മനുഷ്യാവകാശ പ്രവർത്തകയായ ഡോ.രജനി തിരണഗാമ, ചോള റാണി ആയിരുന്ന ദേവനായകി, തമിഴ് പുലി ആയിരുന്ന സുഗന്ധി ഈ മൂന്നു സ്ത്രീകളുടെ കഥയാണ് “സുഗന്ധി എന്ന ആണ്ടാൾ ദേവനായകി”. കേരള സാഹിത്യ അക്കാദമി, വയലാർ , ശക്തി തീയേറ്റേഴ്സ് തുടങ്ങി വിവിധ പുരസ്കാരങ്ങൾ നേടിയ ടി.ഡി. രാമകൃഷ്ണന്റെ മലയാളത്തിലെ ഒരു മികച്ച നോവൽ.
ചരിത്രത്തെയും മിത്തുകളെയും സമകാലിക പ്രശ്നങ്ങളുമായി കോര്‍ത്തിണക്കിക്കൊണ്ടുള്ള ആഖ്യാനമാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെത്. സ്ത്രീയുടെ കരുത്തിന്റെയും ചെറുത്തുനിൽപ്പുകളുടെയും ശക്തമായ സ്ത്രീപക്ഷ രാഷ്ട്രീയം പറയുന്ന ഒരു നോവൽ ആയിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്.
യുദ്ധമായാലും, ഫാസിസ്റ്റ് അക്രമങ്ങൾ ആയാലും ലൈംഗിക വൈകൃതങ്ങൾ ഉൾപ്പടെ അതിലേറ്റവും ഇരയാക്കപ്പെടുന്നത് സ്ത്രീകളും കുട്ടികളുമാണെന്നതാണ് ചരിത്രവും ഇന്നത്തെ യാഥാർഥ്യവും. മുലകൾ അരിഞ്ഞു വീഴ്ത്തിയും, കൈകൾ മുറിച്ചുമാറ്റിയും, ലൈംഗിക അടിമയാക്കിയും എത്രയോ സ്ത്രീജന്മങ്ങൾ ഇന്നും അധികാരത്തിന്റെ ഇരുട്ട് മുറിയിൽ അടക്കപ്പെട്ടിട്ടുണ്ട്. ഫീനിക്സ് പക്ഷിയെപോൽ അതിൽ നിന്ന് ഉയരുന്ന പെണ്മയുടെ പോർവീര്യം ചരിത്രമാവുകയും ചെയ്യും.
സ്ത്രീയുടെ പോർവീര്യവും, പകയും പറയുമ്പോഴും അവളുടെ പ്രണയത്തിന്റെ, സ്നേഹത്തിന്റെ, രതിയുടെ തീവ്രതയെക്കുറിച്ചും പറയുന്നു ഇതിൽ. പ്രണയത്തിൽ അവൾ നേടുന്ന പൂർണ്ണത സ്ത്രീ എന്ന നിലയിലെ അവളുടെ പൂർണ്ണത കൈവരിക്കൽ കൂടിയാകുന്നു. ഇരു കൈകളും നഷ്ട്ടപ്പെട്ട ദേവനായകി പീറ്ററിനോട് പറയുന്നത് ” നിന്നെയൊന്ന് കെട്ടിപ്പിടിക്കാനെനിക്ക് കഴിയുന്നില്ലല്ലോ” എന്ന്. പോർവീര്യം മനസ്സിൽ ഉള്ളപ്പോഴും പ്രണയത്തിന്റെ പൂർണ്ണത തേടുന്ന ഒരുവളെ നിസ്സഹായതയോടെ നോക്കിപോകുന്നു.
ജയിച്ചവന്റെ മാത്രം അല്ല ചരിത്രം തോറ്റവന്റെ കൂടിയാണ് അതേ ദേവനായകിയുടെ കഥ ഓരോ കാലഘട്ടത്തിലും വ്യത്യസ്ത രീതികളിൽ ആവർത്തിക്കപ്പെടുകയാണ് എന്നതാണ് യാഥാർഥ്യം.
ആ നാല് വരി കവിത വീണ്ടും വായിക്കാം
“കനവ് തുലൈന്തവൾ നാൻ
കവിതൈ മറന്തവൾ നാൻ
കാതൽ കരിന്തവൾ നാൻ
കർപ്പ് മുറിന്തവൾ നാൻ.”