1946 ഫെബ്രുവരി 18 ന് റോയൽ ഇന്ത്യൻ നേവിയിലെ നാവികർ ബോംബെ തുറമുഖത്ത് ആരംഭിക്കുകയും ബ്രിട്ടിഷ് ഇന്ത്യയിൽ കറാച്ചി മുതൽ കൽക്കട്ട വരെയുള്ള തുറമുഖങ്ങളിലെ 78 കപ്പലുകളിലെ 20,000ത്തിലധികം നാവികർ പങ്കെടുക്കുകയും ചെയ്ത കലാപത്തെയാണ് നാവിക കലാപം എന്ന് വിളിക്കുന്നത്.
ഇന്ത്യൻ നേവിയിലെ പരിതാപകരമായ സൗകര്യങ്ങളിലും മോശമായ ഭക്ഷണത്തിലും പ്രതിഷേധിച്ചുകൊണ്ട് 1946 ഫെബ്രുവരി 18-ന് ബോംബെയിൽ നങ്കൂരമിട്ടിരുന്ന HMIS തൽവാർ എന്ന പടക്കപ്പലിലെ സൈനികരാണ് അഭിമാനത്തിനും, സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഈ സമരം ആരംഭിച്ചത്. ഒന്നാം ദിവസം ജോലിക്കു ഹാജരാവാൻ വിസമ്മതിക്കുകയും, നിരാഹാര സമരം പ്രഖ്യാപിക്കുകയും ചെയ്തു.
ഫെബ്രുവരി 19-നു ലെഫ്റ്റന്റ് എം എസ് ഖാൻ പ്രസിഡന്റായും പെററി ഓഫീസർ മദൻ സിങ് വൈസ് പ്രസിഡന്റായും ഒരു സമര കമ്മിറ്റി രൂപീകൃതമായി. HIMS-തൽവാർ, ഹിന്ദുസ്ഥാൻ, ബഹാദൂർ എന്നീ കപ്പലുകളിലേയും കാസിൽ ബാരക്സ്, ഫോർട്ട് ബാരക്സ് എന്നീ ക്യാമ്പുകളിലെയും നാവികർ കലാപത്തിനു തയ്യാറായി. ഫെബ്രുവരി 20 ന് പ്രക്ഷോഭകാരികൾ ബോംബെ നഗരത്തിൽ ലെനിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും ചിത്രം പതിച്ച പതാകകളുമായി ലോറികളിൽ പ്രകടനം നടത്തി. താമസിയാതെ കറാച്ചി, കൊച്ചി,വിശാഖപട്ടണം, കൽക്കത്തെ എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള നാവികർ സമരത്തിൽ പങ്കെടുത്തു.
സാമാജ്യത്വം തുലയട്ടെ, വിപ്ലവം വിജയിക്കട്ടെ എന്നീ മുദ്രാവാക്യങ്ങളുയർത്തിയ നാവികർ ബോംബെ തീരത്തെ ഏറ്റവും പ്രധാനപ്പെട്ട ആയുധസംഭരണശാല സ്ഥിതി ചെയ്യുന്ന ബുച്ചർ ദ്വീപ് പിടിച്ചെടുത്തു. നാവികർ കപ്പലുകളിലും അവർ പിടിച്ചെടുത്ത ക്യാമ്പുകളിലും ത്രിവർണ പതാക ഉയർത്തി. കലാപകാരികള്‍ ‘ഇന്ത്യന്‍ ദേശീയ നാവികസേന’ എന്ന് സ്വയം വിശേഷിപ്പിക്കുകയും ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്ക് ഇടത് കൈകൊണ്ട് സല്യൂട്ട് നല്‍കാന്‍ ആരംഭിക്കുകയും ചെയ്തു. 20ന് ഇന്ത്യാഗേററ് കേന്ദ്രീകരിച്ച് ബ്രിട്ടിഷ് പട്ടാളം പ്രത്യാക്രമണം തുടങ്ങി. കലാപത്തിൽ എട്ട് നാവികർ രക്തസാക്ഷികളാവുകയും 33 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഇന്ത്യൻ നാവികർ ബ്രിട്ടീഷ് ഇന്ത്യയിലെ കറാച്ചി മുതൽ കൽക്കട്ട വരെയുള്ള എല്ലാ പ്രമുഖ തുറമുഖങ്ങളും കയ്യടക്കിക്കൊണ്ടു ബ്രിട്ടീഷ് സർക്കാരിനെ നേർക്കുനേർ വെല്ലുവിളിച്ച നാവിക കലാപം ഇന്ത്യൻ സ്വാതന്ത്യ സമരത്തിലെ അതിപ്രധാനമായ ഒരു മുന്നേറ്റമാണ്. പക്ഷെ നാവിക കലാപത്തെ സ്വാതന്ത്യപൂർവ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങളായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസും ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗും എതിർക്കുകയാണുണ്ടായത്. കോൺഗ്രസ്-ലീഗ് നേതൃത്വങ്ങൾ സ്വാന്തന്ത്ര്യത്തോടു അടുത്ത് വന്നിരിക്കുന്ന നാൾ ആണെന്നും, അതുകൊണ്ട് അവർ ക്രമസമാധാനത്തിന്റെ വക്താക്കളായി മാറുകയും ധീരോജ്ജ്വലവും ഐതിഹാസികവുമായ നാവിക കലാപത്തെ തള്ളിപ്പറയുകയും ചെയ്തു. സർദാർ പട്ടേൽ നാവിക സേനയിൽ ‘അച്ചടക്കം പാലിക്കേണ്ടതിന്റെ’ പേരിലും ഗാന്ധിജി ‘ഹിംസ’ യുടെ പേരിലും നാവിക കലാപത്തെഅപലപിക്കുകയാണ് ചെയ്തത്. മിക്ക ദേശീയ നേതാക്കളും സ്വാതന്ത്ര്യത്തിലേക്കുള്ള കൂടുതൽ ഔപചാരികമായ നീക്കങ്ങളിൽ വ്യാപൃതരായിരുന്നു, കൂടാതെ നാവിക കലാപത്തെ അനാവശ്യവും അപകടകരവുമായ സംഭവമായി കാണുകയും ചെയ്തു.
സോവിയറ്റ് വിപ്ലവകാലത്തെ നാവിക കലാപത്തോട് താരതമ്യം ചെയ്തുകൊണ്ട് ഒരു സോഷ്യലിസ്റ്റ് ഇന്ത്യയുടെ സ്ഥാപനത്തിലേക്കു നാവിക കലാപം നയിക്കുമോ എന്നും കോൺഗ്രസ് നേതാക്കൾ ഭയപ്പെട്ടിരുന്നിരിക്കാം. അതൊക്കെയാകാം അവർ ഈ സമരത്തോട് പിന്തിരിഞ്ഞു നിൽക്കാൻ കാരണം. കോൺഗ്രസിലെ അരുണ ആസിഫ് അലി, ഇതര നേതാക്കളുടെ സമീപനത്തിൽ നിന്നും വ്യത്യസ്തമായി പ്രക്ഷോഭകാരികളോടൊപ്പം നിന്നു. ഹിന്ദു മഹാസഭയും ആർഎസ്എസും എന്നത്തേയും പോലെ ഒന്നിലും പങ്കെടുക്കാതെ വെറും കാഴ്ചക്കാരായി നിന്നു.
എന്നാൽ നാവിക കലാപത്തിന് പൂർണമായ പിന്തുണ നല്കിയത് ഇന്ത്യൻ കമ്മ്യൂണിസ്റ്റു പാർട്ടി മാത്രമാണ്. നാവിക കലാപത്തെ വർഗസമര സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ശക്തമായ സമരമായി ആണ് കമ്മ്യൂണിസ്റ്റു പാർട്ടി വിലയിരുത്തിയത്. കമ്മ്യൂണിസ്റ്റ് പാർട്ടി എല്ലാ രാഷ്ട്രീയ പാർട്ടികളോടും തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ചു നാവികരുടെ സമരാആവശ്യങ്ങളെ പിന്തുണയ്ക്കാനും ആഹ്വാനം ചെയ്തു. 1946 ഫെബ്രുവരി 22 ന് പാർട്ടി രാജ്യമൊട്ടാകെ പൊതുപണിമുടക്കിന് ആഹ്വാനം നല്കി. പൊതുപണിമുടക്കിനുള്ള കമ്മ്യൂണിസ്റ്റ് ആഹ്വാനം ലക്ഷക്കണക്കിന് തൊഴിലാളികളെ ഫാക്ടറികളിൽനിന്നും തെരുവിലിറക്കി. കടയുടമകളും വ്യാപാരികളും ഹോട്ടൽ ഉടമകളും നടത്തിയ ഹർത്താലുകളും വ്യവസായ, പൊതുഗതാഗത സേവനങ്ങളിലെ വിദ്യാർത്ഥികളും തൊഴിലാളികളും നടത്തിയ സമരങ്ങളും ബോംബെയെ മുഴുവൻ സ്തംഭിപ്പിച്ചു. ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ സമരത്തിനും ഹർത്താലിനും ബോംബെ സാക്ഷ്യം വഹിച്ചു. കൽക്കത്തയിലും കറാച്ചിയിലും മദ്രാസിലും ഒരുപോലെ ലക്ഷക്കണക്കിനു തൊഴിലാളികളും വിദ്യാർത്ഥികളും ചെങ്കൊടികളുമായി നാവികരുടെ ആവശ്യങ്ങൾ അഗീകരിക്കുക, ബ്രിട്ടന്റെയും പൊലീസിന്റെയും അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി. മുംബൈ നഗരത്തിലെ മിൽ തെഴിലാളികളുടെയും ട്രെഡ് യൂണിയനുകളുടേയും പിന്തുണ ഉണ്ടായിരുന്നു. ജയ് ഹിന്ദിനൊപ്പം ഇങ്ക്വിലാബ് സിന്ദാബാദും സമരവീഥികളിൽ മുഴങ്ങി.
നാവിക കലാപത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കമ്മ്യൂണിസ്റ്റ്കാർ നടത്തിയ മാർച്ചിന് നേരെ ബ്രിടീഷുകാർ വെടിവച്ചു. കല്ലുകൾ കൊണ്ട് വെടിയുണ്ടകൾ നേരിട്ട സാധാരണക്കാരും തൊഴിലാളികളും. ഫെബ്രുവരി 21 മുതൽ 23 വരെയുള്ള മൂന്ന് ദിവസങ്ങളിലായി കലാപത്തിൽ, 228 സാധാരണക്കാരും മൂന്ന് പോലീസുകാരും മരിക്കുകയും 1,046 പേർക്കും 91 പോലീസുകാർക്കും സൈനികർക്കും പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന സഖാവ് കമൽ ദോന്തെ ഉൾപ്പെടെ നിരവധി പാർട്ടി പ്രവർത്തകരും സാധാരണ ജനങ്ങളും ഉണ്ടായിരുന്നു. ‘തോക്കുകളും ടാങ്കുകളും ബോംബറുകളും ഇന്ത്യയെ ഭയപ്പെടുത്തുന്ന നാളുകൾ എന്നെന്നേക്കുമായി ഇല്ലാതായിരിക്കുന്നു’ എന്നും സാമ്രാജ്യത്വങ്ങൾ നടത്തുന്ന രക്തച്ചൊരിച്ചിലുകൾ ‘ഭീകരഭരണം അവസാനിപ്പിക്കാനുള്ള ഐക്യവും നിശ്ചയദാർഢ്യവും കൂടുതൽ ഊട്ടിയുറപ്പിക്കുമെന്നും’ പാർട്ടി പ്രഖ്യാപിച്ചു.
.
ഒടുവിൽ സമരം അവസാനിക്കുന്നത് കോണ്‍ഗ്രസ് നേതാവ് സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലും കേന്ദ്ര നാവിക സമര കമ്മിറ്റി അദ്ധ്യക്ഷന്‍ എം എസ് ഖാനും തമ്മില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ്. സമരക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താമെന്ന കോൺഗ്രസിന്റെ ഉറപ്പിനെത്തുടർന്ന് സൈനികർ സമരം പിൻവലിച്ചത്. എന്നാൽ സമരം പിൻവലിച്ചതിന് ശേഷം വ്യാപകമായി അറസ്റ്റുകൾ നടന്നു. പലരെയും സമരം ചെയ്തതിന്റെ പേരിൽ ശിക്ഷിച്ചു. പ്രതിഷേധത്തിൽ പങ്കാളികളായ സൈനികരെയെല്ലാം കോർട്ട് മാർഷലിനു വിധേയരാക്കി എന്ന് മാത്രമല്ല നിരവധി പേരെ സൈന്യത്തിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തു. ഇന്ത്യ സ്യതന്ത്ര്യമായ ശേഷം ഭാരതത്തിന്റെയോ പാകിസ്താന്റെയോ സേനകളിലേക്ക് തിരിച്ചെടുത്തില്ല, മാത്രമല്ല ഇവരെ സ്വാതന്ത്ര്യ സമര സേനാനികളായി അംഗീകരിച്ചത് 1973ൽ മാത്രമാണ്. ഈയടുത്ത കാലത്താണ് മദൻ സിങ്, ബി സി ദത്ത് എന്നീ പോരാളികളുടെ പേര് പടക്കപ്പലുകൾക്ക് നല്കാനും ബോംബെയിൽ സ്മാരകം പണിയാനും നാവിക കലാപത്തെ ആദരിക്കുവാനും ഇന്ത്യ സർക്കാർ തയ്യാറായത്.
കോൺഗ്രസ്സ് നേതാക്കൾ എതിർത്ത; കമ്മ്യൂണിസ്റ്റുകാർ ഏറ്റെടുത്ത നാവികരുടെ അവകാശസമരം സ്വാതന്ത്യസമരത്തിൽ കമ്യൂണിസ്റ്റുകാരുടെ പങ്ക് അന്വേഷിക്കുന്നവർക്കുള്ള കൃത്യമായ മറുപടി കൂടിയാണ്.
ഇന്ത്യൻ സ്വാതന്ത്യ സമരചരിത്രത്തിൽ അവിസ്മരണീയമായ ഐതിഹാസിക സമരമായിരുന്നു നാവിക കലാപം. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്വല അധ്യായം… Big salute ….
കടപ്പാട് / അവലംബം :
https://peoplesdemocracy.in/2020/0412_pd/communists-and-rin-mutiny
https://thewire.in/history/freedom-on-the-waves-the-indian-naval-mutiny-70-years-later
https://economictimes.indiatimes.com/news/politics-and-nation/in-the-70th-year-of-independence-here-is-a-look-back-at-the-long-forgotten-1946-rin-mutiny-in-mumbai/articleshow/57967250.cms?from=mdr
https://colorsofkuwait.com/news/1795