ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ കമ്മ്യൂണിസ്റ്റുകൾ

എന്തായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്കുള്ള പങ്ക് ? ചരിത്രം ചെറുതായി എങ്കിലും അറിയണമല്ലോ !

സ്വാതന്ത്ര്യത്തേയും, സമത്വത്തേയും,ജനാധിപത്യ സമൂഹത്തേയും സ്വപ്നം കണ്ട് സ്വേച്ഛാധിപത്യത്തിനും, അടിച്ചമർത്തലിനും, ചൂഷണത്തിനും എതിരെ ധീരമായ ചെറുത്തുനിൽപ്പുകളുടെ പോരാട്ടങ്ങളിൽ ഏർപ്പെട്ട് ജീവത്യാഗം ചെയ്ത അനേകം വിപ്ലവകാരികളുടെ ത്യാഗത്തിന്റെയും, രക്തസാക്ഷിത്വത്തിന്റെയും ഒരു നൂറ്റാണ്ട് കഴിഞ്ഞ വർഷം ഒക്ടോബർ 17 ന് പൂർത്തിയാക്കിയിരിക്കുകയാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം.
മനുഷ്യവിമോചനത്തിനായുള്ള ലോക പോരാട്ടങ്ങളുടെ ചുവടുപിടിച്ചു ഇന്ത്യൻ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക യാഥാർത്ഥ്യങ്ങളിൽ ആഴത്തിൽ വേരൂന്നിയാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപംകൊണ്ടത്.

തുടക്കം
ദേശീയ പ്രസ്ഥാനത്തിനുള്ളിൽ മിതവാദികളായ നേതാക്കളും വിപ്ലവകാരികളായ അണികളും തമ്മിൽ ഉയർന്നുവന്ന ആശയസമരങ്ങളും,1917-നവംബറിലെ റഷ്യൻ തൊഴിലാളിവർഗവിപ്ലവം പോരാട്ടങ്ങളുടെ ആവേശങ്ങളുടെ സ്വാധീനത്തിൽ ആയിരുന്നു ഇന്ത്യയിലെ ദേശീയവിപ്ലവകാരികൾ1920-കളുടെ ആദ്യം കമ്യൂണിസ്റ്റുകാരായി മാറിയത്. ബോംബെയിലും കൽക്കത്തയിലും മദ്രാസിലും,യുപി,പഞ്ചാബ് മേഖലയിലും ചെറിയ കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾക്ക് രൂപം നൽകി. ബോംബെയിലെ എസ്‌എ ഡാംഗെ, കൊൽക്കത്തയിലെ മുസാഫർ അഹ്മദ്, മദ്രാസിലെ എം സിംഗരവേലു ചെട്ടിയാർ, ലാഹോറിലെ ഗുലാം ഹുസൈൻ, ഷൌക്കത്ത് ഉസ്മാനിയുടെ നേതൃത്വത്തിൽ ഉള്ള സംയുക്ത മധ്യമേഖല ഗ്രൂപ്പ് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് ഈ ഗ്രൂപ്പുകൾ തുടങ്ങിയത്. ഈ ഗ്രൂപ്പുകൾക്ക് മാർക്സിസം-ലെനിനിസത്തിൽ സൈദ്ധാന്തികവും പ്രായോഗികവുമായ വിദ്യാഭ്യാസം നൽകാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ വരവോട് കൂടി സാധ്യമായി.
റഷ്യൻ വിപ്ലവം സ്വാധീനത്തിൽ യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ക്യാനഡയിലും പ്രവാസികളായി കഴിഞ്ഞിരുന്ന ഇന്ത്യൻ വിപ്ലവകാരികളിൽ ചിലർ ഇന്നത്തെ ഉസ്‌ബെക്കിസ്ഥാൻ തലസ്ഥാനമായ താഷ്‌കന്റ്‌ എന്ന സോവിയറ്റ് നഗരത്തിൽ കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ എന്ന പേരിൽ പാർടി സംഘടിപ്പിക്കുന്നതിന്‌ മുൻകൈയടുത്തു. 1920 ഒക്ടോബർ 17 നായിരുന്നു ആദ്യ യോഗം ചേർന്നത്‌. എം എൻ റോയ്‌, അബനി മുഖർജി, (ഇരുവരുടെയും ഭാര്യമാരും) മുഹമ്മദ്‌ അലി, മുഹമ്മദ്‌ ഷഫീഖ്‌, എം പി ബി ടി ആചാര്യ എന്നിവർ ആ യോഗത്തിൽ പങ്കെടുത്തു. ഷഫീഖിനെയാണ്‌ സെക്രട്ടറിയായി തെരഞ്ഞെടുത്തത്‌.

പിന്നീട് കാൺപുരിൽ നിയമവിധേയമായി പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ 1925 ഡിസംബർ 26 ന് രൂപീകരിക്കുകയുമുണ്ടായി. ഇന്ത്യയിലെ മിക്കവാറും എല്ലാ കമ്യൂണിസ്റ്റ് ഗ്രൂപ്പും വിഭാഗങ്ങളും പങ്കെടുത്ത, ഇന്ത്യൻ മണ്ണിൽ ചേർന്ന ആദ്യത്തെ യോഗമായിരുന്നു 1925 ഡിസംബർ 26 മുതൽ 28 വരെ നടന്ന കാൺപുർ കമ്യൂണിസ്റ്റ് സമ്മേളനം.
ശിങ്കാരവേലു ചെട്ടിയാർ അധ്യക്ഷനായി ചേർന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ മുസഫർ അഹമ്മദും ബോംബെയിൽ നിന്ന്‌ ആർ എസ് നിംബ്കർ, ജെ പി ബാഗേർഹട്ട, കെ എൻ ജോഗ്ലേക്കർ, എസ് വി ഘാട്ടെ എന്നിവരും ഝാൻസിയിൽ നിന്ന്‌ അയോധ്യപ്രസാദും പഞ്ചാബിൽ നിന്ന്‌ സന്തോക്‌സിങ്ങും ലാഹോറിൽ നിന്ന്‌ എസ് ഡി ഹസ്സനും രാമചന്ദ്രയും മദ്രാസിൽ നിന്ന്‌ കാമേശ്വർ റാവുവും കൃഷ്ണസ്വാമി അയ്യങ്കാറും ശിങ്കാരവേലു ചെട്ടിയാരും , കൊൽക്കത്തയിൽ നിന്ന് രാധാമോഹൻ ഗോകുൽജിയും അജ്മേറിൽ നിന്ന് അർജുൻലാൽ സേഥിയും ഈ സമ്മേളനത്തിൽ പങ്കെടുത്തു.
1925 ഡിസംബർ 28ന് സെൻട്രൽ എക്സിക്യൂട്ടീവ്‌ കമ്മിറ്റി (സിഇസി) ചേരുകയും പ്രസിഡന്റായി ശിങ്കാരവേലുവിനെയും, വൈസ്‌ പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ, വിവിധ പ്രൊവിൻസുകളുടെ ചുമതലയുള്ള സിഇസി അംഗങ്ങൾ എന്നിങ്ങനെ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.

ഇന്ത്യന്‍ വിപ്ലവസംഘങ്ങൾ
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ആദ്യകാലഘട്ടം മുതല്‍ തന്നെ ബ്രിട്ടീഷ്‌ നിഷ്ടൂരതകള്‍ക്കെതിരെ സായുധ സമരങ്ങള്‍ രൂപപ്പെട്ടിരുന്നു . ഇന്ത്യൻ സ്വാതന്ത്ര്യത്തിനായുള്ള പ്രവർത്തനങ്ങളിൽ നിസ്സഹകരണ പ്രസ്ഥാനത്തിന് വിരുദ്ധമായി ബ്രിട്ടീഷുകാർക്കെതിരായി വിപ്ലവത്തിൽ വിശ്വസിക്കുന്ന ഗ്രൂപ്പുകൾ പോരാട്ടങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇന്ത്യൻ വിപ്ലവ പ്രവർത്തങ്ങൾക്ക് പ്രവേഗമുണ്ടായത് 1900-കളുടെ ആദ്യ ദശാബ്ദത്തിലാണ്. വിപ്ലവ ഗ്രൂപ്പുകൾ പ്രധാനമായും കേന്ദ്രീകരിച്ചത് ബംഗാൾ, മഹാരാഷ്ട്ര, ബീഹാർ, യുണൈറ്റഡ് പ്രവിശ്യകൾ, പഞ്ചാബ് മദ്രാസ് പ്രസിഡൻസി (ഇപ്പൊഴത്തെ തെക്കേ ഇന്ത്യ) എന്നിവിടങ്ങളിലായിരുന്നു. ഇന്ത്യയിലുടനീളം ഒറ്റപ്പെട്ട വിപ്ലവ പ്രവർത്തനങ്ങളും നടന്നിരുന്നു.

• പഞ്ചാബിലെ സായുധ ഗ്രൂപ്പുകൾ ആയ യുഗാന്തർ, അനുശീലൻ സമിതി തുടങ്ങിയ സംഘടനകൾ.
• പഞ്ചാബിലെ ലാല ലജ്പത് റായ്, മഹാരാഷ്ട്രയിലെ ബൽ ഗംഗാധർ തിലക്, ബംഗാളിലെ ബിപിൻ ചന്ദ്ര പാൽ എന്ന ലാൽ ബാൽ പാൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് മറ്റൊരു ദിശ നൽകിയ വ്യക്തികളാണ് . സ്വദേശി പ്രസ്ഥാനത്തിന്റെ വക്താക്കളായ ഇവർ 1905 ൽ ആരംഭിച്ച ബംഗാളിൽ വിഭജന വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി 1907 ൽ ഇറക്കുമതി ചെയ്ത എല്ലാ വസ്തുക്കളും ബഹിഷ്കരിക്കുന്നതും ഇന്ത്യൻ നിർമിത വസ്തുക്കളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ള പോരാട്ടങ്ങൾക്കും തുടക്കം കുറിച്ചു.
• 1906 ഏപ്രിലിൽ അരബിന്ദോ ഘോഷ്, സഹോദരൻ ബാരിൻ ഘോഷ്, ഭൂപേന്ദ്രനാഥ് ദത്ത, ലാൽ ബാൽ പാൽ, സുബോദ് ചന്ദ്ര മുള്ളിക് എന്നിവർ ചേർന്ന് വിപ്ലവകാരികളെ സംഘടിപ്പിക്കുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി ജുഗന്തർ പാർട്ടി രൂപീകരിച്ചു. ജുഗന്തർ പാർട്ടി നേതാക്കൾ സ്ഫോടക വസ്തുക്കൾ ഉണ്ടാക്കാൻ ആരംഭിച്ചു. രാഷ്ട്രീയ തീവ്രവാദത്തിലെ പ്രധാന സംഭവവികാസങ്ങളിൽ പെടുന്നവയാണ് ആലിപൂർ ബോംബ് കേസ്, മുസാഫർപൂർ കൊലപാതകം എന്നിവ.
• ലണ്ടനിൽ ഇന്ത്യാ ഹൗസ്, ദി ഇന്ത്യൻ സോഷ്യോളജിസ്റ്റ് എന്നീ സംഘങ്ങൾ ശ്യാംജി കൃഷ്ണ വർമ്മയുടെ നേതൃത്വത്തിൽ 1909-ൽ സ്ഥാപിച്ചത് തീവ്രവാദ പ്രസ്ഥാനത്തെ ബ്രിട്ടനിലും സ്വാധീനം ഉണ്ടാക്കി.
• 1913 ല്‍ വിദേശ ഇന്ത്യക്കാരുടെ നേതൃത്വത്തില്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ വെച്ച് രൂപീകരിച്ച ഗദ്ദര്‍ പാര്‍ട്ടി ബ്രിട്ടീഷുകാര്‍ക്കെതിരെ സായുധ സമരത്തിനു ആഹ്വാനം ചെയ്യുകയും ഇന്ത്യയിലേക്ക്‌ ആയുധങ്ങള്‍ ഒളിപ്പിച്ചു കടത്തുകയും ചെയ്തു .
• 1914 ല്‍ അമേരിക്കയിലും കാനഡയിലും പ്രവര്‍ത്തിച്ചിരുന്ന ഗദ്ദര്‍ വിപ്ലവകാരികള്‍ ഇന്ത്യയിലേക്ക്‌ മടങ്ങുകയും ദേശീയ സേനയില്‍ ചേര്‍ന്ന് കലാപസംഘടനകള്‍ ഉണ്ടാക്കുകയും ചെയ്തു.
• 1920-കളിൽ ചില വിപ്ലവ പ്രവർത്തകർ വീണ്ടും ഒന്നിച്ചുകൂടി ചന്ദ്രശേഖർ ആസാദിന്റെ നേതൃത്വത്തിൽ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ രൂപവത്കരിച്ചു.“ബധിരരെ കേൾപ്പിക്കാൻ വലിയ ശബ്ദമുണ്ടാക്കുന്നു” എന്ന ചെറുകുറുപ്പെഴുതിയ ലഘുലേഖകൾ നിയമസഭക്കുള്ളിലേക്ക് എറിഞ്ഞു, ഉച്ചത്തിൽ ഇൻക്വിലാബ് സിന്ദാബാദ്’ വിപ്ലവം നീണാൽ വാഴട്ടെ എന്ന മുദ്രാവാക്യം മുഴക്കിയ ഭഗത് സിങ്ങും കൂട്ടാളികളും.

1930-കളുടെ അവസാനത്തോടെ പല വിപ്ലവകാരികളും കോൺഗ്രസിലും മറ്റു പാർട്ടികളിലും, പ്രത്യേകിച്ച് കമ്യുണിസ്റ്റ് പാർട്ടിയിലും ചേർന്ന് മുഖ്യധാരാ രാഷ്ട്രീയത്തിൽ പ്രവേശിച്ചു.

പൂർണസ്വാതന്ത്ര്യത്തിനുവേണ്ടി ! ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി
കമ്യൂണിസ്റ്റുകാർ പ്രതിനിധാനംചെയ്ത വിപ്ലവാശയങ്ങളുടെയും കോൺഗ്രസ് നേതാക്കൾ മുറുകെ പിടിച്ച യാഥാസ്ഥിതിക വീക്ഷണത്തിന്റെയും ഏറ്റുമുട്ടലിന്റെ ആദ്യവേദിയായിരുന്നു ദേശബന്ധു ചിത്തരഞ്ജൻ ദാസിന്റെ അധ്യക്ഷതയിൽ, 1921ൽ അഹമ്മദാബാദിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 36–ാമത് സമ്മേളനം.
1920 ഒക്ടോബർ 17ന് താഷ്‌കന്റിൽ രൂപംകൊണ്ട ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പാർടിയുടെ തീരുമാനപ്രകാരം, എം എൻ റോയിയും അബനിമുഖർജിയും ചേർന്ന് അഹമ്മദാബാദ് സമ്മേളനത്തിനുമുമ്പ് ഒരു “മാനിഫെസ്റ്റോ’ കോൺഗ്രസിന്റെ ഒട്ടേറെ പ്രമുഖ നേതാക്കൾക്ക് വിദേശത്തുനിന്ന് അയച്ചിരുന്നു. അജ്മീറിൽനിന്നുള്ള രണ്ട് പ്രതിനിധികൾ ഈ രേഖ വീണ്ടും അച്ചടിപ്പിച്ച് പ്രതിനിധികൾക്കിടയിൽ വിതരണംചെയ്തു. ഇതേക്കുറിച്ച് ചർച്ചചെയ്യണമെന്ന് അഭ്യർഥിക്കുന്ന ഒരു പ്രമേയവും അവർ അവതരിപ്പിച്ചു. രേഖ ലഭിച്ചവരിൽ മറ്റൊരാളായിരുന്നു ഹസ്രത് മൊഹാനി. “”സമ്പൂർണ സ്വാതന്ത്ര്യം” ആവശ്യപ്പെടുന്ന പ്രമേയമായാണ് അദ്ദേഹം അത് അവതരിപ്പിച്ചത്.
1920ൽ കൽക്കത്തയിൽ ചേർന്ന കോൺഗ്രസ് സമ്മേളനം അംഗീകരിച്ച “സ്വരാജ്” കോൺഗ്രസിന്റെ മുദ്രാവാക്യമായിരുന്ന കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന അഹമ്മദാബാദ് സമ്മേളനത്തിൽ, ആദ്യത്തെ തലമുറയിൽപ്പെട്ട ഇന്ത്യൻ കമ്യൂണിസ്റ്റുകാരായിരുന്ന മൗലാന ഹസ്രത്ത് മൊഹാനി “”സ്വരാജി”നെ, എല്ലാ വിദേശനിയന്ത്രണങ്ങളിൽ നിന്നും വിമുക്തമായ പരിപൂർണ സ്വാതന്ത്ര്യം” എന്ന വിധത്തിൽ “സ്വരാജ്’ എന്ന മുദ്രാവാക്യത്തിന് ഭേദഗതി ചെയ്ത് നിർവചിക്കണമെന്ന് നിർദേശിക്കുന്ന പ്രമേയം അവതരിപ്പിക്കുകയും സ്വാമി കുമാരാനന്ദ ഈ പ്രമേയത്തെ പിന്താങ്ങുകയും ചെയ്തു. എന്നാൽ കോൺഗ്രസ്സും ഗാന്ധിയും അതിനെ ചെറുത്തു.
പ്രമേയത്തിനെതിരെ മഹാത്മാഗാന്ധി നൽകിയ ഉപദേശം ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിലെ ഭൂരിപക്ഷം പ്രതിനിധികളും അംഗീകരിച്ചു, ഹസ്രത്ത് മൊഹാനി അവതരിപ്പിച്ച പൂർണ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പ്രമേയം അങ്ങനെ തള്ളപ്പെട്ടു. പക്ഷേ, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ഈ അവതരിപ്പിച്ച പ്രമേയത്തിന്റെ അപകടം മനസ്സിലാക്കുകയും തങ്ങൾക്ക് വന്നേക്കാവുന്ന പ്രശ്നം ഒഴിവാക്കാൻ അവർ തിടുക്കത്തിൽ നടപടികളെടുത്തു. സമ്മേളനം കഴിഞ്ഞ് വൈകാതെതന്നെ ബ്രിട്ടീഷ് ഗവൺമെന്റ് പരിപൂർണ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രമേയം അവതരിപ്പിച്ച ഹസ്രത് മൊഹാനിയെ അറസ്റ്റ്‌ചെയ്തു.
1922 ല്‍ ഗയയിലും നടന്ന കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ ഇന്ത്യക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം വേണമെന്ന ആവശ്യം കമ്യൂണിസ്റ്റുകാര്‍ ഉന്നയിച്ചു. തുടര്‍ന്ന് പാര്‍ട്ടി തൊഴിലാളി കര്‍ഷക സമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുകയും തൊഴിലാളി സംഘടനാ പ്രവര്‍ത്തനം സജീവമാക്കുകയും ചെയ്തു.
അങ്ങനെ കമ്യൂണിസ്റ്റ് ആശയങ്ങൾ കോൺഗ്രസ് സമ്മേളനവേദിയിൽ ഇദംപ്രഥമമായി പ്രതിധ്വനിച്ചു. തുടർന്നുള്ള കാലഘട്ടങ്ങളായപ്പോഴേക്കും ഈ ആശയഗതിക്ക് കൂടുതൽ സ്വാധീനം ലഭിക്കുകയും ചെയ്തു.

ഗൂഡാലോചന കേസുകള്‍
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ത്യാഗോജ്ജ്വലമായ പോരാട്ടങ്ങളുടെ അടയാളപ്പെടുത്തലുകൾ ആണ് ഈ ഗൂഡാലോചന കേസുകൾ . ഒക്ടോബര്‍ സോഷ്യലിസ്റ്റ്‌ വിപ്ലവത്തെ തുടര്‍ന്ന് ലോകത്താകെ അലയടിച്ചുയര്‍ന്ന തൊഴിലാളിവര്‍ഗ്ഗ പോരാട്ടങ്ങള്‍ ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തെ ഭയാശങ്കയിലാക്കി. ഇന്ത്യയില്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള ഒത്തു തീര്‍പ്പു സമരങ്ങളെ അതിലംഘിച്ച് തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ നേതൃത്വത്തില്‍ ഉയര്‍ന്നു വന്ന ഉശിരന്‍ പണിമുടക്ക്‌ സമരങ്ങള്‍ ദേശീയവിപ്ലവമായി പരിണമിക്കുകയാണോ എന്നുഎന്നാശങ്കയിൽ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പ്രവര്‍ത്തനം മുളയിലെ തന്നെ നുള്ളാന്‍ ബ്രിട്ടീഷ്‌ പാര്‍ലിമെന്‍റ് വരെ നീണ്ട ഗൂഡാലോചനയുടെ പരിണിതഫലമായിരുന്നു പ്രസ്തുത കേസുകള്‍.

പെഷവാർ ഗൂഡാലോചന കേസുകൾ (1921 – 1927)
താഷ്കെന്റിലെ പരിശീലനത്തിന് ശേഷം സ്വതന്ത്ര്യസമര പോരാട്ടങ്ങള്‍ക്കായും ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആരംഭിക്കുന്നതിനായും റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച മുഹാജിർക്കെതിരായ വിചാരണയായിരുന്നു ഇത്. 1922 മുതൽ 1927 വരെ അഞ്ച് ബോള്‍ഷെവിക് ഗൂഡാലോചന കേസുകള്‍ ആരോപിച്ച് അറസ്റ്റു ചെയ്ത് പെഷവാര്‍ കോടതിയില്‍ ഹാജരാക്കി ശിക്ഷിച്ചതായിരുന്നു പെഷവാര്‍ ഗൂഡാലോചന കേസ്‌. കേസിന്റെ വിധിയില്‍ കമ്യൂണിസ്റ്റുകാര്‍ രാജ്യദ്രോഹ പരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ബ്രിട്ടീഷ്‌ ചക്രവര്‍ത്തിയുടെ പരമാധികാരം അട്ടിമറിക്കാന്‍ ഗൂഡാലോചന നടത്തുകയാണെന്നും ബ്രിട്ടീഷ്‌ കോടതി ആരോപിച്ചു.

  1. 1921: first Communist Conspiracy case, “The Crown Vs. Md. Akbar and others”
  2. second conspiracy case : ആദ്യത്തെ ഗുഡാലോചന കേസിന്റെ തുടർച്ച തന്നെ
  3. 1923: third Peshawar conspiracy case (Moscow-Tashkent conspiracy case) “The Crown Vs. Akbar Shah and seven others”
  4. 1923: Fourth Peshawar conspiracy case -“The Crown Vs. Mohammad Shafiq”
  5. 1927: Fifth Peshawar conspiracy case – Fazl Illahi Qurban

ബോൾഷെവിസത്തിന്റെ വ്യാപനത്തെക്കുറിച്ചുള്ള ഭയവും, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനെതിരായ വർഗ വിദ്വേഷവും മാത്രമാണ് പെഷവാറിലെ ഗൂഡാലോചന കേസുകളുടെ പ്രധാന കാരണങ്ങൾ. നിർഭാഗ്യവശാൽ, ദേശീയവാദികളിൽ നിന്ന് അനുഭാവമായ പ്രതികരണമൊന്നും കേസുകൾക്ക് ലഭിച്ചിരുന്നില്ല. ബ്രിട്ടീഷ് സർക്കാരിനെ കുറ്റപ്പെടുത്തി എം‌എൻ റോയ് മാത്രമാണ് “Manufacturing Evidence” എന്ന ഒരു ലേഖനം എഴുതുകയും Comintern journal Inprecor ൽ പ്രസിദ്ധീകരിക്കുകയും ചെയ്തത്.

കാൺപൂർ ബോൾഷെവിക് ഗൂഡാലോചന കേസ് (1924)
ഇന്ത്യയിൽ കമ്മ്യൂണിസത്തിന്റെ വ്യാപനം പരിശോധിക്കുന്നതിനും തടയുന്നതിനും പെഷവാർ ഗൂഡാലോചന കേസുകൾ പരാജയപ്പെട്ടു. ബ്രട്ടീഷ് ഇന്ത്യയുടെ നഗരങ്ങളായ കൊൽക്കത്ത, ബോംബെ, മദ്രാസ്, കാൺപൂർ, ലാഹോർ തുടങ്ങിയ നഗരങ്ങളിൽ കമ്മ്യൂണിസ്റ്റ് പ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചു. ഈ നഗരപ്രദേശങ്ങളിലെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും രാഷ്ട്രീയവും പഠിപ്പിക്കുന്നതിലും പങ്കാളികളായിരുന്നു. ആദ്യത്തെ നിസ്സഹകരണ പ്രസ്ഥാനം പിൻവലിച്ചതിനുശേഷം, കോൺഗ്രസിന്റെ സമൂലപരിഷ്‌കരണവാദി വിഭാഗങ്ങൾ ക്രമേണ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലേക്ക് ആകർഷിക്കപ്പെട്ടു.
സ്ഥിതിഗതികൾ മനസ്സിലാക്കിയ ഗവർണർ ജനറൽ 1923 ഫെബ്രുവരി 28 ന് ലണ്ടനിലെ ആഭ്യന്തര സെക്രട്ടറിക്ക് ഒരു സന്ദേശം അയച്ചു, സഹകരണേതരരും മുൻ തീവ്രവാദികളും ഒരു വിഭാഗം കമ്മ്യൂണിസ്റ്റുകളുമായി കൈകോർക്കുമെന്നും ജനകീയ മുന്നേറ്റങ്ങൾ വീണ്ടും ആരംഭിക്കാനും സാധ്യതയുണ്ടെന്നും. ഇതിനെ ഇല്ലാതാക്കാനും വളർന്നുവരുന്ന കമ്യൂണിസ്റ്റ് സംഘടനയെ തകർക്കാനുമാണ് പുതിയ ഗൂഡാലോചന കേസ് സൃഷ്ടിച്ചത്.
തൊഴിലാളികളെയും കൃഷിക്കാരെയും ബ്രിട്ടീഷുകാര്‍ക്കെതിരെ തിരിക്കുന്നുവെന്നാരോപിച്ച് വിവിധ പ്രവിശ്യകളിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്തു.മെയ് 8ന് ഷൌക്കത്ത് ഉസ്മാനിയെയും 1923 മെയ് 19 ന് മുസാഫർ അഹ്മദിനെയും അറസ്റ്റുചെയ്തതോടെയാണ് ഇത് ആരംഭിച്ചത്. ഗുലാം ഹുസൈനെയും ഇതേ സമയം അറസ്റ്റ് ചെയ്തിരുന്നു. 1923 ഡിസംബർ 20 ന് നളിനി ഗുപ്ത അറസ്റ്റിലായി, 1924 മാർച്ച് 3ന് ഡാംഗെ അറസ്റ്റിലായി, 1924 മാർച്ച് 6ന് മദ്രാസിൽ സിംഗാരവേലു ചെട്ടിയാറിനെയും അറസ്റ്റ് ചെയ്തു. കമ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാക്കളായ ഷൌക്കത്ത് ഉസ്മാനി ,ഡാങ്കെ,ഗുലാം ഹുസൈന്‍ ,മുസഫര്‍ അഹമ്മദ്‌,നളിനി ഗുപ്ത ,ശിങ്കാര വേലു ചെട്ടിയാര്‍ ,രാമചന്ദ്ര ലാല്‍ ശര്‍മ ,എം എന്‍ റോയി എന്നിവരെ പ്രതികളാക്കി കോണ്‍പൂര്‍ ബോള്‍ഷെവിക് ഗൂഡാലോചനകേസ് ചാര്‍ജ്ജ്‌ ചെയ്തു .
അവർക്കെതിരെ ചുമത്തിയ കുറ്റം : “ബ്രിട്ടൺ ചക്രവർത്തിയുടേയും ബ്രിട്ടീഷ് ഇന്ത്യയുടെയും പരമാധികാരം നഷ്ടപ്പെടുത്തുന്നതിനും അക്രമാസക്തമായ വിപ്ലവത്തിലൂടെ ഇന്ത്യയെ പൂർണമായും സാമ്രാജ്യത്വ ബ്രിട്ടനിൽ നിന്ന് മോചിപ്പിക്കുന്നതിന് ശ്രമിച്ചു..” വിചാരണക്കൊടുവിൽ നാല് പ്രതികൾക്ക് 4 വർഷം കഠിന തടവ് വിധിച്ചു. നീതി നിഷേധത്തിനെതിരെ വന്‍ ജനകീയ പ്രതിഷേധം ഉയര്‍ന്നു എങ്കിലും കോണ്‍ഗ്രസ്‌ നേതൃത്വം പോലിസ്‌ നടപടിയെ എതിര്‍ക്കാന്‍ തയ്യാറായില്ല .കോണ്‍ഗ്രസ്‌ നേതാവായ ആനിബസന്‍റ് ഇന്ത്യയില്‍ വിപ്ലവകരമായ ഗൂഡാലോചന നടക്കുന്നതിന്‍റെ തെളിവായി കോണ്‍പൂര്‍ ഗൂഡാലോചന കേസിനെ ഉയര്‍ത്തിക്കാണിച്ചു.

മീററ്റ് ഗൂഡാലോചന കേസ് (1929)

വിവാദമായ മീററ്റ് ഗൂഢാലോചനയും വിചാരണയും എന്നറിയപ്പെടുന്നത് ബ്രിട്ടിഷ് ഇന്ത്യയിൽ 1929 കാലത്തുണ്ടായ സമരപരിപാടികളും, ബ്രിട്ടീഷ് അധീശത്വത്തിനെതിരായി മീററ്റിലുണ്ടായ പ്രക്ഷോഭവുമായിരുന്നു.നിരവധി തൊഴിലാളി യൂണിയനുകൾ ഇതിൽ പങ്കെടുക്കുകയുണ്ടായി.
കൃഷിക്കാരേയും തൊഴിലാളികളെയും ബഹുജനങ്ങളെയും സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ അണിനിരത്താന്‍ 1927-ല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കര്‍ഷക-തൊഴിലാളി പാര്‍ട്ടികള്‍ രൂപം കൊണ്ടു.പ്രവിശ്യ തലങ്ങളില്‍ യുവജന-വിദ്യാര്‍ഥി സംഘടനകള്‍ക്കും രൂപം കൊടുത്തു .പഞ്ചാബ് പ്രവിശ്യയില്‍ രൂപം കൊണ്ട യുവജന ഭാരത സഭക്ക് ഭഗത് സിംഗ് നേതൃത്വം കൊടുത്തു. കമ്യൂണിസ്റ്റ് സ്വാധീനം വര്‍ദ്ധിച്ചതിന്‍റെ ഫലമായി ഹിന്ദുസ്ഥാന്‍ റിപ്ലബ്ലിക്ക് ആര്‍മിയുടെ പേര് ഇന്ത്യന്‍ സോഷ്യലിസ്റ്റ്‌ ആര്‍മി എന്നാക്കി മാറ്റി.1927 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തില്‍ ഖരഗ്പൂരില്‍ നടന്ന റെയില്‍വേ തൊഴിലാളി പണിമുടക്കില്‍ 25000 പേര്‍ പങ്കെടുത്തു. 1928 ജൂലായില്‍ നടന്ന ദക്ഷിണ റെയില്‍വേ പണിമുടക്കും 1928 ഏപ്രിലില്‍ രണ്ടു ലക്ഷം പേര്‍ പങ്കെടുത്ത ബോംബെ ടെക്സ്റ്റൈല്‍ തൊഴിലാളി പണിമുടക്കും കോണ്‍പൂര്‍ ,ഷോളാപൂര്‍ ജാംഷഡ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന തൊഴിലാളി പണിമുടക്കുകളും കര്‍ഷകസമരങ്ങളും ഇന്ത്യയെ പ്രകമ്പനം കൊള്ളിച്ചു .1928 ല്‍ അഞ്ചു ലക്ഷം തൊഴിലാളികളും 1929 ല്‍ ആറര ലക്ഷം തൊഴിലാളികളും പണിമുടക്കിലേര്‍പ്പെട്ടു. പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനായുള്ള കമ്യൂണിസ്റ്റ് പോരാട്ടങ്ങളിലെ ബഹുജനതൊഴിലാളി പങ്കാളിത്തം ബ്രിട്ടീഷ്‌ അധികാരികളെയും ബൂര്‍ഷ്വാ പരിഷ്കരണവാദികളായ നേതാക്കളെയും അമ്പരപ്പിച്ചു .കടുത്ത അടിച്ചമര്‍ത്തലുകളായിരുന്നു ഫലം.
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച് മീററ്റ് പ്രക്ഷോഭപരിപാടികൾ തൊഴിലാളികൾക്കിടയിൽ പാർട്ടിയ്ക്ക് ഗണ്യമായ സ്വാധീനം നേടുന്നതിനു കാരണമായിത്തീർന്നു. പ്രക്ഷോഭം 1929 മാർച്ച് 20 നു ഡാങ്കേ ഉൾപ്പെടെ 31 പ്രവർത്തകരുടെ അറസ്റ്റിനും വിചാരണയ്ക്കും വഴിവയ്ക്കുകയും ചെയ്തു. അവരെ മീററ്റിലേക്ക് (യു.പി.) കൊണ്ടുപോയി വിചാരണ ചെയ്തു. കേസ് നാല് വർഷത്തോളം നീണ്ടു.
റെയിൽവേ സമരവുമായി ബന്ധപ്പെട്ട് മൂന്ന് ഇംഗ്ലീഷുകാരുൾപ്പടെ നിരവധി നേതാക്കൾ അറസ്റ്റു ചെയ്യപ്പെട്ടു. രണ്ട് ഇംഗ്ലീഷുകാരടക്കം, കമ്മ്യൂണിസ്റ്റുകാരും അല്ലാത്തവരുമായ 31 പേരാണ് കേസിൽ പ്രതികളായുണ്ടായിരുന്നത്. വളരെയധികം വൈകാതെ തന്നെ മുപ്പത്തിരണ്ടാമനായി ഹ്യൂ ലിസ്റ്റർ ഹച്ചിൻസൺ എന്ന ബ്രിട്ടീഷുകാരനെക്കൂടി കേസിൽ പ്രതിയായി ചേർത്തു. പൊതു സുരക്ഷിതത്വ നിയമനുസരിച്ച് ബ്രിട്ടീഷ്‌ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളടക്കം കര്‍ഷക-തൊഴിലാളി നേതാക്കളെ പ്രതികളാക്കിക്കൊണ്ട് മീററ്റ് ഗൂഡാലോചന കേസ് ചാര്‍ജ്ജു ചെയ്തത്.

പണിമുടക്കിലൂടെയും മറ്റ് തീവ്രവാദ രീതികളിലൂടെയും ബ്രിട്ടീഷ് സർക്കാരിനെ അട്ടിമറിക്കാൻ ഗൂഡാലോചന നടത്തിയെന്നാരോപിച്ച് Muzafr Ahamed, S.A Dange, S.V Ghate, Dr. G Adhikari, P.C.Joshi, S.S.Mirajkar, Shaukat Usmani, Philip Stratt ഉം മറ്റുള്ളവരേയും അറസ്റ്റ് ചെയ്തു.

പ്രതികളിൽ 27 പേരും ശിക്ഷിക്കപ്പെട്ടു. Muzaffar Ahmad – ആജീവനാന്ത നാടുകടത്ത് ; SA Dange, Philip Spratt, SV Ghate, KN Joglekar, RS Nimbkar എന്നിവർക്ക് 20 വർഷം നാട് കടത്ത് ; BF Bradley, SS Mirajkar, Shaukat Usmani എന്നിവർക്ക് 10 വർഷം നാട് കടത്ത്; Mir Abdul Majid, Sohan Singh Josh, Dharanikanta Goswami എന്നിവർക്ക് 7 വർഷം നാട് കടത്ത്; Ayodhya Prasad, Gangadhar Adhikari, PC Joshi, MG Desai എന്നിവർക്ക് 5 വർഷം നാട് കടത്ത്; four years rigorous imprisonment – Gopen Chakraborty, Gopal Chandra Basak, Hutchinson, Radharaman Mitra, SH Jhabwala, KN Sehgal എന്നിവർക്ക് 4 വർഷം കഠിന തടവ് ; Shamsul Huda, Arjun Atmaram Alve, GR Kasle, Gauri Shankar and LR Kadam എന്നിവർക്ക് 3 വർഷം കഠിന തടവും വിധിച്ചു. വിധിയെത്തുടർന്ന്, 27 പേരും അലഹബാദ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. 1933 ഓഗസ്റ്റിൽ അപ്പീലിൽ വിധി പുറപ്പെടുവിച്ചു. ഒൻപത് പേർക്കെതിരായ എല്ലാ ആരോപണങ്ങളും ഹൈക്കോടതി തള്ളുകയും മറ്റുള്ളവർക്കെതിരായ ശിക്ഷ കഠിനമായ തടവിലാക്കുകയും ചെയ്തു. റിമാൻഡ് കാലയളവ് കണക്കിലെടുക്കുകയും അവരെല്ലാം 1933 നവംബറിൽ പുറത്തിറക്കുകയും ചെയ്തു.

മീററ്റ് ഐക്യദാർഢ്യം തൊഴിലാളി പ്രസ്ഥാനങ്ങൾ ശക്തിപ്പെടുന്നതിൽ പ്രധാന പങ്കുവഹിച്ചു.ഈ വിചാരണ കമ്മ്യൂണിസ്റ്റു ആശയങ്ങൾ പൊതുവായ ധാരണയിലെത്താനും വിശാലമായി പ്രചരിപ്പിക്കാനും അനുയോജ്യമായ ഒരു വേദി നൽകി. 1933 ന്റെ അവസാനത്തിൽ കമ്മ്യൂണിസ്റ്റ് തടവുകാർ മോചിതരായതിന് ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും ശക്തമായ രാഷ്ട്രീയവും സംഘടനാപരവുമായ അടിത്തറ കണ്ടെത്താനും പാർട്ടിക്ക് കഴിഞ്ഞു. അതുപോലെ ദേശീയ വിമോചനത്തിനുള്ള ബദൽ പാത തേടിക്കൊണ്ടിരുന്ന വിപ്ലവ ദേശീയവാദികൾക്കിടയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സ്വാധീനം വർദ്ധിപ്പിക്കാനും മീററ്റ് വിചാരണ കൊണ്ട് കഴിഞ്ഞു.

രണ്ടാം ലാഹോർ ഗൂഢാലോചനക്കേസ് (1929)

ഭഗത് സിങ്, ബതുകേശ്വർ ദത്ത് എന്നിവർ അംഗങ്ങളായ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന സംഘടന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നടത്തിയ സമരവുമായി ബന്ധപ്പെട്ടുണ്ടായതാണ് ലാഹോർ ഗൂഢാലോചനക്കേസ്.

കേസിനാസ്പദമായ സംഭവം പ്രധാനമായും 1929 ഏപ്രിൽ 8-ന് ഭഗത് സിങ്, ബതുകേശ്വർ ദത്ത് എന്നിവർ സെൻട്രൽ ലെജിസ്ളേറ്റിവ് അസംബ്ലിയിൽ ചെന്ന് ‘വിപ്ലവം ജയിക്കട്ടെ’എന്നു മുദ്രാവാക്യം ഉയർത്തുകയും ബോംബ് എറിയുകയും ചെയ്തു. ഇന്ത്യാക്കാരുടെ ആവശ്യങ്ങൾ ഭരണാധികാരികളെ അറിയിക്കുവാനുള്ള ശ്രമമായിരുന്നു ഇത്.ബോംബെറിഞ്ഞതിനു ശേഷം ലഘുലേഖയും വിതരണം ചെയ്തു. എളുപ്പം രക്ഷപ്പെടാനുള്ള അവസരമുണ്ടായിട്ടും വിപ്ലവകാരികൾ അറസ്റ്റിനു വഴങ്ങുകയാണുണ്ടായത്.

ഭഗത് സിംഗ്, ബതുകേശ്വർ ദത്ത് എന്നിവരെയും കൂട്ടാളികളെയും കസ്റ്റഡിയിലെടുത്തു. എല്ലാ തടവുകാരോടും ജയിലിൽ ക്രൂരമായാണ് പെരുമാറിയത്. ജതിൻ ദാസ് എന്ന രാഷ്ട്രീയ തടവുകാരൻ ജയിലിൽ 64 ദിവസത്തെ നിരാഹാര സമരത്തിന് ശേഷം മരിച്ചു. ഈ കേസുമായി ബന്ധപ്പെട്ടു നടന്ന വിചാരണയ്ക്കു ശേഷം 1931 മാർച്ച് 23-ന് ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ ബ്രിട്ടീഷുകാർ തൂക്കിലേറ്റി.

ഒരേസമയം നടന്നുകൊണ്ടിരുന്ന മീററ്റ് – ലാഹോർ ഗൂഡാലോചന കേസ്സുകൾ അവയുടെ വസ്തുതകളും വാദങ്ങളും രാജ്യത്തെ ദശലക്ഷക്കണക്കിന് യുവാക്കളെ ബഹുജന വിപ്ലവ പോരാട്ടങ്ങളുടെ പാത തിരഞ്ഞെടുക്കാൻ സഹായിച്ചു.

മധുര ഗൂഡാലോചന കേസ്
1940 കളുടെ പകുതിയോടെ മധുര ഇടതുപക്ഷത്തിന് വേരോട്ടമുള്ള പ്രധാന പ്രദേശമായി മാറിയിരുന്നു. ബഹുജനങ്ങളെ അണിനിരത്തുന്നതിൽ പ്രധാന വ്യക്തിയായിരുന്നു ശങ്കരയ്യ. പി.സി. ജോഷി [സിപിഐ ജനറൽ സെക്രട്ടറി] 1946 ൽ മധുരയിലെത്തി, യോഗത്തിൽ ഒരു ലക്ഷം പേർ പങ്കെടുത്തു. ഇതുപോലെ പല മീറ്റിംഗുകളും വലിയ ജനക്കൂട്ടത്തെ ആകർഷിച്ചിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതി ബ്രിട്ടീഷുകാരെ ചൊടിപ്പിക്കുകയും കള്ളക്കേസുകൾ ഉണ്ടാക്കി സഖാക്കളെ ജയിലിൽ അടക്കാനും ശ്രമിച്ചു ഇത്തരത്തിൽ ഉണ്ടായ കേസ് ആണ് ‘മധുര ഗൂഡാലോചന കേസ്’ എന്നറിയപ്പെടുന്നത്.
പി. രാമമൂർത്തിയെ ഒന്നാം പ്രതിയായും ശങ്കരയ്യയെ രണ്ടാം പ്രതിയായും, മറ്റ് നിരവധി സിപിഐ നേതാക്കളേയും പ്രതിചേർത്ത് ഗൂഡാലോച കേസ് എടുത്തു. മറ്റ് ട്രേഡ് യൂണിയൻ നേതാക്കളെ കൊലപ്പെടുത്താൻ അവരുടെ ഓഫീസിൽ ഗൂഡാലോച നടത്തിയെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. കേസ് കേട്ട പ്രത്യേക ജഡ്ജി 1947 ഓഗസ്റ്റ് 14 ന് ജയിൽ എത്തുകയും കേസിൽ ഉൾപ്പെട്ട എല്ലാവരെയും വിട്ടയക്കുകയും തൊഴിലാളി നേതാക്കൾക്കെതിരെ കെട്ടിച്ചമച്ച ഈ കേസ് ആരംഭിച്ചതിന് സർക്കാരിനെ നിശിതമായി വിമർശിക്കുകയും ചെയ്തു.

നാവിക കലാപം
ബ്രിട്ടീഷ്‌ ഇന്ത്യൻ നാവികസേനയിലെ സൈനികർ ബോംബെയിൽ തുടങ്ങി കറാച്ചിയിലും, കൽക്കട്ടയിലും വ്യാപിച്ച സമരമാണ് നാവിക കലാപം. 1946 ഫെബ്രുവരി 18-ന്‌ ബോംബെയിൽ നങ്കൂരമിട്ടിരുന്ന എച്ച്‌.എം.ഐ.എസ്‌ തൽവാർ എന്ന പടക്കപ്പലിലെ സൈനികരാണ്‌ അഭിമാനത്തിനും,സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഈ സമരം ആരംഭിച്ചത്. ഒന്നാം ദിവസം ജോലിക്കാർ ജോലിക്കു ഹാജരാവാൻ വിസമ്മതിക്കുകയും, നിരാഹാര സമരം പ്രഖ്യാപിക്കുകയും ചെയ്തു.ഈ സമരം ബ്രിട്ടൻ സൈനികശക്തി ഉപയോഗിച്ച് അടിച്ചമർത്തി. കലാപത്തിന്റെ ഭാഗമായി എഴുപേർ കൊല്ലപ്പെട്ടു. ഈ സമരത്തെ മാറ്റി നിർത്തി സ്വാതന്ത്ര്യ സമരത്തെ രേഖപ്പെടുത്താൻ ആവില്ല. ഈ സമരത്തെ ഇന്ത്യയിൽ ആകെ പിന്തുണച്ചത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രമാണ്. കോൺഗ്രസ് പിന്തുണ ഇല്ലായിരുന്നു. പ്രക്ഷോഭത്തിൽ പങ്കാളികളായ സൈനികരെയെല്ലാം കോർട്ട്മാർഷലിനു വിധേയരാക്കി. അനേകം പേർ പിരിച്ചുവിടപ്പട്ടു. പിരിച്ചുവിടപ്പെട്ട ഒരൊറ്റ സൈനികനെപ്പോലും സ്വാതന്ത്യപ്രാപ്തിക്കുശേഷം ഭാരതത്തിന്റെയോ പാകിസ്താന്റെയോ സേനകളിലേക്ക്‌ തിരിച്ചെടുത്തില്ല.1973 ൽ മാത്രമാണ് സമരത്തിൽ പങ്കെടുത്തവർ സ്വാതന്ത്ര്യ സമര സേനാനികളായി അംഗീകരിക്കപ്പെട്ടത്.

തേഭാഗ ഭൂസമരം, തെലങ്കാന സായുധസമരം, വാർലി ആദിവാസി കലാപം, മൊറാഴ, കയ്യൂർ, പുന്നപ്ര-വയലാർ സമരങ്ങൾ ഒക്കെ തന്നെ സാമ്രാജ്യത്വ ജന്മിത്വ വാഴ്‌ചക്കെതിരെ കമ്മ്യൂണിസ്റ്റ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ള പോരാട്ട വീര്യങ്ങളുടെ പേരുകളിൽ ചിലത് മാത്രം . ഇങ്ങനെ എത്രയോ ചെറുതും വലുതുമായ പോരാട്ടങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമരപോരാട്ടങ്ങളോട് ചേർന്ന് നിന്നിട്ടുണ്ട്.

ഇനി സ്വാതന്ത്ര്യ ദിനത്തിൽ കരിങ്കൊടി ഉയർത്തിയവരാണ് കമ്യൂണിസ്റ്റുകാർ എന്ന പ്രചാരണം – തീർത്തും തെറ്റായ ഒന്നാണിത്. തെളിവുകൾ ഇതാണ്;

‘‘വെറുക്കപ്പെട്ട യൂണിയൻ ജാക്ക്‌ കൊടി മരങ്ങളിൽനിന്ന്‌ കീഴോട്ട്‌ വലിച്ചിറക്കി തൽസ്ഥാനത്ത്‌ നമ്മുടെ ത്രിവർണ പതാക ഉയർത്തുമ്പോൾ വിങ്ങിപ്പൊട്ടുന്ന നമ്മുടെ ഹൃദയങ്ങൾ ഈ ദിനം കൈവരുത്തുന്നതിനുള്ള പ്രാഥമിക സംരംഭമായ സമരങ്ങളെ അനുസ്‌മരിക്കും…’’ ആദ്യ സ്വാതന്ത്ര്യദിനത്തിൽ സ്വാതന്ത്ര്യാഘോഷത്തിന്‌ ആഹ്വാനം ചെയ്‌തുള്ള ‘ദേശാഭിമാനി’ മുഖപ്രസംഗമാണിത്‌. ദേശീയപതാകയുടെ ചിത്രത്തോടൊപ്പം ‘പ്രതിജ്ഞ’ എന്ന ശീർഷകത്തിൽ ഒന്നാംപേജിലാണ്‌ മുഖപ്രസംഗം.
ഇന്ത്യൻ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം 1920-1998 എന്ന പുസ്തകത്തിൽ ഇഎംഎസ് ഇങ്ങനെ എഴുതിയിട്ടുണ്ട്: “1947 ജൂണിലാണ് മൌണ്ട് ബാറ്റൺ പദ്ധതി പ്രസിദ്ധീകരിക്കപ്പെട്ടത്. അതുവന്ന ഉടനെ കേന്ദ്രകമ്മിറ്റി നടത്തിയ വിലയിരുത്തൽ, ഇന്ത്യൻ ജനതയുടെ കൈയിൽ കിട്ടിയ ഒരു ആയുധമാണ് അതെന്നായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പാർടി പങ്കുകൊള്ളുകയും ചെയ്തു”. (പേജ് 72).

റെയിൽവേ സമരത്തെ പിന്തുണച്ചുകൊണ്ട് 1946 ആഗസ്റ്റ് 24ന് കോഴിക്കോട് മുതലക്കുളത്ത് നടത്തിയ പ്രസംഗവും മലബാർ കലാപത്തെ സംബന്ധിച്ച് പെരിന്തൽമണ്ണയിൽ നടത്തിയ പ്രസംഗവും രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയിൽ പെടുത്തി അന്നത്തെ കോൺഗ്രസ് സർക്കാർ എടുത്ത കേസിൽ ജയിലിൽ കഴിഞ്ഞ AKG സ്വാതന്ത്ര്യ പുലരിയെക്കുറിച്ചു “എന്റെ ജീവിതകഥ”യിൽ വിവരിച്ചതിങ്ങനെ;
“…എനിക്ക് രാത്രിയിൽ ഉറങ്ങാൻ കഴിഞ്ഞില്ല. ജയിലിന്റെ നാലു മൂലകളിൽ നിന്നും ജയ് വിളികൾ ഉയർന്നു. മഹാത്മാഗാന്ധി കീ ജെയ്, ഭാരത് മാതാ കീജെയ് തുടങ്ങിയ മുദ്രാവാക്യങ്ങൾ ജയിലിൽ അലയടിച്ചുയർന്നു. രാജ്യം മുഴുവൻ സൂര്യോദയത്തിനുശേഷമുള്ള ആഹ്ലാദപ്രകടനം കാത്തിരിക്കുകയായിരുന്നു. അവരിൽ എത്രയോ പേർ വർഷങ്ങളായി ഇതിനുവേണ്ടി കാത്തിരിക്കുകയും സമരം ചെയ്യുകയും ആ സമരത്തിൽ തങ്ങൾക്കുള്ളതെല്ലാം നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. എനിക്ക് സന്തോഷവും ദുഃഖവും തോന്നി. ഏത് ലക്ഷ്യത്തിനുവേണ്ടിയാണോ ഞാൻ എന്റെ യൌവനം മുഴുവൻ ചെലവഴിക്കുകയും ജയിലിൽ കിടക്കുകയും ചെയ്തത്, ആ ലക്ഷ്യം നിറവേറിയതിൽ ഞാൻ ആഹ്ലാദിച്ചു. എന്നാൽ ഞാൻ ഇന്നും ഒരു തടവുകാരനാണ്. എന്നെ ജയിലിലടച്ചത് വെള്ളക്കാരല്ല, ഇന്ത്യാക്കാരാണ്. കോൺഗ്രസ് ഗവണ്മെന്റാണ്……. ഞാൻ ജയിലിൽ വെച്ച് ആഗസ്റ്റ് 15 ആഘോഷിക്കാൻ തീരുമാനിച്ചു”. (പേജ് 178-79). അന്ന് ജയിലിൽ നടത്തിയ ആഘോഷത്തിൽ ദേശീയ പതാകിയുമേന്തി നടത്തിയ ഘോഷയാത്രയെ നയിച്ചത് AKG-യായിരുന്നു.

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രേഖകളിൽ (issue 5, page 401 to 410) ഇന്ത്യൻ സ്വാതന്ത്ര്യദിനത്തെക്കുറിച്ചു പറയുന്നത്; “ഭാവി കടമകളിലേക്ക് മുന്നോട്ട് ,ഇന്ത്യയിലെ ജനങ്ങളോട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഭ്യർത്ഥന” എന്നാണ് അതിന്റെ തലവാചകം. “ആഗസ്റ്റ് 15ന് നൂറ്റാണ്ടു കളായി യൂണിയൻ ജാക്ക് പാറിപ്പറന്ന ഇടത്ത് ഇന്ത്യയുടെ ദേശീയപതാക പാറും, ബ്രിട്ടീഷ് വൈസ്രോയി നാഷണൽ കോൺഗ്രസിന്റെ നേതാക്കൾക്ക് അധികാരം കൈമാറും,ഇപ്പോഴത്തെ താൽക്കാലിക ഗവൺമെന്റ്,കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലി ക്ക്‌ വിധേയപ്പെടുന്ന പ്രൊവിഷണൽ ഗവൺമെന്റ് ആയി മാറും,അതോടെ ഇന്ത്യൻ യൂണിയൻ ജന്മം എടുക്കും” എന്ന് പറഞ്ഞുകൊണ്ടാണ് ആ രേഖ ആരംഭിക്കുന്നത്. “ഇന്ത്യൻ ജനതയുടെ യുടെ വിമോചന പോരാട്ടത്തിൽ അതൊരു ചരിത്രസംഭവമായിരിക്കും “….” ഇന്ത്യയിലെ ദേശീയ പ്രസ്ഥാനങ്ങളിൽ മുന്നണിയിൽ നിൽക്കുന്ന കരുത്തുറ്റ നാഷണൽ കോൺഗ്രസ് ഈ ആഘോഷത്തിന് നേതൃത്വം നൽകും. ദേശീയ ആഘോഷത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ പങ്കാളിത്തം വഹിക്കും. “….”സ്വാതന്ത്ര്യം നേടിയ ഇന്ത്യയിൽ നിലനിൽക്കുന്ന ബ്രിട്ടീഷ് അവശിഷ്ടങ്ങളെ ഇല്ലാതാക്കുന്നതിനു വേണ്ടി തുടർന്നും പോരാടുമെന്നും … “സ്വാതന്ത്ര്യ ദിനത്തിലും ജയിലിൽ കഴിയുന്ന കമ്യൂണിസ്റ്റുകാരെയും നാവിക കലാപത്തിലെ പോരാളികളെയും INA പോരാളികളെയും വിമോചിപ്പിക്കണമെന്നും പാർട്ടി ആവശ്യപ്പെടുന്നു….സാമ്രാജ്യത്വ ആശ്രിതത്വം ഇല്ലാത്ത ഒരു സ്വതന്ത്ര സമ്പദ്ഘടന ആയി ഇന്ത്യൻ സമ്പദ്ഘടനയെ വളർത്തിയെടുക്കണം എന്നും കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചു കൊടുക്കണമെന്നും ന്യൂനപക്ഷങ്ങൾക്ക് നീതി ലഭിക്കണമെന്നും അയൽരാജ്യങ്ങളുമായി സൗഹൃദ ബന്ധം സ്ഥാപിക്കണമെന്നും തുടർന്ന് പറയുന്നുണ്ട്.

സ്വാതന്ത്യ്രപൂര്‍വകാലത്ത് യാതനയും കൊടിയ ത്യാഗവും സഹിച്ചുള്ള പോരാട്ടങ്ങളാണ് കമ്മ്യൂണിസ്റ്റുകാർ നടത്തിയിട്ടുള്ളത് . അവർക്ക് ദേശീയത എന്നാൽ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ ലാഭം നേടാൻ വേണ്ടി മാത്രം നടത്തുന്ന കവല പ്രസംഗമല്ല.

ഇന്ത്യയിൽ 1921ൽ രാജ്യത്ത്‌ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും ആവശ്യപ്പെടുന്നതിന്‌ മുമ്പുതന്നെ കമ്മ്യൂണിസ്റ് പാർട്ടി അതിന്റെ രൂപീകരണകാലംമുതൽ പരിപൂർണ സ്വാതന്ത്ര്യം എന്ന ആവശ്യം ശക്തമായി മുന്നോട്ടുവച്ചിരുന്നു. അഹമ്മദാബാദ്‌ കോൺഗ്രസിൽ ഹസ്രത്ത്‌ മൊഹാനി പരിപൂർണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിക്കുകയും ചെയ്‌തു.

ഹോഷിയാര്‍പൂര്‍ കോടതിവളപ്പില്‍ ഒരു പതിനാലുകാരന്‍ പയ്യന്‍ മതില്‍ ചാടിക്കടന്ന് ബ്രിട്ടന്റെ യൂണിയന്‍ ജാക്ക് താഴെയിറക്കി ത്രിവര്‍ണ പതാക ഉയര്‍ത്തിയതിന് അറസ്റ്റിൽ ആകുന്നു , കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തൻ്റെ പേര് ലണ്ടന്‍ തോഡ്സിങ് (ലണ്ടനെ തകര്‍ക്കുന്ന സിങ്) എന്നുറക്കെ പറഞ്ഞ് ജഡ്ജിയെ ഞെട്ടിച്ച ചെറുപ്പക്കാരന്‍. ആ ചെറുപ്പക്കാരൻ ആയിരുന്നു ഹർകിഷൻ സിംഗ് സുർജിത്.

1922–-23 കാലത്താണ്‌ ‘വാൻഗാർഡ്‌ ഓഫ്‌ ഇന്ത്യൻ ഇൻഡിപെൻഡൻസ്‌ എന്ന പ്രസിദ്ധീകരണത്തിന്‌ എം എൻ റോയ്‌ തുടക്കമിട്ടത്‌. കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഇന്ത്യയുടെ ആദ്യത്തെ ഔദ്യോഗിക പ്രസിദ്ധീകരണമായിരുന്നു ഇത്‌. ബർലിനിൽ നിന്നായിരുന്നു ആദ്യം അച്ചടിച്ചത്‌. കമ്യൂണിസ്‌റ്റ്‌ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ച പ്രസീദ്ധീകരണമായിരുന്നു ഇത്‌. കമ്യൂണിസ്റ്റ്‌ പ്രചാരണം ശക്തമാകുന്നതിന്റെ അപകടം മനസ്സിലാക്കിയ ബ്രിട്ടീഷ്‌ ഭരണാധികാരികൾ ‘വാൻഗാർഡ്’ ഇന്ത്യയിൽ നിരോധിച്ചു. 

കുപ്രസിദ്ധമായ ആൻഡമാൻ സെല്ലുലാർ ജയിലിൽ തടവിലാക്കപ്പെട്ട സ്വാതന്ത്ര്യ സമര സേനാനികളിൽ 80 ശതമാനവും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചവർ ആയിരുന്നു എന്നതും ചരിത്രം.

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ കമ്മ്യൂണിസ്റ്റുകാർ അടയാളപ്പെടുത്തിയത് ഇങ്ങനെയൊക്കെയാണ് .