സഹിഷ്ണുത വർത്തമാന കാലത്തിൽ

“സഹിഷ്ണുത” ഇന്ന് ലോകം മുഴുവൻ ചർച്ചചെയ്യുന്ന  വാക്ക് , എന്നാൽ ലോകത്തെവിടെയും പ്രയോഗത്തിൽ ശുഷ്ക്കമായ  വാക്കും ഇതുതന്നെ ആകും!
അക്രമരാഹിത്യത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം സ്വന്തം ജീവിതത്തിലൂടെ  ലോകത്തിനു കാണിച്ച ത്  രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയാണെന്നതിൽ നമുക്കഭിമാനിക്കാം.  “പെരുമാറ്റത്തിന്റെ സുവർണ്ണനിയമം പരസ്പര സഹിഷ്ണുതയാണ്, കാരണം നമ്മളെല്ലാവരും ഒരുപോലെ ചിന്തിക്കുകയില്ല , അതുപോലെ വ്യത്യസ്ത കാഴ്ചപ്പാടുകളിലും നമ്മൾ സത്യത്തെ കണ്ടെത്തുന്നു.” ഇതായിരുന്നു സഹിഷ്ണതയെ കുറിച്ച് ഗാന്ധിജിയുടെ വാക്കുകൾ .

മനുഷ്യൻറ്റെ  അന്തസ്സിനെയും, സ്വയം ആദരവിനേയും , അവകാശങ്ങളെയും , വിശ്വാസങ്ങളെയും , ജീവിതരീതിയേയും അംഗീകരിക്കലാണ് സഹിഷ്ണുത.  ഭാവത്തിലും സാഹചര്യത്തിലും സ്വഭാവത്തിലും മൂല്യത്തിലും മനുഷ്യർ വ്യത്യസ്തരാണങ്കിലും അവര്ക്കു തനതായ രീതിയിൽ സമാധാനത്തോടെ  ജീവിക്കാനുള്ള അവകാശത്തെയാണ് സഹിഷ്ണുതയെന്ന് ഐക്യരാഷ്ട്രസഭയുടെ കീഴ്ഘടകമായ യുനെസ്കോ നിർവ്വചിക്കുന്നു  .

ലോകം മുഴുവൻ  ഇന്നുനടക്കുന്ന അസ്വസ്ഥതകൾക്ക് പ്രധാന കാരണം അസഹിഷ്ണുതയാണെന്നതിൽ തർക്കമില്ല . അത് രാഷ്ട്രീയം, വംശീയം, മതം, ഭാഷ ഇവ അടിസ്ഥാനപ്പെടുത്തി ഉണ്ടാകുന്ന വേർതിരിവുകളിൽ നിന്നാണ്ജനിക്കുന്നത്. അതിൽനിന്ന്  അത് വെറുപ്പിൻറ്റെ  ചിന്തകളിലേക്കും അപ രവിധ്വേഷത്തിലേക്കും പിന്നീട്  ഉന്മൂലനത്തിലേക്കും എത്തുന്നു.
അടുത്തിടെ  നടന്ന ചില സംഭവങ്ങളിൽ കണ്ണോടിച്ചാൽ   അസഹിഷ്ണുത എത്രത്തോളം തീവ്രമാണെന്നും അത് നിരപരാധികളുടെ ജീവൻ എങ്ങനെ ഇല്ലാതാക്കുന്നുവെന്നും  മനസ്സിലാകും .
1. 2018 ഏപ്രിൽ 21ന് ശ്രീലങ്കയിലെ മൂന്ന് ക്രിസ്ത്യൻ പള്ളികളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും  നടന്ന ചാവേർ ആക്രമണത്തിൽ 258 പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു .  മരിച്ചവർ നിരപരാധികൾ ആയിരുന്നില്ലേ  ? അതിൽ സംശയം ഇല്ലല്ലോ.
2. 2019 മാർച്ച് മാസം ന്യൂസിലന്ഡിലെ ക്രൈസ്റ്റ് ചര്ച്ചിൽ  രണ്ട്  മുസ്ലിം പള്ളികള്ക്ക്  നേരേയുണ്ടായ ആക്രമണത്തിൽ  50 പേർ  കൊല്ലപ്പെടുകയും 20ലധികം പേർക്ക്  ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്തു.
3. അതുപോലെ ഇന്ത്യയിൽ കഴിഞ്ഞ കുറച്ചുനാളുകളിലായി  നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ , ഈ നീചകൃത്യങ്ങൾക്ക് ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ  പ്രേരിപ്പിച്ചത് തികഞ്ഞ അസഹിഷ്ണുതയും വർണ്ണവെറിയും  മാത്രമാണ് .മറ്റുള്ളവരുടെ ഭക്ഷണരീതിയിൽ അസഹിഷ്ണുത  കാണിച്ച് എത്ര ആളുകളെയാണ്  നിർദ്ദയം പൈശാചികമായി കൊലചെയ്തത് .
 
മനുഷ്യചരിത്രത്തിലെ ഇരുളുനിറഞ്ഞ രക്തപങ്കിലമായ ചരിത്രം മുഴുവനും എടുത്തു പരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയുന്നത് ഒരു വിഭാഗം ആളുകളുടെ അസഹിഷ്ണുതയിൽ ജനിച്ച അപരവിധ്വേഷത്തിന്റെ  ചൂഷണത്തിലും അടിച്ചമർത്തലുകളിലും സഹികെട്ട് അതിന്റെ ഇരകൾ സംഘടിതമായി പ്രതിരോധിക്കുകയും രക്തച്ചൊരിച്ചിൽ ഉണ്ടാകുകയും ചെയ്തു . അതിൻറ്റെ  ഫലമായി അധികാര മാറ്റങ്ങളും സാമൂഹിക രാഷ്ട്രീയ മാറ്റങ്ങളും ഉണ്ടായി. പക്ഷേ ഈ പ്രക്രിയ നടക്കുമ്പോൾ അനേകം നിരപരാധികളുടെ ജീവൻ നഷ്ടമായിട്ടുണ്ട് എന്ന് കൂടി ഓർക്കണം .
നിലവിലെ ലോകസാഹചര്യങ്ങളിൽ ആഭ്യന്തര ലഹളയും യുദ്ധവും കാരണം പലായനം ചെയ്യപ്പെടേണ്ടി വരുന്ന ജനതയോട് കാട്ടുന്ന കുടിയേറ്റ വിരുദ്ധത രാജ്യാതിർത്തികളിൽ ഇനിയും വലിയ മതിലുകൾ ഉയരും.  ഭക്ഷണവും വെള്ളവും കിട്ടാതെ കൊടും വെയിലും മഴയും ഏറ്റു , നടുക്കടലിൽ മുങ്ങി താണുപോകുന്ന നിരവധി ജീവനുകൾക്ക്  കാരണം ആ ഇരകളോട് തോന്നിയ അസഹിഷ്ണുതയാണ്.
ഇന്ത്യയിൽ അസഹിഷ്ണുതയുടെ പ്രയോഗത്തിൽ മുന്നിൽ നിൽക്കുന്നത് മതപരമായിട്ടുള്ള വേർതിരിവാണ്. ഇവിടെയാണ് മതത്തെക്കുറിച്ചു മാര്ക്സ്ന്റെ വീക്ഷണങ്ങൾ വിലയിരുത്തേണ്ടത് . മാർക്സ് കൃത്യമായി പറഞ്ഞതിങ്ങനെ  “മനുഷ്യനാണ് മതത്തെ സൃഷ്ടിക്കുന്നത്. അല്ലാതെ മതം മനുഷ്യനെ സൃഷ്ടിക്കുകയല്ല ചെയ്യുന്നത്. ഇനിയും കണ്ടെത്താത്തവനോ കണ്ടെത്തിയിട്ട് വീണ്ടും സ്വയം നഷ്ടപ്പെട്ടവനോ ആയ മനുഷ്യന്റെ ആത്മബോധവും ആത്മസംവേദനവുമാണ് മതം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.”അതുപോലെ “ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്. അതുപോലെതന്നെ ഉന്മേഷരഹിതമായ സാഹചര്യങ്ങളിലെ ലഹരിയുമാണത്. ജനങ്ങളെ മയക്കുന്ന കറുപ്പുമാണത്.”ഇത്തരത്തില് മനുഷ്യന്റെ ദുഃഖത്തിന്റെ പ്രതിഫലനമായും ദുഃഖത്തിനോടുള്ള പ്രതിഷേധമായും മാറുന്ന മതത്തെയാണ് അസഹിഷ്ണുതയുടെ ഉപകരണമായി ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് .
മതഗ്രന്ഥങ്ങൾ എല്ലാം തന്നെ മനുഷ്യ സമൂഹമെല്ലാം പരസ്പരം സഹോദരന്മാരാണെന്നും ഇതര മതസ്ഥരുമായി നല്ല ബന്ധം പുലര്ത്തുകയെന്നതു ധാര്മികതയുമാണെന്ന് പറഞ്ഞു പഠിപ്പിക്കാൻ ആണ് ശ്രമിച്ചിട്ടുള്ളത് . ഒറ്റത്തവണ പറഞ്ഞു ബോധ്യപ്പെടുത്താൻ ആകാത്തതുകൊണ്ടാണ് മതഗ്രന്ഥങ്ങൾ ഒക്കെയും വലിപ്പം കൂടിയ പുസ്തകങ്ങൾ ആയി പോയത് .
• വിശുദ്ധ ഖുര്ആന് പറയുന്നു: നിങ്ങള്ക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതവും(109:6)
• വിശുദ്ധ ബൈബിൾ പറയുന്നു : ‘നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്നേഹിക്കണം.’—മത്താ. 22:37-39.
• സനാതന ധർമ്മം പറയുന്നു : ‘ലോകാ സമസ്താ സുഖിനോ ഭവന്തുഃ’ എന്ന് .
ഈ മതങ്ങളൊക്കെ ഉത് ഘോഷിക്കുന്നത് സഹിഷ്ണുതയിൽ അധിഷ്ഠിതമായ ഒരു ജീവിതരീതിയെ ആണ് . ലോകത്ത് അവതരിപ്പിക്കപ്പെട്ട എല്ലാ ദർശനങ്ങളും  നന്മയുടെയും  സമാധാനത്തിന്റെയും ശക്തിയായി പറയുന്നത് സഹിഷ്ണുതയെയാണ്   . പക്ഷേ ഇതൊക്കെ എവിടെയോ പൊടിതട്ടിക്കിടക്കാറാണ് പതിവ് . രക്തച്ചൊരിച്ചിലുകൾ ഉണ്ടാകുമ്പോൾ നേർത്ത സ്വരത്തിൽ എവിടെയെങ്കിലും കേട്ടേക്കാവുന്ന ചില പതിവ് പ്രസംഗങ്ങൾ മാത്രമായി ചുരുങ്ങുന്നു.

ഇരുന്നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെ വിശാല മനസ്സോടെ സ്വീകരിക്കുന്ന UAE  രണ്ടായിരത്തി പത്തൊൻപതിനെ സഹിഷ്ണുതാ വർഷമായാണ്  ആചരിച്ചത് .ലോക ജനതയുടെ സുരക്ഷക്കും സുസ്ഥിരതക്കും സന്തോഷത്തിനുമുള്ള ഒറ്റമൂലിയാണ് സഹിഷ്ണുതയെന്ന്   UAE പ്രസിഡന്റ് പറയുകയുണ്ടായി . സഹിഷ്ണുതക്ക് ഒരു വകുപ്പും മന്ത്രിയുമുള്ള ലോകത്തിലെ ഏക രാജ്യവുമാണ് UAE.വിശ്വ സമാധാനമെന്ന ആശയത്തിൽ ആഗോള ക്രൈസ്തവ സഭയുടെ അധ്യക്ഷൻ പോപ് ഫ്രാൻസിസും മുതിർന്ന ഇസ്ലാം മത പണ്ഡിതനും മുസ്ലിം കൗൺസിൽ ഫോർ എൽഡേഴ്സ് ചെയർമാനുമായ ഡോ. അഹമ്മദ് അൽ ത്വയ്യിബും പങ്കെടുത്ത വിശ്വമത സമ്മേളനമടക്കമുള്ള പരിപാടികൾ ഇതിന്റെ ഭാഗമായി നടന്നു. കൂടാതെ അബൂദാബിയില് അബ്രഹാമിക് ഹൗസ് എന്ന പേരില് ക്രൈസ്തവ, മുസ്ലിം, ജൂത ആരധാനാലയ സമുച്ചയത്തിന് പദ്ധതിയും ഇതിന്റെ ഭാഗമായി പ്രഖ്യാപിക്കുകയുണ്ടായി. സമാധാന മൂല്യങ്ങളും സഹവർത്തിത്വവും സഹകരണവും സഹിഷ്ണുതയും മുറുകെപ്പിടിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് UAE നടത്തിക്കൊണ്ടിരിക്കുന്നത് . അങ്ങനെ സഹിഷ്ണുതയുടെ മൂല്യങ്ങളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിൽ നമ്മുടെ പോറ്റമ്മ നാട് സ്ലാഘനീയമായ പ്രവർത്തനങ്ങൾ ആണ് നടത്തുന്നത് . ഇത് ലോകത്തിന് വലിയ പ്രചോദനവും മാതൃകയും ആകും.

ബഹുസ്വരതയിൽ നിലനിൽക്കുന്ന ഒരു വലിയ രാജ്യമായ ഇന്ത്യയുടെ അടിസ്ഥാന ശിലയാണ് സഹിഷ്ണുത. ജനാധിപത്യപ്രക്രിയകളില് പൊതു സംവാദങ്ങൾക്ക് സ്ഥാനമില്ലാതാക്കി, സ്വാതന്ത്ര്യങ്ങൾ ഒന്നൊന്നായി അറുത്തുമാറ്റി അപരവിധ്വേഷത്തിന്റെ വിത്തുകൾ പാകി ഫാസിസത്തിന്റെ വേരുറപ്പിക്കാനും അതുവഴി രാഷ്ട്രീയനേട്ടത്തിനും ലക്ഷ്യമിടുന്നവർ ആദ്യം ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതും സഹിഷ്ണുതയെയാണ് .
വിലക്കുകളും ഭ്രഷ്ടുകളും അയിത്തവും  നിറഞ്ഞാടിയിരുന്ന ഒരു സാമൂഹിക അവസ്ഥയിൽ നിന്ന് നമ്മുടെ നാട് വലിയ സമരങ്ങളുടേയും പ്രക്ഷോഭങ്ങളുടേയും ആകെ തുകയായി സാമൂഹികവും സാംസ്കാരികവും ആയി നേടിയ പുരോഗതിയെ ആണ് ഇന്ന് അപരവിധ്വേഷത്തിലൂടെ ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സഹിഷ്ണുത അറ്റവരായി നമ്മളിൽ പലരും മാറിക്കൊണ്ടിരിക്കുന്നതും ഇതിന്റെ ഫലമായിട്ടാണ്. ഇന്ന് ഇന്ത്യൻ ഭരണഘടനയിൽ പോലും അധികാരത്തിന്റെ ഗർവ്വുപയോഗിച്ചു അപരവിധ്വേഷത്തിന്റെ ഇരകളെ തിരഞ്ഞെടുക്കാൻ ഉള്ള മാറ്റങ്ങൾ വരുത്താനുള്ള  ശ്രമങ്ങൾ നടക്കുന്നു.

ചിലപ്പോഴൊക്കെ സഹിഷ്ണുത വൈരുധ്യാത്മകമായ ഒരാശയമാണെന്ന് തോന്നാം ,കാരണം, അത് പലപ്പോഴും അസംഭവ്യമായി തോന്നാറുണ്ട്. വേദനയും ദുരിതവുമെല്ലാം സഹിക്കുന്നതു പോലുള്ള  സഹനം മതങ്ങള് തമ്മിലും ജാതികള് തമ്മിലും മനുഷ്യര് തമ്മിലും വിശ്വാസങ്ങൾ തമ്മിലും ആകുന്നതല്ല അസഹിഷ്ണുത , മറിച്ച് അവരുടെ രീതികളും തന്റെ രീതികൾക്കൊപ്പം തന്നെ അംഗീകരിക്കുന്നത് ആകണം സഹിഷ്ണുത

പ്രകൃതിയുടെ കാര്യത്തിലും മനുഷ്യർക്ക് ഈ  സഹിഷ്ണുത ഉണ്ടാകണം,  അല്ലാത്തപക്ഷം നമ്മുടെ അനിയന്ത്രിതമായ ചൂഷണത്തിൽ പ്രകൃതിയുടെ സന്തുലനാവസ്ഥ നഷ്ടപ്പെടുകയും , പ്രകൃതി അതിന്റെ രൗദ്രഭാവംകാട്ടും. അനുഭവങ്ങൾ നമുക്കൊരു പാഠമാണ് .

ശാന്തിയുടെ, അഹിംസയുടെ, സാഹോദര്യത്തിന്റെ, മതസൗഹാര്ദത്തിന്റെ മഹത്തായ സന്ദേശങ്ങള് പ്രസരിപ്പിച്ചു  ജീവിച്ച രാഷ്ട്രപിതാവിനെയാണ് ആ മൂല്യങ്ങളിലൊക്കെ അസഹിഷ്ണുതയുള്ള വര്ഗീയതയുടെ വിധ്വംസകശക്തി   വെടിവെച്ചു കൊന്നത്. മതവും ജാതിയും വര്ഗങ്ങളുമടക്കമുള്ള വിരുദ്ധശക്തികള് തമ്മിലുള്ള സമവായവും സഹിഷ്ണുതയുടെ അടിസ്ഥാനത്തിലുള്ള സഹവര്ത്തിത്വത്തിലൂടെ മാത്രമേ മതേതര ജനാധിപത്യത്തിന്  നിലനിൽക്കാൻ ആകൂ എന്ന് വിശ്വസിച്ചിരുന്ന ആളായിരുന്നു ഗാന്ധി . ഈ സങ്കല്പ്പത്തെ എതിര്ക്കുന്ന അപരമത വിദ്വേഷത്തിന്റെയും ചാതുർവർണ്യത്തിന്റെയും  അസഹിഷ്ണുതയുടെയും ഇടുങ്ങിയ ദേശീയതയുടെയും പ്രചാരക ശക്തികള് ഇന്ത്യയില് രൂപപ്പെട്ടുകഴിഞ്ഞുവെന്നതിന്റെ സൂചനയായിരുന്നു ഗാന്ധിയുടെ നിഷ്ടൂരമായ വധം. ഇന്ന് എഴുപത്തിരണ്ട് വർഷങ്ങൾ  കഴിയുമ്പോള് ഗാന്ധി വിഭാവനംചെയ്ത സമവായത്തിന്റെയും സഹിഷ്ണുതയുടെയും അന്തരീക്ഷം ഇന്ത്യയിൽ പൂര്ണമായി ഇല്ലാതായിവരികയാണെന്ന് ദിവസവും  നടക്കുന്ന സംഭവവികാസങ്ങളിലൂടെ മനസ്സിലാകുന്നു .
അഭിനവ ഗാന്ധിയായി ഗാന്ധി ജയന്തിക്കും സമാധിക്കും ചര്ക്കയില് നൂല് നൂറ്റതു കൊണ്ടോ , ഖദർധാരികളായി പ്രാർത്ഥനായോഗങ്ങളിൽ മൗനമായി ഇരുന്നതുകൊണ്ടോ ഗാന്ധിജിയുടെ ആശയങ്ങള് ഇന്ത്യയില് നടപ്പാവുകയില്ല , മറിച്ച് അദ്ദേഹം മുന്നോട്ടു വച്ച സഹിഷ്ണുതയുടേയും ഉള്ക്കൊള്ളലിന്റേയും മതനിരപേക്ഷതയടക്കമുള്ള സാമൂഹികമൂല്യങ്ങളുടെ ആശയം സ്വന്തം രാജ്യത്ത് നടപ്പാക്കാനുള്ള സത്യസന്ധതയാണ് നമ്മുടെ ഭരണാധികാരികൾ കാണിക്കേണ്ടത് .

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് “നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ“ എന്ന വാക്കുകളോടെയാണ്. ആ ഒരൊറ്റ വാചകത്തിലൂടെ ഈ ആമുഖം ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചും രാഷ്ട്ര സംവിധാനത്തെക്കുറിച്ചുമുള്ള വലിയ കാഴ്ചപ്പാടാണ് മുന്നോട്ട് വെക്കുന്നത് .  ഒരു പരമാധികാര-സ്ഥിതിസമത്വ-മതനിരപേക്ഷ-ജനാധിപത്യ-റിപ്പബ്ലിക്കായ ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി,  ചിന്ത,  ആശയാവിഷ്കാരം,  വിശ്വാസം,  ഭക്തി,  ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങൾ,  അവസരങ്ങൾ എന്നിവയിലുള്ള സമത്വം,  എന്നിവ ഉറപ്പുവരുത്തുന്നുണ്ട് . ഇതിന്റെ അടിസ്ഥാന ശില സഹിഷ്ണുതയെന്ന് ഉറപ്പിച്ചു പറയാനാകും . സഹിഷ്ണുത കാത്തുസൂക്ഷിക്കുന്നതിലൂടെ നമ്മുടെ നാട് മാനവികതയുടെ ഉത്തമ മാതൃകയായി മാറും . ബഹുസ്വരതയിൽ സഹിഷ്ണുതയുടെ മൂല്യങ്ങളെ ഉയര്ത്തിപ്പിടിക്കുന്നിടത്താണ് നല്ലൊരു നാളെയുടെ പ്രതീക്ഷ . അങ്ങനെ മാത്രമേ മാനവിക ബോധവും മാനവികതയും നമ്മുടെ സമൂഹത്തിൽ ഉറപ്പാക്കാൻ ആകൂ .

അബുദാബി കേരള സോഷ്യൽ സെന്റർ മഹാത്മാ ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ” സഹിഷ്ണുത വർത്തമാനകാലത്തിൽ ” എന്ന വിഷയത്തെ അധികരിച്ച് സംഘടിപ്പിച്ച UAE തല ഉപന്യാസരചനാ മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ച ലേഖനം. (2020)