും വേണ്ടി പോരാട്ടം നടത്തുന്നതിന് 1946 ഒക്‌ടോബര്‍ 4 ന് തിരുവിതാംകൂര്‍ ഐക്യ ട്രേഡ് യൂണിയന്‍ സമ്മേളനം തീരുമാനമെടുത്തു. വിവിധ മേഖലകളിലെ തൊഴിലാളികള്‍ ഇതിന് പിന്തുണ പ്രഖ്യാപിച്ചു. രാജവാഴ്ച അവസാനിപ്പിക്കാനും അമേരിക്കന്‍ മോഡല്‍ ഭരണത്തെ തടയാനും ശക്തമായ പോരാട്ടം ഉയര്‍ത്തേണ്ടതുണ്ടെന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ തീരുമാനത്തെക്കുറിച്ചും ഗ്രന്ഥകര്‍ത്താവ് പറയുന്നുണ്ട്. പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശക്തമായ മര്‍ദനം സര്‍ സി പിയുടെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി.
കയർ ഫാക്ടറി തൊഴിലാളികൾക്കും- കർഷക തൊഴിലാളികൾക്കും മത്സ്യത്തൊഴിലാളികൾക്കും എതിരായി ഡിഎസ്പി വൈദ്യനാഥയ്യരുടെ നേതൃത്വത്തിൽ ജന്മികളുടെ പിൻബലത്തോടുകൂടി റൗഡികൾ ഇളകിയാടി. പൊലീസ് അതിക്രമം ശക്തിപ്പെട്ടപ്പോള്‍ അതിനെ നേരിടുകയല്ലാതെ വഴിയില്ലെന്ന സ്ഥിതിയുണ്ടായി. തൊഴിലാളികള്‍ ക്യാമ്പുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനവുമായി മുന്നോട്ടുപോയി. പരിശീലനം നേടിയ വളണ്ടിയര്‍മാരെ സംഘടിപ്പിച്ചു. അങ്ങനെയാണ് 1946 ഒക്‌ടോബര്‍ 22 ന് ഐതിഹാസികമായ പണിമുടക്ക് ആരംഭിക്കുന്നത്. പ്രക്ഷോഭം ശക്തമായപ്പോള്‍ അതിനെ അടിച്ചമര്‍ത്താന്‍ സര്‍ സി പിയുടെ പൊലീസും പട്ടാളവും ശ്രമം തുടങ്ങി. ഇതിനെ നേരിടാന്‍ തൊഴിലാളികളും സജ്ജരാകുന്ന സ്ഥിതി വന്നു. ”രാജവാഴ്ച അവസാനിപ്പിക്കും, ദിവാന്‍ ഭരണം വേണ്ടേ വേണ്ട, അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍, ഉത്തരവാദിത്തഭരണം അനുവദിക്കുക” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ തൊഴിലാളികള്‍ മുന്നോട്ടുവച്ചു. ശ്രീമതി അക്കമ്മാ ചെറിയാൻ, ആർ വി തോമസ്, എ എം വർക്കി, സി ഐ ആൻഡ്രൂസ് എന്നീ നേതാക്കന്മാരും അറസ്റ്റുചെയ്യപ്പെട്ടു.
തൊഴിലാളികളുടെ ചെറുത്തുനില്‍പ്പിന്റെ ഭാഗമായി പുന്നപ്രയിലെ പൊലീസ് ക്യാമ്പ് തൊഴിലാളികള്‍ ആക്രമിക്കുന്ന സ്ഥിതിയുണ്ടായി.
പൊതുപണിമുടക്കു സമരത്തെ തുടർന്ന് ആലപ്പുഴയിൽ 1946 ഒക്ടോബർ 24-നു നാലു ജാഥകൾ സംഘടിപ്പിച്ചു. “അമേരിക്കൻ മോഡൽ അറബിക്കടലിൽ, ദിവാൻ ഭരണം അവസാനിപ്പിക്കുക, പൊലീസ് ക്യാമ്പുകൾ പിൻവലിക്കുക, പൊലീസ് നരനായാട്ട് അവസാനിപ്പിക്കുക, രാഷ്ട്രീയ തടവുകാരെ വിട്ടയക്കുക“ എന്നീ മുദ്രാവാക്യങ്ങൾ ജാഥയിൽ മുഴങ്ങി. ടൗണിനു തെക്കു നിന്ന് പുറപ്പെട്ട ജാഥയിൽ ഒന്നിനെ തിരുവമ്പാടിയിൽ വച്ച് റിസർവ് പൊലീസ് തടഞ്ഞു. വെടിവെയ്പ്പ് നടന്നു. എക്സ് സർവീസ്മെൻ സ. കരുണാകരനും പുത്തൻപറമ്പിൽ ദാമോദരനും അപ്പോൾതന്നെ വെടികൊണ്ട് മരിച്ചുവീണു. പലർക്കും പരുക്കുപറ്റി.
മറ്റൊരു ജാഥയെ പുന്നപ്ര വച്ച് റിസർവെ പൊലീസ് തടഞ്ഞുനിർത്തി. വെടിവെപ്പ് തുടങ്ങി. തൊഴിലാളികൾ ചെറുത്തുനിൽക്കുകയും എതിരാളികളിൽ നിന്ന് കഴിയുന്നത്ര ആയുധങ്ങൾ പിടിച്ചെടുക്കുകയും സബ്ഇൻസ്പെക്ടർ നാടാർ അടക്കം കുറേ പൊലീസുകാർ കൊല്ലപ്പെടുകയും ചെയ്തു. ഈ ഏറ്റുമുട്ടലിൽ പോർട്ട് വർക്കേഴ്സ് യൂണിയൻ സെക്രട്ടറി ടി സി പത്മനാഭനുൾപ്പെടെ ധീരന്മാരായ ഒട്ടേറെ സഖാക്കൾ മരണമടഞ്ഞു. വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റുവീണുപോയ കുറേ സഖാക്കളെ പൊലീസും റൗഡികളും ചേർന്ന് ബയണറ്റ്കൊണ്ട് കുത്തിക്കൊലപ്പെടുത്തി. ശേഷിച്ചവരെ ലോറിയിൽ പെറുക്കിക്കയറ്റി തെക്കെ ചുടുകാട്ടിൽ കൊണ്ടുപോയി കൂട്ടിയിട്ടശേഷം (അതിൽ ജീവനുള്ളവരും ഉണ്ടായിരുന്നു) ഈ മനുഷ്യ കൂമ്പാരത്തിന് തീവച്ചു.
പിന്നീട് ഒക്ടോബർ 26-നു കാട്ടൂർ വെടിവെപ്പിൽ സ. കാട്ടൂർ ജോസഫ് കൊല്ലപ്പെട്ടു. അന്നുതന്നെ മാരാരിക്കുളം പാലത്തിനു സമീപവും വെടിവെപ്പും പാട്ടത്തു രാമൻകുട്ടി, ആനകണ്ടത്തിൽ വെളിയിൽ കുമാരൻ തുടങ്ങി ആറുപേർ അവിടെ രക്തസാക്ഷികളായി.
1946 ഒക്ടോബർ 27 വയലാർ മേനാശ്ശേരി, ഒളതല എന്നിവിടങ്ങളിൽ യന്ത്രത്തോക്കുകൊണ്ടുള്ള വെടിവെപ്പാണ് നടന്നത്. വയലാറിലെ സമര ക്യാമ്പ് മൂന്നു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ദ്വീപിലായിരുന്നു. പൊടുന്നനെ ആ ക്യാമ്പിനെ കുറേ ബോട്ടുകളിലായി അനവധി പട്ടാളക്കാർ വളഞ്ഞു. ജനങ്ങൾക്ക് പുറത്തേക്ക്പോകാനുള്ള എല്ലാ മാർഗങ്ങളും അടച്ചുകൊണ്ടാണ് നാല് ഭാഗത്തുനിന്നും വെടി ഉതിർത്തത്.
അതിഭീകരവും പൈശാചികവുമായ ഒരു രംഗം അവിടെ സൃഷ്ടിക്കപ്പെട്ടിട്ടും സഖാക്കൾ കീഴടങ്ങിയില്ല. “അമേരിക്കൻ മോഡൽ അറബിക്കടലിൽ, ദിവാൻ ഭരണം അവസാനിപ്പിക്കും” എന്ന മുദ്രാവാക്യവുമായി അവർ മുന്നോട്ടാഞ്ഞു.
ഈ വെടിവയ്പ്പിനിടയിൽ സ. ശ്രീധരൻ എഴുന്നേറ്റുനിന്നുകൊണ്ട് “ഞങ്ങൾക്കെന്നപോലെ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടിയാണ് ഞങ്ങൾ ഈ സമരം ചെയ്യുന്നത്. ഞങ്ങളെ കൊന്നാലെ നിങ്ങൾക്ക് ജീവിക്കുവാൻ സാധിക്കൂ എങ്കിൽ നിങ്ങൾ ഞങ്ങളെ വെടിവയ്ക്കു“ എന്ന് പട്ടാളക്കാരോടായി പറഞ്ഞു. ”ആ സഖാവ് ഷർട്ട് വലിച്ചുകീറി നെഞ്ചുകാണിച്ചു“. പട്ടാളക്കാർ സ്തംഭിച്ചുപോയി. DSP വൈദ്യനാഥയ്യർ… ”ഫയർ, ഫയർ“ എന്നലറി വിളിയിൽ പട്ടാളക്കാർ വീണ്ടും വെടി തുടങ്ങി. ഈ വെടിവയ്പ് നാലര മണിക്കൂർ സമയം നീണ്ടുനിന്നു.അനൗദ്യോഗിക കണക്കുകൾ അനുസരിച്ച് ഈ രണ്ടു സമരങ്ങളിലും അനുബന്ധ സമരങ്ങളിലുമായി ദിവാന്റെ സൈന്യത്തിലും തൊഴിലാളികളുടെ ഇടയിലും മരിച്ചവരുടെ എണ്ണം ആയിരത്തോളം വരും.
1947 ജൂലായ് 25 നു സാഹസികം ആയി ദിവാനായിരുന്ന സി പി രാമസ്വാമി അയ്യരെ വെട്ടിപ്പരുക്കേൽപ്പിച്ചു.
കപട ദളിത് സ്നേഹവും അസത്യ പ്രചരണങ്ങളും
ആധിവാസികളോട് വയനാട്ടിലും , മുത്തങ്ങയിലും ഒക്കെ നടത്തിയ കിരാതമായ പോലീസ് നരനായാട്ട് രാഷ്ട്രീയം അല്ലെ കോൺഗ്രസ് നുള്ളത് വയനാട്ടില്‍ പട്ടികവര്‍ഗ വിഭാഗക്കാര്‍ സമരം നടത്തിയപ്പോള്‍ സ്ത്രീകളെയും കുട്ടികളെയും അടക്കം ജയിലില്‍ അടച്ചിരുന്നു.147 കുട്ടികളാണ് അന്ന് ജയിലില്‍ അടയ്ക്കപ്പെട്ടത്. 2003-ഫെർബുവരി 19-നു ആന്‍റണി സർക്കാരിന്റെ നിർദ്ദേശം അനുസരിച്ച് കേരള പോലീസ് മുത്തങ്ങയിൽ സമരം ചെയ്ത ആദിവാസികൾക്ക് മേൽ നിറയൊഴിക്കുകയുണ്ടായി. അന്നും സ്ത്രീകളെയും കുട്ടികളെയും അടക്കം നിരവധി പേരെ ജയിലില്‍ അടച്ചു.
മുത്തങ്ങ സമരം:
ഹിന്ദുസാഹോദര്യം, ഹിന്ദു ഐക്യം എന്നൊക്കെ ചുമ്മാതെ കവല പ്രസംഗം മാത്രം നടത്തി സവര്ണ്ണബോധത്തെ ഉയർത്തി പിടിച്ചു ഹൈന്ദവബോധത്തെ ഉണര്ത്തി എല്ലാ ഹിന്ദുക്കളെയും തങ്ങള്ക്കനുകൂലമാക്കാനുള്ള ഗൂഡനീക്കമാണ സംഘപരിവാർ എക്കാലവും നടത്തുന്നത്.
ദളിത് സ്നേഹം പറഞ്ഞുകൊണ്ട് മുന്നോട്ടുപോകുന്ന സംഘപരിവാർ സംഘങ്ങൾക്ക് ഈ ജനവിഭാഗത്തോടുള്ള സമീപനം എന്തെന്ന് വ്യക്തം ആക്കുന്ന ഒരു ലേഖനം വർഷങ്ങൾക്കു മുൻപ് ഗോള്വാള്ക്കര് വിചാരധാരയിൽ എഴുതിയത്, ഓരോ മനുഷ്യനും ജനിച്ചു വീഴുന്നതിൽ ജാതി വ്യവസ്ഥയുടെ ഏറ്റവും മോശം ആയ വ്യാക്ക്യാനം ആണ് നൽകിയിരിക്കുന്നത് , അതായത് “ബ്രാഹ്മണന് തലയാണ്, രാജാവ് ബാഹുക്കളും വൈശ്യന് ഊരുക്കളും, ശൂദ്രന് പാദങ്ങളുമാണ്” എന്നായിരുന്നു ഈ പുസ്തകത്തിന്റെ 44- പേജില് പറഞ്ഞിരുന്നത്. RSS ന്റെ ജാതിവ്യവസ്ഥയോടുള്ള സമീപനം ഇതിൽ നിന്ന് വ്യക്തം അല്ലെ?
ഒന്നോര്ക്കുക അന്നും ഇന്നും RSS –ന്റെ സര് സംഘചാലകുമാര് ബ്രാഹ്മണര് ആണ്. എന്തുകൊണ്ട് ഇവിടേയ്ക്ക് ഒരു അവർണ്ണൻ വരുന്നില്ല.
കുടിയാന് പാട്ടവസ്തുക്കളില് മേലുള്ള അവകാശം 1865-ല് കിട്ടി എന്നാണ് സംഘപരിവാർ അവകാശവാദം.അങ്ങനെ എളുപ്പമായിരുന്നു കാര്യങ്ങള് എങ്കില്, ജന്മിമാര് കുടിയാന് മേല് നടത്തിയ ഉടമഅധികാരത്തെ ആധാരമാക്കി 1937 ല് പോലും ചങ്ങമ്പുഴ കൃഷ്ണപിള്ളയ്ക്ക് “വാഴക്കുല” എന്ന കവിത എഴുതേണ്ട ഗതികേട് വരില്ലായിരുന്നു. 1957 ല് അധികാരത്തില് വന്ന ആദ്യകമ്മ്യുണിസ്റ്റ് സര്ക്കാര്, ജന്മിത്വം അവസാനിപ്പിച്ച് “കൃഷിഭൂമി കര്ഷകന്” എന്ന ലക്ഷ്യത്തോടെ കൊണ്ട് വരാന് ശ്രമിച്ച ഭൂപരിഷ്കരണ നിയമത്തിനെതിരെ സംസ്ഥാനമൊട്ടുക്കും പ്രതിഷേധിച്ച പിന്തിരിപ്പന്മാരുടെ കൂട്ടത്തില് ബി.ജെ.പിക്കാരുടെ ആദ്യരാഷ്ട്രീയ രൂപമായ “ജനസംഘവും” ഉണ്ടായിരുന്നു.
കര്ണാ്ടകത്തിലെ ക്ഷേത്രങ്ങളിൽ നടമാടുന്ന ‘മടെ സ്നാന’, ‘പംക്തി ഭേദ’ തുടങ്ങിയ അനാചാരങ്ങൾ ജാതിയുടെ പേരില്‍ കാലങ്ങളായി നിലനിന്നിരുന്ന കൊടിയ വിവേചനത്തിന്റെ ഉച്ച്ചിഷ്ടങ്ങളാണ്. ഇവക്കെതിരെ ശക്തം ആയി പോരാടുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആണെന്ന് ഓർക്കണം , അറിയണം . അവിടെ ഹിന്ദു ഐക്ക്യം പ്രസങ്ങിക്കുന്ന സംഘപരിവാറുകാർ ആരുടെ ഒപ്പം ആണെന്ന് കൂടി അറിയണം.
എന്തു തരത്തിൽ ഉളള നവോധാനം ആണു RSS പൊലുള്ള സംഘം ഇന്ത്യ യിലും പ്രത്യേകിച്ച് കേരള ത്തിലും നടത്തിയത് ???
RSS ശകതി കേന്ദ്രങ്ങളിൽ ഇന്നും ഉച്ചനീചത്വം നടം ആടുന്നു. വര്ഗ്ഗീയ കലാപങ്ങൾ നടക്കുന്നു . എന്തെ ഇതിനൊന്നും ഒരു അറുതി വരുത്താൻ RSS കഴിയാത്തത് ??
വടക്കൻ സംസ്ഥാങ്ങളിൽ നടക്കുന്നത് ദളിത് അക്രമം ആയതു കൊണ്ടാണ് അതിനെ ആ രീതിയിൽ തന്നെ കാണുന്നത്. അതല്ലാതെ അത് രാഷ്ട്രീയം ആയി ഉപയോഗിക്കാൻ ഉള്ള ആയുധം ആയി അല്ല.
കിണറ്റിൽ നിന്ന് വെള്ളം കുടിച്ചതിന്റെ പേരിൽ , ക്ഷേത്രത്തിൽ പ്രവേശിച്ചതിന്റെ പേരിൽ , മാംസം ഭക്ഷിച്ചതിന്റെ പേരിൽ ഒരു ജനത അക്രമത്തിനു ഇര ആകുമ്പോൾ മാനവികത ഉയരത്തി പിടിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പ്രതികരിക്കും.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം പഠിപ്പിക്കാൻ വരുന്നതിനു മുൻപു നിങ്ങൾ പ്രവര്ത്തിക്കുന്ന പ്രസ്ഥാനം ഈ നാടിനു എന്തു ചെയ്തു ഇന്നു കുറച്ചു എങ്കിലും മനസ്സിൽ ആക്കുന്നത് നല്ലതാണു . കയ്യൂർ സമരം — ജന്മിത്തത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും എതിരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന കർഷക സമരമാണ് . അങ്ങനെ എത്ര സമരങ്ങളുടെ ഫലം അയി ഉണ്ടായ സാമുഹിക വളർച്ച അല്ലെ ഇന്ന് നാം അനുഭവിക്കുന്ന ഈ സുഖങ്ങൾ .ഇന്നും കർഷകനു കിട്ടുന്ന പെൻഷൻ , ജനകീയ ആസുത്രണം , ഭൂപരിഷ്കരണം , അങ്ങനെ എത്രയോ ഐതിഹാസികം ആയ തീരുമാനങ്ങൾ .
ഒറ്റുകാരായി, മാപ്പിരന്നു വര്ഗ്ഗീയ വിഷം ചീറ്റിയ സർവർക്കർ ന്റെ പിൻതലമുറക്കാര്ക്ക് ചരിത്രത്തെ ബോധപുർവ്വം അയി വളച്ചൊടിക്കാനും , ഇങ്ങനെ ഒക്കെ ചിന്തിക്കാൻ കഴിയുള്ളൂ .
അവലംബം
കെ.സി.എസ്.മണി
സി.പി. രാമസ്വാമി അയ്യർ
Chintha
കയ്യൂർ സമരം
വൈക്കം സത്യാഗ്രഹം
ഈ കാലത്ത് പ്രസക്തമായ ലേഖനം
തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി .
തിരുത്തിയിട്ടുണ്ട്.
Thanks
നന്നായിട്ടുണ്ട്. very informative. Oru typo kandu.
ഒന്നോര്ക്കുക അന്നും ഇന്നും RSS -ന്റെ സര് സംഘചാലകുമാര് ബ്രാഹ്മണര് ആണ്. എന്തുകൊണ്ട് ഇവിടേയ്ക്ക് ഒരു സവർണ്ണൻ വരുന്നില്ല. അവർണ്ണൻ എന്നല്ലേ?
Good
Good