കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ് പുന്നപ്ര-വയലാര്‍. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ – ചേർത്തല താലൂക്കുകളുടെ വിവിധഭാഗങ്ങളിൽ ജന്മിമാർക്ക് എതിരേ കുടിയാന്മാരായ കർഷകരും കർഷകത്തൊഴിലാളികളും മുതലാളിമാരിൽ നിന്നും ചൂഷണം നേരിട്ട കയർ തൊഴിലാളികളും മത്സ്യത്തൊഴിലാളികളും നടത്തിയ സമരങ്ങളായിരുന്നു പുന്നപ്ര-വയലാർ സമരങ്ങൾ.സ്വതന്ത്ര തിരുവിതാംകൂര്‍ സൃഷ്ടിക്കുന്നതിനുള്ള സര് സി.പിയുടെ നയത്തിനെതിരെ ഐക്യകേരളം സ്ഥാപിക്കുന്നതിനു വേണ്ടി നടന്ന ത്യാഗോജ്ജ്വലമായ പോരാട്ടത്തിന്റെ കൂടി ഭാഗം ആയിരുന്നു പുന്നപ്ര വയലാർ സമരം .
ഈ സമരത്തിന് കയർഫാക്ടറി തൊഴിലാളികളും അവരുടെ സംഘടനകളുമാണ് മുൻകൈയെടുത്തത്.കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടനയായ തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന് രൂപീകരിക്കപ്പെടുന്നത്.1938 ഒക്ടോബര്‍ 19ന് അമ്പലപ്പുഴ-ചേര്‍ത്തല താലൂക്കുകളിലെ കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന് പ്രവര്‍ത്തകരുടെ വമ്പിച്ച യോഗം തൊഴിലവകാശങ്ങള്‍ക്കു വേണ്ടി സംഘടിപ്പിക്കുക ഉണ്ടായി .
1946 ജനുവരി 15-ാം തീയതി അമേരിക്കന്‍ മോഡല്‍ ഭരണപരിഷ്കാരത്തിന്റെ കരട് വിജ്ഞാപനം പുറത്തുവന്നു. ഈ സാഹചര്യത്തില്‍ ഉത്തരവാദഭരണത്തിനും മെച്ചപ്പെട്ട ജീവിതാവസ്ഥയ്ക്കും വേണ്ടി പോരാട്ടം നടത്തുന്നതിന് 1946 ഒക്ടോബര്‍ 4 ന് തിരുവിതാംകൂര്‍ ഐക്യ ട്രേഡ് യൂണിയന് സമ്മേളനം തീരുമാനമെടുത്തു. വിവിധ മേഖലകളിലെ തൊഴിലാളികള്‍ ഇതിന് പിന്തുണ പ്രഖ്യാപിച്ചു. പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശക്തമായ മര്‍ദനം സര് സി പിയുടെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി.
കയർ ഫാക്ടറി തൊഴിലാളികൾക്കും- കർഷക തൊഴിലാളികൾക്കും മത്സ്യത്തൊഴിലാളികൾക്കും എതിരായി ഡിഎസ്പി വൈദ്യനാഥയ്യരുടെ നേതൃത്വത്തിൽ ജന്മികളുടെ പിൻബലത്തോടുകൂടി റൗഡികൾ ഇളകിയാടി. പൊലീസ് അതിക്രമം ശക്തിപ്പെട്ടപ്പോള്‍ അതിനെ നേരിടുകയല്ലാതെ വഴിയില്ലെന്ന സ്ഥിതിയുണ്ടായി. തൊഴിലാളികള്‍ ക്യാമ്പുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനവുമായി മുന്നോട്ടുപോയി. പരിശീലനം നേടിയ വളണ്ടിയര്‍മാരെ സംഘടിപ്പിച്ചു. അങ്ങനെയാണ് 1946 ഒക്ടോബര്‍ 22 ന് ഐതിഹാസികമായ പണിമുടക്ക് ആരംഭിക്കുന്നത്. പ്രക്ഷോഭം ശക്തമായപ്പോള്‍ അതിനെ അടിച്ചമര്‍ത്താന്‍ സര് സി പിയുടെ പൊലീസും പട്ടാളവും ശ്രമം തുടങ്ങി. ഇതിനെ നേരിടാന്‍ തൊഴിലാളികളും സജ്ജരാകുന്ന സ്ഥിതി വന്നു. ”രാജവാഴ്ച അവസാനിപ്പിക്കും, ദിവാന് ഭരണം വേണ്ടേ വേണ്ട, അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍, ഉത്തരവാദിത്തഭരണം അനുവദിക്കുക” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ തൊഴിലാളികള്‍ മുന്നോട്ടുവച്ചു. ശ്രീമതി അക്കമ്മാ ചെറിയാൻ, ആർ വി തോമസ്, എ എം വർക്കി, സി ഐ ആൻഡ്രൂസ് എന്നീ നേതാക്കന്മാരും അറസ്റ്റുചെയ്യപ്പെട്ടു.
തൊഴിലാളികളുടെ ചെറുത്തുനില്‍പ്പിന്റെ ഭാഗമായി പുന്നപ്രയിലെ പൊലീസ് ക്യാമ്പ് തൊഴിലാളികള്‍ ആക്രമിക്കുന്ന സ്ഥിതിയുണ്ടായി.
പൊതുപണിമുടക്കു സമരത്തെ തുടർന്ന് ആലപ്പുഴയിൽ 1946 ഒക്ടോബർ 24-നു നാലു ജാഥകൾ സംഘടിപ്പിച്ചു. “അമേരിക്കൻ മോഡൽ അറബിക്കടലിൽ, ദിവാൻ ഭരണം അവസാനിപ്പിക്കുക, പൊലീസ് ക്യാമ്പുകൾ പിൻവലിക്കുക, പൊലീസ് നരനായാട്ട് അവസാനിപ്പിക്കുക, രാഷ്ട്രീയ തടവുകാരെ വിട്ടയക്കുക“ എന്നീ മുദ്രാവാക്യങ്ങൾ ജാഥയിൽ മുഴങ്ങി. ടൗണിനു തെക്കു നിന്ന് പുറപ്പെട്ട ജാഥയിൽ ഒന്നിനെ തിരുവമ്പാടിയിൽ വച്ച് റിസർവ് പൊലീസ് തടഞ്ഞു. വെടിവെയ്പ്പ് നടന്നു. എക്സ് സർവീസ്മെൻ സ. കരുണാകരനും പുത്തൻപറമ്പിൽ ദാമോദരനും അപ്പോൾതന്നെ വെടികൊണ്ട് മരിച്ചുവീണു. പലർക്കും പരുക്കുപറ്റി.
മറ്റൊരു ജാഥയെ പുന്നപ്ര വച്ച് റിസർവെ പൊലീസ് തടഞ്ഞുനിർത്തി. വെടിവെപ്പ് തുടങ്ങി. തൊഴിലാളികൾ ചെറുത്തുനിൽക്കുകയും എതിരാളികളിൽ നിന്ന് കഴിയുന്നത്ര ആയുധങ്ങൾ പിടിച്ചെടുക്കുകയും സബ്ഇൻസ്പെക്ടർ നാടാർ അടക്കം കുറേ പൊലീസുകാർ കൊല്ലപ്പെടുകയും ചെയ്തു. ഈ ഏറ്റുമുട്ടലിൽ പോർട്ട് വർക്കേഴ്സ് യൂണിയൻ സെക്രട്ടറി ടി സി പത്മനാഭനുൾപ്പെടെ ധീരന്മാരായ ഒട്ടേറെ സഖാക്കൾ മരണമടഞ്ഞു. വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റുവീണുപോയ കുറേ സഖാക്കളെ പൊലീസും റൗഡികളും ചേർന്ന് ബയണറ്റ്കൊണ്ട് കുത്തിക്കൊലപ്പെടുത്തി. ശേഷിച്ചവരെ ലോറിയിൽ പെറുക്കിക്കയറ്റി തെക്കെ ചുടുകാട്ടിൽ കൊണ്ടുപോയി കൂട്ടിയിട്ടശേഷം (അതിൽ ജീവനുള്ളവരും ഉണ്ടായിരുന്നു) ഈ മനുഷ്യ കൂമ്പാരത്തിന് തീവച്ചു.
പിന്നീട് ഒക്ടോബർ 26-നു കാട്ടൂർ വെടിവെപ്പിൽ സ. കാട്ടൂർ ജോസഫ് കൊല്ലപ്പെട്ടു. അന്നുതന്നെ മാരാരിക്കുളം പാലത്തിനു സമീപവും വെടിവെപ്പും പാട്ടത്തു രാമൻകുട്ടി, ആനകണ്ടത്തിൽ വെളിയിൽ കുമാരൻ തുടങ്ങി ആറുപേർ അവിടെ രക്തസാക്ഷികളായി.
1946 ഒക്ടോബർ 27 വയലാർ മേനാശ്ശേരി, ഒളതല എന്നിവിടങ്ങളിൽ യന്ത്രത്തോക്കുകൊണ്ടുള്ള വെടിവെപ്പാണ് നടന്നത്. വയലാറിലെ സമര ക്യാമ്പ് മൂന്നു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ദ്വീപിലായിരുന്നു. പൊടുന്നനെ ആ ക്യാമ്പിനെ കുറേ ബോട്ടുകളിലായി അനവധി പട്ടാളക്കാർ വളഞ്ഞു. ജനങ്ങൾക്ക് പുറത്തേക്ക്പോകാനുള്ള എല്ലാ മാർഗങ്ങളും അടച്ചുകൊണ്ടാണ് നാല് ഭാഗത്തുനിന്നും വെടി ഉതിർത്തത്.
അതിഭീകരവും പൈശാചികവുമായ ഒരു രംഗം അവിടെ സൃഷ്ടിക്കപ്പെട്ടിട്ടും സഖാക്കൾ കീഴടങ്ങിയില്ല. “അമേരിക്കൻ മോഡൽ അറബിക്കടലിൽ, ദിവാൻ ഭരണം അവസാനിപ്പിക്കും” എന്ന മുദ്രാവാക്യവുമായി അവർ മുന്നോട്ടാഞ്ഞു.
ഈ വെടിവയ്പ്പിനിടയിൽ സ. ശ്രീധരൻ എഴുന്നേറ്റുനിന്നുകൊണ്ട് “ഞങ്ങൾക്കെന്നപോലെ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടിയാണ് ഞങ്ങൾ ഈ സമരം ചെയ്യുന്നത്. ഞങ്ങളെ കൊന്നാലെ നിങ്ങൾക്ക് ജീവിക്കുവാൻ സാധിക്കൂ എങ്കിൽ നിങ്ങൾ ഞങ്ങളെ വെടിവയ്ക്കു“ എന്ന് പട്ടാളക്കാരോടായി പറഞ്ഞു. ”ആ സഖാവ് ഷർട്ട് വലിച്ചുകീറി നെഞ്ചുകാണിച്ചു“. പട്ടാളക്കാർ സ്തംഭിച്ചുപോയി. DSP വൈദ്യനാഥയ്യർ… ”ഫയർ, ഫയർ“ എന്നലറി വിളിയിൽ പട്ടാളക്കാർ വീണ്ടും വെടി തുടങ്ങി. ഈ വെടിവയ്പ് നാലര മണിക്കൂർ സമയം നീണ്ടുനിന്നു.അനൗദ്യോഗിക കണക്കുകൾ അനുസരിച്ച് ഈ രണ്ടു സമരങ്ങളിലും അനുബന്ധ സമരങ്ങളിലുമായി ദിവാന്റെ സൈന്യത്തിലും തൊഴിലാളികളുടെ ഇടയിലും മരിച്ചവരുടെ എണ്ണം ആയിരത്തോളം വരും.
1947 ജൂലായ് 25 നു സാഹസികം ആയി ദിവാനായിരുന്ന സി പി രാമസ്വാമി അയ്യരെ വെട്ടിപ്പരുക്കേൽപ്പിച്ചു.
ജന്മിമാർക്കെതിരെ കർഷകരും കർഷകത്തൊഴിലാളികളും, മുതലാളിമാരിൽ നിന്നും ചൂഷണം നേരിട്ട കയർ തൊഴിലാളികളും മത്സ്യത്തൊഴിലാളികളും നടത്തിയ പുന്നപ്ര-വയലാർ സമരങ്ങളിൽ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി സ്വതന്ത്ര ഇന്ത്യയിൽ നിന്നും വേറിട്ട് തിരുവിതാംകൂറിനെ പ്രത്യേക രാജ്യമായി നിലനിർത്തുന്നതിനെതിരായ രാഷ്ട്രീയ മുദ്രാവാക്യവും സമരക്കാർ ഉയർത്തിയിരുന്നു.നിരവധി വാദപ്രതിവാദങ്ങൾക്കു ശേഷം 1998-ൽ ഭാരതസർക്കാർ പുന്നപ്ര-വയലാർ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ചു.
1957 ജയിൽവിമോചിതരായ പുന്നപ്ര വയലാർ സമര സേനാനികൾ
പുന്നപ്ര വയലാർ സമരം സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടിയുള്ള ഒരു ജനതയുടെ ധീരമായ പോരാട്ടമായിരുന്നു. രക്തം ചൊരിഞ്ഞ് നേടിയെടുത്ത അവകാശബോധത്തെ പിറകോട്ടടിപ്പിക്കുവാൻ പല വിധ ശക്തികളും ശ്രമിച്ചുകൊണ്ടിരിക്കുന്നത് കാണാം. കേരളത്തിന്റെ നവോത്ഥാനത്തെ പ്രബുദ്ധതയെ മത നിരപേക്ഷതയെ എല്ലാം നശിപ്പിക്കുവാൻ ശ്രമിക്കുന്നവർക്കെതിരെ പുരോഗമന ചിന്താഗതിക്കാരുടെ ശക്തമായ ഐക്യനിര രൂപപ്പെടേണ്ടതുണ്ട്. മനുഷ്യ മോചന പ്രത്യയ ശാസ്ത്രത്തിനു പോയ കാലത്തെ ക്കാൾ പ്രസക്തിയേറുന്ന ഈ കെട്ട കാലത്ത് നിങ്ങൾ കൊളുത്തിയ രണ ദീപം കെടാതെ ഞങ്ങൾ സൂക്ഷിക്കും… പുന്നപ്ര വയലാർ രക്തസാക്ഷികളുടെ പാവനമായ സ്മരണയ്ക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.