കൃത്യം ഓർമ്മയുണ്ട് പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഖസാക്കിന്റെ ഇതിഹാസം ആദ്യമായി വായിക്കുന്നത്. എന്നാൽ ആ ഇതിഹാസം അന്ന് വായിച്ചതിൽ പലതും കൃത്യമായി തിരിഞ്ഞില്ല, പാലക്കാടൻ ഭാഷയും ശൈലിയും ബുദ്ധിമുട്ടായി തോന്നിയെങ്കിലും വായിച്ചു തീർത്തു അന്ന്.
കരിമ്പനയും, നെൽപാടവും, ഖാസാക്കെന്ന മനോഹരമായ ഗ്രാമവും,ചിതലിമലയും,അറബിക്കുളവും, രവിയേയും, അള്ളാപ്പിച്ചാമൊല്ലാക്കയേയും, അപ്പുക്കിളിയേയും, നൈസാമലിയേയും, മാധവൻ നായരേയും, മൈമുനയേയും, കുഞ്ഞാമിനയേയും വീണ്ടും വായിച്ചറിഞ്ഞു.
ഇത് വായിക്കുമ്പോൾ ചില വരികൾ വല്ലാതെ വേദനിപ്പിച്ചു – ചിലത് ഇങ്ങനെയാണ്
“മകനേ, എല്ലാ സായം സന്ധ്യകളും ദുഖമാണ്”… “മന്ദാരത്തിന്റെ ഇലകൾ ചേർത്തുതുന്നിയ ഈ പുനർജ്ജനിയുടെ കൂടുവിട്ട് ഞാൻ വീണ്ടും യാത്രയാവുന്നു.”…. “ദുഖം പോലെ ,സാന്ത്വനം പോലെ ഇരുട്ട്.”…..
“ഇത് കർമ്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ്.ഇതിൽ അകൽച്ചയും ദുഖവും മാത്രമേയുള്ളു.”….
മനുഷ്യന്റെ നിസ്സഹായതയും നിരാലംബതയും മാത്രമാണുള്ളത്. ജീവിതം അങ്ങനെയാണ്, ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ഉള്ള യാത്ര. നീണ്ടുകിടക്കുന്ന നെടുവരമ്പിലൂടെ നമ്മൾ അറിഞ്ഞും അറിയാതെയും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.
ഖസാക്കിനോട് വിട പറഞ്ഞു തിരികെ പോകാൻ ബസ്സു സ്റ്റോപ്പിൽ നിൽക്കുമ്പോൾ, മണ്കട്ടകൾക്കിടയിൽ നിന്ന് നീലനിറത്തിൽ മുഖമുയര്‍ത്തി പത്തിവിടർത്തി പൊട്ടിയ കറുത്ത നാക്ക് പുറത്തേക്കു വെട്ടിച്ചു രാവിയിലേക്ക് പല്ലുകൾ അമർത്തിയിറക്കി ജീവൻ കണ്ണിൽനിന്നകറ്റുന്നു. ഇടിയും മിന്നലുമില്ലാതെ കാലവർഷത്തിന്റെ വെളുത്ത മഴ,രവിയെ ചുംബിച്ചുറക്കുകയാണ്, ഉണരാത്ത ഉറക്കത്തിലേക്ക് !
ഖസാക്കിന്റെ ഇടവഴികളില്‍ ഏകനായി ഇപ്പോഴും അള്ളാപ്പിച്ചാ മൊല്ലാക്ക അലയുന്നുണ്ടാവും- അല്ലേ ?? കുഞ്ഞാമിന – അവൾക്ക് രവിയിൽ നിന്നും ഒന്നും സംഭവിച്ചിട്ടില്ല എന്ന് തന്നെ വിശ്വസിക്കുന്നു. അങ്ങനെ കരുതാൻ മനസ്സിഷ്ട്ടപ്പെടുന്നു.
പ്രണയത്തേക്കാൾ കാമത്തെ തിരഞ്ഞ, ജീവിതത്തിന്റെ അർഥങ്ങളെക്കുറിച്ചും അർഥശൂന്യതകളെക്കുറിച്ചും വ്യാകുലപ്പെട്ട രവിയുടെ ജീവിതം ഖസാക്കിൽ തുടങ്ങി ഖസാക്കിലവസാനിക്കുന്നു.
“സായാഹ്നങ്ങളുടെ അച്ഛാ, മന്ദാരത്തിന്റെ ഇലകൾ ചേർത്ത് തുന്നിയ പുനർജ്ജനിയുടെ കൂട് വിട്ട് ഞാൻ വീണ്ടും യാത്രയാകുന്നു ” ഇതിഹാസമായി ഖസാക്ക് ഇനിയും വായിക്കപ്പെടുന്നു.